K V Rqajasekharan അർണോബിന്‍റെ അറസ്റ്റ്: സോണിയാ-ഉദ്ധവ്-പവാർ ടീം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു

Views:


അർണോബിന്‍റെ അറസ്റ്റ്: സോണിയാ-ഉദ്ധവ്-പവാർ ടീം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു


ദേശീയതയോടൊപ്പം നിൽക്കുന്നൂയെന്ന ഒറ്റക്കാരണം കൊണ്ട് റിപ്പബ്ളിക്ക് ടിവി എഡിറ്റർ-ഇൻ-ചീഫ്  അർണോബ് ഗോസ്വാമിയുടെ വീട്ടിലേക്ക് അസ്സോൾട്ട്/എകെ 47 തോക്കുകളുമായി എൻകൗണ്ടർ സ്പെഷ്ലിസ്റ്റ് ഓഫീസർ ഉൾപ്പടെ മഹാരാഷ്ട്ര പോലീസ് ഇടിച്ചു കയറുന്നു.  പുറത്ത് റയട്ട് പോലീസ് കാത്തു നിൽക്കുന്നു. ഭാരതത്തിലെ പ്രമുഖനായ ആ പത്രപ്രവർത്തകൻ സ്വന്തം വീട്ടിനുള്ളിൽ വെച്ച് ശാരീരികമായി ആക്രമിക്കപ്പെടുന്നു.  അദ്ദേഹത്തിന്‍റെ  ഭാര്യയുടെ കയ്യിൽ നിന്ന് ഏതോ കടലാസ്സ് ഒപ്പിട്ടു വാങ്ങാൻ ബലം പ്രയോഗിക്കുന്നു.  അർണോബിന്‍റെ  മകനായ ബാലനെ ആക്രമിക്കുന്നു.   അർണോബിനെ വലിച്ചുകൊണ്ടു പോയി വാനിലേക്ക് തള്ളിക്കയറ്റുന്നു.   യാത്രയ്ക്കിടയിൽ ഒരു വാനിൽ നിന്ന് മറ്റൊരു വാനിലേക്ക് തള്ളിമാറ്റുന്നു.   റിപ്പോർട്ട് ചെയ്യുവാൻ ചെന്ന മാധ്യമ പ്രവർത്തകരെ പോലീസ് അധികാരം ദുരുപയോഗം ചെയ്ത് അകറ്റിമാറ്റുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്‍റെ  നേരെ ജനാധിപത്യ ഭാരതത്തിൽ നടന്ന ഏറ്റവും ഭീകരമായ ഭരണകൂട കടന്നാക്രമണ് മുംബെയിൽ ഇന്ന് (നവംബർ 4) നടന്നത്.

സോണിയാ കുടുംബവും താക്കറേ കുടുംബവും പവാർ കുടുംബവും നിയന്ത്രിക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ട് സ്വന്തം അതിക്രമങ്ങൾക്ക് മുമ്പിൽ പർദ്ദയിടുവാനും അധോലോക നായകൻ ദാവൂദ് ഇബ്രാഹിം അടക്കമുള്ളവരുടെയും പാക് ഭരണകൂടത്തിന്‍റെ യും താത്പര്യ സംരക്ഷണം നടത്തി മുതലെടുക്കുവാനും വേണ്ടിയാണ് തങ്ങൾക്കിഷ്ടമില്ലാത്ത മാധ്യമങ്ങളെ ഞെരിച്ചമർത്തുവാൻ ഭരണകൂട ശക്തി അഴിച്ചുവിട്ടിരിക്കുന്നത്.  ഭാരതവിരുദ്ധ ശക്തികളോട് നേർക്ക് നേർ പോരാട്ടത്തിന് നെഞ്ചുവിരിച്ചു നിൽക്കുന്ന ആയിരം പത്ര പ്രവർത്തകരുടേ പേരിലാണ് മൂംബെ പോലീസ് കള്ളക്കേസുകൾ എടുത്തിരിക്കുന്നത്.  ഉദ്ദവ് താക്കറെയെന്ന മുഖ്യ മന്ത്രിയുടെ കോടികൾ വിലമതിക്കുന്ന  ഫാം ഹൗസിനു മുമ്പിൽ കണ്ട പത്രപ്രവർത്തകനെ അദ്ദേഹം അവിടെ എത്തിയത് അന്വേഷണാത്മക പത്ര പ്രവർത്തനത്തിന്‍റെ  ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് ഭയപ്പെട്ടതിന്‍റെ  ഫലമായാണ് അറസ്റ്റ് ചെയ്ത് ഒമ്പത് ദിവസം ജാമ്യം ലഭിക്കാൻ അവസരം നൽകാതെ കൽതുറുങ്കിലടച്ചത്.  അധികാരകേന്ദ്രങ്ങളുടെ അപഥസഞ്ചാരങ്ങളെയും കൊറോണാ പ്രതിരോധരംഗത്തുൾപ്പടെയുള്ള പോരായ്മകളെയും രാഷ്ട്ര വിരുദ്ധ ശക്തികളുടെ രഹസ്യവും പരസ്യവുമായ പോർമുഖങ്ങളെയും പൊളിച്ചു കാട്ടാൻ സജീവമായി സമാജത്തിൽ നിറഞ്ഞൂ പോരാടുന്ന മാധ്യമ മനുഷ്യശേഷിയെയാണ് മഹാരാഷ്ട്ര സർക്കാർ പോലീസ് കേസുകളിൽ കുടുക്കി അടിച്ചൊതുക്കുവാൻ അധികാരത്തിന്‍റെ  കരുത്ത് ഉപയോഗിക്കുന്നത്.

മഹാരാഷ്ട്രയിൽ കോൺഗ്രസ്സ്  ശിവസേനാ എൻസിപി സഖ്യം അധികാരത്തിലെത്തിയതോടെ ഹിധ്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെ യും കൂട്ടായ്മയുടെ സക്രിയ പങ്കാളികളായ കൃസ്ത്യൻ മത പരിവർത്തന ലോബിക്കും  ഇസ്ലാമിക തീവ്രവാദികൾക്കും    കമ്യൂണിസ്റ്റ് സഖാക്കൾക്കും  അധോലോക ലോബിക്കും  അഴിഞ്ഞാടുന്നതിനുള്ള അനുകൂല സാഹചര്യമാണ് തുറന്നു കിട്ടിയത്.  അങ്ങനെയാണ് പാൽഘട്ടിൽ രണ്ട് ഹിന്ദു സന്യാസിമാരെ അതിക്രൂരമായി കൊന്നുതള്ളിയത്.  ആ സംഭവത്തിന്‍റെ  സത്യാവസ്ഥ പുറത്തു കൊണ്ടുവരികയും അതിൽ സോണിയയും രാഹുലും പ്രിയങ്കയും മറ്റും നടത്തിയ കുറ്റകരമായ മൗനം ചോദ്യം ചെയ്യുകയും ചെയ്തതിനാണ് റിപ്പബ്ളിക്ക് ചാനൽ മേധാവിയും ദൃശ്യമാധ്യമരംഗത്തെ പ്രമുഖനുമായ അർണോബ് ഗോസ്വാമിയും സഹപ്രവർത്തക കൂടിയായ ഭാര്യയും കോൺഗ്രസ്സുകളാൽ ആക്രമിക്കപ്പെട്ടത്.  അതു കൊണ്ട് അവസാനിപ്പിക്കാതെയാണ് സോണിയാ ഭക്തരെക്കൊണ്ട് രാജ്യത്തെ ഇരുനൂറ് പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അർണോബിനെ വരിഞ്ഞു കെട്ടാൻ കെണിയൊരുക്കിയത്.  ആ കെണിയാണ് സുപ്രീം കോടതി ഇടപെട്ട് എല്ലാം ചേർത്ത് ഒരിടത്ത് ഒരു എഫ്ഐആർ മതിയെന്ന ഉത്തരവിട്ട്, പൊളിച്ചടുക്കിയത്.  

അതോടടുത്തു തന്നെയാണ് ഭാരതത്തെ പിടിച്ചു കുലുക്കിക്കൊണ്ട് സുശാന്ത് സിംഗ് രാജ്പുത്തെന്ന ബോളിവുഡ് താരത്തിന്‍റെ  മരണം സംഭവിക്കുന്നത്. ചലച്ചിത്ര രംഗത്തും അതിനുമുമ്പ് സാങ്കേതിക വിദ്യാഭ്യാസത്തിലും എല്ലാം മികവുതെളിയിച്ച ആ യുവ പ്രതിഭ ബീഹാറിൽ നിന്ന് മുംബെയിലെത്തി പിടിച്ചാൽ കിട്ടാത്ത ഉയർച്ചയിലേക്ക് വളർന്നുയർന്നതിൽ ബോളിവുഡ് അടക്കിവാഴുന്നവർക്ക് ഉണ്ടായ അസഹിഷ്ണതയാണോ  ആ യുവപ്രതിഭയുടെ ജീവനെടുത്തതെന്ന സംശയം  പൊതുസമൂഹത്തിൽ വ്യാപകമായി.  ബോളിവുഡ് അടക്കി വാഴുന്നവരും അവരുടെ സൃഷ്ടിയായ മയക്കുമരുന്നു ലോബിയും എല്ലാത്തിന്‍റെ യും അടിത്തറയായ അന്താരാഷ്ട്ര ദുരൂഹബന്ധമുള്ള അധോലോകവും ചേർന്ന് സൂശാന്തിനെ ഇല്ലാതാക്കുകയായിരുന്നോയെന്ന് അന്വേഷിക്കണമെന്ന ആവശ്യം ദശലക്ഷക്കണക്കിന് വ്യക്തികളിൽ നിന്നുയർന്നുവന്നു.  സുശാന്തിന്റ ജീവിത പങ്കാളിയായിരുന്ന റിയാ മുഖർജിയെ കുറിച്ചും അവരുടെ സുഹൃദ് വലയിലുള്ളവരെ കുറിച്ചും സംശയങ്ങളുയർന്നു.  ഒപ്പം തന്നെ കേസന്വേഷണത്തിൽ മുംബെ പോലീസ് കമ്മീഷണറുടെയും പോലീസ് സേനയുടെയും അന്വേഷണം ശരിയായ ദിശയിലാണോയെന്ന ചോദ്യവും രാജ്യമാകെ ഉയർന്നു. ലക്ഷക്കണക്കിന്  പ്രവാസി ഭാരതീയരും സുശാന്തിന് നീതി കിട്ടണമെന്ന ആവശ്യം അതിശക്തമായി ഉയർത്തി.  അന്വേഷണത്തിന്‍റെ  വഴിമുടക്കുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത് താക്കറെയുടെ താത്പര്യം സംരക്ഷിക്കാനാണോയെന്ന സംശയം പൊതു സമൂഹത്തിലുയർന്നു വന്നു.   ദൃശ്യ മാധ്യമങ്ങളായ റിപ്പബ്ളിക് ടിവിയും ടൈംസ് നൗവ്വും അക്കാര്യത്തിൽ പൊതുസമൂഹത്തോടൊപ്പം ശക്തമായി നിന്ന് സത്യാന്വേഷണത്തിന് വഴിയൊരുക്കുന്നതിനുള്ള മാധ്യമധീരത പ്രകടമാക്കി.  സമൂഹ മാധ്യമങ്ങളിലൂടെ ദശലക്ഷക്കണക്കിന് ജനങ്ങൾ നീതിക്കു വേണ്ടി ശബ്ദമുയർത്തി.  സുശാന്ത് കേസ് സിബിഐ അന്വേഷിക്കുവാൻ  അത്യുന്നത നീതിപീഠം ഉത്തരവിട്ടു.  സമാന്തരമായി ബോളിവുഡിൽ സംശയിക്കപ്പെടുന്ന  മയക്കുമരുന്ന്  ശൃംഖലയും  അതിന്‍റെ  സുപ്രധാന  കണ്ണികളായ ചലച്ചിത്ര മേഖലയിലെ തിളങ്ങുന്ന താരങ്ങളുമൊക്കെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ  അന്വേഷണത്തിന്  വിധേയമാക്കപ്പെടുകയുമുണ്ടായി.  അവിടം വരെ കാര്യങ്ങളെ എത്തിച്ചതിനുള്ള പ്രതികാരനടപടികളിലേക്കായി സോണിയാ-ഉദ്ദവ്-പവാർ കൂട്ടുകെട്ടിന്‍റെ  അടുത്ത ശ്രമം. അവിടെയാണ്  മറ്റൊരു മാധ്യമസ്ഥാപനത്തിനെതിരെ ഉയർന്ന ടിആർപി കേസ് റിപ്പബ്ളിക്കിനെതിരെ തിരിക്കാൻ നോക്കി മുംബെ പോലീസ് പരിഹാസ്യമാംവിധം പരാജയപ്പെട്ടത്.  എഫ്ഐആറിൽ പേർ പറഞ്ഞിട്ടുണ്ടായിരുന്ന മാധ്യമസ്ഥാപനത്തെക്കുറിച്ച് ഒന്നും പറയാതെ പേരുപോലും പറയാതിരുന്ന റിപ്പബ്ളിക്കിനെതിരെ പരാമർശങ്ങളുമായി പോലീസ് കമ്മീഷണർ പത്ര സമ്മേളനം നടത്തിയതു കണ്ട് പൊതുസമൂഹം മൂക്കത്തു വിരൽ വെച്ചു.  യഥാർത്ഥ എഫ്ഐആർ റിപ്പബ്ളിക്ക് ടിവി അന്വേഷിച്ചു കണ്ടെത്തി പുറത്തു വിട്ടതു കണ്ട് ബോദ്ധ്യപ്പെട്ട പൊതുസമൂഹത്തിന്  പോലീസ് പക്ഷത്തു നിന്നുണ്ടായത് കള്ളക്കേസിൽ  ഒരു മാധ്യമ സ്ഥാപനത്തെ വരിഞ്ഞു മുറുക്കുവാധുള്ള ശ്രമമായിരുന്നുയെന്നത് ബോദ്ധ്യമായി.  

അതിനിടെ  ഈ കടന്നാക്രണങ്ങൾക്കൊക്കെ ചുക്കാൻ പിടിക്കുന്ന പരംബീർ സിംഗ് എന്ന പോലീസ് കമ്മീഷണർ തന്നെയായിരുന്നു മുമ്പ് സോണിയാ കോൺഗ്രസ്സ് ഭരണകൂടത്തിന്‍റെ  താത്പര്യ പ്രകാരം, ഇല്ലാത്ത കാവിഭീകരതയെ  കൃത്രിമമായി സൃഷ്ടിച്ചെടുക്കുവാൻ വേണ്ടി, സാധ്വി പ്രഗ്യാ സിങ്ങ് ടാക്കൂറിനെ (ഭോപ്പാലിൽ നിന്നുള്ള ഇപ്പോഴത്തെ ബിജെപിയുടെ ലോകസഭാ അംഗം)  കസ്റ്റഡിയിലെടുത്ത് മൃഗീയമായി പീഡിപ്പിച്ചതെന്ന വസ്തുത  റിപ്പബ്ളിക്ക് ടിവി ഇന്റർവ്യൂയിലൂടെ പുറത്തു കൊണ്ടുവന്നു.  കാവിവസ്ത്രം അണിഞ്ഞുയെന്ന കാരണം കൊണ്ടു മാത്രം സോണിയയുടെ പോലീസ് വലവീശിപ്പിടിച്ച പൂർണ്ണ ആരോഗ്യവതിയായ സാധ്വി പോലീസ് വലയത്തിൽ നടന്ന് കസ്റ്റഡിയിലേക്ക് കയറുന്നതും  കൊടും പീഢനം ഏറ്റുവാങ്ങിയതിന്‍റെ  ഫലമായി  അവരെ സ്ട്രെച്ചറിൽ ആസ്പത്രി ഐസിയുവിലേക്ക് കൊണ്ടു പോയതുമൊക്കെ  നിറഞ്ഞ മിഴികളോടെയാണ് റിപ്പബ്ളിക്ക് പ്രേക്ഷകർ കണ്ടുകൊണ്ടിരുന്നത്. നിസ്സഹായായ സാധ്വിയുടെ നേർക്ക്  ചുറ്റും പോലീസ് വലയം തീർത്തുള്ള അതിക്രൂരമായ മർദ്ദനം,  താഴെയുള്ള ഉദ്യോഗസ്ഥന്മാരോട് അവർക്ക് കരുത്തില്ലായെന്ന് പരിഹസിച്ചിട്ട് രണ്ടു പേരുടെ പക്കൽ നിന്നും പിടിച്ചു വാങ്ങിയ ബൽറ്റുകൾകൊണ്ട് തന്‍റെ  മുഴുവൻ ശക്തിയുമെടുത്ത് പരംബീർ സിങ്ങ് നേരിട്ട് അടിച്ച് ശരീരം തകർത്ത സംഭവം,  മാനസികമായി തകർക്കാൻ വേണ്ടി സാധ്വിയെ മോശം വീഡിയോകൾ കാട്ടിയത്, തലയും നടുവുമൊക്കെ  ഭിത്തിയിലേക്ക് ചേർത്ത് പ്രഹരിച്ചത്, തുടങ്ങിയ കാര്യങ്ങൾ സാധ്വി പ്രഗ്യാ സിങ്ങ് ടാക്കൂർ റിപ്പബ്ളിക്ക് അഭിമുഖത്തിലുടെ പങ്കുവെച്ചത് കേട്ട് പ്രേക്ഷകർ സ്വയം ഉരുകി.   അങ്ങനെ വിവരിക്കുവാൻ,   ഇന്ന് ജീവശ്ശവം പോലെ ജീവിക്കുന്ന  സാധ്വിക്ക്, അവസരം നൽകിയതാകണം പോലീസ് ഭീകരതയുടെ പ്രഹര ശേഷിയെത്രയെന്ന് അർണോബ് ഗോ സ്വാമിയെ പഠിപ്പിച്ചു കൊടുത്ത് പ്രതികാരം വീട്ടുവാൻ മഹാരാഷ്ട്രയിലെ ഭരണകൂടത്തെ ഇപ്പോൾ പ്രേരിപ്പിച്ചത്. തല്ലാനൊരുങ്ങുന്ന രാജാവിന് കൊല്ലാൻ ആവേശമുള്ള മന്ത്രിയായി മാറിയ മുംബെ പോലീസ് കമ്മീഷണർ പരംബീർ സിംഗിന്‍റെ  പഴയകാല ചരിത്രം കൂടി സമൂഹത്തെ ഓർമ്മിപ്പിച്ചതിനെ തുടർന്ന്  ഭാരതീയ ജനാധിപത്യത്തെ വെല്ലു വിളിക്കുന്ന ധാർഷ്ട്യമാണ് പ്രകടമായിരിക്കുന്നത്.

ഡോ ശ്യാമ പ്രസാദ് മുഖർജി 1950ൽ ലോക സഭയിൽ ഉയർത്തിയ ശബ്ദമാണിവിടെ ഓർത്തെടുക്കേണ്ടത്.  ജവഹർലാൽ നെഹ്രുവിന്‍റെ  ആഭ്യന്തരനയത്തെയും വിദേശനയത്തെയും  ദേശീയതയുടെ പക്ഷത്തുനിന്ന്  ഓർഗനൈസറും കമ്യണിസ്റ്റു പക്ഷത്തുനിന്ന് രോമേഷ് ഥാപ്പറിന്‍റെ  ക്രോസ്സ്റോഡ്സുമൊക്കെ അതി ശക്തമായി വിമർശിച്ചു. അതിനെ കോടതിയിൽ ചെറുക്കൂവാൻ ശ്രമീച്ചു പരാജയപ്പെട്ടതോടെ ഒന്നാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് ആർട്ടിക്കിൾ 19 നൽകിയ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ സഭയിലെ മൃഗീയ ഭൂരിപക്ഷത്തെ ദുരുപയോഗം ചെയ്തതിനോടാണ് ഡോ മുഖർജി അതിശക്തമായി പ്രതികരിച്ചത്.  അദ്ദേഹം നെഹ്രുവിന് ലോക്സഭാ ചർച്ചയിൽ മുന്നറിയിപ്പു നൽകി: 'നിങ്ങളെ ഈ സഭയിൽ 240 പേർ പിന്തുണയ്ക്കാനുണ്ടാകാം. പക്ഷേ പുറത്ത് ഭാരതമാകെ  ദശലക്ഷക്കണക്കിനു ജനങ്ങൾ നിങ്ങൾക്കെതിരാണ്'.  അതിനു മറൂപടി പറയവേ മുഷ്ടി ചുരുട്ടി ഇളക്കിക്കാണിക്കുകയാണ് നെഹ്രു ചെയ്തതെന്നാണ് അന്നത്തെ മാധ്യമങ്ങൾ  റിപ്പോർട്ടു ചെയ്തിട്ടുള്ളത്.

അതേ മുഷ്ടി ചുരുട്ടിയ ധിക്കാരമാണ് സ്വന്തം അധികാരത്തെ ചോദ്യം ചെയ്തപ്പോൾ ഇന്ദിരയും ആവർത്തിച്ചത്.  അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യയാക്കിയപ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് തന്‍റെ  കൈപ്പിടിയിലായ പാർലമെന്റിനെ ഉപയോഗിച്ച് ഭരണഘടന ഭേദഗതി ചെയ്ത് അയോഗ്യത ഒഴിവാക്കിയെടുത്ത ഇന്ദിരക്ക് അച്ഛൻ തന്നെയായിരുന്നു ജനാധിപത്യം  അട്ടിമറിക്കുവാനുള്ള വഴികാട്ടിയത്!  മാധ്യമങ്ങളെ അടിച്ചൊതുക്കുന്നതിലും അടിയന്തിരാവസ്ഥയിലൂടെ ഇന്ദിര വളരെ മുന്നോട്ടു പോയി.  അതിലേറ്റവും എടുത്തു പറയേണ്ട ഒന്നാണ് ഇന്ദിരയും മകൻ സഞ്ജയ്യുമായി ഉണ്ടായ ഒരു പ്രശ്നം റിപ്പോർട്ട്    ചെയ്തതിന് പുലിറ്റ്സർ അവാർഡ് ജേതാവിയിരുന്ന ലൂയിസ് എം സൈമൺസ്  എന്ന വാഷിങ്ങ്ടൺ പോസ്റ്റ് പത്രപ്രവർത്തകനോടും അദ്ദേഹത്തിന്‍റെ  ഭാര്യയോടും ചെയ്ത നീതിക്ക് നിരക്കാത്ത പ്രവർത്തി.  മകൻ അമ്മയെ ആറു പ്രാവശ്യം അടിച്ചൂയെന്നായിരുന്നു വാഷിങ്ങ്ടൺ പ്രസിദ്ധീകരിച്ച ആ റിപ്പോർട്ട്.   ഇന്ദിരയുടെ മകൻ രാജീവും മാധ്യമങ്ങളോട് മുഷ്ടി ചുരുട്ടി കാട്ടുന്നതിൽ ഒട്ടും പിന്നിലായിരുന്നില്ല.  ഇന്ദിരാവധം  അന്വേഷിച്ച ജസ്റ്റീസ് ഥാക്കർ കമ്മീഷൻ റിപ്പോർട്ടിൽ ആർ കെ ധവാനെന്ന രാജീവ് കുടുംബത്തിന് ഏറ്റവും വേണ്ടപ്പെട്ട ആളിലേക്ക് സംശയത്തിന്‍റെ  കുന്തമുന നീളുന്നതായി പരാമർശിക്കപ്പെട്ടു.  ധവാനിലേക്കുള്ള പുനരന്വേഷണം ഒഴിവാക്കുവാൻ ആ റിപ്പോർട്ട് പുറത്താക്കാതിരിക്കാൻ പ്രധാനമന്ത്രിയും വധിക്കപ്പെട്ട ഇന്ദിരയുടെ മകനുമായ രാജീവ് ശ്രമിച്ചപ്പോൾ 'ഇൻഡ്യൻ എക്സ്പ്രസ്സ്' എന്ന പത്രം അത് 'ലീക്ക്'  ചെയ്ത് പുറത്തുകൊണ്ടുവന്നു.  പിന്നീട് കണ്ടത് രാജീവിന്‍റെ  ഭരണകൂട ഭീകരത പല രൂപത്തിൽ ഇൻഡ്യൻ എക്സ് പ്രസ്സിന്‍റെ  മേൽ പ്രഹരം ശക്തമാക്കിയതാണ്..

പക്ഷേ നെഹ്രുവിന്‍റെ യും ഇന്ദിരയുടെയും രാജീവിന്‍റെ യും ഭീഷണികളെ  അതിജീവിക്കാൻ മാധ്യമങ്ങളോടൊപ്പം നിന്ന  ജനാധിപത്യ ശക്തി  വീണ്ടും ഉയരും.  മുംബെ അധോലോകവും അവരെ നിയന്ത്രിക്കുന്ന രാഷ്ട്ര വിരുദ്ധ ശക്തികളും അവരുടെ ആജ്ഞാനുവർത്തികളായ സോണിയാ പവാർ കൂട്ടുകെട്ടും അവരോടു ചേർന്നു സ്വയം നശിച്ച ഉദ്ദവ് താക്കറെയും ചേർന്ന് ഭരണകൂടത്തെ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്താലും ഡോ ശ്യാമ പ്രസാദ് മുഖർജി അന്ന് സൂചിപ്പിച്ച ജനകീയ ശക്തിയുടെ പ്രതിരോധം റിപ്പബ്ളിക്കുൾപ്പടെയുള്ള മാധ്യമങ്ങളുടെ സംരക്ഷണം ഉറപ്പാക്കും
No comments: