Sreejith P സാഗരത്തിലൂടെ ഒരു പ്രയാണം

Views:

 സാഗരത്തിലൂടെ ഒരു പ്രയാണം

 ശ്രീജിത്ത് പി

 

അന്നൊരു ഞായറാഴ്ച പുറത്ത് തകർത്തു പെയ്യുന്ന മഴ. വീട്ടിൽ ഒറ്റക്കിരിക്കുന്ന നേരം. സമയം പോകാൻ ഒരു വഴിയും ഇല്ലാതിരുന്നപ്പോൾ ഒടുവിൽ അവളെ തന്നെ അഭയം പ്രാപിച്ചു. എന്റെ പ്രിയപ്പെട്ടവളെ. എന്റെ റെഡ്മി കുട്ടിയെ. അവളെ കൈയിലെടുത്തൊന്ന് തലോടിയപ്പോൾ അവൾ തെളിച്ചം വരുത്തി പുഞ്ചിരിച്ചു. പിന്നെ അവളുടെ മേനിയിൽ പതുക്കെ സ്പർശിച്ചപ്പോൾ എന്തുവേണമെങ്കിലും തിരഞ്ഞെടുക്കാൻ അവൾ അനുവാദം നൽകി.

അവളുടെ സമ്മതത്തോടെ യുവർ കോട്ടിലേക്ക്  കയറി. ഓരോ പ്രൊഫൈലുകൾ മറിച്ചു നോക്കുമ്പോൾ അതാ വരുന്നു നമ്മുടെ രജി മാഷിന്റെ അക്കൗണ്ടിൽ ഒരു തട്ടുപൊളിപ്പൻ പോസ്റ്റ്. മാഷിന്റെ പ്രണയ കവിതകളുടെ ആദ്യ ഭാഗമായ മുപ്പത്താറ് കവിതകൾ ചേർന്ന തനിച്ചു പാടാൻ എന്ന കവിതാ പുസ്തകം. അതു കണ്ടപ്പോഴാണ് അതിനൊരു ആസ്വാദന കുറിപ്പ് എഴുതാം എന്ന് കരുതിയത്.

            ഈ ആസ്വാദന കുറിപ്പ് എന്നുപറയുന്നത് കടിച്ചാൽ പൊട്ടാത്ത മലയാള പദങ്ങൾ കുത്തി നിറച്ചുള്ള സാഹിത്യ രചനയല്ല, നാട്ടുമ്പുറത്ത് ലുങ്കിയുടുത്ത് തെക്കോട്ടും വടക്കോട്ടും നടക്കുന്ന ഒരു സാധാരണക്കാരൻ ആ കവിതകൾ വായിച്ചപ്പോൾ, അവന്റെ മനസ്സിൽ തോന്നിയ വികാരങ്ങൾ കലർപ്പോ അതിശയോക്തിയോ ചേർക്കാതെ 916 ആയി പകർത്തിയതാണ്.

പ്രണയത്തിന്റെ സാഗരമായ രജി മാഷിന്റെ തൂലികയിൽ പിറവി എടുത്ത തനിച്ചു പാടാൻ എന്ന പ്രണയ കവിതാസാഗരത്തിലൂടെ ഒരു പ്രയാണം...

പുന്നാര പൂങ്കിളിയെ കവിതയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്

നാളുകൾ എണ്ണിയെണ്ണി എൻ കരളേ

നീ വരും നാളണയെ

എന്ന വരികളായിരുന്നു. ഈ വരികൾ എന്നെ ഒരു പാട് കാലം പുറകിലേക്ക് നടത്തി. പ്രണയകാലത്ത് ഓണത്തിൻ കുടുംബവീട്ടിൽ പോയ പ്രണയിനിയെ കാത്തിരുന്ന ആ പഴയ പതിനേഴുകാരനായ എന്നെത്തന്നെ ആ കവിതയിൽ ഞാൻ കണ്ടു. ആ കവിത വായിച്ചതോടെ എന്നുള്ളിൽ മുളക്കാതെ ബാക്കിയായ പ്രണയത്തിന്റെ വിത്തുകൾ വീണ്ടും മുളപൊട്ടി. പിന്നീട് മാഷിന്റെ കവിതകൾക്കായി എന്നും കാത്തിരിപ്പ്.

ഈറൻ നിലാവിന്റെ പൂവാടയാലെന്റെ

നീറും ഹൃദന്തരം വീശി വീശി

എന്ന വരികളിൽ തുടങ്ങുന്ന പുഞ്ചിരിക്കർത്ഥമെന്തേ എന്ന കവിത നീറുന്ന ഹൃദയത്തിന്റെ വേദനകൾ മറക്കാൻ എന്നെ സഹായിച്ചു.

ഇലയിട്ടു  സ്വപ്നം വിളമ്പി വയ്‌ക്കും

പലവട്ടം വഴിയിലേക്കെത്തി നോക്കും

എന്ന വരികൾ ഉൾകൊള്ളുന്ന ഇന്നും എന്ന കവിത എന്റെ മനസ്സിൽ ആഴത്തിൽ സ്പർശിച്ചതായിരുന്നു.

ഒരു മന്ദഹാസം കൊണ്ട് ഇരുൾവീണ മനസ്സിൽ നിറദീപങ്ങൾ തെളിയിച്ച ഒരു മന്ദഹാസം എന്ന കവിത, പ്രണയം കൊണ്ട് ഇരുളടഞ്ഞ എന്റെ മനസ്സിലേക്ക് അല്പം  പ്രകാശം പരത്തുന്നതായിരുന്നു.

താരകളിനിയും പ്രണയച്ചിരിമിഴി ചിമ്മിയുണർത്തുവതെന്നോ

എന്ന വരികളിൽ തുടങ്ങിയ എന്നോ... എന്ന കവിത പഴയകാല ഓർമ്മകളുടെ നനവ് കണ്ണുകളിൽ പടർത്തി.

എന്നും കിനാക്കളിൽ പൊന്നിൻ ചിറകുമായി

കിന്നാരം മൂളി നീ വന്നീടുമ്പോൾ

എന്ന വരികൾ ഉൾക്കൊള്ളുന്ന സ്വപ്നമേ എന്ന കവിത വായിച്ചപ്പോൾ ഒരിക്കലെങ്കിലും നീ സ്വപ്നങ്ങളിൽ പൊന്നിൻ ചിറകുമായി വന്നെങ്കിലെന്ന് ആശിച്ചു പോയി.

രണ്ടു കൈയ്യിലും തുമ്പമലരുമായി

പണ്ടു നീ വന്നു നിന്നതോർക്കുന്നുവോ

എന്ന ഹൃദയസ്പർശിയായ വരികളിൽ ആരംഭിക്കുന്ന താളം എന്ന കവിത അതിമനോഹരം എന്ന് വിശേഷിപ്പിച്ചാൽ പോലും കുറഞ്ഞുപോകും.

അനുരാഗമൂർച്ചകൊണ്ടണുവണുവായി നീ

കുനുകുനെ കുത്തി മുറിക്കുകെന്നെ

എന്ന വരികളിൽ ആരംഭിക്കുന്ന രഹസ്യാമ്മകം എന്ന കവിത രണ്ടുവട്ടം മനസ്സിരുത്തി വായിച്ചപ്പോഴാണ് ഓർത്തത്, ഇതുപോലെ ഒന്ന് വായിച്ചിരുനെങ്കിൽ പണ്ട് മലയാളം പരീക്ഷയെങ്കിലും പാസ്സായേനെ.

പ്രണയത്തിൻ വിഭ്രമാന്തം നാവിൻതുമ്പിലിറ്റുന്നൊരു

നിണരസത്തുള്ളിയായി മാറട്ടെ ഞാനും

എന്ന വരികളിൽ അവസാനിക്കുന്ന തിമിർക്കുകെന്നിൽ, വായനക്കാരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ചു നടത്തുന്നു.

മണലാഴി മൂടാത്ത കുഞ്ഞോളമേളം

തണലേകി നീയെന്നുമെൻ ജീവതാളം

ഈ വരികളിൽ ആരംഭിക്കുന്നു തുണ. 

സിന്ദൂര സന്ധ്യക്ക്‌ പൊന്നാട ചാർത്തുവാൻ എന്നു നീ വന്നു ചേരും’ എന്ന വരികളിൽ ആരംഭിച്ചു, മാറിൽ ചേർന്നുറങ്ങാൻ എന്നു നീ വന്നു ചേരും എന്ന വരികളിലൂടെ കടന്നു പോകുമ്പോൾ (എന്നു നീ വന്നുചേരും) ഇതുവരെ പ്രണയിക്കാത്തവർവരെ പ്രണയിച്ചുപോകും.

തീവ്ര അനുരാഗത്തെ നമുക്കുള്ളിലെ കടലായിക്കാണുന്ന നമ്മൾപ്രണയമാണ് എന്നെ ഏറെ മോഹിപ്പിച്ച ഒരു കവിതയാണ്. അല്ലേലും ഞമ്മക്ക് പണ്ടേ പ്രണയത്തോട് വല്ലാത്തൊരു ഇതാണ്. ഇത് എന്ന് പറഞ്ഞാൽ അതെന്നെ...

ധന്യജന്മം കവിതയുടെ തലക്കെട്ടും ഞമ്മളെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്തത് കൊണ്ട് ഇതിലെ ജീവൻ തുടിക്കുന്ന രണ്ട് വരികളാണ് എന്റെ മനസ്സിൽ തുളഞ്ഞു കയറിയത്

പ്രണയമാണെപ്പോഴും നെഞ്ചേറ്റു വാഴുവാൻ

തുണയുണ്ട് ശ്രീ മയം ധന്യജന്മം

പ്രണയവും ഞമ്മളും തമ്മിൽ വൈകാരികമായ ബന്ധം ഉണ്ട്.  അത് കവിക്ക് അറിയാം.....

പട്ടുപാവാട തെല്ലൊന്നൊതുക്കി നീ

ഒട്ടുവേഗത്തിലേറുന്നു ഗോവണി.

(നമ്മളൊന്നെന്ന മിഥ്യ)

പട്ടുപാവാട എന്നുപറയുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് പ്രണയം തന്നെ ആയിരിക്കും. അത് പതിനേഴുകാരനായാലും എഴുപതുകാരനായാലും...

ജടവിടർത്തി ഞാനിവിടെയുണ്ടു, നീ     ഇടതടവില്ലാതൊഴുകിയാഴുവാൻ...

ശിവഗംഗയുടെ കഥയൂറുന്ന കവിത, രൗദ്രമാടാം. ‘നിന്നെ ഞാനെന്നുമെൻ നെഞ്ചോട് ചേർത്തുറക്കാം’ എന്ന മനോഹരമായ വരിയിൽ അവസാനിക്കുന്നു. പരമശിവന്റെ പ്രണയം കാണുമ്പോൾ ചിലപ്പോഴൊക്കോ അസൂയ തോന്നിപ്പോകാറുണ്ട്. ഞാനൊരു ശിവഭക്തനായതും അതുകൊണ്ട് തന്നെ ആണ്.

തേന്മഴക്കൂട്ടു കൂടാം, സിന്ദൂരകാന്തിയാം സന്ധ്യയാകാം,

സിന്ധുവിൻ വെള്ളിക്കൊലുസ്സുചാർത്താം... മനോഹരമായ വരികൾ കോർത്തിണക്കിയ മറ്റൊരു രചന.

ചുട്ടുപൊള്ളിടും സൂര്യനായി ഞാൻ

നിന്നു കത്തീടുമ്പോൾ

എന്റെയുള്ളിലെ തീ കെടുത്തുവാൻ ഓടിയെത്തുമെന്നോ

നിന്നിലിന്നു ഞാൻ എന്ന കവിതയിലെ വരികൾ. പ്രണയം കൊണ്ട് ഉള്ളു നീറുന്ന കാമുകമനസ്സിന്റെ പൊള്ളൽ തീർക്കാൻ ഓടിയെത്തുന്ന കാമുകിയുടെ ദർശനം കൊണ്ട് സാധിക്കുമെന്ന് മനസ്സിലാക്കിത്തരുന്നു.

ദേഷ്യപ്പെടല്ലേ. നീ ഭാഗ്യമാണെൻ

സ്നേഹഭാഷ്യമാണെൻ, കാവ്യഭാവമാണ്

മാപ്പൊന്നു നൽകു നീ....

ദേഷ്യപ്പെടല്ലേ-യിലെ മനോഹരമായ ഈ വരികൾ പ്രണയത്തിലെ കൊച്ചു കൊച്ചു പിണക്കങ്ങളെ നമുക്ക് വരച്ചു നൽകുന്നു.

എൻ കരൾ ചില്ലയിൽ കൂടുകൾ കൂട്ടുമെൻ... സാന്ദ്രം എന്ന കവിതയിലെ വരികളിൽ ഒന്നാണിത്. കരളിൽ കൂടു കൂട്ടിയ പ്രണയിനിയുടെ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുകയായിരുന്നു ആ കവിത വായിച്ചപ്പോൾ.

പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ വരച്ചുകാട്ടുന്ന കണ്ടു എന്ന കവിതയിലെ

തെന്നിയകന്നൊരു വിരഹം കണ്ടു

വന്നണയുന്നൊരു പ്രണയം കണ്ടു

ഈ വരികൾ ഒന്നുകൂടി പ്രണയിക്കാൻ പ്രേരിപ്പിക്കുന്നതാണ്.

മറ്റൊരാൾക്കും പകരമായെല്ലാതെ

മറ്റൊരാൾ നിന്റെയുള്ളു തൊടുന്നവൻ

അർത്ഥസമ്പുഷ്ടമായ വരികൾ കൊണ്ട് അനുഗൃഹീതമായ മറ്റൊരാൾ എന്ന കവിത.

പനിക്കൊണ്ട് വിറയാർന്ന ചുണ്ടിലെ മധുരമാം

കനിയുണ്ടു വീണ്ടും നമുക്കുറങ്ങാം

ക്ഷമിക്കു പെണ്ണേ എന്ന കവിതയിലെ ഈ വരികൾ ഒരു പനിരാത്രിയിൽ അവളുടെ ചുണ്ടിൽ നിന്നും കവർന്നെടുത്ത ചുംബനത്തിന്റെ മധുരം വീണ്ടും ചുണ്ടുകളിലേക്ക് പകർന്നു തന്നു.

പണമില്ല, പണിയില്ലയെങ്കിലുമിന്നെന്റെ 

പ്രണയവും കവിതയും ബാക്കിയുണ്ട്.

ഈ വരികൾ ദിവ്യ യജ്ഞമല്ലേ എന്ന കവിതയിലേതാണ്. പണവും പണിയും നോക്കി പ്രണയിക്കുന്ന ഒരു തലമുറ അറിയണം, കവിതയോടുള്ള പ്രണയം കവിയോടായി മാറിയിരുന്ന ഒരു നല്ല പ്രണയം എന്നുമുണ്ടായിരുന്നു.

എനിക്കൊരു ഫ്രണ്ടുണ്ട് എന്ന കവിത പൂർണമായും ഭാവനകളാൽ സമ്പുഷ്ടമാണ്.

വെറുക്കല്ലെ, നിന്റെ ഖൽബിൽ ഇരിപ്പില്ലെ ഞാൻ

എന്ന വരികളിൽ ആരംഭിക്കുന്ന പ്രണയമേ നീ എന്ന കവിത പ്രണയത്തെക്കുറിച്ചുള്ള നിറവർണ്ണനകളാണ്.

ഇവിടെ നാമെഴുതുന്ന വാക്കുകൾ കരളിലെ

കവിയുന്ന കയ്യൊപ്പ് ചേർന്ന സത്യം.

ആനന്ദജ്യോതി എന്ന മനോഹരമായ കവിതയിലെ വരികളാണിത്.

ഇഴതോർന്നു പേക്കാറു പെയ്‌തൊഴിഞ്ഞെൻ രാഗ- മഴമേലെ മരം പെയ്യുമെന്നു തോഴി?

സുന്ദരമായ വരികളിൽ ആരംഭിക്കുന്ന ജന്മകവിത, തനിച്ചു പാടാൻ എന്ന കവിതാസാഗരത്തിലെ മനോഹരമായ കവിതകളിൽ ഒന്നാണ്.

വെറുതെ മിഴികോർത്തു നിന്നിടാമൊന്നുമേ പറയാതെയെന്തോ പറഞ്ഞുപോകാം.

ഇനി നമ്മൾ കാണുമോ...  (തനിച്ചു പാടാൻ)

ഈ കവിത വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞുവന്നത്. സ്കൂളിലെ അവസാനദിനം. തമ്മിൽ വിടപറയുമ്പോൾ മനസ്സിലെ ഒളിപ്പിച്ചുവച്ച പ്രണയം തുറന്നു പറയാൻ ആകാതെ, മനസ്സ് നീറിക്കൊണ്ട്, ഇനിയൊരിക്കലും കാണില്ലെന്നറിഞ്ഞിട്ടും മനസ്സിലെ വേദന മറച്ചുപിടിച്ചു വിട പറയുന്ന കൗമാരക്കാരെ ആണ്. മനോഹരം എന്നല്ലാതെ  മറ്റൊരു വാക്കില്ല.

പറയുവാനേറെയുണ്ടെങ്കിൽ നീയിന്നു നിൻ

നിറമൗന പൊയ്മുഖം കീറിമാററൂ.

പറയുവാനേറെയുണ്ടാകണം എന്ന കവിതയില വരിയാണിത്. പറയുവാനുണ്ടെങ്കിൽ മൗനം കൊണ്ട് തീർത്ത പൊയ്മുഖം എടുത്തുമാറ്റാനാണ് കവി പറയുന്നത്‌. സുന്ദരം.

‘തേടിവന്നെന്നാലിടഞ്ഞു മാറും’ എന്നാരംഭിക്കുന്ന കവിത കാലവും സ്വന്തമാക്കൂ, റോസാദളക്കൂട്ടു വർണ്ണത്തിൽ വാസന്ത മാസങ്ങൾ ചാലിച്ച നേർത്ത രാഗം ആഗ്നേയവീണ, കൊടുങ്കാറ്റു പോലെ, ‘കരിമ്പിന്റെ മാധുര്യമോലുന്ന വാക്കിൻ വരമ്പത്തൊരൽപം വയൽക്കാറ്റു കൊള്ളാ’ൻ ക്ഷണിക്കുന്ന വയൽക്കാറ്റുകൊള്ളാം, ‘എഴുതണം വായിച്ചുരുകുന്ന വരികളിലൊഴുകണം പ്രണയത്തിൻ സെൽഫിയായി’ എന്നാഹ്വാനം ചെയ്യുന്ന കവിത പ്രണയത്തിൻ സെൽഫിയായി, ‘ഞാനുണ്ട്, നിയുണ്ട്, തോൽക്കാത്ത വാശിയും കാമവും കത്തും കയങ്ങളുണ്ട്’ എന്നോർമ്മപ്പെടുത്തുന്ന ഇനിയെന്തു പ്രണയമെന്നോ, രാതികൾ കേട്ടു സഹികെട്ടു കാളിയെത്തേടുന്ന  എനിക്കു നീയും എന്നിവപോലെയുള്ള മുത്തും പവിഴവുമാണ് ഇതിലെ മുപ്പത്തിയാറു കവിതകളും. ആ കവിതാസാഗരത്തിൽ നിന്നും കോരിയെടുത്ത ഒരു കുമ്പിൾ ജലം മാത്രമാണ് എന്റെ ഈ കുറിപ്പ്. ഇനിയും കാമ്പുള്ള കവിതകളുമായി നമുക്ക് മുന്നിലേക്കെത്താൻ മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട്,  തനിച്ചു പാടാൻ എന്ന കവിതാപുസ്തകത്തിൻ ആശംസകൾ നേർന്നുകൊണ്ട്, ഈ കവിതാസാഗരത്തിലൂടെയുള്ള കൊച്ചു പ്രയാണം അവസാനിപ്പിക്കുന്നു. സ്നേഹത്തോടെ... 

ശ്രീ.https://www.amazon.in/dp/B08L892F68No comments: