Sheeja Varghese :: അനുഭൂതിയുടെ മാസ്മരികതലങ്ങൾ

Views:

 

അനുഭൂതിയുടെ മാസ്മരികതലങ്ങൾ

ഷീജ വർഗീസ്‌

 

പ്രണയം പ്രപഞ്ചത്തിലെ അതിനിഗൂഢഭാവമാണ്. ഹൃദയാന്തരാളങ്ങളെ അവാച്യമായ അനുഭൂതിയുടെ മാസ്മരികതലങ്ങളിലേക്ക് നയിക്കുന്ന അതിവിശിഷ്ടഭാവം. കാലാതീതമായ ചേതോവികാരമായി പ്രണയം പ്രപഞ്ചപ്രതിഭാസങ്ങളിലും, സൃഷ്ടവസ്തുക്കളിലും

നിഴലിച്ചു കാണാം.

പ്രസിദ്ധ കവി രജി ചന്ദ്രശേഖർ മാഷിന്റെ   പ്രണയകവിതകളുടെ ആവിഷ്ക്കരണമാണ് തനിച്ചു പാടാൻ എന്ന കവിതാസമാഹാരം. കവിതകളെ തനതു ശൈലികളിലൂടെ ആത്മപ്രകാശനത്തിന്റെ വേദിയാക്കി ആസ്വാദകരുടെ ഹൃദയം കവർന്ന പ്രിയ രജി മാഷ് ചടുലവും, അർത്ഥസമ്പുഷ്ടവുമായ പദപ്രയോഗങ്ങളും, മനോഹരമായ ഉപമകളും, വർണ്ണനകളും കൊണ്ട് തയ്യാറാക്കിയ തനിച്ചു പാടാൻ എന്ന വായനാവിഭവം വായനയുടെ ആസ്വാദ്യതയ്ക്ക് മാറ്റുകൂട്ടുമെന്ന് തീർച്ച.

പ്രണയം എത്ര മനോഹരമാണ്. അതിജീവനത്തിന്റെ കരുത്ത് പകരുന്ന, പരിശുദ്ധിയുള്ള, ശ്രേഷ്ഠതയേറിയ വികാരം എന്ന് കവി ഓരോ കവിതകളിലൂടെയും ഊട്ടിയുറപ്പിക്കുകയാണ്. കവിഭാവനയുടെ വിഭിന്നതലങ്ങൾ ഇതൾ വിരിയുന്ന ഓരോ കവിതയിലും പ്രണയത്തിന്റെ ഗാഢാശ്ലേഷം പ്രകടമായി കാണാം.

ഈ സമാഹാരത്തിലെ ആദ്യ കവിത പുന്നാരപ്പൂങ്കിളിയേ, പ്രണയം ജീവിതത്തിലെ കൂരിരുട്ടിനെ വകഞ്ഞു മാറ്റുന്ന നിറവെളിച്ചമാണ് എന്ന സത്യം നമ്മെ ഓർമ്മപ്പെടുത്തുകയാണ്. കവി തന്റെ പ്രണയഭാജനത്തെ

ക്ഷണിക്കുകയാണ്. നഭസ്സിലെ പൂർണചന്ദ്രനെപ്പോലെ തന്റെ ജീവിതവഴിയിലെ കൂരിരുട്ടിൽ ഉദിച്ചുയരുവാനായി കവി പ്രണയിനിയോട് ആവശ്യപ്പെടുന്നു. പ്രണയത്തിന്റെ വരവിൽ പ്രസന്നമാകുന്ന കവിമനസ് ഇവിടെ സുതാര്യമായി കാണാം.

നീറുന്ന ഹൃദയത്തെ വീശിത്തണുപ്പിക്കുന്ന, ഏകനായ വഴിയാത്രക്കാരന് കൂട്ടായ് എത്തുന്ന പുഞ്ചിരിയുടെ അർത്ഥം ചികയുന്ന കവിതയാണ് പുഞ്ചിരിക്കർത്ഥമെന്തേ? മിന്നലൊളി പോലെ ഉദിച്ച് ലയിക്കുവാൻ വെമ്പുന്ന പുഞ്ചിരിയുടെ സാരം തേടുന്ന പ്രണയാന്വേഷിയായ കവി മനസിനെ ഈ കവിതയിൽ കാണാം.

തീവ്രമായ മൗനാനുരാഗത്താൽ ആസ്വാദക മനസ്സിനെ സ്പർശിക്കുന്ന ഇന്നും എന്ന കവിത ആകാശവും, സൂര്യനും പോലെ അഭേദ്യമായ ഹൃദയ ബന്ധത്തിന്റെ നേർക്കാഴ്ച തന്നെ. മൗനത്താൽ മുദ്രിതരായ പ്രണയികൾ ആരാദ്യം മിണ്ടും? എന്ന തർക്കത്തിൽ മൗനം ഭജിച്ചിരിക്കുകയാണ്. മൗനം പ്രണയത്തിന്റെ ശക്തമായ ഭാഷയാണെന്ന് ഈ കവിത നമ്മെ ഓർമ്മിപ്പിക്കുകയാണ്. ഇലയിട്ട് സ്വപ്നം വിളമ്പി കാത്തിരിക്കുന്ന പ്രണയം... മിണ്ടാൻ വെമ്പൽ കൊള്ളുന്ന പ്രണയികളുടെ ഹൃദയം കവി ഇവിടെ വരച്ചുകാട്ടുന്നു.

ഒരു മന്ദഹാസം എന്ന കവിതയിൽ പ്രണയിനിയുടെ മൃദുഹാസം കവി മനസിൽ അതിഗൂഢമായ നിറദീപ നാളമായ് തിരി നീട്ടുന്നു എന്ന് കവി പറയുന്നു. കവിതയിൽ ഉപയോഗിക്കുന്ന ഭാഷയും, ഉപമാലങ്കാരങ്ങളും അതിവിശിഷ്ടം തന്നെ. "ചെഞ്ചോരി മലരിതൾ ചുണ്ടിലടർന്ന മൃദു തര വൈഖരി"എന്ന കാവ്യഭാവന കവിതയ്ക്ക് ആസ്വാദ്യത കൂട്ടുന്നു.  

പ്രണയിനിയുടെ പുഞ്ചിരിയെ പല   കവിതകളിലൂടെയും രജി മാഷ് പ്രകീർത്തിച്ചിട്ടുണ്ട്. കവിതാ സമാഹാരത്തിലെ പുഞ്ചിരിക്കർത്ഥമെന്തേ, ഒരു മന്ദഹാസം, സ്വപ്നമേ തുടങ്ങിയ കവിതകളിൽ പ്രണയിനിയുടെ പുഞ്ചിരിയെ വ്യത്യസ്ത തരത്തിൽ വർണിക്കുന്നതായി കാണാം. പ്രണയിനിയുടെ പുഞ്ചിരി പരിഭവം മായ്ക്കുന്നു എന്ന് കവി പറയുന്നു.

ഇരു കൈകളിലും തുമ്പപ്പൂക്കളുമായി വന്നു നിന്ന പ്രണയിനിയുടെ ഓർമ്മ കുറിച്ചിട്ട കവിതയാണ് താളം. നീണ്ട മിഴിയിണകളും മുഖകാന്തിയും ചേർന്ന പ്രണയാഗ്നിയെ കാലം തന്നിലേക്ക് ചേർത്തു വച്ചപ്പോൾ കവി ധന്യനാകുന്നു..

അനുരാഗ തീവ്രതയുടെ ഉത്തുംഗഭാവം അവതരിപ്പിച്ചിരിക്കുന്ന രഹസ്യാത്മകത്തിൽ പ്രണയം പൂർണ ലയനത്തിലേക്ക് എത്തിച്ചേർന്നതായി കാണാം. തന്റെ ശരീരത്തിലും, മനസിലും, കവിതയും പ്രണയവും അനുഭവിച്ച്, ആസ്വദിച്ച് സ്വീകരിക്കുക എന്ന് കവി ഇച്ഛിക്കുന്നു.

അമരത്വമേകുന്ന കടാക്ഷമായി.. സ്വർഗ്ഗ ഗംഗ പോലെ തുണയ്ക്കുന്നവളായി തുണയിൽ തന്റെ പ്രണയത്തെ കവി പരിചയപ്പെടുത്തുമ്പോൾ "അമരത്വമേകുന്ന, സദ് വാക്കാണ് പ്രണയം" എന്ന ഉദാത്തഭാവത്തിലേക്ക് വായനക്കാരുടെ മനസുകൾ എത്തിച്ചേരുന്നു.

നിത്യ പ്രണയമേ, നീ എന്നാണ് എന്നിലേക്ക് വന്നു ചേരുക എന്ന പ്രണയിതാവിന്റെ ആത്മദാഹം മാഷിന്റെ കവിതയെ കാല്പനിക ഭാവത്തിന്റെ വേറിട്ട തലങ്ങളിലെത്തിക്കുന്നു. പ്രണയത്തെ ഇനിയും അനാവരണം ചെയ്യപ്പെടാത്ത അത്യുന്നത പരിവേഷമായി കവിതയിൽ വരച്ചിട്ടിരിക്കുന്നു. ആഴിയിലെ മാലാഖമത്സ്യങ്ങൾ പോലെ... താരാട്ടുപാട്ടു പോലെ... അമ്പിളി പോലെ.... എത്ര മനോഹരമായാണ് പ്രണയം വായനക്കാരന്റെ മനസിൽ അനുഭവവേദ്യമാകുന്നത്. പ്രണയം തലോടലായും, സാന്ത്വനമായും, കരുതലായും മനസിൽ ഉണർത്തുന്ന വരികൾ.

കവി പറയുന്നു, പ്രകൃതിയിലെ സമസ്ത പ്രതിഭാസങ്ങളിലും പ്രണയമേ, നീയാണ് നിത്യസത്യമായി വിളങ്ങുന്നത്. മഴയായും, വെയിലായും, ആഴക്കടലായും നിത്യ സൗഭാഗ്യമായി നമ്മെ പുണർന്നു കൊണ്ടേയിരിക്കുന്നു. പ്രകൃതിയും പ്രണയമാണ് എന്ന കവിസങ്കല്പത്തെ ഇവിടെ ഊട്ടിയുറപ്പിക്കുകയാണ്.

രജി മാഷിന്റെ കവിതാ സമാഹാരത്തിൽ വേറിട്ട ഭാവം നല്കുന്ന കവിതയാണ് രൗദ്രമാടാം. പരമശിവനും, ഗംഗയും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കാന്തക്കരുത്ത് കവിതയ്ക്ക് കരുത്ത് കൂട്ടിയിരിക്കുന്നു. "സ്വർഗ ഗംഗയുടെ ഗുരുത്വ കാന്തി" എന്ന മനോഹരമായ പ്രയോഗം എന്നെ ഹരാദാകർഷിച്ചു. ഗുരുത്വാകർഷണം പോലെ പ്രണയവും ശക്തിമത്താണ് എന്ന ഓർമ്മപ്പെടുത്തൽ. കവിതയിൽ പ്രണയിനിയ്ക്ക് കരുതൽ നൽകുന്നതോടൊപ്പം അവളുടെ കരുത്തിനെ ഓർമ്മപ്പെടുത്തുന്നുമുണ്ട്.

പ്രണയം ചപല വികാരങ്ങൾക്കതീതമെന്നും, സ്നേഹവിശുദ്ധി തൻ തീർത്ഥമാണെന്നും കവി എടുത്തു പറയുന്നുണ്ട്. "എന്നിലെയെന്നെ അറിഞ്ഞവൾ" എന്ന ഒറ്റ പ്രയോഗം മതി കവിതയിലെ പ്രണയത്തെ നെഞ്ചിലേറ്റുവാൻ.

"വിട്ടുവീഴ്ചകളും, സമരസപ്പെടലും പ്രണയത്തിന്റെ മാറ്റുകൂട്ടുന്നു" എന്ന മഹത്തായ ആശയം വേരോടിയ ദേഷ്യപ്പെടല്ലേ എന്ന കവിത പ്രണയത്തിന് വിശാലമായ മാനം നല്കുകയാണ്.

കവിയുടെ ദാർശനിക ഭാവവും പ്രണയ കവിതകളിൽ ഇടയ്ക്കിടെ കടന്നു വരുന്നതായി കാണാം.  വികാരങ്ങളുടെ സമ്മിശ്ര ഭാവമായ ജീവിതം കാലങ്ങൾ താണ്ടുകയാണ് എന്ന് പറഞ്ഞ കവി, തന്റെ കവിതയും, പ്രണയവും അനശ്വരമായ ദിവ്യയജ്ഞമെന്ന് ചൂട്ടിക്കാട്ടുന്നുണ്ട്.

            ന്യൂജെൻ കവിത പോലെ ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും എന്നെ ഏറെ ആകർഷിച്ചത് എനിക്കൊരു ഫ്രണ്ടുണ്ട് എന്ന കവിതയാണ്. കവിതയിലെ അവസാന നാലു വരികളിലാണ് സമാഹാരത്തിന്റെ അന്തസത്ത എന്നു തോന്നിപ്പോയി.

അവളെ ഞാൻ പിരിയുകില്ലായുസ്സിനപ്പുറം

കവിയുന്ന വാഴ് വിന്റെയഗ്നിയല്ലെ,

അവളെന്റെ പ്രാണപ്പിടച്ചിലിൽ ചുണ്ടിലേ-

യ്ക്കവസാനമിററുമെൻ തീർത്ഥസത്യം.

ഇതിലുപരി പ്രണയ തീക്ഷ്ണത വരച്ചിടുന്നതെങ്ങനെ?

പ്രണയത്തിന്റെ അത്യന്താധുനിക കാഴ്ചപ്പാട് വരച്ചു ചേർത്ത കവിതയാണ് പ്രണയത്തിൻ സെൽഫിയായി. എഴുതാനും, വരികളിലൂടൊഴുകാനും കവി പറയുന്നു. വയൽക്കാറ്റു കൊള്ളാം എന്ന കവിത ഏറെ മനോഹരമാണ്. "ജഡികമായ വികാരങ്ങളല്ല കരൾക്കാമ്പിലെ പരിശുദ്ധ വികാരമാണു പ്രണയം" എന്ന തിരിച്ചറിവിലേക്ക് വായനക്കാരന്റെ മനസ് എത്തിച്ചേരുന്നു.

പ്രണയം ശക്തിമത്തായ, ദൈവിക പരിവേഷമുള്ള, കാന്തശക്തിയാണ് എന്ന മഹത്തായ ദർശനമാണ് കവി മാഷ് അനാവരണം ചെയ്തിരിക്കുന്നത് എന്ന് കാണാം. തനിച്ച് പാടാൻ പ്രണയത്തിന്റെ കൂട്ടും, പ്രണയാർദ്രമായ ഒരു നോട്ടവും പ്രേരണയാകുന്നതോർമിപ്പിക്കുന്നു. കവിതയാണ് പ്രണയം. പ്രണയം കവിതയിലൂടെ സെൽഫികളായൊഴുകുന്നു എന്ന് മാഷ് പറയുന്നു. അതിന്ദ്രിയാനുഭവങ്ങളുടെ ചേരുവ ചേർത്ത് വിളമ്പിയ അക്ഷരസദ്യ മനം നിറച്ചുണ്ടു വായനക്കാരൻ സംതൃപ്തിയടയുമെന്നത് തീർച്ച. പ്രണയം എന്നത് മൂഢസങ്കല്പമല്ല; മറിച്ച് അനുഭവിച്ചറിഞ്ഞ തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ മാറ്റുരച്ച പൊന്നിൻ പകിട്ടുള്ള പ്രപഞ്ചസത്യമാണ് എന്ന യാഥാർത്ഥ്യത്തിലേക്ക് വായനയെ എത്തിക്കുന്ന മനോഹരമായ ഈ കവിതാ സമാഹാരത്തിന് ഭാവുകങ്ങൾ! ശില്പചാതുരിയോടെ കൊത്തിയിട്ട വാഗ് പ്രഭാവമേ, നമോവാകം!

 

ഷീജ വർഗീസ്‌


https://www.amazon.in/dp/B08L892F68





1 comment:

Unknown said...

പ്രണയത്തേക്കാൾ സുന്ദരമല്ലേ സൗഹൃദം! രീതിസുഖഭാവങ്ങൾ ഇല്ലാത്ത പ്രണയമല്ലേ ദിവ്യം..അത് സൗഹൃദമല്ലേ?