സര്‍ഗ്ഗാത്മകമായി സഹകരിക്കുക 9995361657@upi 
Subscribe malayalamasika Youtube Channel 

Jyothiraj Thekkuttu. മറന്നിട്ടുപോന്ന പ്രണയം

Views:

കവിത
മറന്നിട്ടുപോന്ന പ്രണയം

വര അമൃത് പ്രസാദ്

അക്ഷരമുറ്റത്തായ് ഒറ്റയ്ക്കു നിൽക്കുന്നൊരെൻ,
കൊച്ചുബാല്യത്തെ തൊട്ടു വിളിച്ചതാര്?

ഓർമ്മതൻത്തുമ്പിൽ കളിമുറ്റത്തൊരു 
കോണിൽ കത്തും ഉൾപ്പൂവ് കാത്തതാര്?

ചിലതൊക്കെ ഉള്ളം മറക്കുമെന്നാലും,
ചങ്കുപൊട്ടുന്നോരു ഓർമ്മയിൽ പടരുന്ന,
ചിലതുണ്ട് ഉള്ളിൽ കനലുകൾ ബാക്കി.

നിദ്രകവരാത്ത ഇരുൾക്കാട്ടിലന്നേരം,
പുസ്തക താളുകൾ മറഞ്ഞിടുമ്പോൾ,
പോയ്പോയ കാലത്തിൻ മറവികൾക്കിട-
യിലൊരു കളിവഞ്ചി മെല്ലെ തുഴഞ്ഞു പോകും.

മറന്നിട്ടുപോന്ന ആ മയിൽപ്പീലി കണ്ണിൽ,
ആത്മരാഗത്തിൻ നോവുണ്ട് ,വേവുണ്ട് കനവുണ്ട്,
പറഞ്ഞുതീരാത്തൊരെൻ പ്രണയമുണ്ട്.

വെയിൽ തൊട്ടുപ്പൊളിച്ച നാട്ടുവഴിയോരത്ത്, 
ഗന്ധം പടർത്തി നീ വിടർന്ന നാളിൽ,
കരിവണ്ടുപോലെ നിൻ മൃദുമേനി,
ചുറ്റി പറന്നുനടന്ന കാലം.

കതിരവൻ തന്നോരു കരുത്തിൻ്റെ ചില്ലയിൽ,
കവിത ചൊല്ലി നടന്നു ഞാനേകയായ്.

കാലം കടന്നുപോയ് ഒരു വാക്കും ചൊല്ലാതെ,
പാതിയടഞ്ഞ കൺകോണുകളിൽ -
നിന്നിറ്റിറ്റു വീഴുന്ന നീർതുള്ളി പോലെ...

കണ്ടു മറക്കുവാൻ കാണാതിരിക്കുവാൻ,
ഇനിയുമൊരു പാഠം പഠിച്ചിടേണം നമ്മൾ,
ഇനിയുമൊരു പാഠം പഠിയ്ക്കവേണം.


1 comment:

Unknown said...

നന്ദി സാർ

ഉള്ളടക്കം


11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)