Aravind S J :: ഒരു കാവ്യവിരുന്ന്

Views:

 

ഒരു കാവ്യവിരുന്ന്

അരവിന്ദ് എസ് ജെ

 

"പ്രണയത്തിന്റെ ഒരു തരിയെങ്കിലുമില്ലാതെ എന്റെ കവിത പൂർണ്ണമാകില്ല..." ഒരു സംഭാഷണത്തിനിടയിൽ മാഷ് തന്നെ എന്നോട് പറഞ്ഞതാണ്. ശരിയാണ് രജി മാഷിന്റെ കവിതകൾ വായിക്കുന്ന ആർക്കും അത് മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രണയത്തിന്റെ ഒരു മാസ്മരികത ആ വരികളിൽ പ്രകടമാണ്. അത്തരത്തിലുള്ള 36 കവിതകൾ കോർത്തിണക്കി തനിച്ചു പാടാൻ എന്ന സമാഹാരമായി മാറുമ്പോൾ അത് മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന, അല്ലെങ്കിൽ പ്രണയത്തെ പ്രണയിക്കുന്ന ഏതൊരു കവിതാസ്വാദകനും ഒരു കാവ്യവിരുന്നാകുമെന്നതിൽ സംശയം തെല്ലുമില്ല..

ഒരു കവിതാരചന മത്സരം നടക്കുന്നു എന്നു കരുതുക. വിഷയം പ്രണയം തന്നെ. പക്ഷെ എഴുതുന്നത് 36 വ്യത്യസ്ത മനോഭാവത്തിൽ വ്യത്യസ്ത സന്ദർഭങ്ങളിൽ ഇതേ രജി മാഷ് തന്നെയെന്നും കരുതുക. അങ്ങനെ മത്സരിച്ചെഴുതിയ കവിതകൾ പോലെയാണ് ഈ 36 പ്രണയഗീതങ്ങളും എനിക്ക് തോന്നിയത്. സമീപനം വേറെയാണെങ്കിലും അതിലെ ഉൾക്കാമ്പ് പ്രണയം തന്നെയാണ്. ഒന്നിനൊന്ന് മികച്ച ഈ പ്രണയഗീതങ്ങളിൽനിന്ന്‌ മികച്ച ഒരെണ്ണം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ വായനക്കാർ കുഴഞ്ഞത് തന്നെ. എന്നിലെ ആസ്വാദകന് 36 പ്രണയഗീതങ്ങൾക്കും ഒന്നാം സ്ഥാനം തന്നെ നൽകാതെ തരമില്ലായിരുന്നു. ഓരോന്നും ഒന്നിനൊന്ന് മികച്ചത്.

കവിതാരചനയിലെ തന്റെ സ്വതസിദ്ധമായ കഴിവുകൾ കൊണ്ട് അത്ഭുതപ്പെടുത്തിയിട്ടുള്ള മാഷ്, ഈ പ്രണയഗീതങ്ങളിലൂടെ ആ രചനാപാടവം ഒന്നുകൂടെ ദൃഢപ്പെടുത്തുകയാണ്. ആശയഭംഗി ഒട്ടുമേ ചോർന്നുപോകാതെ തന്നെ താളവും പ്രാസവും ഒരുപോലെ സമന്വയിപ്പിച്ച് കാവ്യഭംഗി കൂടി നിലനിർത്തുക എന്ന ശ്രമകരമായ ഒരു ഉദ്യമം തനിക്ക് അനായാസം വഴങ്ങുമെന്ന് മാഷ് വീണ്ടും വീണ്ടും തെളിയിക്കുന്നു.

പ്രണയത്തിന്റെ നാനാതലങ്ങളിലൂടെയും സുഗമമായി സഞ്ചരിക്കുകയാണ് കവിയിവിടെ. പിണക്കവും ഇണക്കവും സന്തോഷവും സങ്കടവും വിരഹവും സാമീപ്യവും എല്ലാം പ്രണയവുമായി ഇടകലർത്തുവാൻ കവിയുടെ തൂലികയ്ക്ക് നിഷ്പ്രയാസം കഴിഞ്ഞിരിക്കുന്നു. പ്രകൃതിയെയും പ്രണയിനിയാക്കുവാൻ തോന്നിപ്പിക്കും വിധം ഹൃദ്യമായ വരികളാണ്, എന്നു നീ വന്നുചേരും എന്ന പ്രണയഗീതം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കി മാറ്റിയത്. കവി വർണ്ണനയിൽ അറിയാതെ ലയിച്ചു ചേർന്ന്, എന്നു നീ വന്നുചേരും? എന്ന ചോദ്യം ഉള്ളിന്റെയുള്ളിൽ അറിയാതെ ഉയർന്നു പോവുകയാണ്.

ചെറിയ ചെറിയ സൗന്ദര്യപ്പിണക്കങ്ങളെപ്പോലും ഊതിവീർപ്പിച്ച്‍ വിവാഹമോചനങ്ങളിൽ ചെന്നെത്തിനിൽക്കുന്ന ആധുനിക ദാമ്പത്യ ബന്ധങ്ങൾക്ക് ഒരു മറുപടിയായാണ് തിമിർക്കുകെന്നിൽ എന്ന പ്രണയഗീതം. ചെറിയ വഴക്കുകളിലും പ്രണയം കാണുന്ന കവി അവയൊക്കെ കലാപകേളിയായും കലിപ്പിൻ താളമായും കാണുന്നു. സ്നേഹിക്കാനെന്നപോലെ കലഹിക്കാനും അവസരം നൽകുന്ന കവി പറയുന്നു "വേറെയാർക്ക്, നിനക്കു ഞാൻ, തിമിർക്കുകെന്നിൽ"..

തനിച്ചു പാടാൻ പറയാതെപോയ പ്രണയവും, വിലക്കുകൾ മറികടന്ന് ഇനിയും ഒന്നിക്കുമെന്ന പ്രതീക്ഷയേകുന്ന പ്രണയമേ നീ യും മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുന്നു. ഇംഗ്ലീഷും മലയാളവും കൂട്ടിച്ചേർത്തിട്ടും താളമോ ഭംഗിയോ ചോർന്നുപോകാതെ വിസ്മയിപ്പിക്കുകയാണ് പ്രണയത്തിൻ സെൽഫിയായി.

തേന്മഴക്കൂട്ടു കൂടാം എന്ന പ്രണയഗീതത്തിൽ കവി വാക്കുകൾ കൊണ്ട് ഒരു അത്ഭുതം തീർത്തിരിക്കുകയാണ്. പ്രാസം നിലനിർത്തിയുള്ള വാക്കുകളുടെ നിലക്കാത്ത ആ ഒഴുക്ക് അദ്ദേഹത്തിന്റെ പദസമ്പത്ത് എത്രമാത്രമാണെന്നതിന് ഒരു ഉദാഹരണമാണ്. അവസാനിക്കാത്ത വാക്കുകളുടെ ഒരു അക്ഷയപാത്രം ദൈവം വരമായി നൽകിയിരിക്കാം എന്നു പോലും സംശയിച്ചു പോകാം. അവിടെ നിന്നും മറ്റൊരാൾ എന്ന ഗീതത്തിലെത്തുമ്പോൾ ആ സംശയം വായനക്കാർ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു.

ഓരോ രചനയും മറ്റൊന്നിൽ നിന്നും വൈവിധ്യം പുലർത്തുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. പ്രണയമെന്ന മധുര വികാരത്തെ ആവർത്തനവിരസത തെല്ലുമേൽക്കാതെ 36 പ്രണയഗീതികളായി മാഷ് പകുത്തു വച്ചു.

എഴുത്തിനെ സ്നേഹിക്കുന്നവർക്കും എഴുത്തിന്റെ ലോകത്ത് പിച്ചവച്ചു തുടങ്ങുന്ന എന്നെപ്പോലുള്ള പുതിയ തലമുറയ്ക്കും മാഷിന്റെ എഴുത്തുകൾ എന്നും ഒരു പാഠപുസ്തകമാണ്. ഗുരു തുല്യനായ അങ്ങയുടെ വാക്കുകൾ എന്നും പ്രേരണയും ശക്തിയുമാണ്.

ഇനിയും ഒത്തിരി കവിതകൾ ആ തൂലികയിൽ നിന്നും പിറക്കട്ടെ.. ഇനിയും പ്രണയഗീതികൾ നിറയട്ടെ.. അവ വായിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകട്ടെ... മാഷിന് എല്ലാവിധ ആശംസകളും പ്രാർത്ഥനയും, ഒപ്പം തനിച്ചു പാടാൻ എന്ന സമാഹാരമായി മാഷിന്റെ 36 പ്രണയഗീതികൾ ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരുപാട് ഒരുപാട് നന്ദിയും..

അരവിന്ദ് എസ് ജെ


https://www.amazon.in/dp/B08L892F68





No comments: