Anandakuttan :: ഗുരുദക്ഷിണ

Views:

ഗുരുദക്ഷിണ.
......................
നരേന്ദ്രൻ സർ സ്കൂൾ തുറന്ന ദിവസം സ്ഥലം മാറ്റം കിട്ടിയ പുതിയ സ്കൂളിലെത്തി. അസംബ്ലിയിൽ ഹെഡ്മാസ്റ്റർ അദ്ദേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

സറിന് അഞ്ചാം ക്ലാസ്സിന്റെ ചുമതല കൊടുത്തു. സർ ക്ലാസിലെത്തി. ഹാജർ വിളിച്ചു. കുട്ടികളെ പരിചയപ്പെട്ടു. 

ഒരു കുട്ടിയെ സർ പ്രത്യേകം ശ്രദ്ധിച്ചു. അവൾ ഇടയ്ക്കിടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അലക്ഷ്യമായി. അനുവാദം ചോദിക്കാതെ ക്ലാസിനു പുറത്തു പോകുന്നു. കുറച്ചു കഴിയുമ്പോൾ അനുവാദം ഇല്ലാതെ ക്ലാസിനകത്തേക്ക് വരുന്നു. 

ഉച്ചക്കു ശേഷം സർ വീണ്ടും ക്ലാസിലെത്തി. 
" എല്ലാവരും മലയാളം പുസ്തകം എടുക്കു . "
അവൾ മാത്രം കേട്ടതായി ഭാവിച്ചില്ല. അവൾ പുസ്തകം എടുത്തില്ല. അവൾ എഴുന്നേറ്റ് ക്ലാസിന്റെ പിറകിലുള്ള ജനാലക്കരികിലേക്ക് പോയി ഇരുന്നു. 
സാറിന് ദേഷ്യം വന്നെങ്കിലും തല്കാലം ദേഷ്യം പുറത്തു കാണിച്ചില്ല .
"മോളെ , ഇങ്ങു വന്നേ " സർ അവളെ വിളിച്ചു.
അവൾ അതും ശ്രദ്ധിച്ചില്ല. 
"മോളിങ്ങ് അടുത്തു വന്നേ " . സർ അല്പം ഉച്ചത്തിൽ വീണ്ടും വിളിച്ചു.
അവൾ അടുത്തുവന്നു.
"മോളുടെ പേരെന്താ?"
"ലക്ഷ്മി" അവൾ പതിയെ പറഞ്ഞു.
"എന്താ പുസ്തകം എടുക്കാത്തേ?"
"ഞാൻ എടുക്കൂല"
"സാർ , അവളൊന്നും പഠിക്കില്ല. എഴുതില്ല, പുസ്തകവും നോട്ടുബുക്കും ഒന്നും എടുക്കില്ല. " മറ്റു കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു.
" അതു ശരി, സർ അതിശയപ്പെട്ടു.
പിറ്റേ ദിവസം സർ ക്ലാസിലെത്തി . " എല്ലാവരും പുസ്തകമെടുക്കു."
ഒന്നാമത്തെ പാഠം സർ ഒന്നുകൂടി വായിച്ചു . - വയലാറിന്റെ കവിത .
ആദ്യത്തെ എട്ടു വരി സർ ഈണത്തിൽ ചൊല്ലി. കുട്ടികൾ ഏറ്റുചൊല്ലി. അപ്പോഴും ലക്ഷ്മി അലക്ഷ്യമായി ക്ലാസിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു.
"ലക്ഷ്മി പുസ്തകമെടുക്കു" 
" ഞാൻ എടുക്കൂല"
"സർ, അവളൊന്നും പഠിക്കൂല ". മറ്റു കുട്ടികൾ വീണ്ടും പറഞ്ഞു.
പ്രീ പ്രൈമറി മുതൽ ലക്ഷ്മി ഈ സ്കൂളിൽ പഠിക്കുന്നു. അന്നു മുതൽ ലക്ഷ്മി ഇങ്ങനെ തന്നെ. അവൾക്ക് അക്ഷരം അറിയില്ല.
'ആറു വർഷം ഈ സ്കൂളിൽ പഠിച്ച കുട്ടിക്ക് അക്ഷരം പോലും അറിയില്ലേ'. നരേന്ദ്രൻ സറിന് അത്ഭുതം തോന്നി.
"ലക്ഷ്മി വന്നു ബഞ്ചിലിരിക്കു. "സർ ഉറക്കെ പറഞ്ഞു. അവൾ വന്ന് ബഞ്ചിലിരുന്നു.
" പുസ്തകം എടുക്കു."
അവൾ എടുത്തില്ല. സർ അടുത്തുചെന്ന് അവളുടെ ബാഗ് തുറന്നു. സർ അതിശയിച്ചു പോയി. ബാഗിനുള്ളിൽ അഞ്ചാം ക്ലാസിലെ പുസ്തകങ്ങൾക്കൊപ്പം നാലാം ക്ലാസിലെ പുസ്തകങ്ങളുമുണ്ട്. നാലാം ക്ലാസിലെ പുസ്തകങ്ങൾ പുതുപുത്തൻ പോലെ. ഇന്നുവരെ കൈ കൊണ്ട് തൊട്ടിട്ടുപോലുമില്ല. !!
സർ മലയാളം പുസ്തകമെടുത്ത് അവളുടെ കൈയിൽ കൊടുത്തു. അവൾ വാങ്ങാൻ കൂട്ടാക്കിയില്ല. സർ നിർബന്ധിച്ച് പുസ്തകം അവളുടെ കൈയിൽ കൊടുത്തു. അവൾ പുസ്തകം വാങ്ങി ബഞ്ചിൽ വച്ചത് സർ ശ്രദ്ധിച്ചു. സറിനു ദേഷ്യം വന്നു. തൽക്കാലം അവളെ വഴക്കു പറയേണ്ടന്ന് കരുതി. 
പിറ്റേ ദിവസം സർ ഒരു ചെറിയ ചൂരൽ വടിയുമായാണ് ക്ലാസ്സിൽ എത്തിയത്.
"എല്ലാവരും പുസ്തകവും നോട്ടുബുക്കും എടുക്കു."
ലക്ഷ്മിയെ സർ ശ്രദ്ധിച്ചു.. സർ ക്ലാസിൽ എത്തിയതോ, പറഞ്ഞതോ ഒന്നും ശ്രദ്ധിക്കാതെ അവൾ ക്ലാസിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
സർ അവളുടെ അടുത്ത് ചെന്ന് ഇടത്തെ കൈ പിടിച്ച് കൈവെള്ളയിൽ ചൂരലുകൊണ്ട് ചെറുതായി ഒന്ന് തല്ലി.
അവൾ നിലവിളിച്ചു ; കുട്ടികൾ നിശ്ശബ്ദരായി .
മറ്റു ക്ലാസിലെ കുട്ടികളും അധ്യാപകരും അവളുടെ നിലവിളി കേട്ടു .
അവൾ കരഞ്ഞുകൊണ്ട് പുസ്തകം കൈയിലെടുത്തു.
"എന്തിനാ സാറെ ആ കുട്ടിയെ ഉപദ്രവിക്കുന്നത് ? ആ കുട്ടി പണ്ടേ ഇങ്ങനെയാ. ഒന്നും എഴുതില്ല. പഠിക്കില്ല ". മറ്റ് അധ്യാപകരുടെ അഭിപ്രായമാ .
ആരുടെ കുറ്റം. ? അധ്യാപകരുടെയോ , അതോ രക്ഷിതാവിന്റെയോ?
നരേന്ദ്രൻ സർ ലക്ഷ്മിയെക്കുറിച്ച് മറ്റ ധ്യാപകരോട് അന്വേഷിച്ചു.
ലക്ഷ്മി ജനിക്കും മുമ്പേ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയി. പാവപ്പെട്ട കുടുംബം . അവളെയും അമ്മയേയും പോറ്റുന്നത് അമ്മയുടെ അച്ഛൻ - - അപ്പൂപ്പൻ . അയാൾ കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് അവർ കഴിഞ്ഞുകൂടുന്നത്.
ശനി, ഞായർ അവധി കഴിഞ്ഞ് തിങ്കളാഴ്ച സർ രാവിലെ ക്ലാസിലെത്തി. കുട്ടികളെല്ലാവരും പുസ്തകവും നോട്ടുബുക്കും എടുത്തു . 
"ലക്ഷ്മി , നോട്ടു ബുക്കെടുക്കു. "
ലക്ഷ്മിയെ സർ അടുത്തു വിളിച്ചു.
സർ അവളുടെ നോട്ടുബുക്കിൽ റ , ന , വ തുടങ്ങിയ അക്ഷരങ്ങൾ എഴുതി കൊടുത്തു . വായിച്ചു. അവളെക്കൊണ്ട് വായിപ്പിച്ചു.
"നാളെ വരുമ്പോൾ ബുക്കിൽ നിറച്ച് എഴുതിക്കൊണ്ടുവരണം. "
പിറ്റേ ദിവസം സർ ലക്ഷ്മിയുടെ നോട്ടുബുക്കു പരിശോധിച്ചു. അവളൊന്നും എഴുതിയിട്ടില്ല . 
സർ അവളുടെ കൈവെള്ളയിൽ ചൂരൽ വടി കൊണ്ട് തല്ലി. അവൾ നിലവിളിച്ചു ,കരഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞു . 
"അടിയാത് പിള്ള പഠിയാത്. " സർ പറഞ്ഞു .
" ബഞ്ചിലിരുന്ന് എഴുതു" - അവൾ കരഞ്ഞുകൊണ്ട് എഴുതാൻ തുടങ്ങി.
ഇടക്കിടെ സർ അവൾക്ക് നല്ല ശിക്ഷ കൊടുക്കാറുണ്ട്.
ക്രമേണ അവൾ സ്വരാക്ഷരങ്ങളും , വ്യഞ്ജനാക്ഷരങ്ങളും എഴുതാനും വായിക്കാനും പഠിച്ചു. ഇപ്പോൾ അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് ചെറിയ വാക്കുകൾ അവൾ തപ്പിത്തടഞ്ഞ് വായിക്കും . 
"അടിയാത് പിള്ള പഠിയാത് " , അടിയോളമുതുകാ അണ്ണൻ തമ്പി. " സർ ഇടക്കിടെ പറയാറുണ്ട്.
സർ വല്ലപ്പോഴും മറ്റു ചില കുട്ടികൾക്കും ചൂരൽ കഷായം കൊടുക്കാറുണ്ട് . മേൽ പറഞ്ഞ ചൊല്ല് ആവർത്തിക്കുകയും ചെയ്യും.
ഓണം അവധി കഴിഞ്ഞ് സ്കൂൾ തുറന്നു. അഞ്ചാം ക്ലാസിൽ മലയാളം അഞ്ചാം പാഠം എത്തി . ലക്ഷ്മിക്ക് അപ്പോഴും ഒന്നാം പാഠം തന്നെ. വയലാറിന്റെ കവിത . അവൾ തപ്പിത്തപ്പി കവിത വായിക്കും. സർ അവളെ വായിക്കാനും പഠിക്കാനും സഹായിക്കും, ഒഴിവുവേളകളിൽ .
മറ്റു കുട്ടികളോട് അവളെ എഴുതാനും വായിക്കാനും സഹായിക്കണമെന്ന് സർ നിർദ്ദേശിച്ചിട്ടുണ്ട്.
ഇടക്കിടെ അവൾക്ക് നല്ല ശിക്ഷ കിട്ടും. അവൾ ക്ലാസിലിരുന്നു കരയും. 
അങ്ങനെയിരിക്കേ ഒരു ദിവസം എല്ലാവരേയും അതിശയിപ്പിച്ചു കൊണ്ട് അവൾ വയലാറിന്റെ കവിതയിലെ എട്ടു വരികൾ കാണാതെ ചൊല്ലി. 
" മിടുക്കി " സർ കയ്യടിച്ചു. അവൾക്കു സന്തോഷമായി . അവൾ ചിരിച്ചു. നിഷ്കളങ്കമായ ചിരി. അവൾ അന്ന് ആദ്യമായിട്ടാണ് ചിരിക്കുന്നതെന്ന് മറ്റു കുട്ടികൾക്ക് തോന്നി ; അതു തന്നെയാണ് സത്യം .
ലക്ഷ്മിക്ക് എഴുതാനും വായിക്കാനുമുള്ള ബുദ്ധിമുട്ട് ക്രമേണ മാറിത്തുടങ്ങി. ക്രിസ്മസ് പരീക്ഷ കഴിഞ്ഞു . ലക്ഷ്മിക്ക് ഇപ്പോൾ പഠനത്തിൽ താല്പര്യമുണ്ടെന്ന് സ്റ്റാഫ് റൂമിലിരുന്ന് മറ്റധ്യാപകർ പറയുന്നത് നരേന്ദ്രൻ സർ കേട്ടതായി ഭാവിച്ചില്ല .
ഒരു ദിവസം സറിനെയും മറ്റു കുട്ടികളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ വയലാറിന്റെ കവിത മുഴുവൻ കാണാതെ ചൊല്ലി . നല്ല ഈണത്തിൽ. എല്ലാവരും ഉച്ചത്തിൽ കൈയ്യടിച്ചു . 
സർ അവൾക്കൊരു പേപ്പർ കൊടുത്തു . "ലക്ഷ്മി കവിത കാണാതെ എഴുതു." അവൾ കവിത മുഴുവൻ കാണാതെ എഴുതി . നിരവധി തെറ്റുകളുണ്ട്. സർ ദേഷ്യപ്പെട്ടില്ല , ശിക്ഷിച്ചില്ല . 
'' സാരമില്ല മോളേ വീട്ടിൽ പോയി നന്നായി എഴുതി പഠിക്കണം" .
....:.................................
ജനുവരി 1 , പുതുവത്സരദിനം . സ്കൂളിൽ രാവിലെ അസംബ്ളി . ഹെഡ്മാസ്റ്റർ എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു. പെട്ടെന്ന് ലക്ഷ്മി വേഗത്തിൽ നടന്ന് അസംബ്ളിക്ക് മുന്നിലെത്തി ഹെഡ്മാസ്റ്ററോട് എന്തോ പറഞ്ഞു. 
" എല്ലാവരും ശ്രദ്ധിക്കു . അടുത്തതായി V B യിൽ പഠിക്കുന്ന ലക്ഷ്മി ഒരു കവിത ചൊല്ലുന്നതാണ്. ലക്ഷ്മി മൈക്രോഫോണിന്റെ മുന്നിൽ നിന്ന് കവിത ചൊല്ലാൻ തുടങ്ങി. 
"ഭൂമി സനാഥയാണ്. "
"രചന വയലാർ രാമവർമ്മ " .
അവൾ വളരെ മനോഹരമായി കവിത ചൊല്ലി പൂർത്തിയാക്കി. കുട്ടികളും അധ്യാപകരും ഒന്നടങ്കം കൈയ്യടിച്ചു. ഹെഡ്മാസ്റ്റർ പോക്കറ്റിൽ നിന്നു നൂറു രൂപയെടുത്ത് അവൾക്ക് കൊടുത്തു , സമ്മാനമായി. ലക്ഷ്മിക്ക് കിട്ടുന്ന ആദ്യത്തെ സമ്മാനം . അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. 
നരേന്ദ്രൻ സറിന്റെ കണ്ണു നിറഞ്ഞു . 
പിറ്റേ ദിവസം സർ ഹാജർ വിളിച്ചു കഴിഞ്ഞപ്പോൾ ലക്ഷ്മി സറിന്റെ മേശയ്ക്കരികിലെത്തി. 
"സർ ഇതാണെന്റെ അച്ഛൻ " -- അവൾസറിന് അവളുടെ അച്ഛന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. അഴുക്കുപുരണ്ട ഒരു പഴയ ഫോട്ടോ .
സർ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്തു നിഴലിച്ച വിഷാദ ഭാവം സറിന്റെ ഹൃദയത്തിൽ തട്ടി. 
സറിന് ലക്ഷ്മിയോട് ഒന്നും പറയാനുണ്ടായിരുന്നില്ല . പകരം "ഇന്നലെ മോള് നല്ല ഭംഗിയായി കവിത ചൊല്ലിയതല്ലേ - ഇതാ സാറിന്റെ വക സമ്മാനം."
പോക്കറ്റിൽ നിന്ന് ലക്ഷ്മിക്കായി വാങ്ങി വച്ചിരുന്ന പേന എടുത്ത് അവൾക്ക് നൽകി. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

വാർഷിക പരീക്ഷ കഴിഞ്ഞു . ശരാശരി നിലവാരത്തിൽ ലക്ഷ്മിയും വിജയിച്ചു. ഇനി മറ്റൊരു സ്കൂളിൽ ആറാം ക്ലാസിലേക്ക്. 

ഒരു ദിവസം ലക്ഷ്മിയുടെ അപ്പൂപ്പൻ ഹെഡ്മാസ്റ്ററെ കാണാൻ സ്കൂളിൽ വന്നു.
"സർ ലക്ഷ്മിയെ ഈ വർഷം കൂടി നരേന്ദ്രൻ സാറിന്റെ ക്ലാസ്സിൽ ഇരുത്താൻ കഴിയുമോ? അവൾക്കിപ്പോൾ പഠിക്കാൻ നല്ല താല്പര്യമാണ്. സാറിന്റെ ക്ലാസിൽ ഒരു വർഷം കൂടി ഇരുത്തിയെങ്കിൽ " ?
" പ്രമോഷൻ ലിസ്റ്റ് എ.ഇ.ഓ യിൽ കൊടുത്ത് അംഗീകാരം വാങ്ങിപ്പോയി. ഇനി ഒന്നും ചെയ്യാൻ കഴിയില്ല."
വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാൻ ലക്ഷ്മി അപ്പൂപ്പനോടൊപ്പം ഒരു ദിവസം സ്കൂളിലെത്തി. സർട്ടിഫിക്കറ്റ് അപ്പൂപ്പൻ കൈപ്പറ്റി.
" നല്ലവണ്ണം പഠിക്കണം , മിടുക്കിയാവണം കേട്ടോ. " ഹെഡ്മാസ്റ്റർ പറഞ്ഞു. 
അവൾ തലയാട്ടി.
അവർ ഓഫീസിൽ നിന്നുമിറങ്ങി. ഗേറ്റിനു സമീപമെത്തി. അവിടെ നിന്ന് ലക്ഷ്മി തിരിഞ്ഞ് സ്കൂളിലേക്ക് നോക്കി. അവൾ പഠിച്ചിരുന്ന ക്ലാസിലേക്കും. V B. അവളുടെ കണ്ണുകൾ നിറഞ്ഞു. കൈലേസു കൊണ്ട് അവൾ കണ്ണുനീർ തുടച്ചു.

വർഷം നാലു കഴിഞ്ഞു. നരേന്ദ്രൻ സർ മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറി. ഒരു ദിവസം സ്കൂൾ ഓഫീസിനു മുന്നിൽ വലിയ ബഹളം. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെ ടീച്ചർ ചെറുതായൊന്നു തല്ലി പോലും. കുട്ടിയുടെ അമ്മ, അച്ഛൻ , അപ്പൂപ്പൻ, നാട്ടുകാർ ഒക്കെ കൂടിയിട്ടുണ്ട്. 
കുട്ടിയുടെ അച്ഛൻ ടീച്ചറോട് ദേഷ്യപ്പെട്ടു. വളരെ മോശമായി സംസാരിച്ചു. 'നിനക്കെതിരെ കേസ് കൊടുക്കുമെടി , ... ചിലരിൽ നിന്ന് മദ്യത്തിന്റെ ഗന്ധം ഓഫീസ് മുറിയിൽ നിറഞ്ഞു. 
" കുട്ടിയുടെ അച്ഛനും ഈ സ്കൂളിലാപഠിച്ചത്. അന്ന് അവൻ നല്ല ചെറുക്കനായിരുന്നു. " പണ്ട് അവനെ പഠിപ്പിച്ചിട്ടുള്ള അധ്യാപകരും സ്കൂളിലുണ്ട്. 
പാവം ടീച്ചർ ഒരുപാടു വേദനിച്ചു , കരഞ്ഞു. ടീച്ചറുടെ ഭാഗം മനസിലാക്കാൻ ആരും ശ്രമിച്ചില്ല . ടീച്ചർ ഒരാഴ്ചത്തെ അവധിയെടുത്തു. 
പഠിക്കാത്തതിനു കുട്ടികളെ ശിക്ഷിച്ചാൽ കുട്ടികളുടെ രക്ഷിതാക്കൾ അധ്യാപകരോട് മോശമായി പെരുമാറുന്ന കാലം. 'ഗുരു ' ദൈവം എന്ന സങ്കല്പം പഴയതായി. 
സ്കൂൾ അസംബ്ളിയിൽ കുട്ടികൾ ചൊല്ലുന്ന പ്രതിജ്ഞയുടെ ഒരു ഭാഗം . 'ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കൻമാരേയും മുതിർന്നവരേയും ബഹുമാനിക്കും' .
............................
വർഷം അഞ്ചു കഴിഞ്ഞു. ഒരു ദിവസം വീടിന്റെ ഉമ്മറത്തിരുന്ന് നരേന്ദ്രൻ സർ പത്രം വായിക്കുന്നു. ഒരു പെൺകുട്ടിയും വൃദ്ധനും സാറിന്റെ വീട്ടിലേക്ക് കയറി വന്നു. അവളുടെ കൈയിൽ ഒരു പേപ്പർ സഞ്ചിയുണ്ട്. 
"സാറിന് എന്നെ മനസിലായോ ." ? അവൾ ചോദിച്ചു.
പെട്ടെന്ന് സാറിന് അവളെ ഓർമ്മ വന്നു. "ലക്ഷ്മി , ഇരിക്കു" 
അവർ കുറച്ചു സമയം അവിടെ ഇരുന്നു . അവൾ എഴുന്നേറ്റ് നിന്ന് കൈയിലിരുന്ന സഞ്ചി സറിനു കൊടുത്തു. "സാറിനുള്ള സമ്മാനമാ , സാർ ഞൻ പത്താം ക്ലാസ് പരീക്ഷ വിജയിച്ചു. എനിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ട് സാർ.
നരേന്ദ്രൻ സർ വളരെയധികം സന്തോഷിച്ച നിമിഷങ്ങൾ. 
പിറ്റേ ദിവസം അദ്ദേഹം ഒരു ചടങ്ങിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നു. ലക്ഷ്മി സമ്മാനിച്ച മുണ്ടും ഷർട്ടും ധരിച്ച് അദ്ദേഹം പുറത്തേക്കിറങ്ങി. കണ്ണട ഷർട്ടിന്റെ പോക്കറ്റിൽ വക്കവേ, പോക്കറ്റിനുള്ളിൽ നാലായി മടക്കി വച്ചിരുന്ന ഒരു വെള്ള പേപ്പർ അദ്ദേഹം ശ്രദ്ധിച്ചു. പേപ്പർ നിവർത്തി വായിച്ചു. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു . 
"സ്നേഹനിധിയായ എന്റെ ഗുരുനാഥന് , എന്റെ വിജയത്തിന് പ്രേരകശക്തിയായത് എന്റെ അഞ്ചാം ക്ലാസിലെ ക്ലാസ് ടീച്ചറാണ്. സാറിനെ ഞാൻ ഒരുപാടു പേടിച്ചിരുന്നു. വെറുത്തിരുന്നു. പ് രാകുമായിരുന്നു. ചത്തുപോണെ എന്നു പ്രാർത്ഥിച്ചിരുന്നു. എനിക്ക് സ്കൂളിൽ വരാൻ ഇഷ്ടമല്ലായിരുന്നു. സർ എന്നോട് ക്ഷമിക്കുമെന്ന് എനിക്കറിയാം. അടിയാത് പിള്ള പഠിയാത് എന്ന് സാർ ഇടക്കിടെ പറയാറുള്ളത് ഞാനിപ്പോഴും ഓർക്കുന്നു. എന്റെ ക്ലാസ് അദ്ധ്യാപകനായി സാർ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോഴും ആ പഴയ ലക്ഷ്മി തന്നെയാകുമായിരുന്നു. പുസ്തകമെടുക്കാത്ത എഴുതാനും വായിക്കാനുമറിയാത്ത ആ പഴയ ലക്ഷ്മി. "
അവളുടെ പേര് ശ്രീലക്ഷ്മി എന്നാകണമായിരുന്നല്ലോ, എന്ന് സാറിന്റെ മനസിൽ തോന്നി.
ഒരധ്യാപകനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം , ലക്ഷ്മിയുടെ വാക്കുകൾ. ആത്മസംതൃപ്തി തോന്നി , സറിന്. 
'ശിഷ്യർക്ക് ഗുരുനാഥർ കൊടുക്കുന്ന സമ്മാനങ്ങളേക്കാൾ എത്രയോ വലുതാണ് ഗുരുനാഥൻമാർക്ക് ശിഷ്യർ കൊടുക്കുന്ന സമ്മാനങ്ങൾ '.
...............................



No comments: