K V Rajasekharan :: കാവിയിട്ടവരുടെ കഴുത്തറക്കുന്ന ഹിന്ദുവിരുദ്ധ രാഷ്ട്രീയം

Views:

കാവിയിട്ടവരുടെ കഴുത്തറക്കുന്ന ഹിന്ദുവിരുദ്ധ രാഷ്ട്രീയം
കെ വി രാജശേഖരൻ


1940 കളിൽ ഡോ ഭീംറാവ് അംബേദ്കർ എഴുതി:
'നിങ്ങൾക്കതിനെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ  സ്വരാജ് കിട്ടിയിട്ട് ഒരു കാര്യവുമില്ല. സ്വരാജ് സംരക്ഷണത്തിലെ കൂടുതൽ പ്രധാന്യമുള്ള വിഷയം സ്വരാജിനു കീഴിൽ ഹിന്ദുവിനെ സംരക്ഷിക്കുന്നതാണ്…….'.  
അങ്ങനെ വ്യക്തമായ ആശയം സ്പഷ്ടമാക്കിയ അംബദ്കറുടെ നാട്ടിൽ, അംബദ്കർ എതിർത്തവരും അംബദ്കറെ വെറുത്തവരും അധികാരം കയ്യാളുന്ന സ്വാധീനശക്തികളായി വളർന്നപ്പോൾ ഭയപ്പെട്ടതു തന്നെ സംഭവിച്ചു.  ഹൈന്ദവ സംസ്കൃതിയുടെ അഭിമാനപാരമ്പര്യമായ കാവിയുടുത്ത സന്യാസിമാരെ കമ്യൂണിസ്റ്റ് അരാജകവാദികളുടെയും കൃസ്ത്യൻ മതപരിവർത്തന മിഷനറിമാരുടെയും പിണിയാളുകൾക്ക് പെരുവഴിയിലിട്ട് തല്ലിക്കൊല്ലാമെന്ന അവസ്ഥയായി. എഴുപതു വയസ്സു കഴിഞ്ഞ വന്ദ്യ വയോധികനായ സന്യാസിശ്രേഷ്ടനും (സ്വാമി സുശീൽഗിരി മഹാരാജ്) കൂടെയുണ്ടായിരുന്ന മറ്റൊരു സന്യാസിയും  (സ്വാമി കല്പവൃക്ഷഗിരി മഹാരാജ്) അവരുടെ ഡ്രൈവറും (നിലേഷ് തേൽഡനേ) ജീവനുവേണ്ടി സഹായം യാചിച്ചപ്പോൾ അവരെ ആക്രമികൾക്ക് വിട്ടു കൊടുക്കുകയാണ് അവിടെയുണ്ടായിരുന്ന പോലീസുകാർ ചെയ്തത്. ആ ഹതഭാഗ്യരുടെ മൃതദേഹം പന്ത്രണ്ടോളം മണിക്കൂറുകൾ പെരുവഴിയിലിട്ട് അവഹേളിക്കുകയാണ് സോണിയയും ശരദ് പവാറും ഉദ്ധവ് താക്കറേയും നിയന്ത്രിക്കുന്ന ഭരണകൂടം ചെയ്തത്.

അതിനുശേഷവും അവഗണനയും അവഹേളനവും ഇടതു ലിബറലുകളുടെയും ഇസ്ളാമിക തീവ്രവാദികളുടെയും മതപരിവർത്തനലോബികളുടെയും കൂട്ടായ്മ ക്രൂരമായി തുടരുകയാണ് ചെയ്തത്. അവരോടൊപ്പം നിൽക്കുന്ന മാധ്യമ മേഖലയിലെ സ്ഥാപിത താത്പര്യക്കാർ വാർത്ത തമസ്കരിക്കുകയോ വളച്ചൊടിക്കൂകയോ ചെയ്തു.

'വയർ' (അതോ ലയറോ!) എന്ന മാധ്യമം വാർത്ത കൊടുത്തത് 'മൂന്നു പേരെ, രണ്ട് നാടോടി ഗിരിജനങ്ങളെയും, മറ്റൊരാളെയും ആൾക്കൂട്ടം കൊന്നു' എന്ന തലവാചകത്തോടെയാണ്. സിദ്ധാർത്ഥ് വരദരാജനെന്ന അമേരിക്കൻ പൗരന്റെ ചുമതലയിലുള്ള ആ പ്രസിദ്ധീകരണത്തിന് കൊല്ലപ്പെട്ടവർ ഹിന്ദു സന്യാസിമാരാണെന്നുള്ള സത്യം മൂടിവെക്കുന്നതിനെന്തായിരുന്നു താത്പര്യമെന്ന് അവരുടെയൊക്കെ ഹിന്ദുവിരുദ്ധ നിലപാടുകൾ തിരിച്ചറിഞ്ഞിട്ടുള്ള പൊതുജനങ്ങളോട് ആരും വിശദീകരിക്കേണ്ട കാര്യമില്ല.

കേരളത്തിലാണെങ്കിൽ 'ജനം', 'ജന്മഭുമി' എന്നിവയൊഴിച്ചുള്ള മാധ്യമങ്ങൾ  കൊല്ലപ്പെട്ടത് ഹിന്ദു സന്യാസിമാരെണെന്നുള്ളതുകൊണ്ട് വാർത്ത തന്നെ തമസ്കരിച്ചാണ് അവരുടെ അന്നദാതാക്കളോട് വിധേയത്വം കാട്ടിയത്.  വാർത്ത പൊതുസമൂഹത്തിലെത്തിയതുകൊണ്ട് ഇനി വളച്ചൊടിക്കലുമായി എത്തുമെന്ന് പ്രതീക്ഷിക്കാം. 'ജയ് ശ്രീറാം' എന്ന് വിളിച്ചാൽ പ്രകോപനകരമായ യുദ്ധകാഹളമാണെന്നു പറഞ്ഞ അടൂർ ഗോപാലകൃഷ്ണനെ പോലെയുള്ള 'സാംസ്കാരിക നായകന്മാർക്ക്' ഈ കൃത്യം ചെയ്തവർ വിളിക്കുന്ന 'ഈങ്ക്വിലാബ് സിന്ദാബാദ്', പ്രെയ്സ് ദി ലോഡ്, എന്നിവയെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന കാര്യത്തിൽ  വ്യക്തത വന്നിട്ടില്ലെന്നു കരുതണമോ? ശബരിമല തന്ത്രിയെ ഉൾപ്പടെ അധിക്ഷേപിക്കുവാൻ സ്ഥാനത്തും അസ്ഥാനത്തും നാവുവളയ്ക്കുന്ന സന്ദീപാനന്ദ ഗിരിക്കും കാവിയുടുത്ത സന്യാസിമാരെ തല്ലിക്കൊന്നതിനെ അധിക്ഷേപിക്കാൻ ഭയമാണോ?

മഹാരാഷ്ട്രയിൽ നാസിക്കിലെ ത്രയംബകേശ്വറിലുള്ള ശ്രീ പാഞ്ച് ദക്ഷിണ ജുനാഅഖാഡയിലെ സന്യാസിവര്യന്മാർ ഗുജറാത്തിലെ സൂറത്തിൽ സമാധിയായ ഒരു സന്യാസിവര്യന് പ്രണാമം അർപ്പിക്കാനാണ് നാസിക്കിൽ നിന്നും പുറപ്പെട്ടത്.   എന്നാൽ മഹാരാഷ്ട്ര - ഗുജറാത്ത് അതിർത്തി അടച്ചിരുന്നതിനാൽ അതിർത്തി ഗ്രാമമായ കാസയിൽ ഉള്ള നാട്ടുപാതയിൽ കൂടി യാത്ര തുടരേണ്ടി വന്നു. ആ യാത്രയ്ക്കിടയിൽ കുറെ ഗ്രാമവാസികൾ വന്ന് വാഹനം തടയുകയും കള്ളൻമാരെന്ന് ആരോപിച്ച് ഇവരെ മർദ്ദിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്തു. ഇവർ തങ്ങളുടെ നിരപരാധിത്വം വിശദീകരിച്ചതോടെ ഗ്രാമവാസികൾ മർദ്ദനം നിർത്തുകയും ഇവർ സമീപത്തുള്ള ഫോറസ്റ്റ് ഓഫീസിൽ പോയി അഭയം തേടുകയും ചെയ്തു.  തുടർന്നെത്തിയ പോലീസിനും ഇവർ കള്ളൻമാർ അല്ലെന്നും സന്യാസിമാർ ആണെന്നും ബോധ്യപ്പെട്ടു.

ഇതിനിടയിൽ സംഭവഗതികൾ ചിലർ ചേർന്ന് വഴി തിരിച്ച് വിടുകയും ഗ്രാമവാസികളെ അനാവശ്യമായി പ്രകോപിതരാക്കുകയും വടിയും കല്ലും മറ്റ് മാരകായുധങ്ങളും കൊണ്ട്  മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തന്നെ സന്യാസിമാരെയും ഡ്രൈവറെയും നിഷ്ഠൂരമായി തല്ലിക്കൊല്ലിക്കുകയായിരുന്നു.
ഗ്രാമവാസികളെ ആക്രമണത്തിന് പ്രേരിപ്പിച്ചതും സന്യാസിമാരെയും ഡ്രൈവറെയും മർദ്ദിച്ച് കൊല്ലാൻ മുമ്പിൽ നിന്നതും ഈ ഗ്രാമപഞ്ചായത്തിലെ സി പി എം അംഗങ്ങളായ വിഷ്ണു പത്താറ, സുഭാഷ് ഭാവാർ, ധർമ്മ ഭാവാർ പാൽഘർ ജില്ലാ പഞ്ചായത്തിലെ എൻ സി പി അംഗമായ കാശിനാഥ് ചൗധരി എന്നിവർ ചേർന്നാണന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നാണ് പ്രാദേശിക വൃത്തങ്ങൾ  സൂചിപ്പിക്കുന്നത്.. 
സന്യാസിമാരെ കള്ളൻമാർ എന്നാരോപിച്ച് ജനക്കൂട്ടം തടഞ്ഞ് വയ്ക്കുന്നതു മുതൽ ഒടുവിൽ അവർ മർദ്ദനമേറ്റ് മരിക്കുന്നതു വരെ ഏതാണ്ട് മൂന്നു മണിക്കൂറോളം സമയം എടുത്തു.
മുപ്പതോളം പോലീസ് ഉദ്യോസ്ഥർ സ്ഥലത്തുണ്ടായിട്ടും ജനപ്രതിനിധികൾ കൊലപാതകത്തിന് മുമ്പിൽ നിന്നിട്ടും സംഭവങ്ങൾ മൂന്നു മണിക്കൂറോളം നീണ്ടു നിന്നിട്ടും ഈ അരുംകൊല എന്ത് കൊണ്ട് തടയപ്പെട്ടില്ലാ എന്ന ചോദ്യമാണ് ഭാരതം ചോദിക്കുന്നത്.
പാൽഘർ ജില്ലയിലെ തലാസരി പട്ടണത്തിനടുത്താണ് കാസാ ഗ്രാമം. ദാനു നിയമസഭാ നിയോജകമണ്ഡലത്തിലാണ് ഈ ഗ്രാമം .സി പി എം ന്റെ ശക്തികേന്ദ്രം ആണ് ഈ സ്ഥലം. സി പി എം അക്രമണങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ സ്ഥലമാണ് മഹാരാഷ്ട്രയിലെ തലശ്ശേരി എന്നറിയപ്പെടുന്ന തലാ സരി . ഗ്രാമവാസികളിൽ ഏറിയപങ്കും ആദിവാസികളാണ്.  അവരുടെ ജീവിത ശൈലി തന്നെ മദ്യത്തിനും മറ്റ് ലഹരി വസ്തുക്കൾക്കും അടിമപ്പെട്ടതാണ്, നിഷ്ഠൂരരായ മാവോയിസ്റ്റുകളുടേതിന് സമാനമാണ്. അവരുടെ പ്രവർത്തികൾക്ക് കാലങ്ങളായി സഹായങ്ങളും നേതൃത്വവും നല്കി വരുന്നത് സി പി എം ആണ്. മതപരിവർത്തന ലോബികളും ഇവിടെ നിർണ്ണായക സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.

ഇവിടെ സി പി എം അക്രമങ്ങൾക്ക് തടയിടാനും ഗ്രാമവാസികളെ നന്മയുടെ മാർഗ്ഗത്തിലേക്ക് നയിക്കുവാനും ആദ്യമായി മുന്നോട്ട് വന്നത് ബി ജെ പി യുടെ മുൻ എം.പി സ്വർഗ്ഗീയ ചിന്താമൺ വംഗെയാണ്.  ഇതെ തുടർന്ന് ഇദ്ദേഹത്തിന്റെ ഭവനം മൂന്നുതവണ സിപിഎം കാർ അഗ്നിക്കിരയാക്കി. ഒരിക്കൽ പോലീസ് വെടിവെയ്പ്പ് നടത്തിയാണ് അദ്ദേഹത്തെയും കുടുംബത്തെയും രക്ഷിച്ചത്. എങ്കിലും അദ്ദേഹം തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. ഇതിന്റെ ഫലമായി സി പി എം ന്റെ സ്ഥിരം മണ്ഡലമായ ദാനു മണ്ഡലത്തിൽ 2014 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ സ്ഥാനാർത്ഥി പാസ്കൽ ദനാരെ വിജയിച്ചു. അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി സി പി എം ന്റെയും പ്രാദേശിക സമ്മർദ്ദ ഗ്രൂപ്പൂകളുടെയും ഗുണ്ടായിസം ഇവിടെ ഒരു പരിധി വരെ കുറയ്ക്കുവാൻ സാധിച്ചു.

എന്നാൽ  2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, എൻ സി പി, തുടങ്ങിയ കക്ഷികൾ സ്ഥാനാർത്ഥികളെ നിർത്താതെ സി പി എം ന് പിന്തുണ നൽകി.  പരസ്യമായി ബിജെപിക്കൊപ്പ മായിരുന്നെങ്കിലും രഹസ്യമായി ശിവസേനയും സഹായിച്ചതോടെ സി പി എം സ്ഥാനാർത്ഥി നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഫലപ്രഖ്യാപനം സി പി എം ആഘോഷിച്ചത് ഈ മണ്ഡലത്തിലെ ബിജെപി പ്രവർത്തകരുടെ മുന്നൂറോളം വീടുകൾ അഗ്നിക്കിരയാക്കിക്കൊണ്ടാണ്. അഞ്ച് വർഷം അടക്കിപ്പിടിച്ച ക്രൂരതയ്ക്ക് അങ്ങനെ അവർ  വീണ്ടും തുടക്കം കുറിച്ചു. 
അങ്ങനെ മതപരിവർത്തന ലോബികളും കമ്യൂണിസ്റ്റു പരിവാറും ചേർന്നുള്ള അവസരവാദപരമായ ഹിന്ദുവിരുദ്ധ കൂട്ടായ്മ അക്രമാത്മകമായ രീതിയിൽ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കിയ ഒരു പ്രദേശത്തുവെച്ച് നടത്തിയ ഈ ആൾകുട്ട കൊലപാതകങ്ങൾ നൽകുന്ന സൂചനകളെന്താണ്?

  • കാവി വിരുദ്ധ വർഗീയതയുടെ ദേശവിരുദ്ധ രാഷ്ട്രീയമാണ് മഹാരാഷ്ട്രയിലെ പാൽഘാറിലെ ചോരക്കളിയുടെ പിന്നിലെ ശക്തിയെന്നതു പകൽ പോലെ വ്യക്തമാണ്. 
  • സോണിയ ഭാരതീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തിയതോടെ ഇവിടെ ശക്തി പ്രാപിച്ച കൃസ്ത്യൻ മതപരിവർത്തന ലോബി, 
  • ബോംബെയിലെ അധോലോകം വഴി ഇസ്ളാമിക തീവ്രവാദികളുമായിട്ടുള്ള അവിഹിത ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാന് തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ എന്നും ഉതകുന്ന ശരദ് പവാറിന്റെ രാഷ്ട്രീയ ശക്തി, 
  • അധികാര കസേരയ്ക്കുവേണ്ടി ബാൽ താക്കറെയുടെ പാരമ്പര്യം ഉപേക്ഷിച്ച ഉദ്ദവ് താക്കറെയുടെ ശിവസേന,  
  • നാടൻ നക്സലുകളും കാടൻ നക്സലുകളും മാക്സിസ്റ്റു കമ്യൂണിസ്റ്റുകളും എല്ലാം അടങ്ങുന്ന ചൈനയുടെ താത്പര്യം സംരക്ഷിക്കുന്ന കമ്യൂണിസ്റ്റു പരിവാർ. 

ഇവരെല്ലാവരും പ്രത്യക്ഷമായും പരോക്ഷമായും യോജിച്ച് അതിർത്തിക്കപ്പുറമുള്ള ചൈനാ-പാക്ക് അച്ചുതണ്ടിനു വേണ്ടിയും മതപരിവർത്തന ലോബിക്കുവേണ്ടിയും ഭാരതത്തിനുള്ളിൽ അധികാരക്കസേര ഉറപ്പിക്കുവാൻ വേണ്ടിയും നടത്തുന്ന കുത്സിത ശ്രമങ്ങളോടൊപ്പം വേണം പാൽഘാർ കൊലപാതകങ്ങളെയും മനസ്സിലാക്കേണ്ടത്.  അവയിൽ ചിലത് മുൻകൂട്ടി തയാറാക്കിയുള്ളതാകാം. യാദൃശ്ചികമായി ഇതിലേതെങ്കിലും ഒരു കൂട്ടർ കാട്ടിക്കൂട്ടുന്ന ഒറ്റപ്പെട്ട സംഭവവും ആകാം. പക്ഷേ സംഭവശേഷം അവരും അവരോടൊപ്പമുള്ള കുബുദ്ധിജീവികളുടെയും മാധ്യമപക്ഷവും ഒന്നായി പ്രതിരോധത്തിനിറങ്ങുമ്പോൾ പൊതുസമൂഹത്തിന് ഈ ശക്തികളുടെ ദുഷ്പ്രവർത്തികളുടെ ചിത്രവും ലക്ഷ്യവും വ്യക്തമാകും.

കാഞ്ചികാമകോടി പീഠാധിപതി ജയേന്ദ്ര സരസ്വതി സ്വാമികളെ അറസ്റ്റ് ചെയ്ത് അവഹേളിച്ചതും ഒറീസ്സയിൽ സ്വാമി ലക്ഷമണാനന്ദയെ കമ്യൂണിസ്റ്റു തീവ്രവാദികളും  ക്രിസ്ത്യൻ മിഷനറിമാരുടെ ആളുകളും ചേർന്ന് കൊന്നൊടുക്കിയതും കാവിഭീകരവാദം എന്നൊരു കള്ളക്കഥയുണ്ടാക്കി കാവിയോടൊപ്പം നിൽക്കുന്നവരുടെ നേരെ അതിക്രൂര കടന്നാക്രമണം നടത്തിയതുമൊക്കെ ഈ ഹിന്ദു വിരുദ്ധ വർഗീയതയുടെ കൂട്ടായ്മ ഭാരത ചരിത്രത്തിൽ സോണിയയുടെ വരവിനു ശേഷം എഴുതി ചേർത്ത കറുത്ത അദ്ധ്യായങ്ങളാണ്.

കേരളത്തിനും സ്വന്തമായ അനുഭവമുണ്ട്.
മാറാട് എട്ട് പാവപ്പെട്ട ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തിലെ പ്രതികൾ ഏതൊക്കെ രാഷ്ട്രീയ പാർട്ടി പ്രവർത്തകരായിരുന്നു? മാക്സിസ്റ്റു കമ്യൂണിസ്റ്റു പാർട്ടി സഖാക്കൾ! കോൺഗ്രസ്സ് മുന്നണിയിലെ മുസ്ലീം ലീഗ് പ്രവർത്തകർ!  മുസ്ലീം തീവ്രവാദ രാഷ്ട്രീയ പ്രവർത്തകർ! പ്രതികൾക്കു വേണ്ടി കേസ്സ് വാദിച്ചത് മാക്സിസ്റ്റു കമ്യൂണിസ്റ്റു പാർട്ടിയുടെ ശക്തനായ നേതാവായിരുന്ന അഡ്വക്കേറ്റ് പി ജനാർദ്ദന കുറുപ്പും!
കഴിഞ്ഞൊരു നൂറ്റാണ്ടിന്റ ഭാരത ചരിത്രം പഠിച്ചാൽ പാവപ്പെട്ട അത്താഴ പട്ടിണിക്കാരെ മുതൽ സമൂഹത്തിലെ എല്ലാ ശ്രേണികളിലും പെട്ട ഹിന്ദുക്കളെ മുസ്ലീം വർഗീയവാദികൾ കൊന്നൊടുക്കുമ്പോഴും കോൺഗ്രസ്സ് അവരോടൊപ്പമായിരുന്നു.  മലബാർ ലഹളയും ഭാരതവിഭജനവും അടക്കം എത്രയെത്ര ചരിത്ര സംഭവങ്ങൾ!

നിഷ്കരുണം കൊന്നു തള്ളുന്നവർക്കെതിരെ പ്രതികരിക്കാതെയൂം പ്രതിരോധിക്കാൻ തയാറാകുന്നവരെ കടന്നാക്രമിച്ചും കോൺഗ്രസ്സ് മുസ്ലീം വർഗീയതയുടെ പക്ഷത്തു നിന്നു.  1925 ൽ സ്വാമിശ്രദ്ധാനന്ദയെ വധിച്ചതും ആ കൊലയാളി, റഷീദ്, സ്വന്തം സഹോദരനാണെന്ന് തുടർന്ന് ഗോഹട്ടിയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ ഗാന്ധിജി പറഞ്ഞതും ഭാരതം മറക്കില്ല.

കേരളവും ഭാരതവും ഇതൊന്നും മറക്കില്ലായെന്നൊരോർമ്മ  വീണ്ടും വീണ്ടും കാവിക്കുമേൽ, ഹിന്ദുവിനു മേൽ പ്രഹരത്തിനു തയാറാകുന്ന സഖാക്കൾക്കും ജിഹാദികൾക്കും  മിഷനറിമാർക്കും ഉണ്ടാകുന്നത് നന്നായിരിക്കും.

(ലേഖകൻ ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. ഫോൺ: 9497450866)No comments: