K V Rajasekharan :: കൊറോണയെയും രാഹുലിനെയും ഭാരതം അതിജീവിക്കും

Views:

കൊറോണയെയും രാഹുലിനെയും ഭാരതം അതിജീവിക്കും
--- കെ വി രാജശേഖരൻ

കൊറോണയെ പ്രതിരോധിക്കുവാൻ ഭാരത സർക്കാർ നടത്തുന്ന ഓരോ  ഇടപെടലുകളും പൊതുസമൂഹത്തിന്‍റെയും ലോകത്തിന്‍റെയും അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണ്.  പോകാനേറെ ദൂരം ഇനിയും ഉണ്ടെന്ന ബോദ്ധ്യമുള്ളപ്പോൾ തന്നെ വേണ്ടത് വേണ്ടപ്പോൾ വേണ്ടതുപോലെ ചെയ്യുന്നുണ്ടെന്ന സമാധാനവും രാജ്യത്തിനുണ്ട്.  സംസ്ഥാന സർക്കാരുകളും പഞ്ചായത്തു രാജ് സംവിധാനങ്ങളും എല്ലാം മാനവരാശിയുടെ നിലനിൽപ്പിനുവേണ്ടിയുള്ളതാണീ പോരാട്ടം എന്നു തിരിച്ചറിയുന്നുണ്ട്.  ഡോക്ടർമാരും നേഴ്സൂമാരും അടക്കം ആരോഗ്യപരിപാലന രംഗത്തുള്ളവരും ജീവന്മരണ പോരാട്ടത്തിലുമാണ്. പക്ഷേ സോണിയയും രാഹുലും അവരോടൊപ്പം നിൽക്കുന്ന ചില രാഷ്ട്രീയ ഭിക്ഷാംദേഹികളും  ഈ സമയത്തും രാജ്യം മുന്നോട്ടുവെക്കുന്ന ഓരോചുവടും തടസ്സപ്പെടുത്തുവാൻ ആവേശപൂർവ്വം കളത്തിലിറങ്ങുന്ന കാഴ്ച അരോചകമാണ് അസ്സഹനീയമാണ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്തരം ചോരക്കൊതിയുള്ള പ്രതിപക്ഷത്തെ, ഇന്ന്, നേരിടേണ്ടിവരുന്നില്ല. 

കൊറോണാനന്തര ലോകത്തിൽ തങ്ങളുടെ  സാമ്രാജ്യത്വ വ്യാപന മോഹങ്ങൾക്ക് വഴിയൊരുക്കുന്ന കുതന്ത്രങ്ങൾ പയറ്റി നോക്കുവാൻ കമ്യൂണിസ്റ്റു ചൈനയുടെ ഭരണകൂടം പണിതുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ രാഹുൽ കുടുംബത്തിന്‍റെ സംശയാസ്പദമായ നീക്കങ്ങളെ തിരിച്ചറിയുന്നതിൽ വീഴ്ച വന്നാൽ ഭാരതീയ ജനാധിപത്യം വലിയ വില കൊടുക്കേണ്ടിവരും.
 • നരേന്ദ്രമോദിയെ ഒഴിവാക്കി അധികാരം പിടിക്കുവാൻ സഹായം തേടി പാക്കിസ്ഥാനിലേക്ക് മണിശങ്കർ അയ്യരെ പറഞ്ഞു വിട്ട കൂട്ടരാണിവരെന്നത് ഇത്തരത്തിൽ ഓർത്തെടുക്കണം
 • നിർണ്ണായക സന്ദർഭത്തിൽ ദുരൂഹ സാഹചര്യത്തിൽ രാഹുലും കൂട്ടരും ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതും അതിന് മൻമോഹൻ സിംഗിന്‍റെ ഭരണകാലത്തെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ സാന്നിദ്ധ്യം ഉറപ്പാക്കിയതുമൊക്കെ വളരെ ഗൗരവമുള്ള ഓർമ്മപ്പെടുത്തലുകളാണിപ്പോൾ നടത്തുന്നത്.
ശ്രദ്ധാപൂർവ്വം ആനുകാലിക സംഭവങ്ങളെ വിലയിരുത്തിയാൽ  കൊറോണയുടെ വ്യാപന സാദ്ധ്യതയും ഭാരതത്തിന്‍റെ സാമ്പത്തിക മേഖലയ്ക്ക് അതുയർത്തുന്ന ഭീഷണിയും ഫെബ്രുവരിയിൽ ഒരു ട്വിറ്റർ സന്ദേശത്തിൽ രാഹുൽ സൂചിപ്പിച്ചുയെന്നൊക്ക എടുത്തു കാണിച്ചുകൊണ്ടുള്ള വീമ്പ് പറച്ചിലുകൾ ചില മറുചോദ്യങ്ങൾക്ക് സ്വാഭാവികമായും ഇടവരുത്തും.
ഇന്നുവരെ ഏതെങ്കിലും കാര്യത്തിൽ പക്വതയും തിരിച്ചറിവും പ്രകടമാക്കുന്ന ഏതെങ്കിലും പരാമർശം രാഹുൽ നടത്തിയതായി പൊതുസമൂഹത്തിന് ഓർത്തെടുക്കാനാകാത്തതുകൊണ്ട് അദ്ദേഹത്തിന് അങ്ങനെയൊരു സൂചന എവിടെ നിന്നു  ലഭിച്ചുയെന്ന് വ്യക്തമാക്കണം.
 1. ഒരു ട്വിറ്ററിനപ്പുറം ഭാരത ഭരണകൂടത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും ശ്രദ്ധയിലിതുകൊണ്ടു വരുവാൻ അദ്ദേഹം എന്തു ചെയ്തുയെന്ന് വ്യക്തമാക്കണം. 
 2. പൊതു ആരോഗ്യ മേഖല സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വങ്ങളിൽ പെടുന്ന സാഹചര്യത്തിൽ കോൺഗ്രസ്സും കൂട്ടു കക്ഷികളും ഭരണത്തിലുള്ള മദ്ധ്യപ്രദേശ് (അന്ന്), രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ബംഗാൾ, തുടങ്ങിയ സംസ്ഥാനങ്ങൾക്കെങ്കിലും വിശേഷാൽ സൂചനകൾ നൽകിയോയെന്നും അവരും രാഹുലിനെ അവഗണിച്ചോയെന്നും സ്പഷ്ടമാക്കണം.  
 3. സ്വന്തം കുടുംബത്തെയും കോൺഗ്രസ്സ് കുടുംബത്തെയും വേണ്ട സൂചന നൽകി സുരക്ഷിതമാക്കിയോ എന്നും ചോദ്യം ഉയരുന്നു. 
 4. ഊഹക്കച്ചവടത്തിലും മറ്റും സോണിയാ ഭരണകാലത്ത് കോടികൾ നേടിയ പ്രിയങ്കാ-റോബർട്ട് കുടുംബത്തെ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചു മനസ്സിലാക്കിയിരുന്നോ? 
 5. സ്വകാര്യതയിൽ പോലും സുതാര്യത ആവശ്യപ്പെടുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കൊറോണയുടെ ഭീകരത തിരിച്ചറിഞ്ഞ ശേഷം രാഹുലിന്‍റെ സഞ്ചാരപഥങ്ങൾ സ്വയം വ്യക്തമാക്കി താൻ സ്വയം സ്വീകരിച്ച നിയന്ത്രണങ്ങുളും പൊതുസമൂഹത്തിനു നൽകണം.   'അടിയനിതു പണ്ടേ കണ്ടൂ' എന്നു പറയുന്നതിന്‍റെ ആധികാരികത വ്യക്തമാകുവാൻ അത്രയും വിശദീകരണങ്ങൾ അനിവാര്യമാണ്.


അത്തരം കാര്യങ്ങളിൽ തൃപ്തികരമായ വിശദീകരണങ്ങളുമായി മുന്നോട്ടു വരാൻ രാഹുലിനു കഴിയുന്നില്ലെങ്കിൽ ഇക്കാര്യത്തിൽ ഏതോ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ള സൗഹൃദ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച സൂചനകളും നിർദ്ദേശങ്ങളും അനുസരിച്ചുകൊണ്ട് മോദിസർക്കാരിനെ കുരുക്കിലാക്കാനുള്ള തിരക്കിലായിരുന്നൂ കോൺഗ്രസ്സിന്‍റെ രാജകുമാരനെന്ന് കരുതേണ്ടിവരും. 
 • ഷാഹിൻ ബാഗിലുൾപ്പടെ നടന്ന അട്ടിമറിസമരങ്ങൾ! 
 • ദില്ലിയിൽ ഹിന്ദുവിനെതിരെ ആക്രമണം അഴിച്ചുവിട്ട് നടത്തിത വർഗീയദ്രുവീകരണശ്രമം! 
 • സുഹൃത്ത് ഇമ്രാൻ ഖാൻ അതിർത്തിയിൽ നടത്തുന്ന അരുതാത്ത പണികൾ! 
 • അണിയറയിൽ തഖ്ലീബീ ജമാഅത്ത് നിസ്സാമുദീനിലും മറ്റും അണിയറയിലൊരുക്കിക്കൊണ്ടിരുന്ന പടയൊരുക്കം! 
 • ഇതൊക്കെ കത്തിനില്ക്കുമ്പോൾ കൊറോണയും കൂടി എത്തുക!   
എല്ലാം കൂടെ കൂട്ടി വായിക്കുമ്പോൾ രാഹുലും കൂട്ടരും നരേന്ദ്രമോദിക്കെതിരെ പടയൊരുക്കത്തിനു കളമൊരുക്കുകയായിരുന്നോയെന്ന് സംശയം തോന്നിയാൽ കുറ്റം പറയാനാകുമോ?

പക്ഷേ ലങ്ക ലക്ഷ്യമാക്കി സമുദ്രതരണം ചെയ്യുന്നതിനിടെ മാരുതിയുടെ വഴിമുടക്കുവാൻ ശ്രമിച്ച സുരസയുടെ അനുഭവമാണ് പിന്നീടു കണ്ടത്.  മാരുതിയെ വിഴുങ്ങുവാൻ വായുടെ വലിപ്പം വർദ്ധിപ്പിക്കുന്നതിനനുസരിച്ച് മാരുതിയുടെ ആകാരവൈപുല്യം ഏറിക്കൊണ്ടിരിക്കയും സുരസ പരാജയപ്പെടുകയും ചെയ്തു.  അതുപോലെ കാലവും രാഷ്ട്രീയ ശക്തികളും ഉയർത്തിയ വെല്ലുവിളികൾക്കപ്പുറം ജനങ്ങളുടെ പിന്തുണയോടെ പ്രധാനമന്ത്രി മുന്നിൽ നിന്ന് വെല്ലുവിളികളെ വെല്ലുവിളിച്ചതോടെ രാഹുലിന് പുതിയ പോംവഴികൾ കണ്ടെത്തേണ്ടിയും വന്നു.  അതുകൊണ്ടു തന്നെയാണ് പ്രധാനമന്തി ക്ഷണിച്ചു ചേർത്ത സാർക്ക് കൂട്ടായ്മയിൽ അജണ്ടയായിരുന്ന കൊറോണാ വ്യാപനത്തെ മാറ്റിവെച്ച് കശ്മീർ വിഷയം ഉന്നയിപ്പിച്ച് പാക് പ്രധാനമന്ത്രി സ്വയം പരിഹാസ്യനായ സന്ദർഭത്തിൽ തന്നെ ഭാരതത്തിനുള്ളിൽ മോദി വിമർശനത്തിന്‍റെ സമാന്തര പോർമുഖം രാഹുൽ തുറന്നത്. 
 • രാജ്യത്തിന് വേണ്ടി, കോവിഡ് 19 നെ സ്വയം മറന്ന് നേരിടുന്ന ആരോഗ്യപരിപാലന രംഗത്തുള്ളവരെ രാജ്യം ഒന്നായി നിന്ന് അംഗീകരിക്കുവാനും ആദരിക്കുവാനും പ്രധാനമന്തി ആവശ്യപ്പെട്ടപ്പോൾ എതിരു നിന്നു. 
 • രാജ്യം ഒന്നിച്ചു നിന്ന് ദീപം തെളിയിച്ചു. രോഗപ്രതിരോധ പോർമുഖത്ത് ഉത്സാഹവും ആത്മ വിശ്വാസവും നിറയ്ക്കുവാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോളും ഒരൂ കാര്യവുമില്ലാതെ ദീപം തെളിയിക്കുന്നതിൽ ഹിന്ദുത്വം കൽപ്പിച്ച് വഴിമുടക്കുവാൻ ശശിതരൂരിനെ പോലെയുള്ള ഹിന്ദുവിരുദ്ധ വർഗീയവാദികളുടെ സഹയാത്രികരെയയും കളത്തിലിറക്കി.  
 • ലോക്ക് ഡൗണിനെതിരെയും തടസ്സവാദങ്ങളുമായെത്തി.
രോഗം പ്രതിരോധിക്കാൻ ഫലപ്രദമായ രീതിയിൽ സാമൂഹിക അകലം പാലിക്കൽ പൊതുജനം സ്വീകരിച്ച വഴിയായി മാറിക്കഴിഞ്ഞപ്പോൾ അതിലും അട്ടിമറി ചെയ്ത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ പരാജയപ്പെടുത്താൻ വഴിയൊരുക്കിയ മതമൗലികവാദികളുടെ വക്കാലത്തുമായി ചാനൽ ചർച്ചകളിൽ കോൺഗ്രസ്സ് വക്താക്കൾ നിറഞ്ഞു നിൽക്കുന്നതു കണ്ടു.  മതമൗലികവാദികളെ കുറ്റപ്പെടുത്തുവാനവർ തയാറില്ല. ഇന്‍റലിജൻസുകാരാണ് ഉത്തരവാദികളെന്നാണവരുടെ ന്യായം.
അതാണു ന്യായമെങ്കിൽ മഹാത്മജിയും ഇന്ദിരയും രാജീവുമൊക്കെ വധിക്കപ്പെട്ടപ്പോൾ കൃത്യം നിർവഹിച്ചവരെ ശിക്ഷിച്ചതു തെറ്റായിപ്പോയോ? അതത് കാലങ്ങളിൽ ഇന്‍റലിജൻസ് വീഴ്ച വരുത്തിയവരെ ആയിരുന്നുവോ ശിക്ഷിക്കേണ്ടത്?
കോൺഗ്രസ്സിന്‍റെയും കൂടെ നിൽക്കുന്നവരുടെയും ഏറ്റവും പരിഹാസ്യമായ പ്രതിഷേധം കണ്ടത് പാർലമെന്‍റംഗങ്ങളുടെ പ്രാദേശിക മേഖലാവികസന ഫണ്ട്  കൊറോണ ഉയർത്തിയ പ്രത്യേക സാഹചര്യത്തെ നേരിടുവാൻ ഉതകും വിധം രണ്ടു വർഷത്തേക്ക് കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇൻഡ്യയിൽ നിക്ഷേപിക്കണമെന്നു നിശ്ചയിച്ചതിനെതിരെയാണ്.  ജനങ്ങളുടെ നികുതിപ്പണത്തിലൊരു ഭാഗം എംപിമാരുടെ വിവേചനാധികാരം ഉപയോഗിച്ച് പ്രാദേശിക ആസ്തി നിർമ്മാണത്തിന് ഉപയോഗിക്കാൻ മാറ്റിവെച്ചതാണാ തുക.
ജനം അഭൂതപൂർവ്വമായ വെല്ലുവിളികൾ നേരിടുമ്പോൾ അത് കൂടുതൽ ആസൂത്രണത്തോടെ ദേശീയതലത്തിൽ ഫലപ്രദമായി ഉപയോഗിക്കണം. അങ്ങനയുള്ള ഉപയോഗം കൃത്യമായി അളവൊട്ടും കുറയാതെ ലക്ഷ്യങ്ങളിലെത്തുവാനുതകും വിധം രണ്ടു വർഷത്തേക്ക് ആ തുക കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് പോകുകയും അതിന്‍റെ വിനിയോഗം പാർലമെന്റിന്‍റെ അനുമതിക്കും മേൽനോട്ടത്തിനും വിധേയമാകുകയും ചെയ്യുന്നത് എല്ലാ അർത്ഥത്തിലും ശരിയായ ചുവടുവെപ്പുകൾ തന്നെയാണ്.  
അല്ലെങ്കിൽ തന്നെ എംപിമാരുടെ ഫണ്ടിന്‍റെ നാളിതുവരെയുള്ള വിനിയോഗം പല ദുരനുഭവങ്ങൾക്കും ഇടവരുത്തിയിട്ടുമുണ്ട്.
 1. പ്രധാനമന്ത്രിയായിരുന്നപ്പോൾ രാജീവ് ഗാന്ധി പറഞ്ഞതുപോലെ ഫണ്ടിൽ നിന്ന് ലക്ഷ്യത്തിലേക്കെത്തുമ്പോൾ ഓരോ രൂപയിലിൽ നിന്നും ഗണ്യമായ ചോർച്ചയുണ്ടാകുന്നു. പല സന്ദർഭങ്ങളിലും എം പിയും അദ്ദേഹത്തിനു വേണ്ടപ്പെട്ട കരാറുകാരും ചേർന്ന് അഴിമതിയുടെ ഒരു കൂട്ടു കച്ചവടം തന്നെ നടത്തുന്നതിനിടയാകുന്നു.  
 2. പദ്ധതികൾ തിരഞ്ഞെടുക്കുന്ന വേളയിൽ പലപ്പോഴും രാഷ്ട്രീയ-മത-ജാതി താത്പര്യങ്ങൾ സ്വാധീനം ചെലുത്തുന്നു. 
 3. വികേന്ദ്രീകൃത ജനാധിപത്യ മാതൃകയുടെ കടയ്ക്കു കത്തിവെക്കുന്നു. 
 4. ജനാധിപത്യ സമ്പ്രദായത്തിനുതന്നെ അപചയം വരുത്തുന്ന അസ്വീകാര്യമായ രീതിയാണിത്. 
കാരണം പൊതുതിരഞ്ഞെടുപ്പിൽ നിലവിലുള്ള എംപിക്ക് അദ്ദേഹത്തിനെതിരെ മത്സരിക്കുന്നവർക്കുപരി മുൻകൈ കിട്ടുന്നു. അതിനൊക്കെ അപ്പുറം വായനയും പുസ്തകവുമില്ലാത്ത വായനശാലയക്ക് മുകളിൽ, പാർട്ടിക്കൂട്ടുകാർ നിർദ്ദേശിക്കുന്ന തുക വകയിരുത്തുന്നതുപോലെയുള്ള ധനവിനിയോഗധൂർത്തുകൾ രണ്ടു വർഷത്തേക്ക് വേണ്ടെന്നു വെച്ചിട്ടാണെങ്കിലും കൊറോണയെ പ്രതിരോധിക്കുവാൻ ഭാരതത്തെ ശക്തിപ്പെടുത്തുവാൻ എംപിമാരുടെ പ്രാദേശിക ആസ്തി വികസന ഫണ്ടും പ്രയോജനപ്പെടട്ടെ.  അതിനെതിരെയും വിമർശനം ഉയർത്തുന്നവരെ ജനം നിശ്ശബ്ദരാക്കട്ടെ.


(ലേഖകൻ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്
9497450866)No comments: