K V Rajasekharan :: കോവിഡ്19: ചീനവലയിലെ കമ്യൂണിസ്റ്റു വൈറസ്സ്!

Views:

കെ വി രാജശേഖരന്‍
+91 9497450866

കോവിഡ് 19:  ചീനവലയിലെ കമ്യൂണിസ്റ്റു വൈറസ്സ്!
കെ വി രാജശേഖരൻ

കോവിഡ്  19, ജൈവായുധ സാങ്കേതിക വിദ്യയിൽ ലോകത്തിനു മുന്നിൽ നിൽക്കുന്ന കമ്യൂണിസ്റ്റു ചൈന അതിന്റെ വുഹാനിലുള്ള അത്യന്താധുനിക പരീക്ഷണശാലയിൽ വികസിപ്പി ത്തതാകാം. ആ വൈറസ്സ് യാദൃച്ഛികമായോ മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചോ മനുഷ്യനിലേക്കള്ള കടന്നാക്രമണം അവിടെ നിന്നു തന്നെ തുടങ്ങിയതുമാകാം.  സംശയത്തിന്റെ കുന്തമുന തങ്ങൾക്കു നേരെ തിരിഞ്ഞപ്പോൾ ആദ്യ കൊറോണാ രോഗിയെ ചികിത്സിക്കുകയും പുതിയ രോഗത്തിന്റെ വരവും ഗൗരവവും ലോകത്തെ അറിയിക്കുകയും ചെയ്ത ഡോക്ടറുടെ ശബ്ദം തന്നെ ഇല്ലാതാക്കിയത് ചൈനയ്ക്ക് മറച്ചുവെക്കുവാനേറെ ഉണ്ടെന്ന സൂചനയും നൽകുന്നുണ്ടാകാം. കുറ്റം അമേരിക്കയുടെ മുകളിൽ ചാരാൻ ചൈന നടത്തിയ ശ്രമങ്ങൾ ശരാശരി ബുദ്ധിക്കും സാമാന്യ യുക്തിക്കും നിരക്കാത്തതുമാകാം.  ബാക്കിയെല്ലാം മാറ്റിവെച്ചാലും നാലുവർഷങ്ങളുടെ ഒന്നാം ടേം പൂർത്തിയാക്കി രണ്ടാമത്തേതും അവസാനത്തേതുമായ അടുത്ത ടേമിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പിന് പട തുടങ്ങിയ ഡൊണാൾഡ് ട്രംപ് ഇപ്പോൾ ഈ രൂപത്തിൽ ചൈനയ്ക്കെതിരെ ഒരു സാഹസത്തിനു മുതിരില്ലായെന്നു കരുതുന്നതായിരിക്കാം ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതും. കൃത്രിമമായ വൈറസ്സ് സൃഷ്ടി സ്വന്തം ലാബിൽ നടത്തുമ്പോൾ തന്നെ രോഗത്തിനു മറുമരുന്നും പ്രതിരോധത്തിനുള്ള വൈദ്യശാസ്ത്രപരമായ ഉപാധികളും വികസിപ്പിച്ചിട്ടുണ്ടായിരിക്കുവാനുള്ള സാദ്ധ്യതകൾ പരിഗണിച്ചിട്ടു വേണം രോഗത്തെയും സംക്രമണ സാദ്ധ്യതകളെയും താരതമ്യേന വേഗത്തിൽ ഫലപ്രദമായി പിടിച്ചു നിർത്തുവാൻ ചൈനയ്ക്ക് കഴിഞ്ഞതിന്റെ രഹസ്യം തിരിച്ചറിയേണ്ടതെന്നു പറയുന്നതും ശരിയാണ്.  അതൊക്കെ അംഗീകരിക്കൂമ്പോൾ തന്നെ കോവിഡ് വൈറസ്സിനെ ചൈനീസ് വൈറസ്സെന്നോ വുഹാൻ വൈറസ്സെന്നോ വിളിക്കുന്നത്  അനുചിതമാണെന്ന് പറഞ്ഞേ തീരൂ. ആയിരക്കണക്കിനു വർഷങ്ങളുടെ പഴക്കമുള്ള ഒരു സംസ്കൃതിയുടെ കളിത്തൊട്ടിലിൽ നിന്ന് ലോകമാരകമായ യാത്ര തുടങ്ങിയെന്നതുകൊണ്ടുമാത്രം ആ വൈറസ്സിനെ അങ്ങനെയൊരു പേരിട്ടു വിളിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല.  പക്ഷേ വളർത്തിയെടുത്തതാണെങ്കിലും വീണു കിട്ടിയതാണെങ്കിലും കോവിഡ് 19 നേയും തങ്ങളുടെ സാമ്രാജ്യത്വത്തിന്റെ വ്യാപന അജണ്ടയ്ക്ക് വേണ്ടി ഉപയോഗിക്കുവാൻ തയാറായ ചൈനയിലെ കമ്യൂണിസ്റ്റു ഭരണകൂടത്തിന്റെ കുതന്ത്രങ്ങളെ പരിഗണിച്ചുകൊണ്ട് വിനാശകാരിയായ ആ വിഷ ബീജത്തിന് കമ്യൂണിസ്റ്റു വൈറസ്സ് എന്ന പേരു നൽകുന്നത് ഒരിക്കലും  തെറ്റുമല്ല. എല്ലാ അർത്ഥത്തിലും ശരിയായ നടപടിയാണുതാനും.

അങ്ങനെ കമ്യൂണിസ്റ്റു വൈറസ്സ് എന്ന വിളിപ്പേരിനർഹത നേടിയ കോവിഡ് 19 ഉയർത്തുന്ന വെല്ലുവിളികളെയും പരിഹാര മാർഗങ്ങളെയും കുറിച്ച്  ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ ചർച്ച ചെയ്യണമെന്ന് ലോകത്തിലെ വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ ചൈന സ്ഥിരാംഗം എന്ന നിലയിലുള്ള വീറ്റോ അധികാരം ഉപയോഗിച്ചു കൊണ്ട് ചർച്ചയുടെ വഴി തടഞ്ഞത് ലോക ജനത ചർച്ച ചെയ്യാതെ പോകരുത്.  ഈ സങ്കീർണ്ണമായ സന്ദർഭത്തിലും ചൈനാഭരണകൂടത്തിന്റെ സഹയാത്രികരായ പാക്കിസ്ഥാന്റെ സംരക്ഷണയിൽ വളരുകയും പൂലരുകയും ചെയ്യുന്ന ഇസ്ലാമിക തീവ്രവാദികൾ അഫ്ഗാനിസ്ഥാനിൽ നടത്തിയ സിഖ് കൂട്ടക്കുരുതിയുടെ ഗൗരവവും മാനവ സമൂഹം തിരിച്ചറിയണം. ചൈനാഭരണകൂടത്തിനു വേണ്ടി ഭാരതത്തിൽ അട്ടിമറി ലക്ഷ്യമാക്കി കമ്യൂണിസ്റ്റു  തീവ്രവാദം നടപ്പിലാക്കുന്ന മോവോവാദികൾ ഛത്തീസ്ഘട്ടിൽ പതിനേഴ് ഇൻഡ്യൻ ജവാന്മാരെ ഈ സാഹചര്യത്തിൽ തന്നെ അതിദാരുണമായി കൊന്നോടുക്കിയതും ലോകം ശ്രദ്ധാപൂർവ്വം നോക്കിക്കാണേണ്ടതാണ്.

1949ൽ ആരംഭിച്ച കമ്യൂണിസ്റ്റു ചൈനയുടെ ചരിത്രം തന്നെ സാമ്രാജ്യത്വവിസ്താര ലക്ഷ്യത്തോടെ അതിർത്തി പങ്കിടുന്ന പത്തിലധികം രാജ്യങ്ങളുമായി നിരന്തരം ഉരസ്സുലുകൾക്കുള്ള വഴിയന്വേഷിയന്വേഷിച്ചതിന്റെയാണ്.   ആ വഴിയിലൂടെയാണ് അവർ ടിബറ്റ്‌ പിടിച്ചടക്കിയത്. ചേരിചേരാ നയത്തിലൂടെ വിശ്വശാന്തിക്കും ആഗോള വികസനത്തിനും സർവോപരി മാനവികതയ്ക്കും ഉതകുന്ന വിദേശബന്ധങ്ങൾക്ക് പ്രധാന്യം കൊടുത്ത ഭാരതം പോലെയുള്ള ഒരു രാജ്യത്തിനെതിരെ കടന്നാക്രമണത്തിന് തയാറായ കാടത്തത്തിന്റെ ചരിത്രത്തിനും ലോകം സാക്ഷിയായി.  

1950കളിലെ ലോക രാജ്യങ്ങളിലെ സക്രിയവും നിർണ്ണായകവുമായ പക്ഷം ഐക്യരാഷ്ട്ര സഭയുടെ സ്ഥിരാംഗത്വം ഭാരതത്തിന് വാഗ്ദാനം ചെയ്തിട്ടും സ്വയം മാറി നിന്ന് ആ പദവി ചൈനയ്ക്കു കൈമാറ്റം ചെയ്ത അന്നത്തെ പ്രധാനമന്തി ജവഹർലാൽ നെഹ്രുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായും ചേർന്നു നിന്നു കൊണ്ട് 'ഇൻഡോ ചീനി ഭായ് ഭായ്' പറഞ്ഞ് ചിരിച്ച ചിരി മായും മുമ്പ്, 1962ൽ   നടത്തിയ കടന്നാക്രമണം കമ്യൂണിസ്റ്റു ചൈനയുടെ ചതിയുടെ രണതന്ത്രം ലോകത്തിനു തന്നെ പാഠമാകേണ്ടതാണ്. ആ അക്രമണത്തിന്റെ മുമ്പ് 1959ൽ, ചൈനീസ് അംബാസിഡറും കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇൻഡ്യയുടെ ജനറൽ സെക്രട്ടറി ബിടി രണദിവെയുമായി ചൈനീസ് എംബസിയിൽ നടന്ന ചർച്ചകൾക്കു ശേഷമാണ് ചൈനയുടെ ആക്രമണം ഭാരതത്തിനെതിരെ ഉണ്ടായതെന്നു പറയുമ്പോൾ ഉന്നം വെക്കുന്ന രാജ്യങ്ങൾക്ക് ഉള്ളിലുള്ളവരെ ഒറ്റുകാരാക്കി കൂടെ നിർത്തുന്ന കമ്യൂണിസ്റ്റു സാമ്രാജ്യവാദികളുടെ ചതിയുടെ ചരിത്രവും വ്യക്തമാകുന്നു. 

ഇവിടെയാണ് സ്വന്തം രാജ്യത്തെ കൊറോണാ ഭീഷണിയെ നേരിടുമ്പോൾ തന്നെ പാക്കിസ്ഥാൻ പോലും ഉൾപ്പെടുന്ന തെക്കു കിഴക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയുമായി വീഡിയോ കോൺഫറൻസ് നടത്തി  പരസ്പര സഹകരണത്തോടെ രോഗപ്രതിരോധ പരിശ്രമങ്ങൾക്ക് വഴിയൊരുക്കിയ ഇൻഡ്യൻ പ്രധാനമന്ത്രിയുടെ സകാരാത്മക സമീപനം ശ്രദ്ധയർഹിക്കുന്നത്. പിന്നീട് നടന്ന ജി-20 രാജ്യങ്ങളുടെ കൂട്ടായ്മയുടെ വീഡിയോ കോൺഫറൻസിലൂടെയുള്ള കൂടിയാലോചനയ്ക്കും തുടർസഹകരണത്തിന്റെ കാൽവെപ്പുകൾക്കും ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ ഇടപെടലുകൾ വഴിയൊരുക്കി.  (അവിടെയാണ് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ ചർച്ച തടസ്സപ്പെടുത്തിയ കമ്യൂണിസ്റ്റു ചൈനയുടെ ശരിരൂപം വ്യക്തമാകുന്നത്). ഭാരതത്തെ സംബന്ധിച്ചിടത്തോളം സുസ്ഥിര സമഗ്ര വികസനമാകണം ലോകത്തിന്റെ ലക്ഷ്യം. ലോക സമാധനം ഉറപ്പാക്കി അറിവും അർത്ഥവും പരസ്പരം പങ്കുവെച്ച് ആ വികസനം ഉറപ്പാക്കണം. വികസനശ്രമങ്ങളിൽ മാനവരാശിയുടെ പൂർണ്ണമായ അദ്ധ്വാനം ഉണ്ടാകണം. വികസനത്തിന്റെ ഫലം വിതരണം ചെയ്യൂന്നിടത്ത് വിവേചനത്തിന്റെ കരിനിഴൽ വീഴാനും പാടില്ല.    അങ്ങനെ ഒരു ലോക ക്രമത്തിന്റെ മാതൃകാ രൂപമായും ചാലക ശക്തിയായും ഭാരതത്തെ മാറ്റിയെടുക്കുവാനുള്ള ചരിത്ര ദൗത്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ഭാരതം ഏറ്റെടുത്തത്. ആ ലക്ഷ്യസാദ്ധ്യത്തിനായിട്ടാണ് അഞ്ചു ട്രില്ല്യൻ അമേരിക്കൻ ഡോളർ സാമ്പത്തിക ശക്തിയായി അഞ്ചു വർഷത്തിനുള്ളിൽ ഭാരതത്തെ വളർത്തിയെടുക്കുവാനുള്ള സാമ്പത്തിക വികസന രേഖ തയാറാക്കി ശ്രദ്ധാപൂർവ്വമുള്ള ചുവടുവെപ്പുകൾക്ക് തുടക്കം കുറിച്ചത്.  

താനും തനിക്ക് ചറ്റുമുള്ളവരും നന്നാകണമെന്നുള്ള ആ സകാരാത്മക സമീപനത്തിന് പ്രതിരോധം തീർക്കാതെ തങ്ങൾ തുടർന്നു പോരുന്ന സാമ്രാജ്യത്വ അജണ്ടയ്ക്ക് പിടിച്ചു നിൽക്കാനാകില്ലെന്ന തിരിച്ചറിവോടെയാണ് ചൈനയുടെ കരുനീക്കങ്ങൾ. 'വെടക്കാക്കിയും തനിക്കാക്കാക്കാനുള്ള' നകാരാത്മക കുതന്ത്രങ്ങളിലൂടെ ലോകമാകെ തങ്ങളുടെ സാമ്രാജ്യത്വത്തിന്റെ വല വിരിക്കുവാനുള്ള വളഞ്ഞവഴികൾ വെട്ടിയൊരുക്കുകയാണ് വൺ ബൽറ്റ് വൺ റോഡ് പദ്ധതിയിലൂടെ പോലും ചൈന ചെയ്തുകൊണ്ടിരിക്കുന്നത്.  ആ വൺ ബെൽറ്റ് വൺ റോഡ് ചീനവലയിൽ അവസാനമായി പെട്ടുപോയ ഇറ്റലിയും ഇറാനുമാണ് കമ്യൂണിസ്റ്റു വൈറസ്സിന്റെ കടന്നു കയറ്റത്തിൽ പിടിച്ചു നിൽക്കുവാൻ പെടാപ്പാട് പെടുന്നതെന്ന് തിരിച്ചറിയുന്നത് ഭാരതത്തിനുള്ളിൽ നിന്നു കൊണ്ട് ചൈനീസ് സാമ്രാജ്യത്വ മോഹങ്ങൾക്ക് വീടുപണി ചെയ്യുന്നവരുൾപ്പടെ തിരിച്ചറിയണം. ലോകത്തോടു വിളിച്ചു പറയുകയും വേണം. ഇല്ലെങ്കിൽ ചതിയൊരുക്കി കാത്തിരിക്കുന്ന ചീനവലയിൽ വീണ്ടും വീണ്ടും പെട്ടുപോകുന്നവർക്ക് പുതിയ വൈറസ്സുകളുടെ പരീക്ഷണത്തിനുള്ള ഇരകളായി മാറേണ്ടിവരുമെന്നതും മറക്കാതിരിക്കുക.

അതിനിടെ ലോകമാകെ നാശം വിതയ്ക്കുന്ന കൊറോണയെന്ന മഹാമാരിയുടെ ഭീകരതയ്ക്കും  ഭീഷണിയ്ക്കും ഇരയായി നിസ്സഹായതയോടെ നട്ടം തിരിയുന്ന ഇറ്റാലിയൻ ഭരണാധികാരിയുടെ വാക്കുകൾ കൂടി ശ്രദ്ധിക്കാം:  'ഞങ്ങൾ കടലിൽ ഏതാണ്ട് പൂർണ്ണമായും മുങ്ങിയിട്ടും മൂക്കിന്റെ ഒരറ്റം മാത്രം മുങ്ങാൻ ബാക്കിയുള്ളതുകൊണ്ടു മാത്രം ഇപ്പോഴും ജലത്തിനുപരിയെത്തുവാൻ കഴിയുന്നൊരു മനുഷ്യനെ പോലെയാണ്. അവൻ ഇപ്പോഴും ശ്വാസം എടുക്കുന്നുണ്ട്, ഒരു പുതിയ തിര വന്ന് അതും ഇല്ലാതാക്കില്ലെന്ന പ്രതീക്ഷയോടെ!'.  ഈ സാഹചര്യത്തിൽ നിന്ന് ലോകത്തെ രക്ഷപെടുത്താനുള്ള ഉത്തരവാദിത്വത്തിൽ സക്രിയപങ്കുവഹിക്കുവാനായി ഭാരതം ആദ്യം സ്വയം രക്ഷപെടണം. അങ്ങനെ രക്ഷപെടണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം കാട്ടുന്ന വഴിയിലൂടെ ഒന്നായി ഒരുമയോടെ മുന്നേറുക മാത്രമാണു വഴി. ആ അടിയന്തിര ഉത്തരവാദിത്വം നിർവ്വഹിച്ച ശേഷമാകാം മറ്റെല്ലാം. 

(ലേഖകൻ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. ഫോൺ: 9497450866)No comments: