Dr P Santhoshkumar :: കടമിഴിഖനികളിലെ ഊർജ്ജപ്രവാഹങ്ങൾ

Views:കടമിഴിഖനികളിലെ ഊർജ്ജപ്രവാഹങ്ങൾ
ഡോ.പി.സന്തോഷ് കുമാർ

പ്രണയം കുറിക്കാത്ത കവികളില്ല. ഒരു പ്രണയിക്കു മാത്രമേ കവിയാകാൻ കഴിയു. 'ആദ്യ ദർശനാൽ അകക്കാമ്പറിയുന്ന ' (ഡി വിനയചന്ദ്രൻ) മാസ്മരിക പ്രണയം മാത്രമല്ല അത്. കവിതയോടും കാലത്തോടും കലഹത്തോടും കാമിനിയോടും ഹൃദയം ചേർക്കുന്ന അതിന്ദ്രീയപ്രഭാവമാണത്. സർവ്വതിനെയും കാമിക്കുന്നവന്‍റെ കരളുരുകുമ്പോഴാണ് കവിത പിറക്കുന്നത്. സിദ്ദിഖ് സുബൈർ കവിത എഴുതിയത് പ്രണയം കൊണ്ടാണ് . ചോരയോളംപോന്ന ഗന്ധവും ആഴവും നിറവും തീവ്രതയും അതിനുണ്ട്.

പ്രണയത്തിന്‍റെ അപരഭാവമായി കവിതയിൽ 'നീ' എന്ന നിറസാന്നിധ്യമുണ്ട് .
പ്രണയം പൂക്കുന്ന പെണ്ണിലും കവിതയുടെ കടമിഴിയിലും
സാമൂഹികപ്രത്യക്ഷങ്ങളെക്കുറിച്ചുള്ള ചിന്തകളിലും കാലിക വിചാരങ്ങളുടെ തീവ്രതയിലും 'നീ'  നിഴലായി പടരുന്നുണ്ട് .'നീയാണ് എനിക്ക് പെണ്ണ്' എന്ന കവിത മാത്രമാണ് കാല്പനികപ്രണയത്തിന്‍റെ പരിവേഷങ്ങൾ എല്ലാം അണിഞ്ഞുനിൽക്കുന്നത്. അവിടെ മാത്രമാണ് 'നീ' വഴിമാറി അഴകുള്ള മൊഞ്ചത്തിയായി 'പെണ്ണ്' ഒരുങ്ങി ഇറങ്ങുന്നത്.

പ്രണയത്തിന്‍റെ ഊർജ്ജ പ്രവാഹങ്ങൾ ഇന്ദ്രിയ വിചാരങ്ങളുടെ മറുകര കടക്കുന്നുണ്ട് 'നീയായി തീർന്നൊരു മൗനത്തിൽ'. കണ്ണ് രൂപം തേടുകയും നാസിക ഓർമ്മകളുടെ സുഗന്ധം നുകരുകയും നാവ് രുചിക്കൂട്ടുകൾ രുചിക്കുകയും കൂർത്ത ചില്ലുകളിൽ ചെമ്പകസ്പർശം പതിയുകയും
വായിച്ചു ബാക്കിയായ വാക്കുകളിൽ കേൾവി വട്ടം പിടിക്കുകയും ചെയ്യുമ്പോൾ കവി എഴുതുന്നു,  'നീ വന്ന് നിറയുക തന്നെ ചെയ്യും'. 
            ''കൂർത്ത ചില്ലുകൾ
            പാകിയ വഴികളിൽ
            രക്ഷയാകുന്നു നിൻ
            ചെമ്പകങ്ങൾ''   -     
ഈ ചെമ്പകപുഷ്പത്തിന്‍റെ മണവും സ്പർശവും ഉദാത്ത പ്രണയത്തിനു നൽകുന്ന സുഗന്ധ ചാർത്താണ്. ആശാൻ നട്ടുവളർത്തിയ  പ്രണയത്തിന്‍റെ ചെമ്പകക്കാട്ടിൽ നിന്ന് ഒരു ചെറുകാറ്റ് ഇവിടെയും വന്നിട്ടുണ്ടാകാം.

'പ്രണയാനന്ദ'ത്തിൽ 'നീ'യല്ല, 'അവളാ'ണ്. 'കടമിഴിഖനികളിൽ
ഊർജ്ജവും കലഹകാലങ്ങളിൽ കരളകംവാണവളും' ആണ് അവൾ. സ്വാർത്ഥ പ്രണയത്തിന്‍റെ അനിഷ്ടങ്ങൾ ഒന്നും ഇവിടെയില്ല. പകരം 'അവൾ ഒരു ആനന്ദ പ്രണയപ്രവാഹമാണ്. അതിനാലാണ്       
         "മറുകര കാണാത്തൊരാഴിപ്പരപ്പിൽ
         മറവേതുമില്ലാതെയെൻ പ്രണയയാത്ര"   - എന്നെഴുതാൻ കവിക്ക്കഴിയുന്നത് .അവനവനിലേക്ക് മാത്രം കുടിയേറുന്ന സ്വരവ്യതിയാനങ്ങൾ പ്രണയത്തിന്‍റെ തുടർക്കഥകളിലെ മുഷിച്ചിലുകളാണ്. സച്ചിദാനന്ദൻ എഴുതിയ 'പ്രണയം  മുഷിയുന്ന വാട' ജീവിതം തകർക്കുന്നത് അങ്ങനെയാണ്.

എന്നാൽ ഇവിടെ - 'നീ ' യിൽ നിന്നും 'നാമി'ലേക്കെത്തുന്ന,  ലോകത്തിന് വെളിച്ചം പകരുന്ന പ്രണയത്തിന്‍റെ ജ്വലനം 'കരൾ നീറ്റുന്ന ഏത് വേദനയും മറികടക്കുന്ന ഊർജ്ജമായി തീരുന്നു.
         "കൂരിരുൾ പാതയിൽ 
         മിന്നാമിനുങ്ങുപോൽ
        ലോകർക്ക് വെട്ടമായ്
        പാറിടും നാം''    (നീറ്റിടും വേദന)

കവിത കവിക്ക് കാമിനി തന്നെ. കാത്തിരിപ്പിന്‍റെ വിരഹ മാധുര്യങ്ങൾ സൃഷ്ടിക്കുന്ന അനുഭൂതിയാണ് പ്രണയം പോലെ കവിതയും.
മുപ്പതിറ്റാണ്ടുകൾ ഞാൻകാത്തിരുന്നു
നീയുണർന്നുള്ളിൽ കവിത മുളാൻ
ഇറ്റിറ്റു വീഴും മഷിക്കറുപ്പിൽ
തെറ്റിത്തെറിച്ചതെൻ ജീവരക്തം
തീക്കനൽ നോവും നിലാവുമൊപ്പം 
തീരാത്ത സ്നേഹം വിളഞ്ഞമണ്ണും'  (സ്നേഹം നിറഞ്ഞ മണ്ണ്
പ്രണയിനി കാവ്യ ദേവതയായി പരിണമിക്കുമ്പോൾ 'നീ ' യിൽ ഉയിർ കൊള്ളുന്ന പ്രണയഭാവം കേവലമല്ല. 'വ്രണിതമാം ചിത്തത്തിലെ  അമരവാഴ്‌വാണത്.' കാലം കടക്കുന്ന അമരമായ കാവ്യവേഴ്ചയാണത്. അപ്പോഴാണ് 'നിന്‍റെ നാവിതളെന്‍റെ വാക്കിന് വെണ്മയേറ്റുന്നു' എന്നും നമ്മൾ കവിതയാകുന്നു എന്നും എഴുതുന്നത്. (നമ്മൾ കവിതയാകുന്നു)

കവിതയോടുള്ള ഗാഢപ്രണയം പ്രാർത്ഥനകളായി മാറുന്നുണ്ട്. മറ്റൊരർഥത്തിൽ, അതിശയകരമായ പ്രചോദനത്തിനുള്ള ക്ഷണമായും.
   പോരുക കരുത്തിൻ
   ജ്വലന സാന്നിദ്ധ്യമേ
   നിന്മിഴി മൊഴികൾ തൻ
   അഴകിൽ പൊലിക്കട്ടെ (മിഴിമൊഴികൾ)

കാവ്യശക്തിയും കാവ്യസൗന്ദര്യവും പ്രാർത്ഥിക്കുന്ന ഈ കവി തന്‍റെ കാവ്യ സങ്കല്പം 'പച്ച കുത്തുന്ന കവിതയുടെ പിറവിയിൽ ' ഇങ്ങനെ കുറിക്കുന്നു -
     'ഉള്ളുകൊണ്ടുയിരൊന്നു
     നീറ്റാതെയെങ്ങനെ
     ഉള്ളിലെക്കവിതയായ്
     നീ ചിരിക്കും' .

സിദ്ദിഖ് സുബൈറിന്‍റെ കാവ്യ വിചാരം അടയാളപ്പെടുത്തുന്ന കവിതയാണ് 'അഴിയാമഷി '. അഴിയുന്ന മഷി, അഴിയാത്ത മഷി -  ഈ ദ്വന്ദ്വങ്ങൾ ഈ കവിതയിലുണ്ട്. തെരഞ്ഞെടുക്കുന്ന എല്ലാം അഴിയാമഷി പുരണ്ട തീർപ്പുകളാണെന്ന് നമ്മൾ കരുതുന്നു. എന്നാൽ എല്ലാം ഒടുവിൽ അഴിഞ്ഞു മായുകതന്നെ ചെയ്യും .പക്ഷേ 'മഷിയാഴമഴിയില്ല'.  ഈ ആഴമാണ് ഈ കവിതകളുടെ കാതൽ. അത് വേദനയും നന്മയും സ്നേഹവും പ്രണയവുമാകാം. പക്ഷേ അഴിയില്ല. ഈ ബോധം കവിതകളിലാകെ ഉണ്ട്. അത് പുറംകാഴ്ച അല്ല, അകം കാഴ്ചയാണ്. അതുകൊണ്ടാണ് സിദ്ദിഖിന്‍റെ കവിതകളിൽ പരിഭവത്തിന്‍റെ, പരാതിയുടെ കെട്ടുകളഴിഞ്ഞു വീഴാത്തത്. അവഗണനയുടെ കൂരമ്പുകൾ പതിയുമ്പോഴും
    "ചോര തീരും നാൾവരെ   
    കുറിയ്ക്കാൻ
    വേറെ മഷി
    വേണ്ട പ്രിയേ ''  - (മഷി)   എന്നെഴുതുന്നത് .
പ്രളയത്തെ പ്രണയമായി കാണുന്നത്. (പ്രളയം) പണയത്തിലാണെങ്കിലും
(ജപ്തി) പ്രണയം പ്രാണനാവുന്നത്.
      പ്രക്ഷുബ്ധ വാഴ് വിന്‍റെ
      കോളൊടുങ്ങാക്കടൽ
      ചുഴികളുണ്ടടിയൊഴുക്കും   
      വഴുക്കും ശിലകളും" (ജീവിതം ) എന്ന് ജീവിതത്തെ തിരിച്ചറിയുന്നത്. എങ്കിലും ഉടലും മനസ്സും പതറാതെ   
       "ജീവനുള്ള നാളൊക്കെയും സത്കർമ്മ
      സാരപ്രതീക്ഷതൻ പൂവിരിക്കും'' (വാപ്പച്ചി ) എന്ന് ഹൃദയപൂർവ്വം പറയുമ്പോൾ, സിദ്ദിഖിന്‍റെ  കവിതകളിലെ പ്രണയത്തിന്‍റെ രാസമാറ്റം സാമൂഹിക മാനങ്ങൾ കൈവരിക്കുന്നു.
പ്രണയം ഒറ്റപ്പെട്ടവന്‍റെ നിലവിളി മാത്രമല്ല, നിലവിളിക്കുന്ന കാലത്തിന്‍റെ കയ്യൊപ്പ് കൂടിയാണ്.No comments: