K V Rajasekharan : ഡോക്ടർജിയുടെ നിഴലായി നരേന്ദ്രന്‍റെ തണൽ

Views:

ലേഖനം: ജന്മഭൂമി മാർച്ച് 19, 2020

ഡോക്ടർജിയുടെ നിഴലായി നരേന്ദ്രന്‍റെ തണൽ
കെ വി രാജശേഖരൻ1896 മുതൽ 1910 വരെയുള്ള പതിനാലു വർഷങ്ങളിൽ ഒരു കോടി ജനങ്ങളാണ് ഭാരതത്തിൽ പ്ലേഗെന്ന മഹാമാരി കാരണം മരിച്ചു വീണത്.
ചൈനയിലാരംഭിച്ച് ഭാരതത്തിലെത്തിച്ചേർന്ന  മഹാമാരിയുടെ പ്രഹരതാണ്ഡവത്തിന് ദ്രുത താളം കൊടുക്കുന്ന ക്രൂരതയാണ് അന്ന് ഭാരതം അടക്കിവാണിരുന്ന ഇംഗ്ലീഷ് ഭരണകൂടം ചെയ്തത്. 
അക്കാര്യത്തെ കുറിച്ച് ഡോ. ഖാൻഖോജെ എന്ന വിപ്ളവകാരി എഴുതിയത് 1953 ആഗസ്റ്റ് മാസത്തെ കേസരിയിൽ എടുത്തെഴുതിയത് ഇങ്ങനെയാണ്:
നഗരത്തിൽ ആർക്കെങ്കിലും രോഗത്തിന്‍റെ ലാഞ്ചയുണ്ടെന്നറിഞ്ഞാൽ സർക്കാർ ഉദ്യോഗസ്ഥർ ഉടനെ അവരെ ഗ്രാമപ്രദേശത്ത് കൊണ്ടു പോയി താത്കാലികമായുണ്ടാക്കിയ കുടിലിൽ മരിക്കാന്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. സർക്കാർ ഡോക്ടർമാർ തങ്ങൾക്കും പ്ളേഗ് ബാധിക്കുമെന്ന ഭയം കാരണം രോഗികളെ പരിശോധിക്കുക പോലും ചെയ്യാതെ അവരെ പ്ളേഗ് ക്യാമ്പുകളിലേക്ക് അയക്കും.  സാധാരണ നിലയ്ക്ക് രോഗി മരിക്കാനുള്ള സാധ്യതയില്ലെങ്കിൽപോലും ഭരണാധികാരികളുടെ ഇത്തരം നടപടികൾ കാരണം രോഗികളുടെ മരണം ഉറപ്പായിരുന്നു.
ഒരു ലക്ഷം ജന സംഖ്യ ഉണ്ടായിരുന്ന നാഗപ്പൂരിൽ ഒരു ദിവസം മുന്നൂറു പേർ വരെ മരിച്ച അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് രേഖകൾ പറയുന്നു.

അന്ന് ബലിറാം പന്ത് ഹെഡ്ഗേവാര്‍  നാഗപ്പൂരിലെ അറിയപ്പെടുന്ന ശ്രേഷ്ഠ പണ്ഡിതനായിരുന്നു  വേദാദ്ധ്യയനവും അഗ്നിദേവോപാസനയും 'സ്മാർത്താഗ്നി' പൂജയും  നടത്തിയിരുന്ന ആദരണീയനായ വ്യക്തി. പിന്നീട് 'ത്രികുണ്ഡ അഗ്നിഹോത്ര' വ്രതവും സ്വീകരിച്ചു.   ഉപജീവനത്തിന് പൌരോഹിത്യം തിരഞ്ഞെടുത്തു. തന്‍റെ കർത്തവ്യമെന്ന ബോദ്ധ്യത്തിൽ വേദ വിദ്യാദാനവും നടത്തിവന്നു.   മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷവും ബലിറാം പന്ത് ഹെഗ്ഡേവാർ അടിപതറാതെ തന്നെ ജീവിതചര്യകൾ തുടർന്നു. മഹാമാരി മരണം വിതച്ചപ്പോൾ മരണാനന്തര കർമ്മങ്ങൾക്ക് പൌരോഹിത്യം വഹിക്കുന്നത് സ്വന്തം കർത്തവ്യമായി സ്വീകരിച്ച് സമാജത്തോടൊപ്പം നിൽക്കുവാൻ അദ്ദേഹം തയാറായി.   മരണസംഖ്യ നിയന്ത്രണാതീതമായപ്പോൾ വിശ്രമമില്ലാതെ, ഭക്ഷണമില്ലാതെ, പലപ്രാവശ്യം അക്കാര്യത്തിനായി പോകേണ്ടതായും വന്നു.

അവസാനം ബലിറാം പന്ത് ഹെഡ്ഗേവാറിനും പ്ളേഗ് ബാധിച്ചു. അദ്ദേഹത്തോടൊപ്പം സഹധർമ്മിണി രേവതി ബായിക്കും രോഗം ബാധിച്ചു.  മാഘമാസ ചതുർത്ഥി ദിവസം താമസിച്ചിരുന്ന വീടിന്‍റെ മുന്നിലെ മുറിയിൽ ബലിറാം പന്ത്ജിയും അകത്തെ മുറിയിൽ രേവതി ബായിയും കുറച്ചു സമയത്തിന്‍റെ വ്യത്യാസത്തിൽ ഇഹലോകവാസം വെടിഞ്ഞു.  അച്ഛന്‍റെയും അമ്മയുടെയും മൃതശരീരങ്ങൾ ഒരേ മഞ്ചത്തിൽ തന്നെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി ഒരേ ചിതയിൽ സംസ്കരിക്കുകയും ചെയ്തതോടെ 13 വയസ്സുകാരൻ കേശവ് ബലിറാം ഹെഡ്ഗെവാറുടെയും സഹോദരങ്ങളുടെയും മുന്നിൽ ആകാശം ഇടിഞ്ഞു വീണ അനുഭവം! ജീവിതം വെല്ലുവിളിയായി.
'സംഭവങ്ങൾ മാറ്റമില്ലാത്തതാണ്, പൂർവ്വ നിശ്ചിതങ്ങളാണ്;  സംഭവങ്ങളോടുള്ള മനോഭാവത്തെ മാത്രമാണ് മനുഷ്യന് സ്വയം മാറ്റിയെടുക്കാൻ കഴിയൂ'. 
ദാർശനീകനായിരുന്ന മുൻ ഭാരത രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്‍റെ വാക്കുകളാണിത്.

സംഭവങ്ങളും അനുഭവങ്ങളും മിന്നലും ഇടിത്തീയുമായി മുന്നിൽ വന്നു വെല്ലുവിളിക്കുമ്പോൾ
  • സകാരാത്മകമായി, സക്രിയമായി സമാജത്തിനു വേണ്ടി പ്രതിരോധം തീർക്കാം; 
  • നിർവ്വികാരനായി, നിഷ്ക്രിയനായി ഇനിയുമൊരു പ്രഭാതമുണ്ടാകുമോയെന്നോ അവിടെ താനും തനിക്കുള്ളവരുമെങ്കിലും ബാക്കിയുണ്ടാകുമോയെന്നു പോലും ചിന്തിക്കാതെ ഉരുണ്ടുവീണിടത്തു തന്നെ ഉറക്കം തുടരാം; 
  • നകാരാത്മകമായി തനിക്ക് തോന്നിയത് ചെയ്ത് തന്നെയും തനിക്കള്ളവരെയും സമാജത്തെയാകെയും പുറം കാലുകൊണ്ട് തട്ടിക്കളിക്കാം. 
അതിൽ സകാരാത്മക സമീപനം സ്വീകരിച്ച് വരും തലമുറകൾക്ക് വഴി കാട്ടിയായി മാറി, ഡോ കേശവ് ബലിറാം ഹെഡ്ഗേവാറെന്ന ചരിത്രപുരുഷൻ.

അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശിഥിലമായ കുടുംബ ജീവിത്തിനിടയിലും ബ്രിട്ടീഷ് ഭരണത്തോട് ചെറുബാല്യത്തിലേ തുടങ്ങിയ സന്ധിയില്ലാത്ത എതിർപ്പ് പ്രകടിപ്പിച്ചതിന്  സർക്കാർപള്ളിക്കൂടത്തിന്‍റെ പടിയിറക്കി വിട്ടതോടെ ദേശീയ പ്രസ്ഥാനം ഒരുക്കിയ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലായി സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ തുടർച്ച. 

അതിനു ശേഷം, ബാലഗംഗാധര തിലകനും ഡോ ബി.എസ്സ്  മുഞ്ചെയുമൊക്കെ തരുണകേശവനിലെ പ്രതിഭയുടെ മിന്നലാട്ടം തിരിച്ചറിഞ്ഞതോടെ കൽക്കട്ടയിൽ ചെന്ന് മെഡിക്കൽ വിദ്യാഭ്യാസം നേടി ബിരുദധാരിയാകാൻ കഴിഞ്ഞു.

പക്ഷേ ഒരു ഡോക്ടറായി തന്‍റെ ഭാവി ജീവിതം ഭദ്രമാക്കുവാനോ വിവാഹിതനായി കുടുംബജീവിതം കരുപ്പിടിപ്പിക്കുവാനോ അല്ല യുവഡോക്ടർ നിശ്ചയിച്ചത്. 

പഠനകാലത്ത് സമാന്തരമായി അനുശീലൻ സമിതിയെന്ന തീവ്രപക്ഷ സ്വാതന്ത്ര്യ സമര പോരാളികളടെ കൂട്ടായ്മയിൽ അവരോട് തോളോടു തോൾ ചേർന്നു പൊരുതി മുന്നേറുവാൻ ശ്രമിച്ചു നേടിയ അനുഭവങ്ങളുടെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സ്വജീവിതം സമാജത്തിനും ഭാരതത്തിനും വേണ്ടി സമർപ്പിക്കുവാൻ നിശ്ചയിച്ചതിലൂടെ കാലം കാത്തിരുന്ന ചരിത്ര പുരുഷന്‍റെ പ്രയാണപഥം തെളിഞ്ഞു തുടങ്ങി.

അങ്ങനെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൽ കർമ്മനിരതനായ, യുവാവായ ഹെഡ്ഗേവാർ അദ്ദേഹത്തിന്‍റെ ആരാധനാപുരുഷനായിരുന്ന ബാലഗംഗാധരതിലകൻ നയിച്ചിരുന്ന തീവ്രപക്ഷത്തോടൊപ്പമാണ് പാർട്ടിക്കുള്ളിൽ നിലയുറപ്പിച്ചിരുന്നത്.
ആകസ്മികമായി തിലകൻ കഥാവശേഷനായതോടെ ശ്രീ അരബിന്ദോയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമവുമായി ഡോ മുഞ്ചെയോടൊപ്പം പോണ്ടിച്ചേരിയിലേക്ക് പോയിരുന്നതിന്‍റെ ചരിത്രരേഖകൾ ഡോക്ടർജിയുടെ അക്കാലത്തെ കോൺഗ്രസ്സിലേ സജീവസാന്നിദ്ധ്യത്തിന്‍റെ ആഴം വിളിച്ചറിയിക്കുന്നു.  
1919 ലെ നാഗ്പൂർ കോൺഗ്രസ്സ് സമ്മേളനത്തിന്‍റെ സജീവസംഘാടകനായിരുന്ന ഡോ ഹെഡ്ഗേവാർ സമ്മേളനത്തിൽ പൂർണ്ണസ്വരാജ് ആവശ്യപ്പെടുന്ന പ്രമേയത്തിന് അനുമതിതേടിയതും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.
മഹാത്മജി ഉൾപ്പടെയുള്ള നേതൃത്വം അനുമതി അന്ന് നിഷേധിച്ചു. 
അത്തരമൊരു പ്രമേയം പാസാക്കാൻ മഹാത്മജിയ്ക്കും കോൺഗ്രസ്സിനും പിന്നീട് പത്ത് നീണ്ട വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നൂയെന്നത് കണക്കിലെടുക്കുമ്പാൾ സ്വാതന്ത്ര്യ പ്രാപ്തിയെന്ന ലക്ഷ്യത്തിൽ അദ്ദേഹത്തിന് അവർക്കും മുമ്പേ ഉണ്ടായിരുന്ന സുദൃഢബോദ്ധ്യം വ്യക്തമാക്കുന്നു.  
അതുപോലെ തന്നെ 1920ൽ കോൺഗ്രസ്സിന്‍റെ സമരപരിപാടികളിൽ മുന്നിൽ നിന്ന് ആവേശപൂർവ്വം പോരാടിയതിന് ബ്രിട്ടീഷ് കോടതി ഒരുവർഷം തടവിലാക്കിയതും ശിക്ഷ കഴിഞ്ഞ് ജയിൽ മുക്തനായ അദ്ദേഹത്തിനെ സ്വീകരിക്കുവാൻ നടന്ന ജനസഭയെ അഭിസംബോധന ചെയ്തത് മോത്തിലാൽ നെഹ്രുവായിരുന്നു എന്നതും കൂടി കണക്കിലെടുക്കുമ്പോളാണ് ഡോ കേശവ് ബലിറാം ഹെഡ്ഗേവാർ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ആവേശോജ്ജ്വല സഹയാത്രികനായിരുന്നൂയെന്നത് മറനീക്കി പുറത്തുവരുന്നത്. 
അവിടെയാണ് ചരിത്രസത്യങ്ങൾ തമസ്കരിക്കുവാൻ അന്നത്തെ കോൺഗ്രസ്സിൽ നിന്ന് മുറിച്ചെടുത്ത ഒരു കഷണം മാത്രമായി മാറിയ ഇന്നത്തെ കോൺഗ്രസ്സിൽ കുടുംബാവകാശം പറഞ്ഞ് അധികാരം കയ്യടക്കി വെച്ചിരിക്കുന്ന രാഹുൽ ഗാന്ധിയും  മറ്റും സ്വാതന്ത്ര്യ സമരത്തിൽ ഡോക്ടർജിയുടെ പങ്കിനെ ചോദ്യം ചെയ്യുന്നതിലെ വിഡ്ഢിത്വം വ്യക്തമാകുന്നതും.

അക്കാലം വരെ പൊതു ജീവിതം പകർന്നു നൽകിയ പാഠത്തിൽ നിന്ന്
  • ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സെന്ന രാഷ്ട്രീയധാരകൊണ്ടൂ മാത്രം ഭാരതത്തിന്‍റെ ഭാവി ഭദ്രമാക്കുവാൻ കഴിയില്ലായെന്നും 
  • അതിന് ദേശീയതയുടെ ആശയപരമായ വ്യക്തതയും കാലത്തോടും  അധിനിവേശശക്തികളോടും നേർക്ക് നേർ പോരാടുവാനുള്ള കർമ്മശേഷിയുള്ള വിശാല സ്വയംസേവക സമൂഹം രൂപപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത അനിവാര്യമാണെന്നും 
ഡോക്ടർജിയുടെ മുന്നിൽ തെളിഞ്ഞുവന്നു.
പോരാട്ടവിജയങ്ങളിലൂടെ ഭാരതം സ്വാതന്ത്ര്യം വീണ്ടെടുത്താലും  ആ വിജയം നിലനിർത്തി വിശ്വമാനവികതയ്ക്കുതകും വിധം നിലനിർത്തണമെങ്കിൽ പൂർണ്ണ പ്രതിബദ്ധതയും വികസിത വ്യക്തിത്വവും ഉള്ളവരുടെ പൊതുകൂട്ടായ്മയായി ഭാരതീയ ജനതയാകെ മാറണമെന്ന ബോദ്ധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡോ കേശവ് ബലിറാം ഹെഡ്ഗേവാർ രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ശ്രീ ഗണേശ്‌ കുറിച്ചത്.
അങ്ങനെ ചരിത്രത്തിൽ തന്‍റെ ഇടം കുറിച്ചിട്ട ഡോക്ടർജിയെ, രാഷ്ട്രീയ സ്വയം സേവക സംഘം  പരമ പൂജനീയ ആദ്യ സർസംഘചാലക് പദവി നൽകി പ്രണാം ചെയ്തു.

അദ്ദേഹത്തിന്‍റെ സ്മരണയ്ക്കു മുമ്പിൽ കോടികണക്കിനു ഗണവേഷധാരികളായ സ്വയംസേവകരോടൊപ്പം  മാനവീയതയുടെ മാനബിന്ദുക്കളും ഭാരതീയദേശീയതയോടുള്ള പ്രതിബദ്ധതയും ഹൃദയത്തോടു ചേർത്തു വെക്കുന്ന വിശാല സമാജവും ആദ്യ സർസംഘചാലക് പ്രണാം ചെയ്ത് വർഷപ്രതിപദ ആചരിക്കുവാൻ ഈ വർഷവും തയാറെടുക്കുകയാണ്.

ഭവ്യമായ ആ സന്ദർഭത്തിൽ മാനവസമൂഹത്തിനായി ഡോക്ടർജി സ്വജീവിതം കൊണ്ട് നൽകിയ സംഭാവന വിലയിരുത്തപ്പെടുന്നത് നാളയെ കുറിച്ച് കരുതലുള്ള സമൂഹത്തിന് അനിവാര്യമാണ്. അങ്ങനെയൊരു വിലയിരുത്തലിന് ആശയപരമായി ഡോക്ടർജിയുമായി എന്നും അകലം പാലിച്ചിരുന്നവരുടെ പരാമർശങ്ങൾ തന്നെ  വഴി ഒരുക്കിയാൽ അവ അർഹിക്കുന്ന ശ്രദ്ധ സ്വാഭാവികമായും വളരെയേറെയുമാണ്.

1966-68 പാർലമെന്റിന്‍റെ സെൻട്രൽ ഹാളിൽ  രാജ്യസഭാ അംഗമായിരുന്ന ദത്തോപന്ത് ഠേംഗഡിയുമായി പാർലമെന്റിലെ ചില കമ്യൂണിസ്റ്റ് അംഗങ്ങൾ നടത്തിയ അനൗപചാരിക സംഭാഷണം  ഡോക്ടർജിയെ സംബന്ധിച്ച് ആധികാരികമായ ഒരു വിലയിരുത്തലിലാണ് അവസാനിച്ചത്. തങ്ങളുടെ പതിവുരീതിയിൽ പരിഹസിക്കാൻ തയ്യാറായ സഖാക്കളിലോരാൾ  ചോദിച്ചു: "ഡോ ഹെഡ്ഗേവാർ? അങ്ങനെയൊരു പേർ ഞാൻ മുമ്പ് കേട്ടിട്ടേയില്ലല്ലോ?" സഖാവ് ബാലചന്ദ്രമേനോനെന്ന മറ്റൊരു കമ്യൂണിസ്റ്റ് എംപി ആ ചോദ്യം കേട്ട് പ്രകോപിതനായി തന്‍റെ അതൃപ്തി പ്രകടിപ്പിച്ചു: "മഹാന്മാരെ  പറ്റി ഇത്ര ലാഘവത്തോടെ പരാമർശിക്കരുത്". സഖാവ് മേനോന്‍റെ പ്രസ്താവന മറ്റു സഖാക്കളുടെ അസഹിഷ്ണത വർദ്ധിപ്പിച്ചു. 

26 വർഷങ്ങൾക്കു മുമ്പ് 1940ൽ മരിക്കുമ്പോൾ ഡോക്ടർജി  താരതമ്യേന തീര്‍ത്തും അപ്രശസ്തനായിരുന്നൂയെന്നതും രണ്ടോ നാലോ വർഷങ്ങൾക്കു മുമ്പ് 1964ൽ മരിക്കൂമ്പോൾ ജവഹർലാൽ നെഹ്രു ലോകപ്രശസ്തനായിക്കഴിഞ്ഞിരുന്നൂയെന്നതും സൂചിപ്പിച്ചു കൊണ്ട് ഒരു ചോദ്യം ചോദിച്ചു.

" ഇന്ന് പണ്ഡിറ്റ് നെഹ്രുവിന്‍റെ ആദർശങ്ങളെ പിന്തുടർന്ന് മരിക്കാൻ പോലും തയാറുള്ളവരെത്ര പേരുണ്ടാകും, ഡോക്ടർ ഹെഡ്ഗെവാറുടെ ആദർശങ്ങൾക്കുവേണ്ടി മരിക്കാൻ എത്ര പേരുണ്ടാകും?". 

മറുപടിയും സഖാവ് മേനോൻ തന്നെ പറഞ്ഞു: "പണ്ഡിറ്റ് നെഹ്രുവിന്‍റെ ആദർശങ്ങൾക്കായി ആത്മസമർപ്പണം ചെയ്യുവാൻ രാജ്യത്തെങ്ങൂമായി അൻപതു പേർപോലും ഇന്നു മുന്നോട്ടുവരാനുണ്ടാകില്ല. ഡോക്ടർ ഹെഡ്ഗേവാറിന്‍റെ  ആദർശങ്ങൾക്കുവേണ്ടി വേണ്ടി ലക്ഷക്കണക്കിന് യുവാക്കൾ മുന്നോട്ടു വരും എന്ന് നിങ്ങൾക്കൊക്കെ അറിയാമല്ലോ." എന്നു പറഞ്ഞ മേനോനോട് ഒടുവിൽ, "എന്താണ് മഹത്വത്തിന്‍റെ ഉരകല്ല്?"  എന്നായി സഖാക്കൾ. ഉടനടി അദ്ദേഹം നൽകിയ മറുപടിയാണ് "ഭാവികാലത്തേക്കുള്ള ഒരാളുടെ നിഴലിന്‍റെ നീളം."
(അവലംബം:  'സംഘപ്രവർത്തകൻ:  അടിസ്ഥാനം, വ്യക്തിത്വം, പെരുമാറ്റം'.  ദത്തോപന്ത് ഠേംഗഡി, കുരുക്ഷേത്ര പ്രകാശൻ)
  • അങ്ങനെ  ഭാവി ലോകത്തിനു വേണ്ടി ഡോ കേശവ് ബലിറാം ഹെഡ്ഗേവാർ ബാക്കിവെച്ച നിഴലിന്‍റെ പ്രതലത്തിൽ ഒരുങ്ങിയ സംഘശാഖയിൽ മുഴങ്ങിയ വിസിൽ കേട്ട് സംപദ ചെയ്താണ് ഗുജറാത്തിലെ കൊച്ചു വീടിന്‍റെ പരിമിതിയിൽ നിന്നും നരേന്ദ്ര ദാമോദർദാസ് മോദി സമാജത്തിനു വേണ്ടിയുള്ള സമർപ്പണത്തിന്‍റെ ബാലപാഠം പഠിച്ചത്.  
  • അവിടെ സൂര്യനമസ്കാരം ചെയ്തും കബടി കളിച്ചും പ്രാർത്ഥന ചൊല്ലിയും ധ്വജ പ്രണാം ചെയ്തുമാണ് മോദി അദ്ദേഹത്തിന് വേണ്ടി കാലം കരുതിവെച്ചിരുന്ന ചരിത്ര ദൗത്യങ്ങൾക്ക് കരുത്തു നേടിയത്. 
  • ചെറിയ ദൗത്യങ്ങൾ കൃത്യതയോടെ പൂർണ്ണ സമർപ്പണത്തോടെ ചെയ്തതു കണ്ട് സംഘം പടിപടിയായി കൂടുതൽ, കൂടുതൽ സങ്കീർണ്ണങ്ങളും ഗൗരവപൂർണ്ണങ്ങളുമായ കർമ്മ മേഖലകളിലേക്ക് അദ്ദേഹത്തെ നിയോഗിച്ചു.  
  • അവസാനം പിഴവിനൊഴിവില്ലാത്ത രണതന്ത്രം രചിക്കുവാനും ഒട്ടും ചോരാത്ത പ്രഹരശേഷി ഉറപ്പാക്കി പ്രയോഗകൃത്യതയോടെ വെല്ലുവിളികളെ അതിജീവിച്ച് ഭാരതവിജയം ഉറപ്പാക്കുവാനുള്ള ചരിത്ര ദൗത്യം തന്നെ സംഘം നരേന്ദ്ര മോദിയെ ഏൽപ്പിക്കുന്നതിനാണ് കാലം സാക്ഷിയായത്.
അവസരത്തിനൊത്തുയർന്ന മോദി എല്ലാവരെയും കൂടെ ചേര്‍ത്ത് എല്ലാവർക്കുമൊപ്പം നിന്ന് എല്ലാവരുടെയും വിശ്വാസത്തിന് ഇടം കൊടുത്ത് മുന്നിൽ നിന്ന് ഭാരതത്തെ നയിക്കുകയാണ്.
അദ്ദേഹത്തിന്‍റെ നേതൃത്വം കൊറോണയെന്ന മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള മാനവരാശിയുടെ ജീവന്മരണ പോരാട്ടത്തിലും ഭാരതം അർത്ഥപൂർണ്ണവും ത്യാഗപൂർണ്ണവും ഫലപ്രദവുമായ പങ്ക് വഹിക്കുന്നതിന് ഇടവരുത്തും.  
ഭാരതാംബയെ വിശ്വ വിജയിയാക്കുന്നതിനുള്ള സംഘത്തിന്‍റെ പരമമായ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഗതി കൃത്യമാക്കും, ത്വരിതവുമാക്കും.

 (ഈ ലേഖനത്തിലെ ഡോക്ടർജിയുടെ ജീവചരിത്ര പരാമർശങ്ങളുടെ അവലംബം:  സംഘസ്ഥാപകൻ - ഡോക്ടർ ഹെഡ്ഗെവാർ - ജീവചരിത്രം. രചന: നാനാ പാൽക്കർ.  പരിഭാഷ: എസ് സേതുമാധവൻ. കുരുക്ഷേത്രാ പ്രകാശൻ)


(ലേഖകൻ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്
9497450866)No comments: