Pongummoodan :: അതിഥി മോഷ്ടാവും അതിഥി ബലാത്സംഗിയും!

Views:അതിഥി മോഷ്ടാവും അതിഥി ബലാത്സംഗിയും!
--- പോങ്ങുമ്മൂടൻ ഹരീഷ് ശിവരാമൻ

രാകി മൂർച്ചകൂട്ടിയ ലോഹമുനയുടെ നൂൽപ്പൊട്ടുപോലുള്ള തണുപ്പ് കഴുത്തിൽ ഇളം വേദനായി ആഴ്ന്നപ്പോഴാണ് കണ്ണുകൾ തുറന്നത്.

നെഞ്ചിൽ ആരോ അമർത്തി പിടിച്ചിരിക്കുന്നുവെന്ന തോന്നൽ. പകപ്പിന്റെ പുതപ്പിനിടയിലൂടെ പതിയെ കണ്ണുകളെ ഞാൻ ഊർത്തിവിട്ടു. ഇരുളിൽ കലർന്നുകിടന്ന ഒരു മനുഷ്യരൂപം സാവധാനം കാഴ്ചയിലേക്ക്  വേർതിരിഞ്ഞുവന്നു.

ഭയത്താൽ വഴുവഴുത്ത ഒരേയൊരു  ചെറുവാക്കുകൊണ്ട് ഞാൻ കൂറ്റനൊരു ചോദ്യം തീർത്ത് കിടന്നകിടപ്പിൽ അയാളെ നേരിടാനാരംഭിച്ചു.

‘..ഹാരാ???’

ഏതാനും നിമിഷത്തെ ആലോചനയ്ക്ക് ശേഷം ശബ്ദം താഴ്ത്തി തീർത്തും സ്വകാര്യം പറയുന്ന ഭാവത്തിൽ അയാൾ അറിയിച്ചു.

‘കള്ളൻ…’

എനിക്ക് വല്ലാത്ത മതിപ്പ് തോന്നി. സത്യം പറയുന്ന കള്ളൻ. എങ്കിലും കഴുത്തിൽ തറഞ്ഞിറങ്ങാനാഞ്ഞ് തൊലിത്തുമ്പിൽ വിശ്രമിക്കുന്ന കത്തിമുന എന്നെ പ്രാണഭയത്താൽ തളർത്തിയതിനാൽ ഞാൻ ആ മതിപ്പ് പ്രകടിപ്പിക്കാൻ നിന്നില്ല.

‘കക്കാൻ വന്നാൽ കട്ടിട്ട് പോയാൽ പോരേ. നിങ്ങളെന്തിനാണ് മനുഷ്യരെ ഉണർത്തി ഭയപ്പെടുത്തുന്നത്. മോഷണത്തിനൊപ്പം സാഡിസവും കൂടി…?’

ചോദ്യം മുഴുമിപ്പിക്കാൻ കള്ളൻ സമ്മതിച്ചില്ല. അയാൾ എന്റെ കീഴ്ത്താടിയിൽ അമർത്തി തല പിന്നിലേക്ക് പരമാവധി തള്ളിക്കൊണ്ട് കൂടുതൽ വിശാലമാക്കിയ കഴുത്തിന് കുറുകെ കത്തി വച്ചു. കള്ളനായി ജോലിയിൽ പ്രവേശിക്കും മുൻപ് കോഴിക്കടയിൽ കശാപ്പുകാരനായി തൊഴിലെടുത്ത് വന്നിരുന്നവനാണെന്ന് എനിക്ക് തോന്നിപ്പോയി.

ഞാൻ കണ്ടമാനം നിശബ്ദനായി കിടന്നു. മരിച്ചെന്നും എനിക്ക് തോന്നലുണ്ടായി.

‘വീട് മൊത്തം നോക്കി. കക്കാനൊന്നും കിട്ടിയില്ല. വിലപിടിച്ചതെല്ലാം വേഗം എട്…’ താക്കീതും ഭീഷണിയും സമം ചാലിച്ചുചേർത്ത അഭ്യർത്ഥനയുമായി കള്ളൻ എന്റെ നെഞ്ചിൽ കൂടുതൽ ശക്തിയോടെ കരമമർത്തി.

‘കള്ളാ, നീക്കം മനസ്സിലായി. എന്റെ ഹൃദയം ചൂണ്ടാനുള്ള പണിയാണല്ലേ. എന്നാ കേട്ടോ അതിന് യാതൊരുവിലയുമില്ല. മൃദുലവികാരങ്ങളോ, മാനവികമൂല്യങ്ങളോ, സഹജീവി സ്നേഹമോ, നന്മയോ, സഹിഷ്ണുതയോ, സമഭാവനയോ ഒന്നും കൊണ്ട് മൂല്യവർദ്ധിതമായ ഒന്നല്ല എന്റെ ഹൃദയം…’ പറഞ്ഞുതീർക്കും മുന്നേ കള്ളൻ ക്രുദ്ധനായി.

‘നിർത്തടാ… നായേ..’ – കള്ളൻ അലറി.

‘തസ്കരശ്രേഷ്ഠാ… നായയല്ല… നായർ, നായർ..’ – ഞാൻ

‘എന്നാ വില പിടിച്ചെതെല്ലാമെടുക്കടാ നായരേ..’ – കള്ളൻ

‘എടുക്കാം…കൈയ്യെട്..കത്തിമാറ്റ്…’ – ഞാൻ.

കള്ളൻ തെല്ല് സംശയത്തോടെയും എന്നാൽ കൂടുതൽ കരുതലോടെയും എന്നെ എഴുന്നേൽക്കാൻ അനുവദിച്ചു. ഞാൻ സാവധാനം എഴുന്നേറ്റു. എന്നിട്ട് ഒരു കള്ളനെപ്പോലെ പതുക്കെ നടന്നു. കള്ളൻ ഒരു ഗൃനാഥന്റെ ചുവടടികളോടെ എന്നെ അനുഗമിച്ചു.

അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിൽ നിന്നും ഒന്നരക്കിലോ സവോള, ഒരു കിലോയിലധികം വരുന്ന ചെറിയുള്ളി, അരക്കിലോയ്ക്ക് അടുത്ത് വെളുത്തുള്ളി എന്നിവ എടുത്ത് ഞാൻ കള്ളന് നീട്ടി. ശേഷം പറഞ്ഞു.

‘മാസങ്ങൾക്ക് മുന്നേ, ഇതുങ്ങൾക്കെല്ലാം വലിയ വിലയായിരുന്നു. എന്റെ കഷ്ടകാലത്തിന് ഇപ്പോ കുറഞ്ഞു. ഇതിൽ കൂടുതൽ വിലപിടിച്ചതൊന്നും ഈ വീട്ടിലില്ല. കള്ളൻ ദയവായി സാഹചര്യം മനസ്സിലാക്കണം. വേണേൽ ‘ആൽക്കഹോൾ ഫ്രീ‘ ആയിട്ടുള്ള ‘കൌപതി‘ ഹാൻഡ് സാനിട്ടൈസറിന്റെ ഏതാനും ബോട്ടിൽ തരാം. തൃപ്തിപ്പെടുമോ?’

കള്ളൻ സത്യാവസ്ഥ മനസ്സിലാക്കിയെന്ന് തോന്നുന്നു. ആൾ ദയനീയനായി. എങ്കിലും  ഉള്ളിയും സവോളയും വെളുത്തുള്ളിയും പൊതിഞ്ഞെടുത്തു. കൌപതിയെ തിരിഞ്ഞ് നോക്കിയില്ല. പല ജാതി ഉള്ളികാളുമായി പുറത്തേക്ക് നടക്കുമ്പോൾ ഞാനും ഒപ്പം കൂടി. മുൻവാതിൽ തുറന്ന് സിറ്റൌട്ടിലേക്ക് പ്രവേശിക്കുമ്പോൾ ഞാൻ സാമാന്യമര്യാദയെക്കരുതി  കള്ളനോട് പേരുചോദിച്ചു.

കള്ളൻ സാമാന്യമര്യാദയെക്കരുതി പേരു പറഞ്ഞു. ഒട്ടും കേട്ടുപരിചയമില്ലാത്ത ഒരു പേർ. അതുകൊണ്ട് കള്ളന്റെ ഊര് അറിയാനായി പിന്നെ എന്റെ കൌതുകം. ഞാൻ ഊരും ചോദിച്ചു.

‘പബ്ന’ – ഊരിന്റെ പേര് കള്ളൻ പറഞ്ഞു.

‘പബ്ന! അങ്ങനെ ഒരു സ്ഥലത്തെപ്പറ്റി കേട്ടിട്ടേയില്ലല്ലോ!!!’ - എന്റെ ആത്മഗതത്തിൽ  നിന്നും പൊടിഞ്ഞുവീണ വിസ്മയം കണ്ടിട്ടെന്ന പോലെ -  ‘അതങ്ങ് ബംഗ്ലാദേശിലാണ്. ധാക്കയിൽ നിന്നും നാലഞ്ചുമണിക്കൂർ യാത്രയുണ്ട്..’ എന്ന് പറഞ്ഞുതന്നു കള്ളൻ.

അതുകേട്ടതും എന്റെ തലയിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. കുറ്റബോധത്തിന്റെയും  മര്യാദകേടിന്റെയും ഒരു കൊള്ളിയാൻ. കള്ളന്റെ കാലുകളിലേക്ക് എന്റെ ശരീരത്തെ ഞാൻ വെട്ടിയിട്ടു. ആ കാലുകളിൽ പിടിച്ച് ഞാൻ പലതരത്തിൽ കരഞ്ഞു. അതിനിടയിൽ മുറയ്ക്ക് മാപ്പപേക്ഷയും നടത്തിവന്നു.

‘എന്നോട് പൊറുക്കണം. താങ്കളെ പലവട്ടം ഞാൻ കള്ളനെന്ന് വിളിച്ചു. മാപ്പ്. അങ്ങ്  എന്റെ ‘അതിഥി മോഷ്ടാ‘വാണ്. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രയാസമുണ്ടായെങ്കിൽ ക്ഷമിക്കണം. ഈ വീട് തന്നെ താങ്കൾക്ക് സമർപ്പിക്കാൻ ഞാൻ ഒരുക്കമാണ്. അതിഥികളെ ദൈവതുല്യരായി കാണുന്നത് ഞങ്ങളുടെ ഒരു ഹോബിയാണ്. ഞങ്ങളുടെ സർക്കാരിനെ സംബന്ധിച്ച് അത് ഊക്കനൊരു നിലപാടും. അല്ലെങ്കിൽ ഇവിടെ നിൽക്കൂ. ഞാൻ അടുത്ത വീടുകളിൽ കയറി കുറച്ച് മാലയും വളയും കമ്മലുക്കെ മോഷ്ടിച്ചുകൊണ്ടുവന്ന് തരാം. അങ്ങ് ഇങ്ങനെ വെറും ഉള്ളികളുമായി പടിയിറങ്ങാൻ പാടില്ല. എന്നിലെ ആതിഥേയന് അത് കുറച്ചിലാ...’

ഞാനിങ്ങനെ ആ കാലിൽ നമസ്കരിച്ച് തേങ്ങി പതംപറഞ്ഞ് കിടക്കുമ്പോൾ മുറ്റത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടു. കിടന്നകിടപ്പിൽ തലയുയർത്തി ഞാൻ നോക്കി. മുറ്റത്ത് മറ്റൊരാൾ കൂടി. ഞാൻ ആദ്യത്തെ അതിഥി മോഷ്ടാവിനോട് ചോദിച്ചു.- ‘മുറ്റത്ത് നിൽക്കുന്ന അതിഥി മോഷ്ടാവ് അങ്ങയുടെ സഹപ്രവർത്തകൻ ആണോ?’

‘സഹപ്രവർത്തകനല്ല, സതീർത്ഥ്യൻ. ആൾ ഒരു റേപ്പിസ്റ്റ് ആണ്. മോഷണവിരോധി. എങ്കിലും എനിക്ക് വല്ലപ്പോഴും ഇതുപോലെ തുണ വരും’

മുറ്റത്ത് നിൽക്കുന്നവൻ ‘അതിഥി ബലാംത്സംഗി’യാണെന്നന്നറിഞ്ഞതും മാനഭയത്തോടെ ഞാൻ ചാടിപ്പിടഞ്ഞെഴുന്നേറ്റു. ഒരു ബലാത്സംഗിക്ക് മുൻപിൽ കമഴ്ന്നു കിടക്കുന്നത് അത്ര പന്തിയല്ലല്ലോ!

‘ഇവിടെ ബലാംത്സംഗത്തിന് പറ്റിയ പരുവത്തിൽ ആരുംതന്നെ ഇല്ലല്ലോ ‘അതിഥി റേപ്പിസ്റ്റേ‘…കുറച്ച് പെൺപൂച്ചകളുണ്ട്. ചക്കിപ്പൂച്ചകളെ ബലാത്സംഗം ചെയ്യുന്ന പതിവുണ്ടെങ്കിൽ…’ – ഞാൻ ഏറെ ആദരവോടെ മുറ്റത്ത് നിൽക്കുന്ന അതിഥി ബലാത്സംഗിയോട് ചോദിച്ചു.

‘അയാൾക്ക് മലയാളം ആറിയില്ല. ഫീൽഡിൽ ഇറങ്ങിയതേ ഉള്ളൂ. കൂടുതൽ ഒന്നും ഞങ്ങൾക്ക് വേണ്ട. നിങ്ങളുടെ അതിഥേയത്വം ഒന്ന് മാത്രം മതി നിങ്ങൾ ഒരു മാന്യനായ അന്തംകമ്മി ആണെന്ന് മനസ്സിലാക്കാൻ. നിങ്ങൾക്കൊരു ഭാര്യ ഇല്ലാതെ പോയത് എന്റെ സ്നേഹിതന്റെ ദൌർഭാഗ്യം. ഇല്ലെങ്കിൽ നിങ്ങളുടെ ആതിഥ്യമര്യാദ എന്റെ സതീർത്ഥ്യന് ഒരു ബലാത്സംഗവിരുന്ന് തന്നെ സമ്മാനിച്ചേനേ…എന്തായാലും കേരളം മാത്രമാണ് ഇത്തരമൊരു സമീപനം ഞങ്ങളോട് സ്വീകരിച്ചിട്ടുള്ളത്. അതിഥിയും മത്സ്യവും മൂന്ന് ദിവസം കഴിഞ്ഞാൽ പഴകി വിഷമാവാനും ചീഞ്ഞ് നാറാനും തുടങ്ങും എന്നൊരു ഡച്ച് പഴമൊഴി ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാടായതിനാലാവും കേരളത്തിൽ ഏത് വിഷവും എന്ത് നാറ്റവും ആസ്വാദ്യകരവും ആഘോഷഭരിതവുമായി തീരുന്നത്. ‘ – ഇത്രയും പറഞ്ഞ് അതിഥി മോഷ്ടാവും അതിഥി ബലാത്സംഗിയും ഇരുളിലലിഞ്ഞ് മാഞ്ഞു…

ഇരുൾ. കൂരിരുട്ട്. കുറ്റാക്കുറ്റിരുട്ട്…

ഞാൻ സാവധാനം കണ്ണുകൾ ആടച്ചു. അപ്പോൾ മൂത്രത്തിന്റെ ധാര മുട്ടി സൂത്രം വിറവിറച്ചു. മൂത്രിക്കാം. ഞാൻ സാവധാനം കണ്ണുകൾ തുറന്നു.

കുറ്റാക്കുറ്റിരുട്ട്. കൂരിരുട്ട്. ഇരുൾ…

മൂത്രമൊഴിക്കാൻ സൂത്രവുമായി നടന്നപ്പോൾ ഒരു സ്വപ്നത്തിൽ നിന്നും ഇറങ്ങിവന്ന ഓർമ്മ പോലെ മനസ്സിൽ ഒരു അതിഥി മോഷ്ടാവും അതിഥി ബലാത്സംഗിയും നിൽക്കുന്നു, നാളത്തെ പോസ്റ്റിനുള്ള ഒരു വിഷയം പോലെ…

...അതിഥി മോഷ്ടാവും അതിഥി ബലാത്സംഗിയും!


No comments: