Raji Chandrasekhar :: എന്റെ വേര്, എന്റെ മണ്ണ്, എന്റെ നാട്...

Views:

എന്റെ വേരെന്റെ മണ്ണെന്റെ നാട്...

എന്റെ വേരെന്റെ മണ്ണെന്റെ നാട്
എന്റെ നേരെന്റെ വിണ്ണെന്റെ നാട്
എന്റെ നോവെന്റെ നാവെന്റെ നാട്
എന്റെ നാവെന്റെ വാക്കെന്റെ നാട്
എന്റെ വാക്കെന്റെ കൂറെന്റെ നാട്

പൗരത്വമപരത്വമാക്കുന്ന പൗരന്റെ
പൗരത്വ,മസ്തിത്വ ചോദ്യം,
ആരെങ്ങു കൈയ്യൊപ്പു ചാർത്തുവാൻ, വേണ്ടെനി-
ക്കൂരിയ കത്തി പ്രമാണം...
(എന്റെ വേരെന്റെ മണ്ണെന്റെ നാട്)

കുങ്കുമം ചന്ദനം നിസ്കാരവും തീർത്ത
ചങ്കിന്റെ പാടുകൾ നമ്മൾ
പങ്കിട്ട പ്രാണന്റെ സ്വാദുകൾ, നോവുകൾ, 
തിങ്കൾച്ചിരി സ്നേഹനോമ്പും.

പൗരത്വമപരത്വമാക്കുന്ന പൗരന്റെ
പൗരത്വ,മസ്തിത്വ സാക്ഷ്യം.
ആരെന്തു കൈയ്യൊപ്പു ചാർത്തുവാൻ, വേണ്ടെനി-
ക്കാരെയും കൊല്ലും കലാപം..
(എന്റെ വേരെന്റെ മണ്ണെന്റെ നാട്)

നമ്മുടെയുള്ളിലും നന്മ ചുരത്തുന്നൊ-
രമ്മയെ നിത്യം സ്മരിക്കാം 
വർഗ്ഗീയ രാഷ്ട്രീയ വൈരം മറന്നിങ്ങു
സ്വർഗ്ഗീയ സൗഖ്യം നിറയ്ക്കാം.

പൗരത്വമപരത്വമാക്കുന്ന പൗരന്റെ
പൗരത്വമസ്തിത്വ ബോധ്യം.
ആരെന്നു കൈയ്യൊപ്പു  ചാർത്തുവാൻ, വേണ്ടെനി-
ക്കൂരിന്റെ കൂററ്റ നേട്ടം...
(എന്റെ വേരെന്റെ മണ്ണെന്റെ നാട്)






No comments: