Jagan :: നാം അഭിനവ നാറാണത്തു ഭ്രാന്തൻമാരായി.

Views:


അങ്ങനെ കേരളം ഭ്രാന്താലയം ആണെന്ന് നാം ഇന്ന് രാവിലെ 11 മണിയോടെ ലോകത്തിനു മുന്നിൽ തെളിയിച്ചിരിക്കുന്നു.....!

കൊച്ചിയിൽ, മരടിലെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നാം ആഘോഷപൂർവ്വം തകർത്തു. ശേഷിക്കുന്ന രണ്ട് എണ്ണം നാളെ തകർക്കും......!

'പൊളിപ്പൻ      കമ്പനികൾ ' കേരളത്തിൽ നിന്നും ഉടൻ മടങ്ങാൻ സാദ്ധ്യതയില്ല. കുട്ടനാട്ടിലെ കോപ്പി കോം റിസോർട്ട് പൊളിക്കാൻ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടു കഴിഞ്ഞു......! ശേഷിക്കുന്നത് പിന്നാലെ.....!!   

വർഷങ്ങൾ നീണ്ട,  അനേകായിരം മനുഷ്യരുടെ അദ്ധ്വാനം, അനേകം കോടി രൂപയുടെ മുതൽമുടക്ക്, എല്ലാം വെറും അഞ്ച് നിമിഷങ്ങൾ കൊണ്ട് നിലംപൊത്തി. നാം അഭിനവ നാറാണത്തു ഭ്രാന്തൻമാരായി.

സ്വീകരണമുറിയിലെ ടെലിവിഷൻ സ്ക്രീനിൽ ആയിരുന്നെങ്കിലും
ഹൃദയഭേദകമായിരുന്നു സമൂല നശീകരണത്തിന്റെ ആ കാഴ്ച.  ഈയുള്ളവൻ വെറും സാധാരണക്കാരനായ അറുപഴഞ്ചൻ ആയതു കൊണ്ടായിരിക്കാം, ആരുടെ അദ്ധ്വാനത്തിന്റെ ഭലമാണെങ്കിലും, ബോധപൂർവ്വം അവ തകർക്കുന്നതു നേരിട്ടു കാണുമ്പോൾ ഒരു ഹൃദയവേദന......! പോട്ടെ, സാരമില്ല.....!!

നിയമവിരുദ്ധമായി നിർമ്മാണം നടത്തപ്പെട്ട കെട്ടിടങ്ങൾ തന്നെയാണ് തകർക്കപ്പെടുന്നത് എന്നത് വാസ്തവം.   നിയമങ്ങൾ പാലിക്കപ്പെടേണ്ടത് തന്നെയാണ്, തർക്കമില്ല.

ഈ വിഷയത്തിലെ ന്യായാന്യായങ്ങൾ നാം ഈ പംക്തിയിൽ വളരെ വിശദമായി മുൻപ് പ്രതിപാദിച്ചിട്ടുള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല,              ഇനി അതിന്റെ ആവശ്യവും ഇല്ല. പക്ഷെ, ജനങ്ങളുടെ  ചില ന്യായമായ ചോദ്യങ്ങൾക്ക് അധികൃതരും നീതിപീഠങ്ങളും ഉത്തരം നൽകേണ്ടതുണ്ട്.
  • കെട്ടിട നിർമ്മാണത്തിന് നിലവിലുള്ള നടപടിക്രമങ്ങൾ അനുസരിച്ചും, ബഹു.കേരള l ഹൈക്കോടതി നൽകിയ അനുവാദം അനുസരിച്ചും നിർമ്മിച്ച ഈ ഫ്ലാറ്റുകൾ, സർക്കാരിനേയും കോടതിയേയും വിശ്വസിച്ച്, മുതൽ മുടക്കി വാങ്ങിയ ഫ്ലാറ്റുടമകൾക്ക് (അവർ കള്ളപ്പണക്കാരോ, കൊള്ളക്കാരോ, ഏത് മാഫിയയോ ആയിക്കോട്ടെ, ഈ രാജ്യത്തെ പൗരൻമാർ ആണല്ലോ ) അവർ ഒഴിപ്പിക്കപ്പെട്ടപ്പോൾ അർഹിക്കുന്ന ന്യായമായ നഷ്ട പരിഹാരം ഇനിയും ലഭിച്ചിട്ടില്ല. അതിനുള്ള നടപടികൾ ഇനിയും സ്വീകരിക്കാത്തത് എന്താണ്?
  • ജനസാന്ദ്രത ഏറിയ കൊച്ചിയിൽ ഇത്തരത്തിൽ സ്ഫോടനം നടത്തിയപ്പോൾ ആ പ്രദേശമാകെ അപകടകരമായ അളവിലുള്ള പൊടി പടലങ്ങളിൽ മുങ്ങിയത് നാം നേരിട്ടു കണ്ടു. അതിന്റെ പ്രത്യാഖാതം ആ പ്രദേശത്തെ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വന്ദ്യവയോധികർ വരെ അനുഭവിച്ചു തന്നെ തീരണം. അനേകം പേർ രോഗികൾ ആയി മാറും. നിരപരാധികളായ ഇവർ എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ ദുർവിധി അനുഭവിക്കേണ്ടി വരുന്നത്? എന്ത് പരിഹാരമാണ് അധികൃതർക്ക് ഇതിന് നിർദ്ദേശിക്കാൻ ഉള്ളത്? ഏത് നീതിപീഠമാണ്, ഏത് സർക്കാർ ആണ് അവരുടെ ന്യായമായ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നത്?
  • തകർത്തെറിയപ്പെട്ട ഈ ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് സമീപം ധാരാളം വീടുകൾ നിലനിൽക്കുന്നുണ്ട്. അവയ്ക്ക് യാതൊരു കേടുപാടും ഉണ്ടാകാത്ത നിലയിലാണ് സ്ഫോടനം നടത്തുന്നത് എന്നും, ഇന്ന് നടന്നത് എന്നുമാണ് 'തകർക്കൽ വിദഗ്ധർ' അവകാശപ്പെടുന്നത്.
ഇത് ശരിയാണെന്നങ്കിൽ നല്ല കാര്യം........!
  • എന്നാൽ തകർക്കൽ നടപടികൾക്കായുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ പോലും സമീപ പ്രദേശങ്ങളിലെ വീടുകളുടെ ഭിത്തികളിൽ പൊട്ടലും, വിള്ളലും ഉണ്ടായതായി വാർത്താ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്നും നാളെയും ആയി തകർക്കൽ നടപടി കഴിയും. സമീപ പ്രദേശങ്ങളിലെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് ഭാവിയിൽ നാം കാണാനിരിക്കുന്നേ ഉള്ളൂ. അത് ഇന്നോ നാളെയോ കാണാൻ കഴിഞ്ഞെന്നു വരില്ല. സ്ഫോടനം നടത്തിയ കമ്പനികളുടെ പൊടി പോലും അന്ന് കേരളത്തിൽ ഉണ്ടാകില്ല.
ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടിക്കണ്ട്, കേടുപാടുകൾ ഉണ്ടാകാൻ ഇടയുള്ള കെട്ടിടങ്ങളുടെ ഉടമകൾക്ക് ഇൻഷുറൻസ്, പുനരധിവാസ പദ്ധതികൾ മുതലായവയ്ക്ക്‌ രൂപം നൽകി പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്തം ഒരു ജനകീയ സർക്കാരിന് ഉണ്ടാകേണ്ടതല്ലേ? അത്തരത്തിൽ ഒരു ഉൾക്കാഴ്ച
"കതിരിൻമേൽ വളം ഇടാൻ " ഉത്തരവിടുന്ന നീതിപീഠത്തിനും ഉണ്ടാകേണ്ടതല്ലേ?
പാലാരിവട്ടം മേൽപാലം ഉപയോഗശൂന്യമായതിന്റെ ബുദ്ധിമുട്ടുകൾ കൊച്ചി നിവാസികളും, കുണ്ടന്നൂർ - വൈറ്റില - പാലാരിവട്ടം -ഇടപ്പള്ളി വഴി യാത്ര ചെയ്യേണ്ടി വരുന്ന ഹതഭാഗ്യരായ ജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
തകർക്കപ്പെടുന്ന ഫ്ലാറ്റ് സമുച്ചയത്തിന് സമീപം ഒന്നിലധികം പ്രധാനപ്പെട്ട പാലങ്ങൾ ഉണ്ട്. കൊച്ചിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ചതുപ്പ് നികത്തി രൂപപ്പെടുത്തിയിട്ടുള്ളതാണ്. ആയതിനാൽ, ഈ പ്രദേശത്തുള്ള പാലങ്ങൾക്കും, കെട്ടിടങ്ങൾക്കും വളരെ ചെറിയ പ്രകമ്പനങ്ങളിൽ പോലും കേടുപാടുകൾ സംഭവിക്കാനുള്ള സാദ്ധ്യത നമുക്ക് തള്ളിക്കളയാനാവില്ല. സ്ഫോടനം നടത്തിയാൽ, ഉടൻ തന്നെ അവ പ്രകടമാകണമെന്നും ഇല്ല.
നാളുകൾക്ക് ശേഷം കേടുപാടുകൾ പ്രകടമായാൽ, ഏത് നീതിപീഠം ആണ്, ഏത് സർക്കാർ ആണ് അവയ്ക്ക് പരിഹാരം കാണുന്നത്?
ആരാണ് ഇതിന് ഉത്തരം നൽകുന്നത്?
നിയമവിരുദ്ധമായി നിർമ്മിച്ചിട്ടുള്ള ഫ്ലാറ്റ് സമുച്ചയങ്ങൾ പരിസ്ഥിതിക്കും, കായലിലെ ആവാസവ്യവസ്ഥയ്ക്കും ഏൽപ്പിച്ചിട്ടുള്ള ആഘാതം പൂർണ്ണമായി പരിഹരിക്കണമെങ്കിൽ പ്രസ്തുത കെട്ടിടങ്ങൾക്കായി ഭൂമിക്ക് അടിയിലേക്ക് വളരെ ആഴത്തിൽ തീർത്തിട്ടുള്ള അസ്ഥിവാരം - കോൺക്രീറ്റു  പൈലുകൾ -
അടക്കം നീക്കം ചെയ്യേണ്ടതായിട്ടുണ്ട്.
എന്നാൽ ഭൂമിയുടെ ഉപരിതലത്തിന് മുകളിലുള്ള കെട്ടിട ഭാഗങ്ങൾ മാത്രമാണ് സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടത് എന്നാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അസ്ഥിവാരത്തെക്കുറിച്ച് ഒന്നും തന്നെ ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. അതിനെ കുറിച്ച് എന്ത് വിശദീകരണമാണ് അധികൃതർക്ക് നൽകാനുള്ളത്?
നാളെ നടക്കാനിരിക്കുന്ന നിയന്ത്രിത സ്ഫോടനം കൂടി കഴിയുമ്പോൾ അനേകായിരം ടൺ കെട്ടിടാവശിഷ്ടങ്ങൾ ആണ് കൊച്ചിയിൽ           വൻകൂനകളായി അവശേഷിക്കുക.
കായലിലേക്ക് അവ പതിച്ചിട്ടില്ല എന്ന ഇന്നത്തെ അവകാശവാദം ശരിയാണോ എന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകുകയുള്ളൂ. ഈ അവശിഷ്ടങ്ങൾ എന്തു ചെയ്യാൻ ആണ് അധികൃതർ ഉദ്ദേശിക്കുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അത് അറിയാൻ ന്യായമായും ജനങ്ങൾക്ക് അവകാശം ഉണ്ടല്ലോ? ആരാണ് ഇതിന് ഉത്തരം നൽകുന്നത്?
ഫ്ളാറ്റ് സമുച്ചയങ്ങൾ തകർത്തു മാറ്റിയ സ്ഥലത്ത് പുതിയ കെട്ടിട നിർമ്മാണ അനുമതി വാങ്ങി, പുതിയ കെട്ടിടങ്ങൾ ഇനി ഉയരില്ല എന്ന് സർക്കാരിനും നീതിപീഠത്തിനും ഉറപ്പു നൽകാനാകുമാ? എല്ലാവരും കൂടി ഇപ്പോൾ കാട്ടിക്കൂട്ടിയത് ഭ്രാന്തിന്റെ ലക്ഷണങ്ങൾ അല്ല എന്ന് പൊതുജനങ്ങൾ വിശ്വസിക്കണമെങ്കിൽ ആ ഒരു ഉറപ്പെങ്കിലും സർക്കാരും നീതിപീഠവും നൽകേണ്ടതല്ലേ? അതിന് കഴിയുമോ?

കഴിഞ്ഞില്ല, ഇത്തരം അനേകം ചോദ്യങ്ങൾ ഉയരാനിടയുള്ള നാളുകളാണ് നമ്മുടെ മുന്നിൽ വരാനിരിക്കുന്നത്.
സംഭവിച്ചത് എല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ ഇരിക്കുന്നും നല്ലതിന്
എന്ന് നമുക്ക് പ്രത്യാശിക്കാം.

നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥരും, അവരെ നിയന്ത്രിക്കുന്ന,  മാറി മാറി വരുന്ന സർക്കാരുകളെ നയിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൻമാരും അഴിമതിയുടേയും, കോഴയുടെയും, സ്വജനപക്ഷപാതത്തിന്റെയും പിടിയിൽ അമരുമ്പോൾ, തടിച്ചുകൊഴുക്കുന്ന റിയൽ എസ്റ്റേറ്റ് മാഫിയകളുടെ ആർത്തി അതിർ കടക്കുമ്പോൾ, മുഴുവൻ സമയവും കൺതുറന്നിരിക്കേണ്ട നീതിദേവത കറുത്ത തുണിയാൽ കണ്ണുകൾ മൂടിക്കെട്ടി നിൽക്കുകയും, നടക്കാൻ പാടില്ലാത്തത് നിർവിഘ്നം നടന്നു കഴിഞ്ഞതിനുശേഷം മാത്രം, കൺ തുറന്ന് നിയമം നടപ്പാക്കാൻ വെമ്പൽ കൊള്ളുമ്പോൾ,  നമ്മുടെ നാട്ടിൽ ഇതും, ഇതുക്കുമേലേയും സംഭവിക്കും.

കരുതി ഇരിക്കേണ്ടത് നാം മാത്രമാണ്.
" കഴുതകൾ" എന്ന് വിളിച്ച് ആക്ഷേപിക്കപ്പെടുന്ന " പൊതു ജനം'' എന്ന നാം ....!

കാണാമറയത്ത് :
കഴിഞ്ഞ ദിവസം സർക്കാർ സംഘടിപ്പിച്ച സംരംഭക സംഗമത്തിൽ കേരളത്തിൽ  "നിയന്ത്രിത സ്ഫോടന കമ്പനി" മേഖലയിൽ മുതൽ മുടക്കാൻ ധാരാളം അപേക്ഷകർ മുന്നോട്ടുവന്നിട്ടുള്ളതായി റിപ്പോർട്ട്. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ലാഭകരമായ പ്രവർത്തനം പ്രതീക്ഷിക്കാവുന്ന ഏക വ്യവസായ മേഖല ഇതാണ് എന്നാണ് വിലയിരുത്തൽ.......!!No comments: