Aswathy P S :: പ്ലൂട്ടോയുടെ പുറകേ

Views:



പ്ലൂട്ടോയുടെ പുറകേ
--------------------------------

പുറത്താക്കൽ എന്നത് എന്നും വേദനാജനകവും അപമാനദായകവുമാണ്, എത്ര തന്നെ വ്യക്തമായ വിശദീകരണങ്ങൾ അകമ്പടിസേവിച്ചാലും ശരി. ഏറ്റവും ചെറിയഗ്രഹം എന്ന സിംഹാസനത്തിൽ ആഢ്യത്വത്തോടെ വിരാജിച്ചിരുന്ന പ്ലൂട്ടോ ഒരു ക്ഷുദ്രഗ്രഹമായി മുദ്രകുത്തപ്പെട്ട് ഗ്രഹപ്പട്ടികയിൽ നിന്നും തലകുനിച്ചു കൊണ്ടാണ് പടിയിറങ്ങിയത്.തികച്ചും അചേതനമെന്നു കരുതപ്പെടുന്ന ഒരു പ്രാപഞ്ചിക വസ്തുവാണെന്നിരിക്കിലും ശരിക്കും ദയനീയമായ ഒരു പുറത്താക്കൽ തന്നെയായിരുന്നു അത്.

ചില മാനദണ്ഡങ്ങൾ മറികടക്കാൻ...  ചില ശാസ്ത്രാടിസ്ഥാനങ്ങൾക്ക് അടിവരയിടാൻ കഴിയാതെ പോയവൻ പ്ലൂട്ടോ. അതേ പ്ലൂട്ടോയെ തന്റെ തൂലികത്തുമ്പിലൂടാവാഹിച്ച് അന്തസായ ഒരു സ്ഥാനാരോഹണം നടത്തിയിരിക്കുകയാണ് അനു. പി. നായർ, പ്ലൂട്ടോ എന്ന തന്റെ കഥയിലൂടെ

കാര്യം ഇവിടെയും തിരസ്കരിക്കപ്പെട്ടവനും കുഞ്ഞനും കുറിയവനുമൊക്കെയായിട്ടാണ് ചിത്രീകരണമെങ്കിലും, നമ്മുടെ കഥാനായകന്റെ അപരൻ എന്നത് ഒരു ചെറിയ കാര്യമായി കാണാൻ കഴിയുന്നതല്ലല്ലോ!


തുടക്കത്തിൽ ഏറെക്കുറെ ഒരു ഗ്രീക്ക് പശ്ചാത്തലത്തിലൂടെയും മാസിഡോണിയൻ  കഥാകഥന ശൈലിയിലൂടെയുമെല്ലാം നമ്മെ നടത്തുന്ന കഥാകാരൻ പെട്ടെന്നാണ് ഏറെ സുപരിചിതരായി തോന്നാവുന്ന ചിലർക്കിടയിലൂടെ യാത്രയുടെ ഗതി തിരിക്കുന്നത്. പക്ഷേ ക്ഷണനേരത്തിലുണ്ടായ ഈ കൂടുമാറ്റം ബുദ്ധിജീവികളെന്ന് സ്വയം അവകാശപ്പെടാത്ത ഏതൊരു ശരാശരി വായനക്കാരനും ആസ്വദിക്കും

രാമൻ നായരും ഭാരതിയമ്മയും സത്യശീലനുമൊക്കെ നേരിയ രൂപവ്യത്യാസങ്ങളോടെയും... അവരുടെ വാക്കുകളും പെരുമാറ്റങ്ങളുമൊക്കെ ഏറ്റക്കുറച്ചിലുകളോടെയും നമ്മുടെ മുന്നിലൂടെയോ പിന്നിലൂടെയോ അതുമല്ലെങ്കിൽ ഏതെങ്കിലും വശങ്ങളിലൂടെയെങ്കിലും കടന്നുപോയിട്ടുണ്ടാകും. കഥാരംഭത്തിൽ തന്നെയുള്ള ആ രംഗമാറ്റം നമ്മെ അലോസരപ്പെടുത്താതിരുന്നതും അതുകൊണ്ടുതന്നെയാകാം.

അപൂർണ്ണവും അസത്യവുമായ അക്ഷരങ്ങൾ കുത്തിനിറച്ച് പ്രചാരം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന പത്ര മാധ്യമങ്ങളുടെ പ ത്തിക്കിട്ടൊരു പ്രഹരം നൽകിക്കൊണ്ടാണ് കഥാകൃത്ത് പ്ലൂട്ടോയുടെ തിരോധാന വിശേഷങ്ങളിലേക്ക് നമ്മെ നയിക്കുന്നത്.

''മകനെ മനസ്സിലാക്കാത്ത അച്ഛന്റെ, അച്ഛനെ മനസ്സിലാക്കിയ മകൻ... " വിശാലമായ ആശയസാഗരത്തെ ശക്തമായ വാഗ് മുത്തുകളാക്കി ചെപ്പിലൊളിപ്പിച്ച മാന്ത്രികത. മികവാർന്ന എഴുത്തിന്റെ മാനദണ്ഡങ്ങളിൽ മുഖ്യമല്ലേ ഈ മാന്ത്രികത! ആശയ ബാഹുല്യവും അക്ഷരബാഹുല്യവും വിപരീത അനുപാതത്തിലാക്കി, മൂന്ന് വാക്കുകൾ കൊണ്ട് മുന്നൂറ് വസ്തുതകൾ വിനിമയം ചെയ്യാനുള്ള കഴിവ്... അക്ഷരങ്ങളെ വരുതിയിൽ നിർത്താനുള്ള മിടുക്ക്.

പ്ലൂട്ടോയിലെ ആഖ്യാനരീതി എടുത്തു പറയേണ്ടതാണ്. പരമ്പരാഗതമായി പരിചയിച്ചുവന്ന കഥപറച്ചിലിനായി ഇവിടെ തെരഞ്ഞിട്ട് കാര്യമില്ല

കഥയുടെ മുഖ്യധാരയിൽ നിന്ന് വേറിട്ടു നിൽക്കുന്ന ചില കഥാപാത്രങ്ങൾ - സ്കൂൾ ശിപായി മുരുകനും എൽ.ഐ.സി ഏജന്റ് സുന്ദരവും കളക്ട്രേറ്റിൽ ജോലിചെയ്യുന്ന ഹരികൃഷ്ണനും കോൺസ്റ്റബിൾ പപ്പു കുമാറും എസ്.ഐ ശിവരാമുമൊക്കെ ബോധപൂർവ്വം മെനഞ്ഞെടുക്കപ്പെട്ടവരാണെന്നാലും പ്ലൂട്ടോയുടെ ജീവിതത്തിരശീല അങ്ങുമിങ്ങും തെല്ലിളക്കുവാൻ വീശിയ ഇളം തെന്നലായി വായനക്കാരന്റെ മനസ്സിൽ ഇടം പിടിക്കുന്നുണ്ട് ഇവരോരോരുത്തരും

കഥാന്ത്യത്തോടടുക്കുമ്പോൾ അക്ഷരങ്ങൾ ഒരുപാടു കേട്ടു പഴകിയ ക്ലീഷേ ക്ലൈമാക്സിനു വഴങ്ങിക്കൊടുക്കുന്നുവെന്നത് ഒരിക്കലും അംഗീകാരം അർഹിക്കാത്ത അരസികനിരൂപണം മാത്രമാണ്. കഥയിലെ ഈയൊരേടിന് ചിലപ്പോൾ അവകാശികൾ ഏറെയുണ്ടാകാം, പക്ഷേ... വെറും വായനക്കാരനെ ആസ്വാദകനാക്കി മാറ്റാൻ കെൽപുള്ള ഈ ആഖ്യാനരീതിക്ക് അവകാശി ഒന്നുമാത്രം.

കഥയിൽ നിന്നും കഥാകാരനിലേക്ക് .....

മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ കഴിയുക എന്നത് എല്ലാവരാലും സാധ്യമായ ഒന്നല്ല.സംഭവം നല്ലതായാലും മോശപ്പെട്ടതായാലും എന്നും എപ്പോഴും ഒരാളുടെ കണ്ണും കരളും ഉടക്കുന്നത് പ്രഥമദൃഷ്ടിയിൽ 'വ്യത്യസ്തത' എന്ന വിസ്മയം ഉളവാക്കുന്ന ഒന്നിലായിരിക്കും. മലയാള മാസികയുടെ വരാന്തയിൽ കൂടി മാത്രം ചുറ്റി നടക്കുന്ന ഒരാളുടെ ചടുലമായ ചുവടുകൾക്ക് ചങ്ങലയിട്ട് തന്റെ സൃഷ്ടികളിലേക്ക് വലിച്ചടുപ്പിക്കുന്ന മാസ്മരികത നെല്ലിമരച്ചോട്ടിലെ പ്രിയ സുഹൃത്തിനു മാത്രം സ്വന്തം.

വരാന്തയിൽ വച്ചു തന്നെയുള്ള ഈ വശീകരണത്തിനു കാരണം അനുവിന്റെ ജീവിതഗന്ധിയായ വാക്കുകൾക്കും വിശദീകരണങ്ങൾക്കുമപ്പുറം, നൽകുന്ന വ്യത്യസ്തതയാർന്ന  തലക്കെട്ടുകൾ തന്നെയെന്ന സത്യം തുറന്നു പറയട്ടെ. ചുണ്ടിൽ ചിരിപടർന്നുവെങ്കിൽ യോജിക്കുവെന്ന് സമ്മതിക്കാതെ നിവൃത്തിയില്ല. സൈക്കോളജിക്കൽ മൂവ് എന്നോ ബുദ്ധിപരമായ നീക്കമെന്നോ പറഞ്ഞു കേട്ടാൽ പരാമർശിക്കപ്പെട്ടയാൾ പരിഭവിക്കേണ്ട കാര്യമില്ല. ഉള്ളിലെ നിലവറകളിൽ ഇനിയെത്ര അമൂല്യമായ അക്ഷരമുത്തുകളും ആശയവൈരങ്ങളും ഉണ്ടെന്നു പറഞ്ഞാലും അവ തിരിച്ചറിയപ്പെടണമെങ്കിൽ ഉളളിലേക്കു കയറുക തന്നെ വേണം. അത്തരത്തിൽ ഈ എഴുത്തുകാരന്റെ ശീർഷകങ്ങൾ വിജയക്കൊടി പാറിക്കുക തന്നെയാണ്.

ഈ പേനയിൽ നിന്നുരുവം കൊള്ളുന്ന എല്ലാ സൃഷ്ടികളിലും ആത്മാംശം സ്ഫുരിക്കുന്നത് ആകസ്മികം മാത്രം എന്ന തോന്നലില്ല.

കടൽ എപ്പോഴും പ്രക്ഷുബ്ധതയുടെ പ്രതിരൂപമാണ്. കടലിലെ തിരമാലകളുടെ സ്രഷ്ടാവും ഈ പ്രക്ഷുബ്ധത തന്നെ. ശാസ്ത്രാന്വേഷികൾക്ക് മർദ്ദവ്യത്യാസവും സാഹിത്യ ലോകത്ത് അശാന്തിയുമാണ് തിരയൊടുങ്ങാത്ത കടലിനു വിശദീകരണമാവുന്നത്. മനസ്സിലേൽക്കുന്ന മർദ്ദവും മർദ്ദനവുമെല്ലാം സാഹിത്യസൃഷ്ടികൾക്ക് ജൻമം നൽകാറുണ്ട്. ഇവിടെയും എഴുത്തുകാരന്റെ ഒഴിയാതൂലികയിൽ നിത്യം മഷി നിറക്കുന്നത് മനസ്സിലും മസ്തിഷ്കത്തിലും ആഞ്ഞടിക്കുന്ന തിരമാലകളാകാം. പ്ലൂട്ടോയുടെ കഥയും വിഭിന്നമല്ല എന്നതാണ് വായനയുടെ ഓരോ ഇടവേളയിലും വെളിപ്പെടുന്നതെങ്കിലും മറിച്ച് ചിന്തിക്കുവാൻ തന്നെയാകും ഓരോ വായനക്കാരനും നിഗൂഢമായി ആഗ്രഹിക്കുന്നത്.





3 comments:

അനിൽ ആർ മധു said...

സുന്ദര ലിഖിതം, അശ്വതിയുടെ തൂലിക ശക്തിയാർജിക്കുന്നു. എഴുത്തിതിന്റെ വഴിയിൽ നടക്കാതെ, എഴുത്തിനെ തന്റെ വഴിയിലേയ്ക്ക് കൊണ്ടുവരുകയാണശ്വതി. കഥയെ ശിഥില ചിന്തുകൾ ആക്കാതെ, ആസ്വാദനത്തിന്റെ നേരുവഴിയിലൂടൊരു യാത്ര. നന്നായിരിക്കുന്നു.

Raji Chandrasekhar said...

അതെ സർ. അശ്വതി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

Aswathy P S said...

നന്ദി... സ്നേഹം