Jagan :: ജനം നിയമം കയ്യിലെടുക്കും

Views:


ജനം നിയമം കയ്യിലെടുക്കും.
അപ്രകാരം ഉണ്ടാകാതിരിക്കാൻ നാം ജാഗരൂകരാകണം.

തെലങ്കാനയിൽ യുവതിയായ വെറ്ററിനറി ഡോക്ടറെ അതിക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ നാലു പ്രതികളെയും പോലീസ് വെടി വെച്ചുകൊന്നു.....!

ആക്ഷൻ ത്രില്ലർ-കുറ്റാന്വേഷണ സിനിമകളിൽ കാണുന്ന ക്ലൈമാക്സ്‌ രംഗം പോലെ ആവേശകരം......!! ഭാരതമൊട്ടാകെ ഒട്ടേറെ ജനങ്ങൾ ഇത് ആഘോഷിച്ചു. സ്ത്രീകളോട് അതിക്രമം കാട്ടുന്ന ക്രൂരന്മാരായ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ സമയബന്ധിതമായി നൽകാൻ  നീതിപീഠങ്ങൾ വിമുഖത കാണിക്കുമ്പോൾ ജനങ്ങൾ ആഗ്രഹിക്കുന്ന, മാതൃകാപരമായ ശിക്ഷ നമ്മുടെ മിടുക്കരായ പോലീസ് ഉദ്യോഗസ്ഥർ തന്നെ നേരിട്ട് നടപ്പാക്കി എന്ന് അവർ സന്തോഷിച്ചു, ആശ്വസിച്ചു. ഈ ഓപ്പറേഷനിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് വീരപരിവേഷം ചാർത്തിക്കൊടുത്തു. വൈകി കിട്ടുന്ന നീതി യഥാർത്ഥത്തിൽ നീതിനിഷേധം തന്നെ ആണ് എന്നും,അതു കൊണ്ടു തന്നെയാണ് 'ഇൻസ്റ്റൻന്റ് നീതി' നടപ്പാക്കൽ ജനങ്ങളെ ആവേശഭരിതരാക്കിയതും എന്ന് നാം മനസ്സിലാക്കണം.

തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും, അപ്പോൾ ഉണ്ടായ 'സ്വാഭാവിക ആക്രമണത്തിൽ' നാലുപേരും ഒരേപോലെ വെടിയേറ്റ് മരിച്ചു  എന്നും പോലീസ് ഭാഷ്യം. അതല്ല, വ്യാജ ഏറ്റുമുട്ടലിൽ ബോധപൂർവ്വം വെടിവെച്ചു കൊന്നതാണെന്നും, കഥാനായകൻ ആയ പോലീസ് ഓഫീസർ വ്യാജ ഏറ്റുമുട്ടൽ വിദഗ്ധൻ ആണെന്നും മറുവാദം. വാസ്തവം എന്തായാലും, നമ്മുടെ രാജ്യത്ത് നീതി നടപ്പാകണം എന്നും, കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ല എന്നും ആഗ്രഹിക്കുന്ന സാധാരണ ജനങ്ങൾക്ക്, പ്രത്യേകിച്ച്, സ്ത്രീകൾക്കും വനിതാ സംഘടനകൾക്കും ഈ പോലീസ് ഓപ്പറേഷൻ സന്തോഷവും ആവേശവും പകർന്നു എന്നത് സത്യം .

വിവിധ കോണുകളിൽ നിന്നും വീക്ഷിക്കേണ്ട, വിലയിരുത്തേണ്ട ഒരു സംഭവം തന്നെയാണിത്. ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്ത്, കുറ്റവാളികളെ വിചാരണ പോലും ചെയ്യാതെ പോലീസ് തന്നെ വെടിവെച്ച് കൊല്ലുന്നത്, അതിലേക്ക് പോലീസ് ഉദ്യോഗസ്ഥരെ നയിച്ച സാഹചര്യം എന്തു തന്നെ ആയാലും നീതീകരിക്കാമോ?

ഇവിടെ, പ്രതികളെ പിടികൂടുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ അല്ല പ്രതികൾ ഒന്നാകെ വധിക്കപ്പെട്ടത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. തെളിവെടുപ്പിനിടെ ആണ് ....... !   കസ്റ്റഡിയിൽ ഉള്ള പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോൾ വേണ്ടത്ര മുൻകരുതലും,സുരക്ഷാ സംവിധാനങ്ങളും പോലീസ് തന്നെ  ഒരുക്കേണ്ടതല്ലേ ?

തെളിവെടുപ്പിന് കൊണ്ടു പോകുന്ന പ്രതികളെ വിലങ്ങ് അണിയിക്കാതിരുന്നത് എന്തേ എന്നും, അർദ്ധരാത്രിക്കു ശേഷമാണോ വിജനമായ സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നത് എന്നും, നാലുപേരും ഒന്നുപോലെ രക്ഷപ്പെടാൻ ശ്രമിച്ചതും, ഒരേ രീതിയിൽ തന്നെ വെടിയേറ്റ് മരിച്ചതും എങ്ങനെ എന്നും ഉള്ള ചോദ്യങ്ങൾ, പോലീസ് കഥയിൽ ചോദ്യം ഇല്ലാത്തതിനാൽ ഈയുള്ളവൻ ചോദിക്കുന്നില്ല.

പരിചയസമ്പന്നരായ പത്ത് പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ തികച്ചും യുവാക്കൾ ആയ നാലു പ്രതികൾ......!   അതിൽ മൂന്നുപേരും ഇരുപതു വയസ്സ് മാത്രം പ്രായമുള്ളവർ......!!  ഇവർ പോലീസിന്റെ പക്കൽ നിന്നും തോക്ക് തട്ടിയെടുത്ത് പോലീസിനെ ആക്രമിച്ചു എന്നത് എത്രത്തോളം വിശ്വാസയോഗ്യമാണ്....?  അതിനാൽ പ്രഥമ ദൃഷ്ട്യാ പോലീസ് കഥകൾ വിശ്വസിക്കാനാവില്ല, പോലീസ് നടപടികളെ  ന്യായീകരിക്കാനാവില്ല.
പ്രതികളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉണ്ടായിരുന്ന ആരോഗ്യത്തോടെ, കുറ്റമറ്റ കുറ്റപത്രം സഹിതം, പ്രസക്തമായ തെളിവുകളോടെ നീതിപീഠത്തിനു മുന്നിൽ എത്തിച്ച്, അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാൻ ഉള്ള വേദിയൊരുക്കുക എന്നതു മാത്രമാണ് പോലീസിന്റെ കർത്തവ്യം, വിധി നടപ്പാക്കൽ അല്ല.

ഇനി ഇതിന്റെ മറുവശവും, മേൽ നടപടിയെ ജനങ്ങൾ ആഘോഷമാക്കിയതിനെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഇൻഡ്യൻ ജനതയ്ക്ക് ഇവിടെ നിലവിലുള്ള ശിക്ഷാ നിയമത്തോടും, അത് നടപ്പാക്കുന്ന രീതിയോടുമുള്ള വിശ്വാസവും മതിപ്പും എന്നേ കുറഞ്ഞു കഴിഞ്ഞു, അഥവാ, നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രതികളെ നീതിപീഠത്തിനു മുന്നിൽ എത്തിച്ചാൽ, നിയമത്തിന്റെ പഴുതുകളിലൂടെ പ്രതികൾ രക്ഷപ്പെടുമെന്നും, ശിക്ഷയിൽ നിന്നും ഇളവു നേടുമെന്നും, അല്ലെങ്കിൽ, സുരക്ഷിതനായി ജയിലിൽ സുഖവാസം നടത്തുകയോ, പൂർവ്വാധികം ഉപദ്രവകാരികളായി പൊതു സമുഹത്തിൽ തന്നെ തിരിച്ചെത്തുകയോ ചെയ്യുമെന്ന് നമ്മുടെ കൺമുന്നിലുള്ള  മുൻകാല അനുഭവങ്ങൾ ജനങ്ങളെ പഠിപ്പിച്ചു കഴിഞ്ഞു.  (അതിനാൽ ആണല്ലോ കേരളത്തിൽ നടന്ന സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി, സുപ്രീംകോടതി വിധിപ്രകാരം വധശിക്ഷയിൽ നിന്നും രക്ഷപ്പെട്ട്, നായക പരിവേഷത്തോടെ, സിനിമാ താരങ്ങളെ വെല്ലുന്ന സൗന്ദര്യത്തോടെ ഇന്നും ജീവിച്ചിരിക്കുന്നത്. അയാളുടെ വധശിക്ഷ ഒഴിവാക്കാൻ ഉന്നത നീതിപീഠം കണ്ടെത്തിയ പഴുതുകളിൽ ഒന്ന് ഇന്നും നമ്മെ ലജ്ജിപ്പിക്കുന്നു........! പ്രതിയുടെ ആക്രമണത്താലും, തീവണ്ടിയിൽ നിന്ന വീണ് ഉണ്ടായ പരിക്കുകളാലും ആന്തരിക രക്തസ്രാവം ഉണ്ടായിരുന്ന ഇരയെ മലർത്തി കിടത്തി പീഡിപ്പിച്ചാൽ ശ്വാസകോശത്തിൽ രക്തം തളം കെട്ടി മരണം സംഭവിക്കുമെന്ന് പ്രതിക്ക് അറിയില്ലായിരുന്നത്രേ.......!
എത്ര വിചിത്രമായ ലോ പോയിന്റ്.........!! )

ലോക മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ, ദില്ലിയിലെ നിർഭയ വധക്കേസിലെ പ്രതികൾ വധശിക്ഷ ലഭിച്ചിട്ടും ഒരു പോറൽ പോലുമേൽക്കാതെ ഇന്നും ജീവിച്ചിരിക്കുന്നതും നമ്മുടെ ശിക്ഷാ നിയമത്തിന്റെ പോരായ്മ തന്നെയല്ലേ?
(നിർഭയയെ ഏറ്റവും ഭീകരമായി പീഡിപ്പിച്ച ഒരു പ്രതി സംഭവസമയത്ത് പ്രായപൂർത്തി ആയിരുന്നില്ല എന്ന പഴുതിലൂടെ രക്ഷപ്പെട്ട്, ജൂവനൈൽ ഹോമിലെ സുഖവാസം കഴിഞ്ഞ് പൊതുസമൂഹത്തിൽ വിലസുന്നു. മറ്റൊരു പ്രതി ദയാഹർജി നൽകി കാത്തിരിക്കുന്നു. മറ്റുള്ളവർ തൂക്കുകയർ കാത്തിരിക്കുന്നു എന്ന വ്യാജേന ജയിലിൽ സുഖവാസം.)

ഇത്തരത്തിൽ പുറത്ത അറിയുന്നതും അറിയാത്തതും ആയ എത്രയോ സാക്ഷ്യങ്ങൾ നമ്മുടെ ശിക്ഷാനിയമത്തിനെ നോക്കി പുച്ഛിച്ചു ചിരിക്കുന്നു.........!!
ഒരു രാഷ്ട്രം മുഴുവൻ നിസ്സഹായരായി ഈ അരാജകത്വം, ഈ അനീതി സഹിക്കുന്നു എന്ന വസ്തുത നാം മറക്കരുത്.

നമ്മുടെ രാജ്യത്ത് നിയമം നടപ്പാക്കുന്നതിലെ ഈ പോരായ്മകളും, അപാകതയും ജനങ്ങളുടെ മനസ്സ് മടുപ്പിച്ചു കഴിഞ്ഞു എന്നതിലേക്കാണ് ഇന്നലെ രാജ്യമെമ്പാടും നടന്ന ആഘോഷങ്ങളും, മധുര പലഹാര വിതരണവും വിരൽ ചൂണ്ടുന്നത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യം മറക്കുന്നില്ല. പക്ഷെ, ആ പഴുതിലൂടെ സമൂഹത്തിൽ നിന്നും ഉൻമൂലനം ചെയ്യേണ്ട ഭീകരൻമാർ, ഉന്നത നീതിപീഠത്തിന്റെ മൗനാനുവാദത്തോടെ രക്ഷപ്പെടുമ്പോൾ, സാമാന്യ ജനങ്ങൾക്ക് ആ നീതിപീഠത്തിനോടും, നിയമസംഹിതയോടുമുള്ള വിശ്വാസം നഷ്ടപ്പെടുന്നത് സ്വാഭാവികം. അപ്രകാരം നഷ്ടപ്പെട്ട വിശ്വാസം പോലീസ് നടപടിയിലൂടെ തിരികെ ലഭിച്ചതിന്റെ സന്തോഷ പ്രകടനമാണ് കഴിഞ്ഞ ദിവസം ഭാരതമൊട്ടാകെ നാം കണ്ടത്.

കുറച്ചു ദിവസങ്ങൾക്ക മുൻപ്, കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച, വളരെ പ്രശസ്തനായ ഒരു ന്യായാധിപനും, വിവാദമായ പീഡനകേസുകളിലും, കൊലക്കേസുകളിലും പ്രതികൾക്കു വേണ്ടി വക്കാലത്ത് സ്വയം ഏറ്റെടുത്ത് കോടതികളിൽ ഹാജരാകുന്ന പ്രശസ്തനായ ഒരു അഭിഭാഷകനും പങ്കെടുത്ത ഒരു ചാനൽ പരിപാടി ഈയുള്ളവൻ ശ്രദ്ധിക്കുകയുണ്ടായി. പരിപാടിയുടെ വിവിധ അവസരങ്ങളിൽ ബഹുമാന്യനായ ആ ന്യായാധിപൻ പറഞ്ഞ രണ്ട് അഭിപ്രായങ്ങൾ വളരെ ശ്രദ്ധേയമായി തോന്നി. ഒരു അഭിപ്രായത്തിന്റെ അന്തസ്സത്ത ഏകദേശം താഴെക്കാണും വിധമായിരുന്നു.

"കോടതി മനുഷ്യനാണ്, മനുഷ്യ ഹൃദയം തന്നെയാണ് കോടതിക്കും."

ആ പരിപാടിയിലെ പ്രസക്തമായ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ ഈ അഭിപ്രായം സ്വാഗതാർഹമായിരുന്നു, അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി പ്രശംസനീയമായിരുന്നു. പക്ഷെ, ഈ അഭിപ്രായം ഒന്നു സാമാന്യവൽക്കരിച്ചു നോക്കൂ. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയും, ശിക്ഷാ നിയമത്തിന്റേയും പോരായ്മ ഇതു തന്നെയാണെന്നു കാണാം.

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെയുള്ള വിവിധ കോടതികളിലെ വിവിധ സ്വഭാവമുള്ള "മനുഷ്യർ" ആയിട്ടുള്ള ന്യായാധിപൻമാരും അവരുടെ വിവിധ "ഹൃദയങ്ങളും" മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ പീഡനക്കേസുകളും, കൊലക്കേസുകളും പരിഗണിക്കുമ്പോൾ, വിശകലനം ചെയ്യുമ്പോൾ, അവരുടെ വ്യക്തിപരമായുള്ള ചിന്തകളും, നിലപാടുകളും, അഭിപ്രായങ്ങളും, രാഷ്ട്രീയവും ഒക്കെ ആ കേസുകളുടെ വിധിപ്രസ്താവത്തിൽ പ്രതിഫലിച്ചാൽ എന്താവും സ്ഥിതി?  ഒരു കുറ്റത്തിന് നൽകുന്ന ശിക്ഷ വിവിധ കോടതികൾ വിവിധതരത്തിൽ പ്രസ്താവിച്ചാൽ എന്താവും സ്ഥിതി?

ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതു തന്നെയാണ്, ഇതുമാത്രമാണ്. അതിനാൽ ആണ് പല കേസുകളിലും വിചാരണ കോടതിയുടെ വിധി മേൽകോടതികളിൽ അപ്പീലുമായി പോകുമ്പോൾ അട്ടിമറിക്കപ്പെടുന്നത്, കൊടും കുറ്റവാളികൾക്ക് സഹായകരമാകുന്നത്.

പ്രസ്തുത പരിപാടിയിൽ ബഹുമാന്യനായ ന്യായാധിപൻ പറഞ്ഞ മറ്റൊരു അഭിപ്രായം ഇപ്രകാരം ആയിരുന്നു

"കോർട്ട് ഓഫീസർ ആയ അഭിഭാഷകൻ യഥാർത്ഥത്തിൽ നടന്ന സംഭവത്തിലേക്ക്, അഥവാ, സത്യത്തിലേക്ക് തെളിവുകൾ സഹിതം കോടതിയെ നയിക്കുകയാണ് വേണ്ടത്. പ്രതിഭാഗം അഭിഭാഷകൻ ആയതിനാൽ, യഥാർത്ഥത്തിൽ കുറ്റകൃത്യം നടത്തിയ പ്രതിയെ രക്ഷപ്പെടുത്താൻ കഥകൾ കെട്ടിച്ചമയ്ക്കുന്ന ജോലി പ്രതിഭാഗം അഭിഭാഷകൻ ചെയ്യുന്നത് അഭിഭാഷക ധർമ്മം അല്ല."

നമ്മുടെ രാജ്യത്ത് ഇത്തരത്തിൽ "അഭിഭാഷക ധർമ്മം" അനുസരിച്ച് സേവനം അനുഷ്ടിക്കുന്ന ഒരു അഭിഭാഷകനെ എങ്കിലും കാണാൻ കഴിയുമോ?

തെലങ്കാനയിൽ നടന്ന സംഭവത്തെ തുടർന്ന് നടന്ന ആഘോഷങ്ങൾ നാം നിസ്സാരമായി കാണാൻ പാടില്ല. ഇത് അപകടത്തിലേക്കുള്ള പോക്കാണ്. നിയമനിർമ്മാണ സഭകളും, നീതിപീഠങ്ങും ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണണം.
  • നിയമനിർമ്മാണത്തിലും, നീതി നിർവ്വഹണത്തിലും ഉള്ള അപാകതകൾ പരിഹരിക്കപ്പെടണം.
  • കൊടും കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാൻ ഇന്നുള്ള കാലവിളംബം ഒഴിവാക്കപ്പെടണം.
  • വിചാരണയും, വാദവും, വിധി പ്രസ്താവവും, ശിക്ഷ നടപ്പാക്കലും ഒക്കെ സമയബന്ധിതമാകണം.
  • കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാക്കണം.

അത്തരത്തിലുള്ള നിയമസംഹിതയോടും ശിക്ഷാ നിയമത്തോടും മാത്രമേ സാമാന്യ ജനങ്ങൾക്ക് ബഹുമാനവും വിശ്വാസവും ഉണ്ടാകുകയുള്ളൂ.

അല്ലാത്തപക്ഷം, അനതിവിദൂരഭാവിയിൽ, കഴിഞ്ഞ ദിവസം തെലങ്കാനയിൽ പോലീസ് നടത്തിയ  "നീതി നടപ്പാക്കൽ" പൊതുജനങ്ങൾ നേരിട്ടു നടപ്പാക്കും.     
ജനം നിയമം കയ്യിലെടുക്കും.
അപ്രകാരം ഉണ്ടാകാതിരിക്കാൻ നാം ജാഗരൂകരാകണം.



No comments: