Sajan Vandithadam :: മാറ് പിളർന്ന് ചോര കുടിക്കുന്ന കവിത

Views:


മാപ്പില്ല,
വഞ്ചനയ്ക്കനിവാര്യമാം ശിക്ഷ
മരണമാണതു തേടിയെത്തും....

പിഞ്ചു കുഞ്ഞുങ്ങളെ പെണ്ണുടലായി കണ്ട് ആണത്തം ചവിട്ടിമെതിക്കുകയും നിയമത്തിന്‍റെ വാതിലുകൾ ചവിട്ടി തുറന്ന് ചിരിയോടവർ ഇറങ്ങി വരികയും ചെയ്യുമ്പോൾ, പൊള്ളുന്ന ഓരോ മനസാക്ഷിയും ഉറക്കെ വിളിച്ചു പറയാൻ കൊതിക്കുന്ന വാക്കുകളാണിവ.

പെൺമക്കളുള്ള ഓരോ മാതാപിതാക്കളുടെയും നാവായി മാറുകയാണ് ഈ കവിതയിലൂടെ രജി ചന്ദ്രശേഖർ എന്ന രജി മാഷ്‌. കവിതയുടെ കാൽപ്പനിക ലോകത്തിന്‍റെ തരളിതയിൽ നിന്ന്, സാമൂഹ്യബോധത്തിന്‍റെ ഉച്ചവെയിലിലേക്ക് ഇറങ്ങി വരികയാണ് പ്രപഞ്ച ബോധത്തിന്‍റെ അണു കണികയായ കവി.
കേരളമാകെ ഒരേ മനസോടെ ചർച്ച ചെയ്യുന്ന വാളയാർ കേസാണ് കവിതക്കാധാരമെങ്കിലും കേരളത്തിൽ വാർത്തയായും ആകാതെയും പോകുന്ന, ആണധികാര പ്രയോഗങ്ങൾക്കെതിരെ കവിത നിലയുറപ്പിക്കുന്നു. മരണത്തിലുമൊടുങ്ങാത്ത ഇത്തരം ക്രൂരതകൾക്ക് മാപ്പില്ല, മാപ്പില്ല എന്നാവർത്തിക്കുന്നുണ്ട് കവിതയിൽ. മനുഷ്യന്‍റെ വേദനകൾ ഹൃദയത്തുടിപ്പാകുന്ന കവിക്കു മാത്രമേ ഇത്തരം നിലപാടുകൾ കവിതയിൽ പകർത്തിവയ്ക്കാൻ കഴിയൂ.

കവിതകൾ കാലത്തോടൊപ്പം നടക്കുകയോ, ചിലപ്പോൾ കാലത്തിനു മുന്നേ നടക്കുകയോ ചെയ്യാറുണ്ട്. തന്‍റെ ചുറ്റിലും നടക്കുന്ന സംഭവങ്ങളിൽ അസ്വസ്ഥനാവുന്ന മനസിൽ നിന്നും ഉരുവം കൊള്ളുന്ന കവിതകളാണ് കാലത്തെ അതിജീവിക്കുക. പാർശ്വവൽക്കരിക്കപ്പെട്ട ജനതതിയുടെ ജീവിതാവസ്ഥകളിലേക്ക്, അതിന്‍റെ അരക്ഷിതാവസ്ഥകളിലേക്ക്, കണ്ണുകൾ തുറന്നു വയ്ക്കാനും, അവയോട് ഐക്യദാർഢ്യപ്പെടാനും കഴിഞ്ഞില്ലെങ്കിൽ കവിത വെറും അക്ഷരങ്ങളുടെ ദൃശ്യവിന്യാസം മാത്രമാവും. ഇവിടെ രജി മാഷിന്‍റെ കവിത ജീവൻ വയ്ക്കുകയും, അക്ഷരങ്ങൾ ചാട്ടുളി പോലെ ഈ നരാധമൻമാരുടെ മാറ് പിളർന്ന് ചോര കുടിക്കുകയും ചെയ്യുന്നു.

രജി മാഷിന്‍റെ തനത് കവിതാ വീഥിയിൽ നിന്നും വേറിട്ട ഒന്നാണ് ഈ കവിത. ഇളം കാറ്റിന്‍റെ തലോടലാണ് മറ്റ് കവിതകൾ സമ്മാനിക്കുന്നതെങ്കിൽ, കൊടുങ്കാറ്റിന്‍റെ ശൗര്യത്തോടെയാണ് ഈ കവിത കടന്നു പോകുന്നത്. ഇനിയൊരാണിന്‍റെയും കാമാർത്തമായ കണ്ണുകൾ പിഞ്ചോമനകളിൽ നിഴൽ വീഴ്ത്താതിരിക്കാൻ, തള്ളക്കോഴിയുടെ ചിറകൊതുക്കത്തോടെ, ലോകത്തെ മുഴുവൻ കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ചു കൊണ്ട്, ചോരക്കൊതിപൂണ്ട വേട്ടപ്പട്ടികളിലേക്ക് ഈ ശാപവാക്കുകൾ തീമഴയാക്കാം...

മാപ്പില്ല, വഞ്ചനയ്ക്കനിവാര്യമാം ശിക്ഷ
മരണമാണതു തേടിയെത്തും.
മക്കൾ, മരുമക്കൾ,
ബന്ധുക്കളങ്ങനെ
വംശവും വേരറ്റു വീഴും
ചീഞ്ഞളിഞ്ഞടിയും
കൃമി കീടമാർക്കും
ചിലതൊക്കെ ചിതൽ തിന്നു തീരും.....

Sajan Vandithadam


1 comment:

Unknown said...

പ്രബുദ്ധ കേരളത്തിൻ്റെ ഇടനെഞ്ചിലെ തേങ്ങലാണ് വാളയാറിലെ പിഞ്ചോമനകൾ.നവോത്ഥാന കേരളത്തിൻ്റെ കണ്ണ്നീർ തുള്ളികളായ വാളയാറിലെ കുരുന്ന് മക്കളുടെ ദാരുണ കൊലയിൽ നീറുന്ന ഓരോകേരളീയ മനസ്സിൻ്റേയും അമർഷവും പ്രതിഷേധവുമാണ് രജി മാഷിൻ്റെ വരികൾ. ഒപ്പം ആ വരികളിലെ ആഴവും മൂർച്ചയും ഒട്ടും തന്നെ ചോരാതെയുള്ള പ്രിയ സുഹൃത്ത് ഷാജൻ വണ്ടിത്തടത്തിലിൻ്റെ വിലയിരുത്തലും ഗംഭീരമായിരിക്കുന്നു. ഷാജൻ സാറിന് അഭിനന്ദനങ്ങൾ...
- അമീർകണ്ടൽ