Raji Chandrasekhar :: കടുംകെട്ട്

Views:



"പ്രൈവസി വേണം എനിക്ക്" - എന്നു ദുർമുഖം.
"പ്രൈവസി, കൂടുതലെന്തിനിപ്പോൾ...
വേണ്ടാവിഷക്കൂട്ടു തീണ്ടുവാൻ നീട്ടുന്ന
കാണ്ടാമൃഗക്കൂട്ടു വേറെയുണ്ടോ ?"

വൈവിധ്യ പാപച്ചെളിക്കുണ്ടിലാഴുവാൻ
കൈവിടാം ബന്ധങ്ങളെന്നു തോന്നാൻ
പ്രേരണയെന്താണു സമ്പത്ത്, കാമമോ,
പ്രേമം കൊളുത്തിയ കാട്ടുതീയോ... !

നല്ലതു ചൊല്ലിത്തരേണ്ടവർ മൗനത്തിൽ,
വല്ലഭൻ വാക്കിനോ പുല്ലുവില.
കാളിയെ തൊട്ടു വാക്കോതുവാനും മടി
കാളും കടുംകെട്ടിൽ പെട്ടുപോയോ...

കൊച്ചമ്മമാരൊത്തുകൂടും കളിപ്പേച്ചി-
ലൊച്ചിഴഞ്ഞെത്തും ദുരന്തതാളം
മർമം തകർക്കുന്ന വൻസർപ്പദർപ്പങ്ങൾ
ദുർമദം ചീറ്റും ദുരർത്ഥമേളം.

ഇത്ര നാളുണ്ടതാ,മുന്മാദ സ്വാദുക,-
ളത്രയും തട്ടിക്കളഞ്ഞു പുത്തൻ-
പൊട്ടത്തരം കോഡൊരുക്കി വിളമ്പും, പേ-
പ്പട്ടിക്കുതന്ത്രത്തെ കൊല്ലു വേഗം.

അല്ലെങ്കിലെന്തു തർക്കുത്തരപ്പല്ലികൾ,
തല്ലുകൊള്ളും, കല്ലു, കണ്ണായിരം,
സന്താനഭാഗ്യം മുടിക്കും, പരമ്പര
സന്താപത്തീക്കടൽ തിന്നു തീർക്കും.

സത്യത്തിലാരു നിൻ പ്രൈവസി ഭേദിച്ചു
നിത്യമശുദ്ധമാക്കുന്നു മാനം,
അത്തരക്കാരെയകറ്റി, നീ കാക്കുക-
യിത്തറവാടിൻ വിശുദ്ധി, പേരും..

--- Raji Chandrasekhar

  1. ആലാപനം :: Channankara Jayaprakash
  2. കവിതാലാപനം :: Siddik Subair







No comments: