K V Rajasekharan ::നക്സലിസം: കാനവും രമേശും തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവർ

Views:


വഴിമുട്ടി വയനാടെത്തിയ രാഹുലിന്‍റെ വഴിയേ തന്നെയോ നക്സലൈറ്റുകളുടെയും വരവ്?  ഗതികെട്ടാൽ അരി കിട്ടാനിടയുള്ളിടത്തേക്ക് ഒരോട്ടം! അതോ അതിനപ്പുറം ബംഗാളിൽ മമതാ ബാനർജി പരീക്ഷിച്ച് വിജയിച്ച രണതന്ത്രമോ കുതന്ത്രമോ ഒന്ന് ശ്രമിച്ചു നോക്കാമെന്നൊരു മോഹമോ?  ബിജെപിയേയും സിപിഎമ്മിനെയും എതിർക്കുന്ന കേരളത്തിലെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ അവയുടെ നേതാക്കളിൽ ചിലർക്കെങ്കിലുമോ അങ്ങനെയെങ്ങാനും തോന്നിത്തുടങ്ങിയോ?
കാടിനുള്ളിൽ മുഖം വെളിപ്പെടുത്താതെ ചൈനയുടെ താത്പര്യം സംരക്ഷിക്കുവാൻ രാജ്യദ്രോഹം തൊഴിലാക്കി സ്വീകരിച്ച നക്സൽ  പ്രതിലോമകാരികളുടെ പേശിമിടുക്കും കീശമിടുക്കും ഇസ്ലാമിക തീവ്രവാദികളുടെയും വർഗീയവാദികളുടെയും സ്ഫോടകശക്തിയും ജനാധിപത്യ പോരിടങ്ങളിലെ മമതയുടെ ഭ്രാന്തൻ പ്രതികരണരീതിയും കോർത്തിണക്കിയ പ്രഹരശേഷിയാണ് ബംഗാളിൽ നിന്നും കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് ഭരണത്തിനറുതി വരുത്തിയത്. 
പിന്നീട് പിടിച്ചെടുത്ത അധികാരത്തിന്‍റെ നേട്ടങ്ങൾ പങ്കുവെക്കുന്നതിന്‍റെ പേരിൽ മമതയുടെ പാളയത്തിലും പടയുണ്ടായി എന്നത് മറ്റൊരു കാര്യം.

ഒളിച്ചിരിക്കാൻ ഇടം തേടിയെത്തിയതാണെന്നും,  ഇടം തരുവാൻ ഇസ്ലാമിക തീവ്രവാദികളുൾപ്പടെയുള്ളവർ ഉള്ളതു കൊണ്ടാണ് ഇങ്ങോട്ടു പോന്നതെന്നും പറഞ്ഞാലൊന്നും സിപിഎമ്മും പിണറായിയും അവരെ വിശ്വസിക്കില്ല.  കാരണം അവർ കമ്യൂണിസ്റ്റുകാരാണെന്നും അതുകൊണ്ടു തന്നെ വിശ്വസിക്കുവാൻ കൊള്ളാത്തവരാണെന്നും പിണറായിക്കും കൂട്ടർക്കും നന്നായറിയാം.
അല്ലെങ്കിൽ തന്നെ, പെറ്റ നാടിന്‍റെ  ഒറ്റുകൊരെ എന്തിനു വിശ്വസിക്കണം?
ചൈനയ്ക്കു ചാരപ്പണി ചെയ്ത സിപിഎമ്മുകാരുടെ പണിയിടത്തു കയറിക്കൂടി നോക്കുകൂലി പോലും കൊടുക്കാതെ പണിയെടുത്ത് മിടുക്കരാകാൻ നോക്കിയാൽ വരമ്പത്ത് തന്നെ പണിക്കൂലി തരാൻ കൽമഴുവുമായി പിണറായി കാത്തുനിൽപ്പുണ്ടാകുമെന്ന് കരുതാതിരുന്നത് നക്സലുകളുടെ പിടിപ്പുകേട്!  
മാവോയിസ്റ്റു തീവ്രവാദികളാണെങ്കിലും ഇസ്ലാമിക തീവ്രവാദികളാണെങ്കിലും ചങ്ങാതി രാഹുലാണെങ്കിലും ഹിന്ദു വിരുദ്ധ വർഗീയതയും ദേശവിരുദ്ധ രാഷ്ട്രീയവും പിന്തുടരുന്നോളം കമ്യൂണിസ്റ്റു മാക്സിസ്റ്റ് പാർട്ടി കൂടെ കൂട്ടും. വർഗീയ വിഘടനവാദികളുടെ ലിസ്റ്റിൽ പെടുത്തി ഒളിയിടങ്ങൾ ഒരുക്കുകയും ചെയ്യും. സ്വന്തം പാർട്ടിയുടെയും പോഷക സംഘടനകളുടെയും ബാനറിന്‍റെ പിന്നിൽ രാജ്യം തകർക്കാനിറങ്ങിത്തിരിച്ചവർക്കിടവും നൽകും.  അതിലൊന്നും സംശയം വേണ്ട.
പക്ഷേ ആ പേരും പറഞ്ഞ് മാക്സിസ്റ്റുകൾക്ക് പിടിച്ചുനിൽക്കാനിത്തിരി ഇടമായി അവശേഷിച്ച കേരളത്തിലേക്കു പോരാം എന്നു കരുതിയാൽ രാഹുലിനെ ആയാലും നക്സലുകളെയായാലും പാർട്ടി എതിർക്കും, കാരണം പിടിച്ചു നിൽക്കാൻ വേറെ വഴിയില്ല, വേറെ ഇടവുമില്ല. അതുകൊണ്ടു തന്നെയാണ് ബംഗാൾ അജണ്ട നടപ്പിലാക്കാനുള്ള സാദ്ധ്യതകൾ പിണറായി സർക്കാർ അനുവദിക്കില്ലായെന്ന സൂചന വെടിയുണ്ടകൾ കൊണ്ടു നൽകിയത്.
കടന്നാക്രമിച്ച നക്സലുകളെ കേരളാ പോലീസിന്‍റെ  (തണ്ടർബോൾട്ട്) തിരിച്ചടിയിൽ വെടിവെച്ചിട്ടുവെന്ന വാർത്ത മുഴുവൻ കേൾക്കുന്നതിനു മുമ്പു തന്നെ രമേശ് ചെന്നിത്തലയും കാനം രാജേന്ദ്രനും വ്യാജ ഏറ്റുമുട്ടലാണെന്നു പറഞ്ഞ് മാധ്യമങ്ങളുടെ മുന്നിലേക്ക് ഓടുകയായിരുന്നു.  വസ്തുതകളിലേക്ക് സത്യസന്ധമായ അന്വേഷണം ഉണ്ടാകുന്നതിന് മുമ്പുതന്നെ അങ്ങനെയുള്ള പ്രസ്താവനകൾ നൽകി കൂലി വാങ്ങുന്ന അർബൻ നക്സലുകളുടെ തലത്തിലേക്ക് ഇവർ രണ്ടാളും എന്തിനു തരം താണുവെന്ന് കേരളത്തിന്‍റെ രാഷ്ട്രീയ സമൂഹം വിശദമായി പഠിക്കേണ്ടത് അനിവാര്യമാണ്. 
കാരണം അവരുടെ നടപടികൾ അപകടങ്ങളുടെ സൂചനയാണ് നൽകുന്നത്.  
പറഞ്ഞ ന്യായങ്ങൾ പരിഹാസ്യമായി പോയിയെന്ന് പറയാതിരിക്കാനും തരമില്ല.

 • സംഘട്ടനത്തിന് പോയ പോലീസുകാർക്കാർക്കും വെടി കൊണ്ടില്ല, പോലീസുകാരാരും മരിച്ചുമില്ല! സംഘട്ടനത്തിൽ വെടി കൊള്ളാനും ചാകാനുമല്ല, വെടി കൊടുക്കാനും കൊല്ലാനുമാണ് അവരെ പറഞ്ഞയച്ചതെന്ന് തിരിച്ചറിഞ്ഞാൽ മതി. 
 • മറ്റൊന്ന് ഏതവസ്ഥയിലാണ് അവരെ ഇല്ലാതാക്കിയതെന്നതാണ് മറ്റൊരു  സംശയം. അവിടെയും പൊതു ജനത്തിനു ബോദ്ധ്യമുള്ള ചില കാര്യങ്ങളുണ്ട്. പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതു പോലെ 'അമ്മാ ഇത്തിരി അരി താ' എന്നും പറഞ്ഞ് വീടുകളിൽ കയറിയിറങ്ങുന്നവരല്ല നക്സലൈറ്റുകൾ. 
 • അടിസ്ഥാനപരമായി അവർ കൊല്ലാനും കടന്നാക്രമിക്കാനും വരുന്നവരാണ്. അവരോട് ഏറ്റുമുട്ടേണ്ടിവരുന്ന രാജ്യത്തിന്‍റെ പ്രതിരോധശക്തികൾക്ക് ഒന്നുകിൽ ശത്രുക്കളെ കൊല്ലുക അല്ലെങ്കിൽ ശത്രുക്കളാൽ കൊല്ലപ്പെടുക എന്ന രണ്ടു വഴികളേയുള്ളൂയെന്ന് കാനത്തിനും രമേശിനും തിരിച്ചറിയാത്തതല്ല.  
 • പക്ഷേ അവർ ഇങ്ങനെയൊക്കെയേ പറയൂ.  കാരണം അവർ അധികാരം ലക്ഷ്യമാക്കിയുള്ള ഒരു ഹീനമായ ഗൂഢ തന്ത്രത്തിന്‍റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നുവെന്നത് തന്നെ.

ഫാസിസ്റ്റ് ഇന്ദിരയുടെ അടിയന്തിരാവസ്ഥയുടെ തണലിൽ സിപിഐ നേതാവ് അച്ചുതമേനോൻ മുഖ്യമന്ത്രിക്കസേരയിലിരുക്കുമ്പോഴാണ് നക്സൽ ബന്ധത്തിന്‍റെ പേരിൽ രാജനെ ഉരുട്ടിക്കൊന്നതെന്ന് കാനം എന്താ മറന്നുപോയോ?  കാനത്തിന്‍റെ പാർട്ടി ഭാരതത്തിൽ വളരെ വേഗം അപ്രസക്തമാവുകയാണെന്ന തിരിച്ചറിവ് അവരെ ആത്മഹത്യാപരമായ മറ്റൊരു അപകടക്കുഴിയിലേക്ക് കടത്തിവിടുകയാണ്. ഭാരതത്തെ ഇല്ലാതാക്കാൻ കച്ചകെട്ടിയിറങ്ങിയിട്ടുള്ള 'ടുക്ക്ഡാ ടുക്ക്ഡാ' ഗാംഗിനോടൊപ്പമാണ് പാര്‍ട്ടിസഖാവ് കനയ്യാകുമാറും പാർട്ടി സെക്രട്ടറി ഡി രാജയുടെ മകളുമടക്കം. 'ഭാരത് തേരീ ടുക്ക്ഡേ ഹോംഗേ, ഇൻഷാ അള്ളാ, ഇൻഷാ അള്ളാ' എന്ന മുദ്രാവാക്യമാണവർ ആവേശപൂർവ്വം വിളിച്ചത്.  ഭാരതവിരുദ്ധ ഇസ്ളാമിക-മാവോയിസ്റ്റ് തീവ്രവാദ ശൃംഖലയാണ് അവർക്കിപ്പോൾ അന്നം നൽകുന്നത്. ആ പശ്ചാത്തലത്തിൽ വേണം കാനത്തിന്‍റെ  മാവോയിസ്റ്റു പിന്തുണയുടെ പൊരുളറിയേണ്ടത്.

രമേശാണെങ്കിൽ, മാവോയിസ്റ്റു ഭീഷണിയാണ് ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് ദേശീയ നേതാവുമായ ഡോ മൻമോഹൻ സിംഗ് നൽകിയ സൂചന പോലും അവഗണിച്ചാണ് അവർക്ക് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത്.

 • രാഹുലിന്‍റെ വരവോടെ 2014ലും 2019ലും ഭാരതം തിരസ്കരിച്ച കോണ്ഗ്രസ് ദേശീയ നേതൃത്വത്തോട് തന്‍റെ രാഷ്ട്രീയ ഭാവിയെ കൂട്ടിക്കെട്ടിയാൽ ഗതി പിടിക്കില്ലെന്ന ഭയം രമേശിനുണ്ടാകുന്നത് സ്വാഭാവികം. 
 • അങ്ങനെ വരുമ്പോൾ കേരളത്തിൽ ശക്തമായ സാന്നിദ്ധ്യവും പ്രഭാവവുമുള്ള ഇസ്ളാമിക തീവ്രവാദികളോടും ക്രിസ്തീയ വർഗീയവാദികളോടും വളർന്നുവരുന്ന ഇടതു തീവ്രവാദശക്തികളോടും ചേർന്ന് നിന്ന് ആ വക ശക്തികളുടെ കേന്ദ്രബിന്ദുവായി മാറാൻ കഴിഞ്ഞാൽ അധികാരം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് അത് ശക്തി പകരും എന്നതോന്നലുണ്ടായതിലും സ്വാഭാവികതയുണ്ടാകാം.  
 • അങ്ങനെയൊരു സന്ദേശം ഇപ്പറഞ്ഞവരിലാരെങ്കിലുമോ അവരുടെ കൂട്ടായ്മയോ നൽകിയതുമാകാം. 

എന്തായാലും അങ്ങനെയെന്തോ തലയിൽ കയറിയുണ്ടാക്കുന്ന ഇടപെലുകളാണ് രമേശിനെ മീശ നോവലു തുടങ്ങി നക്സൽ വിഷയത്തിൽ വരെ ജനാധിപത്യ ദേശീയതയുടെ പക്ഷത്തു നിൽക്കുന്ന പൊതു സമൂഹത്തിന്‍റെ ശത്രുപക്ഷമാണെന്‍റെ പക്ഷം എന്നു പ്രഖ്യാപിക്കൂവാൻ പ്രേരിപ്പിക്കുന്നത്.

 • കേരളത്തിൽ ഇന്ന് രമേശിന്‍റെയും അധികാരത്തിന്‍റെയും ഇടയ്ക്ക് പ്രത്യക്ഷമായി നിൽക്കുന്നത് കമ്യൂണിസ്റ്റു മാക്സിസ്റ്റ് പാർട്ടിയാണ്.  
 • മസിൽ പവനും മണി പവറും വേണ്ടുവോളമുള്ള ആ രാഷ്ട്രീയ ശക്തിയോട് നേരിടുവാൻ ദേശീയ കോൺഗ്രസ്സ് നേതൃത്വത്തിന് കാര്യമായ സഹായം ചെയ്യാൻ നിവർത്തിയില്ലാത്ത സാഹചര്യം ആയിയെന്നുവരുമ്പോൾ കേരളത്തിലെ കോൺഗ്രസ്സിനുള്ളിൽ തന്നെ രമേശിനേക്കാൾ മിടുക്കേറെയുള്ളവർ തലപൊക്കി വരാനുമിടയുണ്ട്. 
 • ആ സാഹചര്യത്തിലായിരിക്കണം മണിപവറും മസിൽ പവറും വേണ്ടത്രയുള്ള ഇസ്ലാമിക തീവ്രവാദ-ഇടതു തീവ്രവാദ-ക്രിസ്ത്യൻ വർഗീയവാദ കൂട്ടുകെട്ടിന്‍റെ കേന്ദ്ര ബിന്ദുവാകാൻ രമേശ് ശ്രമിക്കുന്നത്.  
 • ദേശീയ തലത്തിൽ മാക്സിസ്റ്റുകളും ആ കൂട്ടുകെട്ടിന്‍റെ ചാലക ശക്തിയാണെങ്കിലും കേരളത്തിൽ വ്യത്യസ്ഥമായ ഒരു പരീക്ഷണം! 

മുഖം മറച്ചു പിന്നിൽ നിൽക്കുന്ന പ്രതിലോമശക്തികൾക്കും രമേശാണു ഭേദം. കാരണം മമതയേ പോലെയോ പിണറായിയെ പോലെയോ ഉമ്മൻ ചാണ്ടിയെ പോലെയോ ഒരാളാണെങ്കിൽ പിന്നിൽ നിന്നു നിയന്ത്രിക്കൂന്നത് ബുദ്ധിമുട്ടാകും. മൻമോഹൻ സിംഗിനെ കസേരയിലിരുത്തിയപ്പോൾ സോണിയ കാട്ടിയ കുരുട്ടുബുദ്ധി മാതൃകയാക്കിയതാകാം രമേശിനെ അവർക്കു കൂടുതൽ സ്വീകാര്യനാക്കിയത്.

ഇവിടെ വരാവുന്ന ഒരു ചോദ്യം കാനത്തിന്‍റെ നിലപാടാണ്.  അച്യുതമേനോന്‍റെയും കരുണാകരന്‍റെയും കാലത്തേക്ക് ഒരു തിരിച്ചു പോക്കിനു വേണ്ടി ഇടതുമുന്നണിയിലെ വലിയേട്ടനുമായി വഴിപിരിയുവാനും അവസരവാദപാരമ്പര്യം വേണ്ടുവോളമുള്ള കമ്യൂണിസ്റ്റു വലതുപക്ഷം മടിക്കില്ലയെന്നതാണതിനു മറുപടി. 

അങ്ങനെ സിപിഐ യൂഡിഎഫിലേക്ക് ചേക്കേറിക്കഴിഞ്ഞാൽ

 • സിപിഎമ്മിന്‍റെയും ബിജെപിയുടെയും കൊടിയും പിടിച്ചു നിൽക്കുന്ന എതിർ പക്ഷത്തെ നേരിടുന്നതവർക്കെളുപ്പമാകും. 
 • എതിർ പക്ഷത്ത് ഒരുമയുടെ സാദ്ധ്യതയില്ലാത്തതുകൊണ്ട് കേരളം രാജ്യദ്രോഹികളുടെയും പ്രതിലോമശക്തികളുടെയും പ്രഭവകേന്ദ്രമായി ദീർഘകാലം തുടർന്നുകൊളളും. 
 • കേരളം കൈവിടുന്നതോടെ സിപിഎം ദേശീയതലത്തിൽ തീർത്തും അപ്രസക്തമാവുകയും ചെയ്യും.

കാനവും ചെന്നിത്തലയും അങ്ങനെ മോഹങ്ങൾ കണ്ടുകൊള്ളട്ടെ.  തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് മറക്കാതിരുന്നാൽ നല്ലതെന്നു മാത്രം.


(ലേഖകൻ ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)No comments: