Channankara Jayaprakash :: എപ്പോഴും നീയൊരു സല്ലാപശല്യക്കാരിയാണ്

Views:


(ശ്രീ രജി ചന്ദ്രശേഖര്‍ സാറിന്‍റെ പ്രാണദാഹം എന്ന കവിതയ്ക്ക് ഒരാസ്വാദനം)

നിദ്രാവിഹീന രാത്രികളില്‍ അവള്‍ പതിയെ അടിവെച്ചടുക്കുന്നു.  തന്‍റെ  മനസ്സിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു കുടിയേറുന്നു.

അവളെനിയ്ക്ക് ആരാണ്?  അറിയാന്‍ ശ്രമിച്ചിട്ട് ദുരൂഹമായി തുടരുന്ന പ്രഹേളികയാണവള്‍.  അവളെ ഞാന്‍ എന്തു വിളിയ്ക്കും?  നീ എന്തായാലും എന്നില്‍ തേനും വയമ്പും ചാലിച്ചു നല്‍കുന്നവള്‍.  നിന്നിലൂടെ ഞാനെന്‍റെ അസ്ഥിത്വം അറിയുന്നു.  നീ അറിവിലുമേറി അറിയുന്നവളാണ്.

വാക്കുകളിലൂടെ ഉമ്മവച്ച് എന്നെ ഉന്മാദത്തിന്‍റെ സീമാതീതാനന്ദത്തില്‍ ആറാടിക്കുന്നവള്‍ നീ തന്നെ.  നിന്നിലൂടെ കാലം ഒരു കളിവഞ്ചിയിലൂടെ യാത്രയാകുന്നു.  മനസ്സില്‍ ഊഞ്ഞാലുകെട്ടി ആകാശം മുട്ടെ ആടിത്തിമിര്‍ക്കുന്ന പ്രാണപ്രേയസിയാണ് നീ.

നിന്‍റെ പ്രയാണം എന്നെ മത്തു പിടിപ്പിക്കുന്നു.  നമ്മള്‍ ഒരിയ്ക്കലും പിരിയുന്നില്ല.  അനന്തമായ പ്രപഞ്ചം പോലെ മരണാനന്തരവും നമ്മള്‍ ജീവിക്കുന്നു.  നീ തന്നെ ഭക്തിയും രതിയും നിര്‍വ്വാണവും.  സകല ചരാചരങ്ങളും നിന്നില്‍ ശരണം പ്രാപിക്കുന്നു.  വ്യര്‍ത്ഥമായ ചിന്തകളുടെ കുത്തൊഴുക്കില്‍ നീ ഞെരിഞ്ഞമരുന്നതും ഞാന്‍ അനുഭവിക്കുന്നു.

പുതിയൊരു പാഠഭേദം പോലെ നിന്നിലെ ജൈവകല പ്രസരിക്കുന്നു.  നീ എല്ലാമാണെന്ന ചിന്ത പാതിമയക്കത്തിലും സുഷുപ്തിയിലും എന്നെ പുണരുന്നു.  എപ്പോഴും നീയൊരു സല്ലാപശല്യക്കാരിയാണ്.  എന്‍റെ ഉറക്കത്തെ കെടുത്തി നിലാവെളിച്ചമായി പേനത്തുമ്പിലൂടെ ചകലാസ്സില്‍ വാര്‍ന്നൊഴുകുമ്പോള്‍ ഞാന്‍ മരിയ്ക്കുകയാണ്.

എന്‍റെ ശരീരത്തെ തൊട്ടുരുമ്മി നീ പതിയെ ചുംബിക്കുന്നത് ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.  പകുതി ജീവിച്ചു കഴിഞ്ഞ ജീവിതത്തിന്‍റെ അര്‍ത്ഥതലങ്ങളെ പുതിയൊരു മട്ടില്‍ ചികഞ്ഞു നോക്കുകയാണ്.  ധന്യമാണോ എന്നൊരു വിശകലനം അസാധ്യമാക്കിക്കൊണ്ട് ആയുസ്സ് നീളുകയാണ് പായ്ക്കപ്പല്‍പോലെ.

ഭൂതകാല സ്മരണ എന്നില്‍ കൊള്ളിയാന്‍ പോലെ വരുന്നു.  നീ വരുന്നതും പോകുന്നതും അതിജീവനത്തിന്‍റെ കണ്ണടയിലൂടെ ഞാന്‍ ദര്‍ശിക്കുന്നു.

നീ രാധയാണെങ്കില്‍ ഞാന്‍ കണ്ണനാണ്.  എന്‍റെ മുറിയിപ്പോള്‍ വൃന്ദാവനമാണ്.  ഞാന്‍ വെണ്ണ ചോരാത്ത കണ്ണനാണെങ്കിലും നിന്‍റെ ഹൃദയം കവര്‍ന്ന കാമുകനാണ്.  നമ്മള്‍ വേര്‍പിരിയാതെ ചിരംജീവികളായി മാറുന്നവരാണ്.

കുട്ടിക്കളിമ്പം മനസ്സിനെ പച്ചപ്പാക്കുന്നു.  കുട്ടികള്‍ കളിമട്ടു മാറി ആര്‍ത്തിരമ്പുമ്പോള്‍ എന്തൊരു ഉന്മാദാവസ്ഥയിലാണ് എന്നു ഞാന്‍ ചിന്തിക്കുന്നു.  ധ്യാന നിമഗ്നനായിരുന്നപ്പോള്‍ വെളിപാടുണ്ടായ അനുഭവം.

ഉറക്കം കുറവെന്ന് രാവിനെ പഴിക്കുന്ന പതിവ് ഞാനിപ്പോഴും തുടരുന്നു.  പരിചയം , സ്‌നേഹം, സൗഹൃദം ഇത്യാദി ഗുണങ്ങള്‍ വിലപേശുന്നത് ഞാനറിയുന്നു.

നിന്‍റെ സൗമ്യമായ മുഖം എന്‍റെ കണ്ണാടിയാകുന്നു.  ഞാനെന്താണ് ചെയ്യേണ്ടത്?  ഈ ലോകം മായയാകുന്നു.  ഞാനപ്പോള്‍ മായാമനുഷ്യനാവണം.  എന്‍റെ കാഴ്ച പോലും അന്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു.

കാപട്യവും ചതിയും അരങ്ങു തകര്‍ക്കുന്ന ലോകത്തില്‍ ഞാന്‍ ഒരു പമ്പരവുമായി നല്‍ക്കുന്ന കുട്ടിയാണ്.  കപടലോകം എന്‍റെ പ്രാണന് വിലപേശുന്നു.  എന്നാലും നീ എന്നെ സ്‌നേഹിച്ചു കൊല്ലുക.

നീ എന്‍റെ കവനമാകുന്ന ഭ്രാന്തിപ്പെണ്ണ്.






No comments: