Sidheek Subair :: പ്രണയാനന്ദം

Views:

വര :: Nisha N M

പ്രണയാനന്ദം


ഉറവകൾ വറ്റാത്തൊ-
          രനുരാഗ ലഹരിയായ്,
ഉയിരിനുമുയിരായെ-
          ന്നുയിരിടം കാത്തവൾ...

കടമിഴി ഖനികളി-
          ലാഴമാമൂർജമായ്,
കലഹ കാലങ്ങളിൽ
          കരളകം വാണവൾ...

അകലങ്ങളിലലയാതെ-
          യലയാഴി പോലെ,
അരികിലായ് തിരകളായ്
          ചേർന്നങ്ങു നിന്നോൾ...

കവിതകൾ പൂക്കുന്ന
          കനലാളും ചില്ലയിൽ,
കവിയും കനിവിന്‍റെ
          പൂക്കളായ് പൂത്തോൾ...

മഴനീരായി മൊഴിമായം
          കലരാതെയെന്നും,
മുകിൽ മിന്നൽ പുഞ്ചിരി-
          ച്ചാന്തൊന്നു തൊട്ടോൾ...

വിഷുക്കിളി പാടുന്ന
          താളവും മേളവും,
വിരുതുകൾ വീശുന്ന
          ശലഭമായാടിയോൾ...

ഒരു നാളുമൊടുങ്ങാതെ
          ദാഹവും മോഹവും,
ഒരുമനമൊരുമയു-
          മൊരുമിച്ചൊരുക്കിയോൾ...

അവളാണെൻ ജീവിത-
          ചാരുത ധന്യത,
അവളാണെന്നാനന്ദ-
          പ്രണയ പ്രവാഹം...




1 comment:

Raji Chandrasekhar said...

വര ഗംഭീരം. കൊതിച്ചു പോകുന്ന ക്ഷീണഭാവം. ചുരുട്ടി വച്ചിരിക്കുന്ന പായ. പ്രണയാനന്ദം കവിത...