Raju.Kanhirangad :: ആസ്വാദനം :: വാക്കുകളുടെ വരമ്പിലൂടെ

Views:രജി മാഷ്, മലയാളമാസികയുടെ പത്രാധിപര്‍ മാത്രമല്ല, കവിത്വ സിദ്ധിയുള്ള കവി കൂടിയാണ്. അദ്ദേഹത്തിന്‍റെ വയൽക്കാറ്റു കൊള്ളാം എന്ന കവിതയില്‍ കൊണ്ടറിഞ്ഞ ചില കാര്യങ്ങള്‍ കുറിച്ചു വയ്ക്കട്ടെ.

മാനുഷിക മൂല്യ നിരാസത്തിന്‍റെ ഒരു കെട്ടകാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനെതിരെ അതിശക്തമായി ഇടപെടേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ ഒരു എഴുത്തുകാരന് എങ്ങനെ മൗനം പാലിക്കുവാൻ കഴിയും. പ്രത്യയശാസ്ത്രപരമായി മൗനം വെടിഞ്ഞ് ഇടപെടേണ്ട കാലത്ത് മൗനം മാത്രം വിളഞ്ഞു നിൽക്കുമ്പോൾ എഴുത്തുകാരന് പ്രത്യാശകൾ ൽകുന്ന വാക്കുകളും, വർത്തമാനങ്ങളും പങ്കുവെയ്ക്കാതിരിക്കുവാൻ കഴിയില്ല. 

ആത്മവിശ്വാസങ്ങൾ സന്നിവേശിപ്പിക്കുക എന്നത് ഒരു വലിയ കടമ്പ തന്നെയാണ്. ഒരു കവിത താനെഴുതുന്നതിലൂടെ ഒരു നിയമവാഴ്ചയേയോ, ലോകത്തേയോ മാറ്റിമറിക്കുവാൻ കഴിയുമെന്നു കരുതുന്നില്ല. എന്നാൽ ഒരു കാര്യമുണ്ട് തന്റെ എഴുത്തുകൾ വായിച്ച് ആർക്കെങ്കിലും ഒരു മനംമാറ്റം അല്ലെങ്കിൽ ഒന്നു ചിന്തിക്കാൻ വേണ്ടി തഞ്ചിനിൽക്കുന്നുവെങ്കിൽ അതുതന്നെ ഏറ്റവും സാർത്ഥകമാകുന്നു. "അണ്ണാരക്കണ്ണനും തന്നാലായത് " - എന്നതുപോലെ. 

പലപ്പോഴും ഒരു മണിക്കൂർ നേരത്തെ പ്രസംഗത്തിനേക്കാൾ ചിന്താശക്തിയിലേക്ക് ആഴ്ന്നിറങ്ങാൻ നാലുവരിക്കവിതയ്ക്ക് സാധിക്കും എന്നത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നന്മയുടെ ഉറവ തീർത്തും വറ്റിയിട്ടില്ലെന്നും സ്നേഹത്തിന്‍റെ തെന്നൽ നമുക്ക് ചുറ്റും തത്തിക്കളിക്കു
ന്നുണ്ടെന്നും എന്നാൽ അത് സത്യമാണോയെന്ന് സംശയിച്ച് ഭയപ്പെട്ടു നിൽക്കുന്നത് കാണുമ്പോഴാണ്  കവി പറയുന്നത്

"ഞരമ്പും തുളച്ചുള്ളിലാഴുന്നതല്ല,
തുരുമ്പിച്ച പാഴൊച്ച പാടുന്നതല്ല,
കലമ്പുന്ന കാമക്കിലുക്കങ്ങളല്ല,
പുലമ്പുന്ന ഭ്രാന്തിൻ കലിപ്പേച്ചുമല്ല "

കവിക്ക് പറഞ്ഞു കൊണ്ടിരിക്കയല്ലാതെ നിവൃത്തിയില്ല.

ഒരു രാഷ്ട്രീയ ജാഗ്രത, മാനുഷീക മൂല്യങ്ങളാണ് എല്ലാറ്റിനെക്കാളും വലുത് എന്ന് അടിവരയിട്ടു പറയുവാനും ഒരു സുരക്ഷിതത്വം തീർക്കുവാനുമുള്ള തത്രപ്പാടും നമുക്ക് ദർശിക്കാം.

ഏതു നിസ്സഹായവസ്ഥയിലും പ്രത്യാശ നൽകുന്ന വർത്തമാനങ്ങളിലൂടെ ഉപദേശങ്ങളിലൂടെ നമ്മെ മുന്നിൽ നടത്തിക്കുവാനുള്ള ഒരു രക്ഷിതാവിന്‍റെ
ജോലിയും കവി ഏറ്റെടുക്കുന്നതു നോക്കൂ

"കരൾക്കാമ്പിലേതോ വിതപ്പാട്ടു മൂളി
കരക്കാറ്റു തേടും തിരക്കോളുപോലെ,
കരയ്ക്കെത്തുമോയെന്നു ശങ്കിച്ചു വാടി-
ത്തിരിഞ്ഞാലുമില്ലേ കിനാവിന്റെ നാളം."

ആ കിനാവിന്‍റെ നാളമാണ് നമുക്ക് മുന്നോട്ട് നീങ്ങുവാനുള്ള ഒരാവേശം ഉണ്ടാക്കുന്നത്. എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും പലതും നേടാനുണ്ടെന്നും ഉള്ള ഒരുണർവ് ഉള്ളിൽ ഉണർത്തുന്ന വാക്കുകളല്ലാതെ ഒരു കവി മറ്റെന്താണ് ചെയ്യേണ്ടത്.

സമൂഹത്തിൽ നിന്ന് മാറി നിന്നുകൊണ്ട് ഒരു കവിക്കും മുന്നോട്ടു പോകുവാൻ കഴിയില്ല. കവിത എഴുതിയതു കൊണ്ട് മാത്രം കവിയുടെ കടമ തീരുന്നില്ല. സമൂഹത്തോടൊപ്പം കവിയും നടക്കേണ്ടതുണ്ട്. നമ്മുടെ ജീവിത പരിസരങ്ങളെ
ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്.

ജീവിതം തന്നെയാണ് സാഹിത്യം. ആ ജീവിതത്തെ സാഹിത്യത്തിലൂടെ പുനരാവിഷ്കരിക്കയാണ് കവികൾ ചെയ്തു കൊണ്ടിരിക്കുന്നത്. അനുഭവരാഹിത്യമാണ് ഇന്ന് പലരിലും അനുഭവപ്പെടുന്ന കാഴ്ച. പരസ്പരം ബന്ധമില്ലാതെ മതിൽക്കെട്ടിനകത്ത് ജീവിക്കുമ്പോൾ സഹജീവികളെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ അറിയാതെ സ്വയം ഇങ്ങനെ ജീവിച്ചു പോകയാണ്.

എന്നാൽ ഇവിടെ ഇതാ ഒരു കവി ജീവിതത്തെ വരച്ചിടുന്നു. അനുഭവ
ത്തിന്‍റെ തീച്ചൂളയിൽ നിന്നു കൊണ്ടു തന്നെ വാക്കുകളുടെ വരമ്പിലൂടെ സ്നേഹത്തെ തൊട്ടെടുക്കാൻ

"വരൂ, നിന്‍റെ മാണിക്യവീണാവരങ്ങൾ
തരൂ സാന്ദ്രഭാവം പകർന്നാടി മീട്ടാം.
കരിമ്പിന്‍റെ മാധുര്യമോലുന്ന വാക്കിൻ
വരമ്പത്തൊരൽപം വയൽക്കാറ്റു കൊള്ളാം.''

പ്രണയത്തിന്‍റെ, സ്നേഹത്തിന്‍റെ, കൂട്ടായ്മയുടെ വരമ്പത്തു നിന്ന് സമാധാനത്തിന്‍റെ വയൽക്കാറ്റു കൊള്ളുവാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എല്ലാ ആശങ്കകളും മാറ്റി വരൂ. ജീവിതത്തിൽ
അല്പനേരം നമുക്ക് ആശകളെ, അനന്തവിഹായസ്സിലേക്ക് പറത്തി വിടാം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കയാണ് കവി. 

ഏതാനും വരികളുടെ ഒരു വായനാനുഭവം പങ്കുവെയ്ക്കുക മാത്രമാണ് ഞാൻ. അതല്ലാതെ അതിനപ്പുറം വിലയിരുത്തുവാനുള്ള അറിവോ, അനുഭവസമ്പത്തോ എനിക്കില്ല.


സസ്നേഹം
രാജു.കാഞ്ഞിരങ്ങാട്

വായന
No comments: