Leelamony Amma V K :: ശ്രദ്ധാഞ്ജലി

Views:


ഉണ്ടായിരുന്നു  ഒരാൾ, പണ്ടൊരു മഹായോഗി
മാനവമൈത്രിക്കായി സര്‍വവും ത്യജിച്ചവന്‍.
നൂറ്റാണ്ടുമുമ്പേയൊരു, ഒക്ടോബർ ‍രണ്ടാംദിനം,
ജാതനായ് കൃശഗാത്രന്‍ ആര്‍ഷമാതാവിന്‍ മകന്‍!

വന്മഹാമേരുപോലെ ഉറച്ച മനസ്സുള്ളോൻ നിസ്തുലസത്യാന്വേഷി!
സ്നേഹത്തിന്‍സത്യരൂപി കേവലജ്ഞാനമൂർത്തി!
ഉത്തുംഗതപോധനന്‍, ഉണ്മതന്‍ പരംപൊരുള്‍!
പൂരിച്ച ദയാവായ്പിന്‍ നിധികുംഭങ്ങൾ നിറച്ചവന്‍!

ധര്‍മ്മസൂക്തങ്ങള്‍ പാടി, വിദേശപ്പിശാചിന്‍റെ
ഹർമ്മ്യങ്ങള്‍ കടന്നെത്തി ദുര്‍മ്മദമകറ്റിയോന്‍!
ഈ ഭൗമഗോളം ചുറ്റി, മൈത്രിതന്‍ പ്രഭാപൂരം
മാനവഹൃദന്തത്തിൽത്തെളിച്ച യുഗാചാര്യന്‍!

കാണുവാനേറെക്കൊതിയങ്ങയെ,യതിമോഹം
പോരേണ്ടാ, പോന്നാലങ്ങു മനംപൊട്ടി മരിച്ചേക്കാം.
പറയാനുണ്ടേറെക്കാര്യമങ്ങയാേടെനിക്കേറ്റം,
ദുഃഖസങ്കുലമാകും ദുരിതക്കഥമാത്രം.

നൂറ്റാണ്ടു കടന്നുപാേയ്, നൂറു കോടിയും കടന്നേപാേയ്,
നൂറായി നുറുങ്ങിപ്പാേയങ്ങതന്നഭിലാഷം.
പിറന്നതില്ലപിന്നെയാരും മാനവനായി മണ്ണില്‍
അങ്ങേക്കുശേഷം ഭൂവില്‍ പിറക്കുകില്ലയിനി !

അങ്ങതന്‍ പിന്‍ഗാമികള്‍; ചാേരക്കാെതിപൂണ്ടവര്‍
പാെട്ടുന്ന പന്തും തോക്കും കളിക്കാേപ്പാക്കുന്നവര്‍!
നാള്‍താേറും നടുക്കുന്ന നാട്ടരങ്ങുണര്‍ത്തുവാേര്‍
നാശത്തിന്‍വിത്തു പാകി,  നാടാകെ മുടിപ്പവര്‍!

നാടാകെപ്പെറ്റമ്മയ്ക്കായ് സദനം പണിയുവാേര്‍
നാല്‍ക്കവലകൾതാേറും നാറ്റങ്ങള്‍ വിളമ്പുവോർ !.
നാടിനെയൊറ്റിവച്ചു പത്തിന്‍റെ പുത്തന്‍ വാങ്ങി,
മറുനാടന്‍മാളത്തില്‍ സൂക്ഷിക്കും നാഗത്താന്‍മാര്‍ !

നാവിനു വഴങ്ങാത്ത ഭാഷ്യങ്ങള്‍ പറയുവാേര്‍
നായ്പാേലും നാണിക്കുന്ന ഭൂഷകളണിയുവാേര്‍
പശി തീര്‍ക്കാനന്യന്‍റെ കരള്‍ മാന്തിത്തിന്നുവാേര്‍
ദാഹശമനത്തിന്നു ചുടുചാേര കുടിപ്പവര്‍!.

രാമരാജ്യത്തെയിന്നു  രാവണരാജ്യമാക്കി,
സീതമാരെല്ലാമിന്നു വാണിഭക്കുരുക്കിലായ്
എപ്പാേഴും കേള്‍ക്കാമാേരാേരാേ വിവാദങ്ങള്‍
അല്ലയോ പിതാമഹാ! പാെറുക്കൂ വൈരുദ്ധ്യങ്ങള്‍.

കേള്‍ക്കാറുണ്ടെന്നും ഞാനാ മെതിയടിശ്ശബ്ദം കാതില്‍
നാള്‍താേറും മിടിക്കുമെന്‍ ഹൃദയത്തുടിക്കാെപ്പം.
കാണാറുണ്ടെന്നും ഞാനാ പാദപതനത്തിന്‍ നിഴല്‍
തുടരുകയാണങ്ങു തെളിച്ചതാം സത്യധര്‍മ്മത്തിന്‍ പാത.

അര്‍പ്പിപ്പൂ മഹാത്മാവേ! പാദാരവിന്ദങ്ങളില്‍,
സ്വീകരിച്ചാലുമീയേഴതന്‍ ശ്രദ്ധാഞ്ജലി!
അങ്ങേക്കു നല്‍കാന്‍ മറ്റൊന്നുമില്ലെന്‍ കൈയിൽ
കെടാതെ സൂക്ഷിപ്പൂ ഞാനങ്ങുത,ന്നഹിംസാതത്ത്വം!
No comments: