Anu P Nair :: തിരുവനന്തപുരം ജില്ലയില് നീ പഠിപ്പിക്കാത്ത സ്കൂളുകള് ഇനി ഉണ്ടോ ?

Views:

കാട്ടുവിളയിലെ ആസ്ഥാന CCTV ക്യാമറയുടെ ചോദ്യമാണ് .

CCTV ക്യാമറകൾ സാധാരണ ഉത്തരം തരാറാണ് പതിവ് . പക്ഷേ എന്‍റെ നാട്ടിലെ CCTV ക്യാമറകൾ ചോദ്യം ചോദിക്കും ഉപദേശിക്കും . ഇത് കാട്ടുവിള ജംങ്ഷൻ ഡാ !!

എന്‍റെ ഗതികേടിന് ചില ദിവസം വണ്ടി എടുക്കാൻ പറ്റില്ല . പ്രത്യേകിച്ചും ദൂരെയൊക്കെ പോകുമ്പോൾ. കാട്ടുവിള ജംങ്ഷനിൽ ചെന്ന് ബസ് കയറേണ്ടി വരും . വീട്ടിൽ നിന്നിറങ്ങുമ്പോ തൊട്ട് നമ്മള് CCTV ടെ റേഞ്ചി വരും

CCTV ഒന്ന് - ഇന്ന് വണ്ടി എടുത്തില്ലേഡേ ?

ഇനി വേറെ ചില CCTV കളുണ്ട് . ബസ്സിന്‍റെ സമയം അറിയാത്തോണ്ട് അടുത്ത ബസ്സ് എപ്പോഴാ എന്നെങ്ങാനും ചോദിച്ചു പോയാ !! നമ്മുടെ കാര്യത്തി തീരുമാനമായി .

''നീ ഈ നാട്ടിലല്ലേടാ ജീവിക്കുന്നത് . ഇങ്ങനെ വീട്ടിൽ തന്നെ ഇരുന്നാ ഭ്രാന്തു വരില്ലേ ? നാലിനും മൂന്നിനും ഇറങ്ങാതെ എന്ത് മനുഷ്യനാഡാ ?''
അതോടെ നമ്മടെ അന്നത്തെ ദിവസം പോയി .

അന്ന് ഞാൻ കിളിമാനൂർ GHSS ൽ ഗസ്റ്റ് ടീച്ചേഴ്സിന്‍റെ ഇന്‍റർവ്യൂവിന് ഇറങ്ങിയതായിരുന്നു . അപ്പോഴാണ് കൈയ്യിൽ ചില്ലറയില്ലല്ലോ എന്ന കാര്യം ഓർത്തത് . സ്ഥലത്തെ പ്രധാന സൂപ്പർ മാർക്കറ്റിലേക്ക് കയറി ചെന്ന എന്നെ ഒരു CCTV ക്യാമറ പൊക്കി .

'' എവിടെ പോണടെ ?'' എന്ന് ചോദ്യം

കിളിമാനൂരോട്ടണ്ണാ എന്ന് ഞാൻ .

''എന്തിനെടെ ''

ഇന്റർവ്യൂവിനെന്ന് പറയാതെ ഞാൻ പറഞ്ഞു
'' ഗസ്റ്റ് ടീച്ചേഴ്സിനൊരു ട്രെയിനിങ് ഉണ്ട് , കിളിമാനൂർ സ്കൂളിൽ വച്ച് ''

അപ്പോഴാണ് ആ CCTV അണ്ണൻ ഈ കുറിപ്പിനാധാരമായ ചോദ്യം ചോദിച്ചത് .

പരമ്പരാഗതമായി CCTV പണി ചെയ്യുന്ന ആ വിഢി എന്നെ പരിഹസിക്കുക എന്ന നാട്ടുവഴക്കമനുസരിച്ചാണ് ഇത് ചോദിച്ചത് .

പക്ഷേ ഇയാളുടെ പ്രശ്നം മറ്റൊന്നാണ് . ഗസ്റ്റ് അധ്യാപകർ എന്ന ഒരു വിഭാഗത്തെ നമ്മുടെ ചങ്കിനത്ര പരിചയം പോര . എയിഡഡ് സ്കൂളുകളോ അൺ എയ്ഡഡ് സ്കൂളുകളോ ആണ് പുള്ളിക്ക് പരിചയം . ഒരു എയ്ഡഡിൽ കാശു കൊടുത്ത്  കേറിയാൽ പിന്നെ ആജീവനാന്തം ഒരു ട്രാൻസ്ഫർ പോലുമില്ലാതെ അവിടെ കഴിയാം . അങ്ങനെ കഴിയുന്ന അധ്യാപകരെ കണ്ടു ശീലിച്ചു പോയി .

അപ്പോൾ ട്രാൻസ്ഫർ ആയി ടീച്ചർമാർ പോകുമെന്നും പകരം ആളെത്താൻ വൈകുമെന്നും മനസ്സിലാവില്ല . ആ വേക്കൻസിയിൽ പ്രവേശിക്കുന്ന ഗസ്റ്റ് അധ്യാപകൻ പകരം ആളു വരുമ്പോ മാറി കൊടുക്കണം എന്നും CCTV യ്ക്ക് അറിയില്ല .

ഉള്ളി പൊതിഞ്ഞു കൊടുത്ത് മാധവൻ ഏതോ യന്ത്രമായി മാറിപ്പോയി എന്ന് സുഗുണൻ പറഞ്ഞു !!

ഇവിടെ പിന്നെ പുള്ളിക്ക് പറ്റിയ രണ്ടാമത്തെ തെറ്റ്. ഞാനതുവരെ ആകെ പഠിപ്പിച്ചിട്ടുള്ളത് ഞെക്കാട് GHSS ലും പള്ളിക്കൽ GHSS ലും ആണ് എന്ന് അറിഞ്ഞില്ല എന്നാണ് (പൊട്ടക്കുളത്തിലെ തവള ഈ രണ്ട് സ്കൂളേ തിരുവനന്തപുരം ജില്ലയിൽ ഉള്ളു എന്ന് കരുതിയോ ? )

മനുഷ്യന് ഒരു സ്വഭാവമുണ്ട് അവൻ അവനെക്കുറിച്ച് മാത്രമേ കൃത്യത ആഗ്രഹിക്കുന്നുള്ളു എന്നതാണ് . മറ്റുള്ളവരെക്കുറിച്ച് എന്ത് വിവരക്കേടും എഴുന്നള്ളിക്കാം .

പിന്നെ താൻ ചെയ്യുന്നത് മാത്രം ശരി . ഉള്ളി പൊതിയലിനേക്കാൾ മികച്ച പണിയാണ് അധ്യാപനം . തസ്തിക സ്ഥിരമായാലും താത്ക്കാലികമായാലും . പോസ്റ്റ് അപ്രൂവ് ആയാലും ഇല്ലെങ്കിലും . അതിനി ട്യൂഷൻ സെന്‍ററിലായാലും .

പത്തു വർഷം മുൻപ് താൻ പൊതിഞ്ഞു തന്ന ഉള്ളി നന്നായിരിക്കുന്നു എന്ന് ആരും ഒരു പലചരക്കു കടക്കാരനോട് പറയില്ല . പക്ഷേ പറഞ്ഞിട്ടുണ്ട് ചങ്കേ...

''പത്ത് വർഷം മുൻപ് സാർ പറഞ്ഞ് തന്ന മാക്ബത്തിന്‍റെ കഥ ഞാനിപ്പോഴും ഓർക്കുന്നുവെന്ന്''

ഇത് എന്നോടൊരു വിദ്യാർത്ഥിനി ട്രെയിനിൽ വച്ച് കണ്ടപ്പോ പറഞ്ഞതാ .
ഞാനവളെ പഠിപ്പിച്ചത് ട്യൂഷൻ സെന്‍ററിലാ .

അതാണ് അധ്യാപനത്തിന്‍റെ ശക്തി .

--- നെല്ലിമരച്ചോട്ടില്‍No comments: