Anu P Nair :: രമ്യാ ഹരിദാസും സക്കൻ ബർഗും പിന്നെ ഞാനും !

Views:


എന്‍റെയൊരു ലെവല് ഒന്ന് വേറെ തന്നെയാണ് . അല്ലെങ്കിൽ ഇങ്ങനെയൊക്കെ ഞാൻ ചിന്തിക്കുമോ ? തല തിരിഞ്ഞവനെന്നോ കിറുക്കനെന്നോ നിങ്ങൾ എന്നെ വിളിച്ചേക്കാം. പക്ഷേ ചിന്ത, ചിന്ത തന്നെയാണ്. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും നിലനിൽക്കുന്നു . പൊങ്കാലയിടാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുമുണ്ട്. തയ്യാറായിക്കോളൂ .

എന്നെ അലട്ടുന്ന ചിന്ത ഇതാണ്
രമ്യാ ഹരിദാസിനും മാക് സക്കൻബർഗിനും എനിക്കും ഒരേ പ്രായമാണ്. പക്ഷേ രമ്യ ആലത്തൂർ എം പി, മാക് സക്കൻബർഗ്  ശതകോടീശ്വരൻ. ഞാൻ ഞാൻ മാത്രം ഒന്നിനും കൊള്ളാത്ത ദരിദ്ര നാരായണൻ. അതെന്താ അങ്ങനെ ?
ഈ ചിന്ത ഒരിക്കൽ ഞാൻ നമ്മടെ ഫ്രണ്ട്സിന്‍റെ ഗ്രൂപ്പിൽ പങ്കുവച്ചു. ഒരു ചങ്കത്തി എന്നെ പൊങ്കാലയിട്ടു .

അവള് ചോദിക്കുവാ
''നരേന്ദ്ര മോദിക്കും എന്‍റെ അഛനും ഒരേ പ്രായാ. പക്ഷേ അഛൻ പ്രധാനമന്ത്രിയായില്ലല്ലോ ''
- ഡിയർ ചങ്കത്തീ, യൂ ആർ ഏ ബ്ലഡീ ഫൂൾ !!

സംഗതി നമ്മളല്പം ഗൗരവമായി ചിന്തിക്കേണ്ടതാണ് .
എന്തുകൊണ്ടാണ് ചില മനുഷ്യർ മാത്രം അവരവരുടേതായ ചില അടയാളങ്ങൾ ഭൂമിയിൽ ഉപേക്ഷിച്ചു പോകുന്നത് . ഈ ഭൂമിയിലെ ബഹുഭൂരിപക്ഷത്തിനും അതിന് സാധിക്കാത്തത് എന്തുകൊണ്ടാണ് ? 
ചങ്കത്തിയോട് ചോദിച്ചാ ഉത്തരം കിട്ടും
''എന്‍റെ അടയാളം ഒന്ന് തൊട്ടിലിൽ കിടക്കുന്നു, മറ്റേത് വയറ്റിലും''
കുട്ടികളെയാണ് ഉദ്ദേശിച്ചത് . മക്കൾ നമ്മുടെ അടയാളങ്ങളാണോ ? നാം മരിച്ചു കഴിഞ്ഞാൽ ദിവസത്തിൽ എത്ര പ്രാവശ്യം മക്കൾ നമ്മെ ഓർക്കും . മരണ ശേഷം ആദ്യവർഷം ഇടയ്ക്കിടെ ഓർക്കും . പിന്നെ വല്ലപ്പോഴും . ഇത് മക്കളുടെ കാര്യം . ചെറുമക്കൾ ഓർക്കുമോ വല്ലപ്പോഴുമെങ്കിലും ?
മക്കൾ ശാശ്വതമായ അടയാളമല്ല .
അവർ പോലും ഓർക്കുന്ന രീതിയിൽ നാം അടയാളപ്പെടുത്തണം. മാട്ടുപ്പെട്ടി മച്ചാൻ സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ പറയും പോലെ  ''ലവന്‍റെ പിന്തുടർച്ചക്കാരൻ ലവനെ ഓർക്കണ്ടില്ലേ'' അതാണ് കാര്യം .

ജാതകദോഷം , ഭാഗ്യദോഷം പിന്നെ നൂറായിരം മറ്റ് ദോഷങ്ങൾ . സാധാരണക്കാരായ നാം പറയുന്ന കാരണങ്ങളാണ് . ''ഈ നൂറ് കൂട്ടം പ്രശ്നങ്ങൾക്കിടയിലാ അവന്‍റെയൊരു മാർക്ക്'' എന്നും കേൾക്കാറുണ്ട് .

സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് വെളിച്ചം വീശി ഭൂമിയിൽ തന്‍റെതായ അടയാളങ്ങൾ അവശേഷിപ്പിച്ച് കടന്നു പോയ എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടായിരുന്നു . പക്ഷേ നമ്മളെപ്പോലെ അവർ ഒഴിവുകിഴിവുകൾ പറഞ്ഞില്ല .
ചെയ്യുന്ന പ്രവൃത്തികളോട് അതിരുകടന്ന ആത്മാർത്ഥതയും അതിനുവേണ്ടി എന്തും തൃജിക്കാനുള്ള മനോഭാവവും അവർക്കുണ്ടായിരുന്നു.
നമ്മൾ അത് ചെയ്യാറില്ല . അതിനാൽ ലോക തോൽവിയായി ജീവിക്കുന്നു ...


--- നെല്ലിമരച്ചോട്ടില്‍



No comments: