Anu P Nair :: ഡി സി നോവൽ ക്യാംപ് 2019 @ തസ്രാക്ക്

Views:
ഈ കുറിപ്പ് കാണുമ്പോൾ മലയാളം മാസികയുടെ ചീഫ് എഡിറ്റർ രജി സാറിന്‍റെ മനസിൽ ഉള്ളത് ഞാൻ പറയാം . ആറിയ കഞ്ഞി പഴങ്കഞ്ഞി, അടി കൊണ്ട് അഞ്ചാം നാൾ മോങ്ങാനിറങ്ങിയവൻ എന്നൊക്കെ ആവും.

ഒക്ടോബർ 6, 7, 8 തീയതികളിൽ പാലക്കാട് തസ്രാക്കിൽ വച്ച് നടന്ന ഡിസി യുടെ നോവൽ ക്യാംപിനെ കുറിച്ച് ഒരു കുറിപ്പ് ഒക്ടോബർ 26 ന് കിട്ടിയാൽ ഏത് എഡിറ്ററും ഇങ്ങനൊക്കേ കരുതൂ. പക്ഷേ ഞാനൊരു എഴുത്തുകാരൻ മാത്രമല്ല ഒന്നാന്തരമൊരു മടിയൻ കൂടിയാണല്ലോ !!

അത് ചില ജാതകക്കാരുടെ പ്രശ്നം ആണെന്ന് ജ്യോതിഷപണ്ഡിതന്‍ കൂടിയായ രജി സാർ മനസ്സിലാക്കും എന്ന വിശ്വാസത്തിൽ എഴുതി തുടങ്ങട്ടെ...

കേരളത്തിലെ നമ്പർ 1 പ്രസാധകരായ ഡിസി ബുക്സ് മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ 'ഖസാക്കിന്‍റെ ഇതിഹാസ'-ത്തിന്‍റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച്  ഒരു നോവൽ ശില്പ്പശാല നടത്തുന്നു. ഈ പരസ്യം FB യിൽ കാണുന്നിടത്താണ് കഥ തുടങ്ങുന്നത്. ആഗസ്റ്റ് അവസാനമോ മറ്റോ ആണ്. അല്ലറച്ചില്ലറ പൊട്ടക്കഥയൊക്കെ എഴുതിയും മോശമില്ലാതെ വായിക്കുകയും ചെയ്യുന്ന എന്നെ ഈ പരസ്യം ആകർഷിച്ചു. ഒന്നുമില്ലേലും കുറേ എഴുത്തുകാരെ നേരിട്ട് കാണാമല്ലോ.

എന്തായാലും പോണം എന്ന് കരുതി പരസ്യം പിന്നേം നോക്കുമ്പോൾ അടുത്ത കെണി . 'നിങ്ങൾ എഴുതാനുദ്ദേശിക്കുന്ന നോവലിനെ കുറിച്ച് 2000 വാക്കിൽ കുറയാത്ത കുറിപ്പ് ' കൂടെ അപേക്ഷയോടൊപ്പം അയക്കണം. ദൈവമേ . എന്ത് ചെയ്യും.

നോവൽ എഴുതണം എന്നൊക്കെ കുറേ ആയി മനസ്സിൽ ഉണ്ട്. ടെക്നോപാർക്കിലെ തൊഴിൽ ജീവിതവുമായി ബന്ധപ്പെട്ട ഒരു കഥയും ഉണ്ട്. പക്ഷേ നോവലിന്‍റെ ഘടനയെക്കുറിച്ചും ആഖ്യാന സമ്പ്രദായത്തെക്കുറിച്ചും  2000 വാക്കിൽ എഴുതുക വെല്ലുവിളിയാണ്. നീ എഴുതണ്ട എന്ന ഉപദേശം പ്രതീക്ഷിച്ച് ശ്രീ രജി ചന്ദ്രശേഖർ സാർ. രാജേഷ് സാർ,  മുരളീ കൃഷ്ണൻ സാർ, നോവലിസ്റ്റായ സുധീശ് രാഘവ് എന്നിവരെ സമീപിച്ചു. എല്ലാവരും എന്നെ നിരാശപ്പെടുത്തി.

സുധീശ് സാറിന്‍റെയും രജി സാറിന്‍റെയും അന്വേഷണങ്ങൾ അധികമായപ്പോൾ എഴുതി. അവസാന തീയതിയ്ക്ക് ഒരാഴ്ച്ച മുൻപ് എഴുതി തീർത്തു. ഇനി DTP ചെയ്യിക്കണം. വർക്കല, മൈക്രോൺ കംപ്യൂട്ടേഴ്‌സിൽ എന്‍റെ ഒരു വിദ്യാർത്ഥിനി ജോലി ചെയ്യുന്നുണ്ട്. ആളെ ഏൽപ്പിച്ചപ്പോൾ ഒരു ദിവസത്തിനുള്ളിൽ സംഗതി ചെയ്തു തന്നു. (10 രൂപ ഒരു പേജിന് ഡിസ്കൗണ്ട് . ടീച്ചർമാരുടെ ഒരു വിലയേ !!)

പോസ്റ്റലായും മെയിൽ ആയും അയച്ചു. കാത്തിരുന്നു. ഒടുവിൽ ദാ ഒരു വൈകുന്നേരം DC യിൽ നിന്നും ശ്രീകുമാർ സാർ വിളിക്കുന്നു. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 20 ൽ ഒരാൾ ഞാൻ.

അങ്ങനെ അഞ്ചാം തീയതി ഉച്ചയ്ക്ക് കേരള എക്സ്പ്രസ്സിന്‍റെ ട8 ബോഗിയിൽ ഞാൻ കയറി. പാലക്കാട്ടേക്ക്. സീറ്റ് ബുക്ക് ചെയ്തിരുന്നതുകൊണ്ട് ഇരിക്കാൻ പറ്റി. പക്ഷേ അതിലെ തിരക്ക് അപാരമായിരുന്നു. ഇതിലും നല്ലത് ജനറൽ കംപാർട്ട്മെന്‍റായിരുന്നു. അങ്ങനെ വൈകിട്ട് ഏഴുമണി അടുപ്പിച്ച് പാലക്കാട് എത്തി.

പാലക്കാട്, ഞാൻ ആദ്യം കാൽ കുത്തുകയായിരുന്നു . പ്രകൃതി മനോഹരമായ പാലക്കാടൻ ഗ്രാമങ്ങളെക്കുറിച്ച് കേട്ട് കേട്ട് എന്നെങ്കിലും ഇവിടെ വരണം എന്ന് കരുതിയിരുന്നു. (VEO പരീക്ഷയ്ക്ക് പാലക്കാട് വച്ചതേ ഈ ഇഷ്ടം കൊണ്ടാ . അല്ലാണ്ട് competition പേടിച്ചല്ല ..!)

ശിക്ഷക് സദൻ. അവിടെയായിരുന്നു ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത്. അധ്യാപകരുടെ ക്ഷേമത്തിനായി ആരംഭിച്ചതാണ് ശിക്ഷക് സദനുകൾ. നല്ല റൂം. ഒരു റൂമിൽ രണ്ടു പേരായിരുന്നു. എന്‍റെ റൂം മേറ്റ് ജിതേഷ്. ഒരു ഹയർ സെക്കന്‍ററി അധ്യാപകനാണ് അദ്ദേഹം. ഇംഗ്ലീഷ് ആണ് വിഷയം .

ആറാം തീയതി രാവിലെ തന്നെ ശില്പ്പശാല നടക്കുന്ന തസ്രാക്കിലേക്ക് പോകാനുള്ള വണ്ടി വന്നു. തസ്രാക്കിലേക്ക് കുറച്ച് ദൂരമുണ്ട്. കിനാശ്ശേരി എന്ന പഞ്ചായത്തിലാണ് തസ്രാക്ക്. കണ്ണെത്താ ദൂരത്തോളം നെൽവയലുകൾ. പനകൾ. തസ്രാക്കിന്‍റെ നിശബ്ദതയെ കുറിച്ച് ഒ വി വിജയൻ സ്മാരകത്തിലെ ഒരു ജീവനക്കാരൻ പറഞ്ഞു 'ചിലപ്പോൾ ഇവിടിരുന്നാൽ ഭ്രാന്തു വരും . നിശബ്ദത അത്രത്തോളമുണ്ട്'

ക്യാംപിൽ തിരഞ്ഞെടുക്കപ്പെട്ടതിൽ പതിനാറു പേർ പങ്കെടുത്തു. പ്രശസ്ത മാധ്യമ പ്രവർത്തകനും നിരൂപകനുമായ Dr P K രാജശേഖരൻ സാറായിരുന്നു ക്യാംപ് ഡയറക്ടർ. മലയാള സാഹിത്യത്തെ മാത്രമല്ല വിശ്വസാഹിത്യത്തെ മുഴുവൻ അറിഞ്ഞ ഒരു വ്യക്തിയാണ് അദ്ദേഹം. നോവലുകൾ എങ്ങനെ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു തന്നു.

ആദ്യ ദിവസം ഡി സി യുടെ ചെയർമാൻ ശ്രീ രവി ഡി സി സാറും എത്തിയിരുന്നു. അദ്ദേഹത്തെ ഞാൻ നേരിൽ കാണുന്നത് 2013 ൽ. ഡി സി യിൽ സബ് എഡിറ്റേഴ്സിനെ തിരഞ്ഞെടുക്കാനുള്ള ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ പോയതായിരുന്നു ഞാൻ. ഒറ്റ നോട്ടത്തിൽ തന്നെ പുള്ളിക്ക് എന്നെ മനസ്സിലായി . 'അറിയിക്കാം.' എന്ന് പറഞ്ഞു. പബ്ലിക്കേഷൻ വ്യവസായത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ അറിവ് എത്ര ശക്തമാണെന്ന് അദ്ദേഹം ഞങ്ങളോട് സംസാരിച്ചപ്പോൾ അറിഞ്ഞു.

ബന്യാമിൻ, സി വി ബാലകൃഷ്ണൻ, ടി ഡി രാമകൃഷ്ണൻ, ജെ ആർ ഇന്ദുഗോപൻ എന്നീ എഴുത്തുകാരെ അടുത്ത് കാണാനും അവരോട് സംവദിക്കാനും കഴിഞ്ഞതാണ് ആ 3 ദിനങ്ങളുടെ വലിയ നേട്ടം. യഥാർത്ഥ ജീവിതാനുഭവങ്ങളെ ചിത്രീ കരിക്കുന്ന ആടുജീവിതം പോലും ഒരുപാട് ഗവേഷണങ്ങൾക്കു ശേഷം എഴുതിയതാണെന്ന ബ ന്യാമിന്‍റെ വാക്കുകൾ ഒരു തിരിച്ചറിവായിരുന്നു. ആടുവളർത്തലിനെ കുറിച്ച് പഠിക്കാൻ മാത്രം അദ്ദേഹം 15 പുസ്തകങ്ങൾ വായിച്ചിരുന്നുവത്രെ.

നോവലെഴുത്തും വായനയും, നിസ്സാരമല്ല എന്ന ബോധ്യം വന്നു. രാജശേഖരൻ സാർ പറഞ്ഞ പുസ്തകങ്ങളെല്ലാം കുറിച്ചെടുത്തു. മലയാളത്തിലേയും വിശ്വസാഹിത്യത്തിലെയും ക്ലാസ്സിക്കുകളാണ് ഒക്കെയും. എല്ലാം വാങ്ങി വായിക്കുമെന്ന് അവിടിരുന്നു തന്നെ ഉറപ്പിച്ചു.

പ്രിയ എഴുത്തുകാരൻ പ്രകാശ് മാരാഹി സാറിനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അദ്ദേഹം DC യുടെ ഒരു എഡിറ്ററാണ്  . പച്ചക്കുതിരയിൽ വന്ന അദ്ദേഹത്തിന്‍റെ കഥ ഒത്തിരി ഇഷ്ടമായിരുന്നു . പുള്ളിയോടൊപ്പം നിന്ന് ഒരു സെൽഫി ആഗ്രഹിച്ചിരുന്നു . അവസാനം തിരിച്ചു വരാനുള്ള തിരക്കിൽ മറന്നു പോയി.

ഡി സി യുടെ എഡിറ്റേഴ്സായ A V ശ്രീകുമാർ സാർ, രാമദാസ് സാർ എന്നിവർ ഈ മൂന്ന് ദിവസവും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു .

കൂടെ ഉണ്ടായിരുന്ന സഹപാഠികൾ (അങ്ങനെ പറയാമെന്ന് തോന്നുന്നു) എല്ലാവരും സമർത്ഥരായിരുന്നു. അറിവും മനുഷ്യത്വവും ഉള്ളവർ. നല്ല സൗഹൃദം വച്ചു നീട്ടിയവർ.

തസ്രാക്ക് എന്ന ഗ്രാമത്തെ ഒന്ന് അടുത്ത് ചെന്ന് കാണണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. അവിടുത്തെ ജീവിതം അറിയണം. ഭക്ഷണം രുചിക്കണം. ക്യാംപിൽ 3 ദിവസം കിട്ടിയ ഉച്ചയൂണിന്‍റെ രുചി നാവിൽ നിന്ന് വിട്ട് പോകുന്നില്ല.

അമാന്തക്കൊടിമരം

നോവൽ എഴുതണം എന്ന മോഹത്തിന് കിട്ടിയ ഒന്നാന്തരമൊരു വളക്കൂറുള്ള മണ്ണായിരുന്നു  ഈ ക്യംപ്. എഴുതണം. കൂടെ ഉണ്ടായിരുന്നവരൊക്കെ എഴുത്ത് തുടങ്ങി വളരെ മുന്നേറി. പക്ഷേ ഞാനൊരു അമാന്തക്കൊടിമരമാണ്.

പ്രിയപ്പെട്ട എഡിറ്റർ മടിയ്ക്ക് എന്തേലും മരുന്നുണ്ടോ ?


 


--- നെല്ലിമരച്ചോട്ടില്‍
-Anu P Nair
28-10-20191 comment:

Asha philip said...

അനു സർ നന്നായിട്ടുണ്ട് 😍ഞങ്ങളെ പറ്റി ഒക്കെ വിശദീകരിക്കാത്തതു ശെരി ആയില്ല എന്നാലും ഞങ്ങടെ ഒപ്പം ഒള്ള ഫോട്ടോ ഇട്ടിട്ടുണ്ടല്ലോ so മാപ്പ് തന്നിരിക്കുന്നു 😊പിന്നെ എല്ലാരും novel എഴുതി തീർന്നു എന്ന് വിചാരിക്കണ്ട ഞാൻ ഉണ്ട് അമാന്തകൊടിമരത്തിനു കൂട്ടായിട്ട്