Anil R Madhu :: നല്ലെഴുത്തിന്‍റെ വഴികള്‍

Views:

(ചെമ്പട്ടുടുക്കുമെന്‍ കാളീ... അവതാരിക)


മലയാളമാസിക ഓൺലൈൻ ഒരു പുസ്തകംപ്രസിദ്ധീകരിക്കുകയാണ്. എഴുത്തിന്‍റെ വേറിട്ട വഴികളിൽ കൂടി യാത്ര ചെയ്യുമ്പോള്‍, പുസ്തകവായനയിൽ നിന്നും വായനക്കാരൻ അകലുന്ന കാഴ്ച്ച കാണുന്നു, എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടിയെത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയെയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. ആ വായന ഗൗരവമുള്ളതും നമ്മുടേതുമാക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ, പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തക ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ, വിരലുകൾ ഒക്കെത്തന്നെ ആസ്വാദനതലങ്ങളെ നിയന്ത്രിക്കുന്ന വായന.  നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്തവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധിതമാക്കാൻ മലയാളമാസികക്കായി എന്നു കരുതുന്നു. എഴുത്തിനും വായനക്കും ഒരു പുത്തൻ പുസ്തക സുഗന്ധം തീർക്കുക കൂടിയായാലേ, വായന എല്ലാ തലത്തിലും പൂർണമാവുകയുമുള്ളു. അച്ചടിമഷി പുരളുന്ന എഴുത്തിലൂടെ വായനാസുഖം അനുഭവിക്കുന്നതിനാണ് ഈ പുസ്തകം.

'ഒരു കവിത, പല വായന' എന്നപേരിൽ ഒരു എഴുത്തു കൂട്ടായ്മയും വായനാ കൂട്ടായ്മയും രൂപീകരിക്കാൻ മലയാളമാസിക ഓൺലൈൻ തീരുമാനിച്ചു. മലയാള മാസികയുടെ ചീഫ് എഡിറ്ററായ ശ്രീ രജി ചന്ദ്രശേഖറിന്‍റെ ഒരു കവിതയ്ക്ക് രണ്ടു പേരെഴുതിയ ആസ്വാദനവുമായി ആദ്യ പുസ്തകം പുറത്തിറക്കുകയാണ്. 

മലയാളമാസിക ഓൺലൈൻ രണ്ട് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞ ഈ അവസരത്തിൽ ഒരു പുത്തൻ ചുവടുവയ്പ്പിന് സാധ്യമായി എന്നതിൽ ആനന്ദവും, അഭിമാനവുമുണ്ട്.

ഇവിടെ മൂന്ന് എഴുത്തുകാരെ പരിചയപ്പെടുത്തുകയാണ്.

കാവ്യം താളാത്മകവും, ആശയബദ്ധവും ആകണമെന്ന് ഉറപ്പിച്ച്, ചെറു കവിതകളെഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച, ശ്രീ രജി ചന്ദ്രശേഖർ, എഴുത്തു വഴികളിൽ പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക ഓൺലൈൻ, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും.

കവി മാത്രമല്ല നല്ലൊരു ആസ്വാദകനും കൂടിയാണെന്ന് അടയാളപ്പെടുത്തുന്ന സിദ്ധിഖ് സുബൈർ. കവിത എഴുത്തിനും വായനയ്ക്കും മാത്രമല്ല ആലാപനത്തിനും കൂടിയുള്ളതാണെന്നും, ആലാപനത്തിലൂടെ ശ്രോതാക്കളിൽ ഓളം സൃഷ്ടിക്കാൻ തനിക്കാവും എന്നും തെളിയിച്ചയാൾ. അധ്യാപകനാണ്, കവിയാണ്, നിരൂപകനാണ്. നല്ലെഴുത്തിന്‍റെ വഴികളിൽ ഇനിയെന്തുവേണം....

ഗദ്യം കവിതയാക്കുന്ന, ഭാവിയുടെ എഴുത്തുകാരിയാണ്, അശ്വതി പി എസ്. അധ്യാപിക, ചിത്രകാരി, കവിതയുടെ ചൊൽവടിവ് സ്വായത്തമാക്കിയ വായനക്കാരി. എഴുത്തിന്‍റെ ശക്തി നിങ്ങൾ തന്നെ വായിച്ചറിയുക.

സന്തോഷമാണ്, വേറിട്ട കാഴ്ചകൾ കാണുന്ന ഈ നിരൂപകരെ അവതരിപ്പിക്കുമ്പോൾ. കവിതയുടെ വായന എങ്ങനെയെന്ന് ബോധ്യപ്പെടുത്തുന്ന രണ്ടെഴുത്തുകൾ, സാഭിമാനം വായനക്കാരെ ഏൽപ്പിക്കുന്നു. വായിക്കാൻ, ആസ്വദിക്കാൻ.

പ്രിയമുള്ളവരേ, വരവേറ്റാലും ഇവരെ, വാനോളം ഉയരാൻ ഇവർക്ക് കരുത്താകുക. എഴുത്തിന്‍റെ നല്ലതും, എഴുത്തിൽ ഇനിയും വേണ്ടവയും കാട്ടി കരുത്തേകുക..





1 comment:

Aswathy P S said...

നല്ല അനുക്രമമായ എഴുത്ത്. തനതു വായന നല്ല പ്രയോഗം. വിശദീകരണവും ഹൃദ്യം ..... സാർ പറഞ്ഞ പോലെ വായനയ്ക്കിടയിൽ ചില വരികൾ എന്റെ പേന കൊണ്ട് എഴുതിയപോലെ... അഭിമാനം