Anil R Madhu :: മൂന്നു ഭാവങ്ങൾ - മൂന്നു കാലങ്ങൾ

Views:

കവിയും ലേഖകനും
മൂന്നു ഭാവങ്ങൾ - മൂന്നു കാലങ്ങൾ

കവിത അറിയുന്നത് അതിന്‍റെ ആസ്വാദനത്തിലൂടെയാണ്, ആസ്വാദനമാണ് ഒരു സൃഷ്ടിയെ നിലനിർത്തുന്നതും.

കവിയുടെ നിശ്ചയദാർഢ്യം തന്നെയാണ് കവിത. കരിഞ്ഞുണങ്ങിയാലും പ്രതീക്ഷയുടെ പുതുനാമ്പ് മുളക്കുമെന്നത് ജീവിതത്തിലും കാവ്യ ജീവിതത്തിലും നാം പുലർത്തണമെന്ന ഉദ്ബോധനം കൂടിയാണീ കവിത. കവിസഹജമായ ആർദ്രത കവിതയുടെയും മനസാകുകയാണിവിടെ.

കവിത കൽപ്പനയാണോ? ആണെങ്കിൽ അത് ശരിയാകുന്നതാണ് വയൽക്കാറ്റ് കൊള്ളാം എന്ന കവിത. അതോ കവിത നോവാണോ? എങ്കിൽ വയൽക്കാറ്റ് അതിനും ബലമേകും. വെറും കൽപ്പനയും നോവും ഉണ്ടെങ്കിലും കവിത പിറക്കില്ല. മനസ്സിൽ വിക്ഷോഭം അണപൊട്ടിയൊഴുകുന്ന കുഞ്ഞരുവിയാണ് കവിത. അതാണ് വയൽക്കാറ്റ് കൊള്ളുന്നത്.

ഉള്ളിലെവിടെയോ എന്നോ കരുതിവച്ച ചില നൊമ്പരങ്ങൾ, പ്രതിഷേധങ്ങൾ അങ്ങനെ എന്തൊക്കെയോ നിയന്ത്രിതമായി നീർച്ചാലു തീർക്കുകയാണ്. അത് സർവ്വതന്ത്ര സ്വതന്ത്രമായി ഒഴുകുന്നില്ല. നിലാക്കുളിർ ചൊരിഞ്ഞൊഴുകുകയാണ്. പ്രതീക്ഷകളിൽ പ്രത്യക്ഷമാകാത്തവയ്ക്ക് ശങ്കയോടെ എന്നാലും വ്യക്തമായ വെളിവാക്കൽ തന്നെയാണത്.

ആരോടെന്നില്ല, ചിലപ്പോൾ അപ്പോൾ അത് സ്വത്വബോധത്തോടാവാം. സ്വാർത്ഥ ചിന്തകളോടുമാവാം. എന്തായാലും അതൊരു ആശ്വസിക്കലാണ്. ഉള്ള് ചൊരിഞ്ഞൊഴുകുന്ന അരുവി തീർക്കുന്ന കുളിരലയും പേറിയാണ് വയൽക്കാറ്റെത്തുന്നത്. അതിന്‍റെ സാന്ദ്രഭാവം കവി ഹൃദയത്തിലും നിറയുകയാണ്. ഉള്ളൊഴിഞ്ഞ് ഉള്ളു നിറയുകയാണത്. കിനാക്കളും പ്രതീക്ഷയും നിറഞ്ഞ മനസ്സിലെപ്പോഴോ, നിരാശയും നിഴലും തീർത്ത അലയാണത്. അതിൽ ആടിയുലഞ്ഞ് അന്ധകാരം നിറയുമ്പോഴും മധുരതരമായ ഓർമ്മകൾ രക്ഷയേകുന്നു. ആത്മബലമേകുന്നു.

കാമതരളിതമായ സങ്കൽപ്പങ്ങളല്ല എന്നു പറയുന്നുണ്ടെങ്കിലും, അത് മറച്ചു പിടിക്കുകയാണെന്ന ധ്വനി നൽകുന്നുമുണ്ട്. പ്രണയാതുരമാണത്. അതൊരു കാമുകീ -കാമുക പ്രണയവുമല്ല. അവിടെയാണ് കവിതയും കൽപ്പനാ ചാരുതയും വെളിപ്പെടുന്നത്.

നിരാശ നിറയുന്ന മനസാണ് കവിതയിൽ ആദ്യ ഖണ്ഡത്തിൽ. ഒരു നീണ്ടയാത്ര കൊതിച്ച മനസിന് യാത്ര നിഷേധിക്കപ്പെട്ട അവസ്ഥ. അത് ആരുടേതുമാകാം. ഇവിടെയത് കവിയുടേതുതന്നെ എന്ന് കരുതാം. പ്രണയാതുരമായ മനസിലാണ് സങ്കൽപ്പങ്ങൾ നിറയുക. പ്രണയം പ്രണയിനിയോട് മാത്രമാകണമെന്നില്ലല്ലോ. ഏതുതരം പ്രണയഭാവമാണിവിടെ കാണാനാവുക. പ്രണയിനിയോട് തന്നെ തോന്നുന്നപോലെ അത്ര അടുപ്പമുള്ള എന്തിനോടോ ആണത്. അത് തന്‍റെ സ്വപ്ന ചിന്തകളോട് തന്നെയാകാം. (ദേശത്തിന്‍റെ ഭാവി പ്രതീക്ഷകളോടുമാകാമല്ലോ.) അതുകൊണ്ടാണ് അതു കിട്ടാതാവുമ്പോൾ ആഴത്തിൽ മനസു നോവുന്നത്.നിരാശയിൽ തപിക്കുകയാണ് മനം. ആ നിരാശ നിറഞ്ഞ് നിൽക്കയാണ് ആദ്യഖണ്ഡത്തിൽ. എങ്കിലും അതിൽ അലിഞ്ഞടിയുവാൻ കവിക്കാവുന്നില്ല. കവി മനം ഉയിർത്തെഴുന്നേൽക്കയാണിവിടെ. അതു കാമിനീ കാരണമെങ്കിൽ ആ ഉയിർപ്പ് എളുപ്പവുമല്ല.

രണ്ടാം ഖണ്ഡത്തിലെത്തുമ്പോൾ വിതപ്പാട്ടു മൂളുകയാണ്. ഒരു പുതിയ ലോകത്തിന്‍റെ വരവായിക്കൂടെ അത്. തീർച്ചയായും നവ വസന്തവിത്തുകൾ വിതയ്ക്കപ്പെടുകയാണ്. അതിനായവസരമൊരുങ്ങുകയാണ്. അതിന്‍റെ സന്തോഷരവങ്ങളാണതിൽ. നനവുള്ള, വളക്കൂറുള്ള, എന്തും എളുപ്പം വേരുപിടിക്കുന്ന ഒരു വയൽത്തടത്തിനരികിലാണ് കവി. ഒരു പുത്തൻ വയലിടത്തിൽ. അതിനാലാണ് പ്രതീക്ഷ കൈവിടാത്ത മനസു കാണാൻ കഴിയുന്നത്.

വിതയിടമായാൽ, വിത്തൊരുങ്ങിയാൽ, പിന്തിരിയലില്ല. അതിനാവുകയുമില്ല. അവിടെ സന്തോഷത്തുടി ഉയരുകയാണ്. അതിലും നിൽക്കുന്നില്ല അതിന്‍റെ ഫലസമൃദ്ധി കൂടി കണ്ട് ആർപ്പുവിളിക്കയാണ്. ഒരു ശുഭസൂചകമായ സന്തോഷത്തിരയിളക്കം. അതല്ലേ മൂന്നാം ഖണ്ഡം.

മൂന്നു ഭാവങ്ങൾ- നിരാശയും ആശയും സന്തോഷ സിദ്ധിയും, മൂന്നു കാലങ്ങൾ- ഭൂത-വർത്തമാന-ഭാവി സന്നിവേശിച്ച ഒരു കൊച്ചു കവിത.

വൃത്താധിഷ്ഠിതമെന്നാ,ലതിലും
               സുന്ദര പദവിന്യാസം
പുത്തൻ പദ്ധതി പലതും ചേരും     
               കവിയുടെ ഭാവവിലാസം
ഉത്തമ,മൊത്തിരി ചിന്തകളുലയും     
               കാറ്റാം കവിതയതുല്യം.


വായന




1 comment:

Unknown said...

വരികളെടുത്തു അമ്മാനമാടുന്ന വാക്കുകൾ... വ്യാഖ്യനങ്ങൾ. കവിക്കു ഇതിൽപരം എന്താണ് വേണ്ടത്.. ആസ്വാദനം തന്നെ മറ്റൊരു ഉദാത്ത സൃഷ്ടിയാകുന്നു. ഉള്ളൊഴിഞ്ഞു ഉള്ളുനിറഞ്ഞു നല്ല പ്രയോഗം സർ.... ഹൃദയപൂർവം സിന്ധു ജി എസ്