Amithrajith :: ഓര്‍മയുടെ നിറം

Views:


ഓര്‍മയുടെ നിറം എന്താണെന്ന് ചോദിച്ചു കൊണ്ട് തന്നെ നമുക്ക് ആസ്വാദനത്തിലേക്ക് കടക്കാം. ചുവപ്പ്, നീല, കറുപ്പ് അങ്ങിനെ പലതുമാകാം. പക്ഷേ, മലയാളിക്കോ  പച്ചയാവാനെ തരമുള്ളൂ. നാട്ടുവഴികളും, പുഞ്ചപ്പാടങ്ങളും കയ്യാലക്കെട്ടുകളും ആല്‍മരങ്ങളും പാടവരമ്പുകളും അങ്ങനെ മനസ്സിനെ ഒരിക്കലും വിട്ടുപിരിയാത്ത ഒരായിരമോര്‍മകള്‍ക്ക്, ആ നിറമല്ലാതെ വേറെ എന്തുണ്ടാകാനാണ്.
"ഞരമ്പും തുളച്ചുള്ളിലാഴുന്നതല്ല,
തുരുമ്പിച്ച പാഴൊച്ച പാടുന്നതല്ല,
കലമ്പുന്ന കാമക്കിലുക്കങ്ങളല്ല,
പുലമ്പുന്ന ഭ്രാന്തിൻ കലിപ്പേച്ചുമല്ല."
അന്യ ദിക്കുകളില്‍ നിന്നു ശകടം വരുന്നതും നോക്കി ദിനമെണ്ണിയും പണമെണ്ണിയും കാത്തിരിപ്പ് തുടരുന്ന മലയാളിയുടെ മനസ്സിൽ നിന്നും ഇറങ്ങിയിരിക്കുന്നു കാർഷികവൃത്തിയുടെ നേരും ചൂരും. അവരുടെ ഞരമ്പ്
നഷ്ടമായി തീർക്കുകയാണ് എന്ന് ഒരിക്കലും തോന്നിയിരുന്നില്ല. തുരുമ്പു തിന്ന് പാഴായി പോയതിനെ പോലെയല്ല വിതപ്പാട്ട്.

അവരുടെ താള,-നൃത്തങ്ങളിൽ ജീവിതം കരകയറ്റാനുള്ള ഇളക്കവും ലാവണ്യവും മാത്രമാണ് കാണുന്നത്. ഭ്രാന്തിന്‍റെ ചെറിയൊരു അംശം പോലുമല്ല ആ വിതപ്പാട്ടുകൾ.

ഞാറ്റടി കണ്ടങ്ങളിലെ പേയ്കോലങ്ങൾ ഉരുവിടുന്നത് ദിവ്യ ചൈതന്യ വചസ്സുകൾ തന്നെയായിരുന്നു.

ദൂരെ സ്വപ്ന സൗധങ്ങളില്‍ ഇരിക്കുമ്പോഴും മരുഭൂമിയുടെ മണലാരണ്യത്തിൽ പണി എടുക്കുമ്പോഴും മനസിന്‍റെ ഏതെങ്കിലും കോണില്‍ ആ പച്ചപ്പ് ഏതൊരുവനും കുളിരേകുന്നുണ്ടാകുമെന്നുള്ളതും വയൽകാറ്റു കൊള്ളാം എന്ന കവിത വായിച്ചു നോക്കുന്ന ആർക്കും ബോധ്യമാകും.

"കരൾക്കാമ്പിലേതോ വിതപ്പാട്ടു മൂളി
കരക്കാറ്റു തേടും തിരക്കോളുപോലെ,
കരയ്ക്കെത്തുമോയെന്നു ശങ്കിച്ചു വാടി-
ത്തിരിഞ്ഞാലുമില്ലേ കിനാവിന്‍റെ നാളം."

കാർഷിക വൃത്തിയുടെ മേന്മ ഉറക്കെയുറക്കെ വിളിച്ചു പറയുന്നു വരികളിൽ. കിനാവുകൾ ഉള്ളിലൂറി അക്ഷീണ പ്രയത്നം നടത്തി വരുന്ന കാഴ്ചയാണ് പ്രധാനം. കവിതയുടെ താളാത്മകത നിറഞ്ഞു നിൽക്കുന്നതായും ഇവിടെ  കാണാം.

വിതത്തിന് ശേഷം കരപറ്റാനാവുമോ എന്ന ശങ്കയുണ്ടെങ്കിലും നാളെയുടെ നാളം അവരുടെ ഇന്നിന്‍റെ  കരൾ പകുത്ത പാട്ടാവുന്നു.

നാട്ടിടങ്ങളിലൂടെ മഴവെള്ളം ഒഴുകി വരുന്നു അതിനെ തട്ടിത്തെറിപ്പിച്ചും അവയില്‍ തോണി ഉണ്ടാക്കി കളിച്ചതും ഇന്നും മനസ്സിലെ മായാത്ത നൊമ്പരമായി നില്‍ക്കുന്നു. ഇന്ന് കുട്ടികള്‍ക്ക് തീരെ പരിചയമില്ലാത്ത കയ്യാ ലകളുണ്ടായിരൂന്നു. മണ്ണ് കൂട്ടി ഉണ്ടാക്കുന്ന മുകളില്‍ ശീമക്കൊന്നയോ മറ്റു ചെടികളോ നട്ട കയ്യാലകളാണ് അവയിലേറെയും. അവയിലെ മാളങ്ങള്‍ എന്നും പേടി സ്വപ്നമായിരുന്നു. പാമ്പുകള്‍ ഉണ്ടാകും എന്നുള്ള ഭയം മനസ്സിനെ എന്നും അകറ്റിനിര്‍ത്തുകയായിരുന്നു.

എന്നാല്‍, മാമ്പഴക്കാലങ്ങളില്‍ വേലിയരികില്‍ നിന്നും വീണു കിടക്കുന്ന മാമ്പഴം എടുക്കാന്‍ ചെല്ലുമ്പോള്‍ പാമ്പും ചേമ്പുമൊന്നും ഓര്‍മയില്‍ പോലും വരില്ല.

അന്നത്തെ മാമ്പഴങ്ങള്‍ ആരുടേയും സ്വന്തമല്ല, കുട്ടികള്‍ക്ക് മാത്രമാണത്. ആരുടെയെങ്കിലും പറമ്പില്‍ നിന്ന് മാമ്പഴമൊരു വാക്ക് പോലും പറയാതെ എറിഞ്ഞിട്ടുകൊണ്ട് പോകുന്ന കാഴ്ചകള്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഒരത്ഭുതം ആകാനാണ് സാധ്യത.

സ്കൂള്‍ വിട്ടു വീട്ടിലേക്കു നടന്നു പോകുന്ന ഓര്‍മകളാണ് എന്നും വയൽ കാറ്റുകൊള്ളാമെന്ന കവിത കുളിരേകുന്നത്. നാല് മണിക്ക് സ്കൂള്‍ വിട്ടാല്‍ കൂട്ടം ചേര്‍ന്ന് നാട്ടിടവഴിയിലൂടെ വീട്ടിലേക്കു നടക്കും. അന്ന് പെയ്ത മഴയൊഴുക്കിൽ വരുന്ന വെള്ളം കാലു കൊണ്ട് ചെങ്ങാതിമാരുടെ ദേഹത്തും തിരിച്ചും തട്ടിത്തെറിപ്പിച്ചും ചിരിച്ചും അര്‍മാദിച്ചുമുള്ള ആ യാത്രകള്‍.

ഞങ്ങള്‍ ഒരു കളിയിൽ ഏർപ്പെടുമായിരുന്നു. ഓരോരുത്തരും  ഓരോ ഇല പറിച്ചെടുത്തു ആ ഒഴുക്ക് വെള്ളത്തിലിടും ആര് ആദ്യം എത്തുന്നോ അവന്‍ ജയിക്കും. ഇടക്കാലത്ത്,കൂടെ നടക്കുന്നതിന് ആരും ഇല്ലാതായപ്പോള്‍ ഒറ്റക്ക് ഇല പറിച്ചു ഒഴുക്ക് വെള്ളത്തിലിട്ട് അതിന്‍റെ  ഒഴുക്കിന്‍റെ  താളത്തില്‍ ഇങ്ങനെ ഏകാന്തമായി നടന്നതും ഓര്‍മകളിലെ പച്ചപ്പുകളി ല്‍, വയലേലകളിലെ കുളിർ തെന്നലായി മനോമുകുരത്തിൽ വിശ്രമിക്കുന്നുണ്ടിന്നും. ഏകാന്തത പിടിപെടുമ്പോള്‍ ആ വെള്ളപ്പാച്ചിലില്‍ ഒരില ഇട്ട്, അതിന്‍റെ കൂടെ മറ്റൊന്നും ചിന്തിക്കാതെ, കൂട്ടിനുള്ള ഹരിതോർമകളെയും താലോലിച്ചു മൂകമായി നടക്കാന്‍ മനസ്സ് വല്ലാതെ കൊതിക്കുന്നു.

മനസ്സിനെ ഈറനണിയിപ്പിക്കുന്ന ഇത്തരം ഓര്‍മ്മകള്‍ മാത്രമേ എന്നും കൂട്ടുണ്ടാകൂ. കേരളവും മലയാളവും മണ്മറഞ്ഞുകൊണ്ടി രിക്കുന്ന നാട്ടിടവഴികളും വയലേലകളും ന മ്മുടെ പിൻമുറയിലെ ആളുകൾക്ക് തീരെ അസഹനീയമായി തോന്നുന്നില്ല എന്നത് മനസ്സിനെ വ്യഥിതമാക്കുന്നു. ഇന്ന് ലോകത്ത് എവിടെയുമില്ലാത്ത പ്രകൃതിയുമായി കോര്‍ത്തിണങ്ങിയ ഓണവും വിഷുവും പോലെയുള്ള ആഘോഷങ്ങളും. അങ്ങനെ എല്ലാറ്റിനും, മലയാളികള്‍ക്ക് മാത്രം സ്വന്തമായി ഹരിത ഭുവനം നിറഞ്ഞു നില്‍ക്കുന്നു. ഈ വരികള്‍ എഴുതുമ്പോഴും മനസ്സില്‍ തങ്ങി നി ല്‍ക്കുന്ന ഗൃഹാതുരത്വം മെല്ലെമെല്ലെ കവിതയുടെ വാക്കുകളിലേക്ക് വലിച്ചു കൊണ്ട് പോകുന്നു.

മാറിയകാലത്തെ ചിന്തോദ്ദീപനം ചെയ്യുന്നു ഈ കവിതാ വരികൾ.

"വരൂ, നിന്‍റെ മാണിക്യവീണാവരങ്ങൾ
തരൂ സാന്ദ്രഭാവം പകർന്നാടി മീട്ടാം.
കരിമ്പിന്‍റെ  മാധുര്യമോലുന്ന വാക്കിൻ
വരമ്പത്തൊരൽപം വയൽക്കാറ്റു കൊള്ളാം..."

പാടശേഖരങ്ങള്‍ ഇല്ലാത്ത നാടായി മാറിക്കഴിഞ്ഞിരിക്കുന്നു  പച്ച പുതച്ച ആ പഴയ നാട്ടിന്‍പുറം. മാറ്റങ്ങള്‍, അതിത്ര വേഗത്തില്‍ സംഭവിക്കുമോ അതു മാത്രം എനിക്കിപ്പോഴും മനസിലാകാത്ത ഒരു സത്യമായി നില നില്‍കുന്നു. ആ പഴയ നാട്ടിന്‍പുറത്തേക്ക് തിരികെയെത്താൻ കൊതിയുണ്ടാക്കുന്നു.

ഓര്‍മകളുടെ പഴയ ശേഖരങ്ങള്‍ക്ക് പ്രസക്തി ഉണ്ടാകുന്നത് ഇത്തരം ഘട്ടത്തിലാണ് അഥവാ 'വായൽക്കാറ്റു കൊള്ളാം' എന്ന കവിതയിൽ കാണുന്നത് നഷ്ടപെട്ടുപോയൊരു സൗകുമാര്യത്തെയാണ്. സുവര്‍ണ്ണ നിറമുള്ള കതിരവന്‍റെ  കിരണങ്ങളേറ്റ് സ്വർണ്ണാഭരണ വിഭൂഷിതയായി നിൽക്കുന്ന ഒരു പെൺതരിയുടെ സ്വരൂപമാണ് കാറ്റിലുലയു ന്ന ആ കതിർകുലകൾക്ക്.
കവിതയും സ്വപ്നവുമായി മാറിയിരിക്കുന്നു ഈ പാടശേ ഖരങ്ങൾ. 
വയൽകാറ്റു കൊള്ളാം എന്നതാവട്ടെ ഗൃഹാതുരമായ ചില നിയോഗങ്ങളാണ് നമുക്ക് മുന്നിൽ ചിത്രീകരിക്കുന്നത്.

പാടശേഖരങ്ങൾക്ക് നെടുകെയും കുറുകെ യും കീറി ഭൂമാഫിയക്ക് കീര്‍ത്തനം പാടി. നോക്കണേ നമ്മുടെ നാടിന്‍റെ പോക്കെന്ന് പറയാതെ വയ്യ. രാഷ്ട്രീയ എതിരാളികളെന്ന് പറയുന്നവർ തന്നെയും ഇവിടെയൊരു പോലെയാണ്. പിന്നെ ഇവിടെയിനി ആരാണ് നാടിന്‍റെ രക്ഷ. കുടിവെള്ളം, അതിനാ യുള്ള സമരം. ഏത് വേനലിലും വെള്ളം ഒഴുകിയിരുന്ന ഇവിടത്തെ തോടുകള്‍ എവി ടെ എന്ന് ചോദിക്കാന്‍ ആരുമില്ല. പകരം വെള്ളമെന്ന് ആർത്തു വിളിക്കുന്ന ജനം എവിടെയും. വെള്ളത്തിന്‍റെ  പ്രശ്നം ഭരിക്കുന്നവരുടേതെന്നും ഉടന്‍ വെള്ളത്തിനായി വേണ്ടത് ചെയ്യുമെന്നും ഭരണകർത്താക്കൾ. എല്ലാം കേട്ട് കഴിഞ്ഞു കയ്യടിയോടെ പിരിയുന്ന ജനതയും നമുക്ക് ചുറ്റും. ഒന്നും മനസിലാകാതെ പകച്ചു നില്‍ക്കാനേ കഴിയൂ ഇത്തരമൊരു അവസ്ഥയിലെന്നും. തിരികെ വയൽകാറ്റു കൊള്ളാൻ കഴിയട്ടെ എന്ന പ്രതീക്ഷ സമ്മാനിച്ച് പ്രവർത്തിക്കുന്ന ഒരു മാനസിക നില രൂപപ്പെടുത്താൻ സഹായകമാണ് ഇതിലെ വരികൾ.


വായന
No comments: