Sidheek Subair :: ഓണപ്പുലരിയിൽ

Views:


ഓണപ്പുലരിയിൽ

പൂവും പുലരിയും രാവും നിലാവുമാ- 
യാവണിച്ചിന്തുകള്‍ വന്നുദിക്കേ,
നാടിന്‍റെ നന്മകള്‍ കോരിച്ചൊരിയുമെന്‍
പൊന്നോണമേ, നീയിന്നെന്തു കേൾപ്പൂ... ?

പിളരുന്ന താഴ് വര, പുതയുന്ന ജീവനും
അടരുന്ന വാർത്തകള്‍ കേട്ടുവോ നീ..
കരളകം കീറിയ ചാലുകളിൽ, കടു-
നോവിന്‍റെ ധാര പുളച്ചിടുന്നോ?

കനിവിൻ പ്രകൃതിയെ ചെയ്തികൾ കൊണ്ടിവർ,
കദനത്തിനാഴത്തിലാഴ്ത്തിയല്ലോ?
ചോദിച്ചതെല്ലാം ദാനമായാഴ്ന്നൊരു,
ആ ബലി ഈ മല കാത്തിടേണം.. .

കരളറയ്ക്കുള്ളില്‍ നിന്നുരുളലപൊട്ടീടും
പ്രളയ മുഴക്കങ്ങൾ കുത്തൊലിക്കേ,
ഒന്നിനുമാകാതെ വിറപൂണ്ടു മാനവര്‍
മാവേലി വാണിടം ഓർത്തു പോയി...

ഉറ്റവർ കൂടപ്പിറപ്പുകൾ കൂട്ടമായാര്‍-
ത്തൊലിച്ചാര്‍ത്തരായ് മണ്ണടിഞ്ഞു,
കുത്തൊഴുക്കൊക്കെയും കൊണ്ടുപോയെങ്കിലും
പൂക്കളമായവര്‍ പൂത്തു നിൽക്കും...

മായുമീ ജീവിതം, മായാത്തൊരോർമകൾ
ബാക്കിയാം ജീവന്‍റെ താളമായി
കാലമിന്നൂഞ്ഞാലിലാടുന്നൊരീണമാ-
യോണമായ് പാട്ടായി മൂളി നിൽക്കും...

ആകുല മാനസം ചേർത്തണയ്ക്കാൻ,
പുഞ്ചിരി മായാതിതൾ വിരിയ്ക്കാൻ
തുമ്പതൻ വെൺമയായോണമെത്തും,
ഓമലേ ശാന്തമായ് നീയൊരുങ്ങൂ..

കൺമുന്നിൽ സ്വപ്നങ്ങൾ മണ്ണോടു ചേരുമ്പോൾ
വിൺ മുകിൽ വെട്ടം നീ,യുണ്മയാകും,
ഓർമകൾ പാതാളം വിട്ടെന്‍റെ ഉള്ളിലി -
ന്നോണപ്പുലരികൾ ചൂടിയെത്തും.

ഓണനിലാവ് മനസ്സിൽ പരക്കുമ്പോൾ,
നോവിന്നിരുളല പോയ്മറയും...





No comments: