Sidheek Subair :: പച്ചകുത്തുന്ന കവിത

Views:

വര ::Nisha N M

പച്ചകുത്തുന്ന കവിത


ശോഭനമാമൊരു ചിത്രദീപം
ശാരദസന്ധ്യ തെളിച്ചതാണ്...
ഉൾക്കുളിരാകെപ്പടർന്ന പോലെ
വന്നു നീ താനേ പതിഞ്ഞതാണ്....

അഴകൊട്ടു മൊട്ടായി നിന്ന കാലം
ഹൃദ്യമാം സ്നേഹം കൊളുത്തി നീയും
കാണുന്ന മാത്രയിലോർമയേകാൻ
കാഴ്ചയായ് വന്നു തെളിഞ്ഞതാണ്...

കാലമാം കൈവിരല്‍ ചേര്‍ത്തൊരുക്കും
മോഹനരൂപം തുടിച്ചതാണ് ...
നോവുകൾ പച്ചത്തുരുത്തു തേടും
മായാമഷിക്കൂട്ടൊഴിഞ്ഞതാണ് ...

കൺമിഴിക്കുത്തുകൾ കാഴ്ച തിന്നും
കണ്ണുനീരാഴം കലര്‍ന്നതാണ്
മണ്ണോളമൊക്കെസ്സഹിച്ചു വീണ്ടും
വിണ്ണിലെത്താരായ് വിരിഞ്ഞതാണ്...

കാറ്റല മെല്ലെ ചൊടിച്ച നേരം
മാറ്റങ്ങള്‍ പൊള്ളിക്കുരുത്തതാണ്,
കാണാത്ത രാഗം പകര്‍ന്ന തീര്‍ത്ഥം
നാണമായെങ്ങും നിറഞ്ഞതാണ്...

നിന്നെപ്പകർത്തുവാനെത്ര നാളാ-
യെന്നെ ഞാനെന്നോ മറന്നതാണ് ...
വേദനത്തീക്കടലാളിടുമ്പോൾ
മോദമോടെന്നെ തിരഞ്ഞതാണ്..

മുള്ളു കൊണ്ടുയിരൊന്നു നീറ്റാതെയെങ്ങനെ,
ഉള്ളിലെക്കവിതയായ് നീ ചിരിക്കും...
വാക്കിന്‍ പ്രവാഹമായെന്നില്‍ നീ കാരുണ്യ -
വേഗമായ് വർണ്ണം ചൊരിഞ്ഞതാണ്...





No comments: