Ruksana Kakkodi :: ലേഖനം :: മഹാനഗരം - പഴയ ഓർമ്മയിൽ

Views:കോഴിക്കോട് നഗരം ...

പഴയ കാലത്ത് ഇത്ര പ്രൗഡിയൊന്നും ഇതിനുണ്ടായിരുന്നില്ല. എന്നാലും തിരക്കേറിയ ഒരു മഹാനഗരം തന്നെയായിരുന്നു.
കോഴിക്കോട്ടെ മിഠായ് തെരുവിലെ ഒരു പഴയ തറവാടായിരുന്നു എന്റേ ഭവനം
നാല് വശത്തും നാല് തരത്തിലുള്ള സ്ഥാപനങ്ങളാൽ ചുറ്റപ്പെട്ട് നടുവിലായിരുന്നു എന്റെ പഴയ കൊട്ടാരം. സ്വീറ്റ്സിനും, വസ്ത്രവ്യാപാരത്തിനും പണ്ടു മുതൽക്കേ പേരുകേട്ട നാടാണിത്.

എന്റെ വീടിനു കിഴക്ക് വശം ഒരു പ്രസ്സും ,അതിനോടു തൊട്ടു കോട്ടപറമ്പ് ഹോസ്പിറ്റലിന്റെ പിൻഭാഗവും ആയിരുന്നു. പടിഞ്ഞാറ് അനക്സ് ഹോട്ടൽ (മുൻപ് ഉഷ എന്ന പേർ) പിന്നെ പണം വെച്ച് ചൂതാടുന്ന ഒരു ക്ലബ്ബ്, അനിനോടു തൊട്ട് ഞങ്ങൾ ബാലേട്ടൻ എന്നു വിളിക്കുന്ന അവിവാഹിതൻനടത്തുന്ന ഒരു സ്റ്റുഡിയോ ,നേരെ മുൻവശം ഒരു ടൈലറിംഗ് കട, പിന്നെ പഴയ ഒരു വീട് ലോഡ്ജ് ആയി മാറിയിരിക്കുന്നു. അതിന്റെ ഉടമസ്ഥരായി രണ്ടു പേർ - സഹോദരൻ കുഷ്O രോഗം കാരണം വീടിന് പുറത്ത് തെരുവിൽ. പിന്നെയുള്ള സഹോദരി അമ്മുക്കുട്ടിയമ്മ, അവർ ഒരിക്കൽ ആ വീട്ടിലെ കിണറിൽ ചാടി ആത്മഹത്യ ചെയ്തു. അന്ന് ഞാൻ മൂന്നാം ക്ലാസ്സുകാരി. പോലീസ് വന്ന് ശവം പൊക്കുന്നതെല്ലാം ഞാൻ കണ്ടിരുന്നു.

കുറേ കാലം ആ വീട് അടഞ്ഞ് കിടന്നു. പിന്നീട് അതൊരു ലോഡ്ജായി. അവിടെ സ്ഥിരം താമസക്കാരനായി വന്നത് പഴയ സ്വാതന്ത്ര്യ സമര സേനാനി മൊയ്തു മൗലവിയായിരുന്നു. വെള്ളതാടിയും വെള്ള ഖദർ ജുബ്ബയും, മുണ്ടും ധരിച്ച് പുറത്തേവാരാന്തയിൽ ചാരുകസേരയിൽ മൗലവി സ്ഥിരം ഒരിരുപ്പുണ്ട്. പ്രഭാതത്തിൽ കൈയ്യിൽ ഒരു ഇളനീർ കാണാം.

മൗലവിയെ കാണാൻ AK ആന്റണി, കരുണാകരൻ, വൈക്കം മുഹമ്മദ് ബഷീർ എന്നിവർ വരുമായിരുന്നു. ബാലേട്ടന്റെ സ്റ്റുഡിയോവിൽ കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരൻ, കുഞാണ്ടി, കോഴിക്കോട് അബ്ദുൾ ഖാദർ, ശാന്താദേവി എന്നിവർ വന്നിരുന്നു.

ചൂതാട്ടകബ്ബിൽ വലിയ വലിയ പണക്കാർ സായന്തനങ്ങളിൽ വരുമായിരുന്നു. ഇടയ്ക്കിടെ പോലീസ് റൈഡ് വരുമ്പോൾ അവർ ഷീട്ടുകെട്ടുകളും ടോക്കനുകളും പിറക് വശത്തെ മാലിന്യത്തിലേക്കെറിയും .ചില ഷീട്ടുകെട്ടുകൾ പറന്ന് വന്ന് ഞങ്ങളുടെ മുറ്റത്തേയ്ക്കും എത്തും. ഞങ്ങൾ കുട്ടികൾ ഇത് ശേഖരിച്ച് നമ്പറും ,Spellings ഉം ഒപ്പിച്ച്  ചെറു കളികൾ വീട്ടിലും കളിക്കുമായിരുന്നു.

അവിടെ വരുന്ന ഒരു പഴയ പോലീസുകാരനെ ചിന്നസ്വാമി എന്ന് ഞങ്ങൾ വിളിച്ചു. അയാൾ ഞങ്ങൾ ആവശ്യപെട്ടാൽ നൃത്തം ചെയ്യുമായിരുന്നു. പോകുമ്പോൾ കൈ നിറയെ മിഠായിയും തരും. നല്ല സ്നേഹവും സൗഹാർദ്ദവും നിറഞ്ഞ ഒരു കാലഘട്ടം തന്നെയായിരുന്നു പഴമയുടെ ആ കാലം.

പിന്നെയുള്ളത് ഞങ്ങളുടെ വീടിനു പിറകുവശത്തായി ഒരു പാർസി ബംഗ്ലാവ്'. അതിനുള്ളിൽ പൂക്കളും, വൃക്ഷങ്ങളും സമ്മേളിച്ചിരുന്നു. അവരുടെ ആരാധനാലയവും അതിനോടനുബന്ധിച്ച് പൂജ നടത്തുന്ന ഒരു കുടുംബവും അവിടെ താമസിച്ചിരുന്നു. ഗൃഹനാഥനെ ഞങ്ങൾ ബാവ എന്നും നാഥയെ ഭായീ എന്നും വിളിച്ചു.
അവർക്ക് ഒരു മകളും മകനും ഉണ്ടായിരുന്നു. അവരുടെ തായ് വേരുകൾ മൊത്തം ബോംബെയിൽ ആണ്, മകൻ വിദേശത്തും. മകൾ ഇവിടെ നിയമ വിദ്യാർത്ഥിയായിരുന്നു. പേര് ദൗലത്ത്. അവരുടെ മക്കളുടെ പേർ എകദേശം മുസ്ലീം പേരിനോട് സാമ്യം നിൽക്കുന്നത് തന്നെ. മകൻ ഫാറൂഖ് അവന്റെ മക്കൾ, കുർഷീദ്, നിലൂഫർ, ഫർസാന അങ്ങിനെ നീണ്ടുപോവുന്നു.

സ്നേഹത്തിൽ ഇവർക്ക് ഒന്നാം സ്ഥാനം നൽകണം. ഞങ്ങളെ അവർ അത്രയ്ക്ക് സ്നേഹിച്ചിരുന്നു.എന്താവശ്യത്തിനും ഞങ്ങളോട് ചോദിക്കുമായിരുന്നു. അവരുടെ വിശേഷ പൂജാ വേളയിൽ ഒരുക്കുന്ന വിഭവങ്ങൾ സ്നേഹത്തോടെ ഞങ്ങൾക് കൊണ്ടുവന്നു തരും. വായിൽ വെക്കാൻ കൊള്ളില്ല എങ്കിലും ഞങ്ങളത് വാങ്ങി വയ്ക്കും. ആ ഐറ്റംസ് വേറെ രീതിയിൽ പാചകം ചെയ്ത് കഴിയ്ക്കും.കാരണം അവർ എത്ര സന്തോഷത്തോടെ തരുന്നതാണ്. അതൊരിക്കലും അവഗണിക്കരുതല്ലോ...!

ബാബ വെളുത്ത നേരിയ പൈജാമയും, ഭായി മുട്ടറ്റം വരുന്ന ഉടുപ്പും ആണ് വീട്ടിൽ ധരിക്കാറ്. മകൾ ഇപ്പോഴത്തെ പലാസയും ടീ ഷർട്ടും.അവർക്കായി സ്വന്തം റിക്ഷാ വണ്ടി ഉണ്ടായിരുന്നു. അതിലായിരുന്നു അവരുടെ മകന്റെ മക്കൾ സ്കൂളിൽ പോയിരുന്നത്.

അന്ന് കുതിരവണ്ടിയും, കാളവണ്ടിയും, റാളിവണ്ടിയും, റിക്ഷയും പ്രചാരത്തിലുണ്ടായിരുന്നു.

അന്നൊക്കെ ഓണാഘോഷം ടൂറിസ്റ്റ് വാരാഘോഷമായി 10 ദിവസം ആചരിച്ചിരുന്നു. കോഴിക്കോട്ടെ എല്ലാ കടകളും അപ്പോൾ മൊഞ്ചത്തിയായി മാറും. നിറമുള്ള ചെറു ബൾബുകളാൽ അലംകൃതമായ തെരുവ് രാത്രികാലങ്ങളിൽ വളരെ മനോഹരമായി തോന്നും. മാനാഞ്ചിറ മൈതാനത്ത് പല കലാപരിപാടികളും ഈ ദിവസങ്ങളിൽ നടത്തും. ഗായകൻ യേശുദാസും മകനും ആദ്യമായ് പാടിയതും ഓർമ്മ വരുന്നു.

തൊടടുത്ത് പട്ടാള പള്ളി, ഹജൂർ എന്ന് ഞങ്ങൾ വിളിച്ചിരുന്ന ഇന്നത്തെ L.1. C ബിൽഡിംഗ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇത് മുഴുവൻ ഇഷ്ടിക കൊണ്ട് നിർമ്മിച്ച കോടതിയായിരുന്നു. അതിനോട് തൊട്ടടുത്ത് നിറയെ കായ്ക്കുന്ന ഞാവൽമരവും താഴെ ടാക്സി സ്റ്റാന്റും ആ ടാക്സി സ്റ്റാന്റ് തൊട്ട് കോട്ട പറമ്പ് ഹോസ്പിറ്റൽ വരെ ഇന്ന് ഒരു റോഡാണ്.(താജ് റോഡ് എന്ന പേരിൽ ) അവിടെയെല്ലാം ധാരാളം കുടുംബങ്ങൾ താമസിച്ചിരുന്നു. 

ഒരു കാലത്ത് മഹാനായ അനുഗ്രഹീത കലാകാരനായ PMതാജിന്റെ ഭവനം അവിടെയായിരുന്നു. എപ്പഴും തലയും താഴ്ത്തി ഒരു നീളൻ തുണി സഞ്ചിയും തോളിലിട്ട് ഈ മനുഷ്യൻ ആരോടും ഒന്നു മുരിയാടാതെ നടന്നു പോകുന്ന കാഴ്ച്ചപതിവാണ്..

ഞങ്ങളുടെ വീടിന് പിറകിലൂടെ നടന്നാൽ ഹിന്ദു മതക്കാരാണ് താമസിച്ചിരുന്നത്. പക്ഷെ അവർക്കും, ഞങ്ങൾക്കും ആവേർതിരിവ് ഒരിക്കലും ഉണ്ടായിരുന്നില്ല. എന്റെ ചേച്ചിയുടെ കൂട്ടുകാരികളായ അനിത, ജലജ എന്നു പേരുള്ള രണ്ട് പേരുടെ കുടുംബമായിരുന്നത്.

അവർ ഓണത്തിന് തറ ചാണകം മെഴുകി ഒരുക്കും. പിന്നെ പൂക്കുട ചെമ്പരത്തി വച്ച് ആ ഉയർന്ന തറയിൽ കുത്തിവെച്ചിരിക്കും നടുക്ക് ചെറു പൂക്കളും ഓരോ ദിവസവും കുടയിൽ പൂക്കൾ കൂടുന്നത് കാണാം. തിരുവോണ ദിവസം വലിയ പൂക്കളമിടും. ഓണം കഴിഞ്ഞാലും പൂക്കുട തറയിൽ കാണാം. അവസാനം തൃക്കാക്കരയപ്പന്റെ കോലവും തറയും പൊളിയ്ക്കും. .അവർ അന്ന് അരി പായസം വെച്ച് തൃക്കാക്കരയപ്പനെ ഊട്ടും. 'പിന്നീട് ഞങ്ങൾക് കൊണ്ടുവന്നു തരും' അവരുടെ കിണ്ണത്തപ്പവും. നെയ്യപ്പവും പായസവും ഇന്ന് കഴിച്ചത് പോലെ ഓർക്കുന്നു.

അതേപോലെ ആയുധപൂജയ്ക്ക് ഞങ്ങളുടെ പുസ്തകങ്ങളും പൂജിക്കാൻ അവർ വാങ്ങുമായിരുന്നു. പൂജ കഴിഞ്ഞാൽ വെള്ളപൊരിയിൽ ശർക്കര, കൽക്കണ്ടം, കരിമ്പിന്റെ ചെറുകഷണങ്ങളും തെച്ചി പൂക്കളും അടങ്ങിയ പൂജ നിവേദ്യം ഞങ്ങൾക്ക് തരുമായിരുന്നു. ഞങ്ങൾ അത് സന്തോഷത്തോടെ സ്വീകരിക്കും. ആരും ജാതിയുടെ ,മതത്തിന്റെ വിലക്കുകൾ അവിടെ കൊണ്ടു വന്നില്ല. ഇന്നവർ എല്ലാം എവിടെയോ വാഴുന്നു.

ഈ ഞാനും.എന്റെ നാടും നാട്ടുകാരും മാറി.... ഇന്നിത് സ്മാർട്ട് സിറ്റിയായി. ഇന്ന് . നഗരത്തിൽ ഞാൻ അപരിചിതനാണ്. പുതുമകളും പുതുമക്കാരും വാഴുന്ന നഗരം.

ഇനിയും കുറേ എഴുതാനുണ്ട്. ഓർമ്മകൾ മാടിവിളിക്കുമ്പോൾ എങ്ങിനെ ഞാനെഴുതാതിരിക്കും. 
തത്ക്കാലം വിട.No comments: