K V Rajasekharan :: മൻമോഹൻ സിംഗാണെങ്കിലും പറയേണ്ടതേ പറയാവൂ.

Views:


ഡോ മൻമോഹൻ സിംഗ് സാമ്പത്തിക വിദഗ്ദ്ധനാണ്, മുൻ പ്രധാന മന്ത്രിയാണ്, മുൻ ധനകാര്യ മന്ത്രിയാണ്.  പക്ഷേ സാമ്പത്തിക രംഗത്തെക്കുറിച്ച് അദ്ദേഹം അടുത്ത കാലത്ത് പറഞ്ഞ അഭിപ്രായങ്ങളിൽ സാമ്പത്തിക ശാസ്ത്രം കുറവും കക്ഷിരാഷ്ട്രീയ താത്പര്യം കൂടുതലുമാണെന്നതാണ് കാണാൻ കഴിയുന്നത്.!  അതുകൊണ്ടു തന്നെയായിരിക്കണം അദ്ദേഹത്തിൻറെ അഭിപ്രായങ്ങളെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോൾ ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ഇത്രമാത്രം പറഞ്ഞത്: "അദ്ദേഹം പറഞ്ഞു, ഞാൻ കേട്ടു".  ധനമന്ത്രിയുടെ പ്രതികരണം വാചാലമായിരുന്നു, അർത്ഥപൂർണ്ണമായിരുന്നു, പക്വത പ്രതിഫലിക്കുന്നതുമായിരുന്നു. ആ പ്രതികരണം തന്നെയാണ് വേണ്ടിയിരുന്നത്, അതു മാത്രം മതിയായിരുന്നു.

ഡോ മൻമോഹൻ സിംഗ്  പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത്
'രാഷ്ട്രീയ പ്രതികാര നടപടികളിൽ' നിന്ന് പിന്മാറി ആഴം  കൂടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രാഷ്ട്രത്തെ രക്ഷിക്കാനാണ്'. 
ഇവിടെ ചില സ്വാഭാവിക ചോദ്യങ്ങളുയരുന്നു:
  1. പ്രതികാരത്തിന് ഇറങ്ങണമെങ്കിൽ അതിനിടയാക്കിയ പ്രകോപനങ്ങൾക്ക് വഴി തുറന്ന കാരണങ്ങളുണ്ടാകണം. മൻ മോഹൻ സിംഗിന്റെ കാലത്ത് പ്രകോപനപരമായ അത്തരം ഏതെല്ലാം നടപടികളാണുണ്ടായത്? 
  2. അക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഡോ മൻമോഹൻ സിംഗിനെതിരെ പുതിയ സർക്കാർ എന്തെങ്കിലും രാഷ്ട്രീയ പ്രതികാര നടപടി എടുക്കുക ഉണ്ടായോ?  ഇല്ലെങ്കിൽ അദ്ദേഹം എങ്ങനെ രക്ഷപെട്ടു? 
  3. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, റോബർട്ട് വധേര, പി ചിദംബരം, കാർത്തി ചിദംബരം, കമൽ നാഥും ബന്ധുവും, ഡി കെ വിജയകുമാർ, തുടങ്ങിയവരാണല്ലോ അവർക്കെതിരെ നടക്കുന്ന സാമ്പത്തിക കുറ്റങ്ങളെ സംബന്ധിച്ചുള്ള നടപടികൾ രാഷ്ട്രീയ പകപോക്കലുകളാണെന്ന് ആവർത്തിച്ച് ആവലാതിപ്പെടുന്നത്. അവർക്കെതിരെയുള്ള നടപടികൾ ഇനി രാഷ്ട്രീയ പകപോക്കലാണെന്ന നിരീക്ഷണം വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ അവർ  രാഷ്ട്രീയ മേഖലയിൽ നിറഞ്ഞു നിൽക്കുന്നവരും രാഷ്ട്രീയ യയജമാനന്മാരോട് ഒട്ടി നിൽക്കുന്നവരുമല്ലേ? അവർക്കെതിരെ നടപടിയെടുത്താൽ അത് വ്യാവസായിക രംഗത്തെയും സാമ്പത്തിക മേഖലയെയും എങ്ങനെ ബാധിക്കും?
ഒന്നും രണ്ടും ചോദ്യങ്ങൾക്ക് മറുപടി ഡോ മൻമോഹൻ സിംഗോ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരോ നൽകട്ടെ.  മുന്നാം ചോദ്യത്തിനുത്തരം ജനം അന്വേഷിച്ച് സ്വയം കണ്ടെത്തുന്നതാകും ഉചിതം.

ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്കെത്താനുതകുന്ന ഒരു ചോദ്യം ഒരു കൊച്ചു ഗ്രാമത്തിലുയർന്നു.
കള്ളൻ കിട്ടനെ പോലീസ് പിടിച്ചാൽ കുട്ടന്റെ കച്ചവടം പൂട്ടുമോ? 
കിട്ടന്റെയും കുട്ടന്റെയും കൂട്ടു കെട്ട് അറിയാൻ വയ്യാത്തവർക്കതു പിടികിട്ടുകയില്ല.  കട്ടാൽ കിട്ടന്റെ പണിതീരില്ല. കട്ടത് വിൽക്കണം കയ്യിൽ നിന്ന് ഒഴിവാക്കണം. കുട്ടൻ കച്ചവടത്തിലുള്ളപ്പോൾ കിട്ടനത് പ്രശ്നമല്ല. കടയിൽ എത്തിച്ചാൽ കാശ് റെഡി! കുട്ടനും ലാഭം, സ്പോട്ട് ഡലിവറി! വിലയാണെങ്കിലോ ഉള്ളതു കൊടുത്താല്‍ മതി!
കിട്ടൻ-കുട്ടൻ  കൂട്ടുകെട്ടിനെ 'ചലനാത്മകവും' 'ലാഭകരവും' ആക്കി മാറ്റുന്ന ചില സാദ്ധ്യതകളുമുണ്ട്. 
  • കടയിൽ വരുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതി പഠിച്ച് കള്ളൻ കിട്ടന് പ്രയോജനപ്രദമായ ഒരു ഡേറ്റാ ബേസ് നൽകാൻ കുട്ടന് കഴിയും. 
  • കൂടാതെ കടയിൽ വരുന്ന കസ്റ്റമേഴ്സിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പഠിച്ച് വിപണി പഠനം നടത്തുന്നത് കുട്ടൻ കച്ചവടക്കാരന്റെ പണിയുടെ ഭാഗമായതുകൊണ്ട് അങ്ങനെ തയാറാക്കുന്ന ഡേറ്റാ ബസും കള്ളൻ കിട്ടന് ലഭ്യമാകും.  
  • ചുരുക്കത്തിൽ നേട്ടം ഉറപ്പിക്കുവാൻ എന്തൊക്കെ കക്കണമെന്നും അതെവിടൊക്കെ കിട്ടുമെന്നും തിരിച്ചറിഞ്ഞിട്ട് മോഷണത്തിന് ഒരു ശാസ്ത്രീയ സമീപനത്തിന് കള്ളൻ കിട്ടനു വഴി ഒരുങ്ങുന്നു. 
  • പകരം കുട്ടന്റെ കച്ചവടവും പൊടിപൊടിക്കും. കൊടുക്കുന്ന വിലയ്ക്കു കിട്ടും. പറയുന്ന വിലയ്ക്ക് വിൽക്കാം. കച്ചവടം പിടിച്ചാൽ കിട്ടാത്ത കയറ്റം കയറും.
അങ്ങനെ കയറുമ്പോളാണ് കള്ളൻ കിട്ടൻ പോലീസ് പിടിയിലായതും കുട്ടന്റെ കച്ചവടപ്പീടികയ്ക്ക് താഴിടേണ്ടി വന്നതും.
ക്രോണി ക്യാപ്പിറ്റലിസത്തിന്റെ (സൗഹൃദത്തണലിലെ മുതലാളിത്തത്തിന്റെ) മോഡസ് ഓപ്പറാൻഡിയിൽ (പ്രവർത്തന രീതിയിൽ) ഒളിഞ്ഞിരിക്കുന്ന  ഒരു സ്വാഭാവിക അപകടം ആ കൂട്ടുകെട്ടിലെ ഒന്നിനുമേൽ പിടി വീണാൽ മറ്റുള്ളവയും വീണുതുടങ്ങുന്ന അവസ്ഥയുണ്ടെന്നുള്ളതാണ്.
അതു തന്നെയാണ് കിട്ടൻ-കുട്ടൻ കൂട്ടുകെട്ട് വീണതിന്റെ അനുഭവം പ്രതിഫലിപ്പിക്കൂന്നത്.    
അതുകൊണ്ടു തന്നെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട രാഷ്ട്രീയനേതാക്കളും അവരോടു ബന്ധപ്പെട്ടവരും രാജ്യത്തെ നിയമ വ്യവസ്ഥയുടെ സ്വാഭാവികമായ പിടിയിലായപ്പോൾ കള്ളക്കച്ചവടവും കള്ളക്കടത്തും കൈക്കൂലിയും കൈമുതലാക്കി തടിച്ചുകൊഴുത്ത സമാന്തര സാമ്പത്തിക രംഗം തളർച്ചയുടെ വഴിയെ പോയത്.
ആ തളർച്ചയുടെ സ്വാഭാവിക സ്വാധീനം പൊതു സമ്പത് വ്യവസ്ഥയുടെ മേലുമുണ്ടാകും.
ചുരുക്കത്തിൽ 'രാഷ്ട്രീയ പകപോക്കൽ' നിർത്തി സോണിയയെയും രാഹുലിനെയും, വധേരയേയും ചിദംബരത്തെയും കാർത്തിയേയും കമൽ നാഥിനെയും അദ്ദേഹത്തിന്റെ ബന്ധുവിനെയും ഡി കെ വിജയകുമാറിനെയും അവരൊക്കെ ചൂണ്ടിക്കാട്ടുന്നവരെയും അവരുമായി ബന്ധപ്പെട്ട കള്ളപ്പണവും അഴിമതിയും അടങ്ങിയ കേസുകളിൽ നിന്ന് കയറൂരിവിട്ട് പഴയ ലാവണം  തുടരാൻ അനുവദിച്ചാൽ വിപണി വീണ്ടും സക്രിയമായി സാമ്പത്തികാവസ്ഥ മാറുമെന്ന സൂചനയാണോ സാമ്പത്തിക വിദഗ്ധനായ മുൻ പ്രധാനമന്ത്രി നൽകുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
  • ഇപ്പറഞ്ഞവർ ഇടഞ്ഞാലും ഭയന്നാലും വിപണിയുടെ ഉദ്പാദനത്തേയും ഉപഭോഗത്തെയും തകർക്കുന്ന തരത്തിൽ പണത്തിന്റെ ഒഴുക്ക് നിലയ്ക്കുമെന്നും അവരുടെ സ്വൈരവിഹാരം അനുവദിച്ചാൽ പണം പൂർവ്വാധികം ശക്തിയായി വിപണിയിലേക്ക് ഒഴുകുമെന്നുമാണോ മുൻ പ്രധാനമന്ത്രിയുടെ കണ്ടെത്തൽ.
  • ഇപ്പറഞ്ഞവരുടെ പക്കലുള്ള കള്ളപ്പണത്തിന്റെ പ്രഭാവവും അവരുടെ തണലിൽ തടിച്ചു കൊഴുത്ത സമാന്തര സാമ്പത്തിക മേഖലയുടെ ശക്തിയും ഇൻഡ്യയുടെ പൊതു സാമ്പത്തിക രംഗത്തെ കൈപ്പിടിയിലാക്കിയിരിക്കയായിരുന്നൂ എന്ന പൊതു ബോദ്ധ്യത്തെ ഡോ മൻമോഹൻ സിംഗിന്റെ പ്രസ്താവന ശരിവെക്കുകയാണ് ചെയ്യുന്നത്‌.
തിരിഞ്ഞു നോക്കിയാൽ,കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.  
അഞ്ചു ദശാബ്ദക്കാലത്തെ കോൺഗ്രസ്സ് ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തെ അപകടകരമായ അനാരോഗ്യത്തിനിടയാക്കിയ ഘട്ടത്തിലാണ് രാജ്യം 1999ൽ അടൽജിയുടെ ഭരണം സ്വീകരിച്ച് പരിഹാരത്തിനവസരം തേടിയത്.
അടൽജിയുടെ ഭരണം കായകല്പ ചികിത്സ നൽകി ആരോഗ്യം വീണ്ടെടുത്ത് ഇൻഡ്യ തിളങ്ങുവാൻ തുടങ്ങുന്ന അവസ്ഥയിലേക്കെത്തിച്ചു. 
പക്ഷേ അതുവരെ കോൺഗ്രസ്സിന്റെയും അതിലുപരി നെഹ്രു-ഗാന്ധി കുടുംബത്തിന്റെയും തണലിൽ തടിച്ചു കൊഴുത്ത സാമ്പത്തിക ശക്തികൾ അപകടം മണത്തു.  
അങ്ങനെ സാമ്പത്തിക രാഷ്ട്രീയ സ്ഥാപിത തത്പര കക്ഷികൾ വിഘടനവാദികളെയും ഹിന്ദുവിരുവർഗീയ വാദികളെയും കമ്യൂണിസ്റ്റു അരാജക വാദികളെയും ഭാരതവിരുദ്ധ വിദേശ ശക്തികളെയും കൂട്ടുപിടിച്ച് 2004ലെ പൊതു തിരഞ്ഞെടുപ്പിൽ അടൽജിയെ പരാജയപ്പെടുത്തി.
സോണിയയെയോണ്  പ്രധാനമന്ത്രിയാക്കാൻ അവർ വേഷം കെട്ടിച്ചത്.  1998ലും സോണിയ ഒരുങ്ങിയിറങ്ങിയതായിരുന്നു. വഴിവിട്ടുപോലും സഹായിക്കാൻ രാഷ്ട്രപതി കെ ആർ നാരായണൻ  ആവേശപൂർവ്വം മുന്നിട്ടിറങ്ങിയതുമാണ്. പക്ഷേ മുലായം സിങ്ങ് യാദവ് സമയോചിതമായി ലാൽ കൃഷ്ണ അദ്വാനിയും ജോർജ്ജ് ഫെർണാണ്ടസ്സിന്റെയും ഒപ്പം നിന്ന് അങ്ങനെയൊരു ദുരന്തം അന്നൊഴിവാക്കിയതാണു ചരിത്രം.

2004ലും സോണിയ പ്രധാനമന്ത്രിയാകാനുള്ള മോഹവുമായിത്തന്നെയാണ് രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിനെ കാണാൻ പോയത്. തന്റെ സത്യപ്രതിജ്ഞ ഒന്നോ രണ്ടോ ദിവസത്തിനുള്ളിലുണ്ടാകുമെന്ന സൂചന പുറത്തു നിൽക്കുന്നവർക്ക് ചിരിച്ച് സന്തുഷ്ടയായി  നൽകിയിട്ടാണ് രാഷ്ട്രപതി ഭവനിലേക്ക് കയറിയതും.
പക്ഷേ അതിനുമുമ്പ് ഭാരതീയ പൗരത്വം സ്വീകരിച്ചെങ്കിൽ പോലും ഇറ്റലിക്കാരിയായ സോണിയക്ക് പ്രധാനമന്ത്രിയാകാൻ നിയമതടസ്സങ്ങളുണ്ടെന്ന നിയമോപദേശങ്ങൾ രാഷ്ട്രപതിക്ക് കിട്ടിയിരുന്നു. രാഷ്ട്രപതിയിൽ നിന്നും ആ വിവരം അറിഞ്ഞതോടെയാണ് പ്രധാനമന്ത്രിമോഹം വെടിഞ്ഞ് ത്യാഗത്തിന്റെ നാടകം കളിച്ച് ഡോ മൻമോഹൻ സിംഗിനെ പ്രധാനമന്ത്രിക്കസേരയിൽ പേരിനിരുത്തി പിൻസീറ്റ് ഡ്രൈവിംഗ് സോണിയ തിരഞ്ഞെടുത്തത്.
പിന്നീടു ഭാരതം കണ്ടത് മുൻഗാമിയുടെ ചികിത്സയിൽ രോഗം ഭേദമായി പൂർണ്ണാരോഗ്യത്തിലേക്ക് കടന്നു തുടങ്ങിയ മനുഷ്യന്റെ തുടർ ചികിത്സയുടെ ചുമതല യാദൃശ്ചികമായി ലഭിച്ച പുതിയ ഡോക്ടർ  നോക്കത്തുമില്ല മിണ്ടത്തുമില്ലാത്ത അവസ്ഥയിലായതാണ്. ജൂണിയർ ഡോക്ടർമാർ അനസ്തേഷ്യാ കൊടുത്തും കൊടുക്കാതെയും മനുഷ്യന്റെ അവയവങ്ങൾ അടിച്ചുമാറ്റി വിലയ്ക്ക് വിൽക്കുന്നത് തുടർക്കഥയായപ്പോഴും ഞാനൊന്നുമറിഞ്ഞില്ലേ, എനിക്കൊന്നുമറിയില്ലേ, എന്ന മട്ടിൽ കുറ്റകരമായ മൗനത്തിലായിരുന്നു ലോക പ്രശസ്തനായ ഡോക്ടർ.

ഇടക്കാലത്തെ  (1999-2004) തടസ്സങ്ങൾ മാറി തങ്ങൾ അറിഞ്ഞു കൊടുക്കുന്നതും അവർ ചോദിച്ചുവാങ്ങുന്നതും പ്രതിഫലമായി കരുതി, അവർക്കു കൊടുത്തതും അതിനപ്പുറവും നേടിയെടൂക്കുവാൻ തങ്ങൾക്ക്  വഴി ഒരുക്കിത്തരുന്ന തങ്ങൾക്കു വേണ്ടപ്പെട്ടവർ, സോണിയയും രാഹുലും കൂട്ടരും ഭാരതം വീണ്ടും ഭരിക്കാൻ തുടങ്ങിയപ്പോൾ അഴിമതിയൂടെ, സ്വജനപക്ഷപാതത്തിന്റെയും കള്ളപ്പണത്തിന്റെയും പുതിയ സാദ്ധ്യതയാണു കറുത്ത സമ്പത്തിക ശക്തികൾക്ക് തുറന്നു കിട്ടിയത്.

അക്കാലത്തുണ്ടായ ലോക സാമ്പത്തിക പ്രതിസന്ധിയും ഉർവ്വശീശാപം ഉപകാരമെന്ന പോലെയായി.  അതിൽ നിന്ന് ഭാരതത്തെ രക്ഷിക്കാനെന്ന മട്ടിൽ എടുത്ത നടപടികളും അന്നത്തെ ഭരണകൂടത്തിന്റെ സൗഹൃദവലയത്തിലുള്ളവർക്ക് സാമ്പത്തിക ചൂഷണത്തിന് വഴി  തുറക്കുന്നതായി.
  • നീരാ റാഡിയാ ടേപ്പുകൾ പുറത്തുവന്നതോടെ വ്യവസായി ഭീമന്മാരും അവരുടെ മാധ്യമരംഗത്തെ കൂലിക്കാരുമാണ് കേന്ദ്ര മന്ത്രി സഭയിലാരൊക്കെ വേണമെന്ന് പോലും നിശ്ചയിച്ക്കുന്ന നാണം കെട്ട അവസ്ഥയായത് ലോകം തിരിച്ചറിഞ്ഞു..  
  • ബാങ്കുകളുടെ പണം ഇഷ്ടമുള്ള വ്യവസായികൾക്കു വേണ്ടി ഒഴുകി. 
  • പൊതുജനങ്ങളോടു ഈടാക്കിയ നികുതി സർക്കാരിലേക്ക് അടച്ചില്ലെങ്കിലും ചോദിക്കില്ലാത്ത സ്ഥിതി ഉണ്ടായി. 
  • ജീവനക്കാരുടെ വേതനം കൊടുക്കാതെ കുടിശ്ശിക വരുത്തിയാലും മുതലാളിയെ തൊടാത്ത ഭരണം.  
  • മുതലാളിത്ത സമൂഹവും രാഷ്ട്രീയ നേതാക്കളുടെ ആർഭാട ജീവിതത്തിന് അരങ്ങൊരുങ്ങി. 
  • അക്കാലത്താണല്ലോ കുപ്രസിദ്ധനായ സാമ്പത്തിക കുറ്റവാളി വിജയ് മല്ല്യ സോണിയക്കും രാഹുലിലും റോബർട്ടു വധേരയ്ക്കും പ്രിയങ്കയ്ക്കും കുട്ടികൾക്കും കിംഗ് ഫിഷർ വിമാന സർവ്വീസിൽ പണം ഈടാക്കാതെ വേണ്ടപ്പോളൊക്കെ ആർഭാടയാത്രയ്ക്ക് വഴിയൊരുക്കിയതും
അതിന്റെ യൊക്കെ ഫലവും ജനങ്ങൾ കണ്ടു, അനുഭവിച്ചു.  സാമ്പത്തിക രംഗത്ത് വല്ലപ്പോളുമൊക്കെ വളർച്ചയുണ്ടായിയെന്ന തോന്നലുണ്ടാക്കിയപ്പോളും തൊഴിൽ മേഖല തളർച്ചയിലായിരുന്നു.
  1. 2012-13 ലേ ജിഡിപി കേവലം 4.5 ശതമാനം!  
  2. പണപ്പെരുപ്പം രണ്ടക്ക സംഖ്യയിൽ!  
  3. വിലക്കയറ്റം നിയന്ത്രണാതീതം! 
  4. അഴിമതിയാണെങ്കിൽ ലക്ഷം കോടികളിൽ കണക്കാക്കപ്പെട്ടിരുന്ന ഗതികെട്ട അവസ്ഥ! 
  5.  ഭരിച്ചിരുന്നത് പേരെടുത്ത സാമ്പത്തിക വിദഗ്ധനായ പ്രധാനമന്തിയും! 
അക്കാലത്തേക്ക് തിരിച്ചു പോകാനുള്ള വഴിയാണോ ഡോ മൻമോഹൻ സിംഗിന്റെ മനസ്സിലുള്ളത്?

ഒരു കാര്യത്തിൽ മുൻ പ്രധാനമന്ത്രി നീതിപുലർത്തി. കിട്ടിയ അവസരം ഉപയോഗിച്ച് തന്നെ  കസേരയിലിരുത്തിയ സോണിയയെയും രാഷ്ട്രീയ കൂട്ടാളികളെയും കയറൂരി വിടുവിക്കാൻ ഉപദേശം നൽകിയപ്പോൾ തന്നെ ആ രാഷ്ട്രീയ ശക്തികളുടെ സാമ്പത്തികസ്രോതസ്സുകളായിരുന്ന നികുതി വെട്ടിപ്പുകാരെയും അദ്ദേഹം ഉപേക്ഷിച്ചില്ല. മോദി സർക്കാർ 'ടാക്സ് ടെററിസം' നിർത്തണമെന്ന നിർദ്ദേശം അവർക്കു വേണ്ടിയും മുന്നോട്ടുവെച്ചു
എന്താണീ ടാക്സ് ടെററിസം? 
  • ആദായ നികുതി പോലുള്ള പ്രത്യക്ഷ നികുതി കൊടുക്കേണ്ടയാൾ കുടിശ്ശിക വരുത്തുന്നത് കയ്യിൽ വകയില്ലാഞ്ഞിട്ടല്ല, വെട്ടിച്ചാലതും നേട്ടമാകുമെന്നുള്ളതുകൊണ്ടാണ്. 
  • ജി എസ്സ് ടി പോലുള്ള പരോക്ഷ നികുതിയാണെങ്കിൽ സാധനവും സേവനവും വാങ്ങുന്നവരിൽ നിന്ന് ഈടാക്കിയിട്ട് സർക്കാരിലേക്ക് അടയ്ക്കാതെയാണ് വെട്ടിയ്ക്കുന്നത്. 
  • ഈ രണ്ടു കൂട്ടരോടും കർക്കശമായി കരം പിരിച്ചാലെങ്ങനെ ടാക്സ് ടെററിസമാകും? 
  • കരം പിരിവ് ഒഴിവാക്കിയാൽ നേട്ടമാർക്ക്? 
  • അങ്ങനെയങ്ങ് ഒഴിവാക്കിയാൽ രാജ്യത്തിന്റെ ഖജനാവ് ചോരുമോ, നിറയുമോ?
സാമ്പത്തിക രംഗത്ത് ലോകമാകെ വെല്ലുവിളികളുണ്ട്.  
ഭാരതവും ആഗോള സമ്പത്തിക വ്യവസ്ഥയുടെ ഭാഗമായതുകൊണ്ട് ഇവിടെയും ആ വെല്ലുവിളികൾ പല രൂപത്തിലും ഉയർന്നുവരും. ഭാഗ്യവശാൽ ആ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള കഴിവും സമർപ്പണവുമുള്ള നരേന്ദ്ര മോദിയാണ് ഭരണത്തലപ്പത്ത്.  സൃഷ്ടിപരമായ തിരുത്തൽ നിർദ്ദേശങ്ങൾ തീർച്ചയായും സ്വീകരിക്കണം.
പക്ഷേ വീടിന്റെ പിന്നാമ്പുറത്ത് മാലിന്യം കൂട്ടിയിട്ടത് കത്തുന്നതുകണ്ട് പുര കത്തുകയാണെന്ന മോഹത്തിൽ വാഴ വെട്ടാൻ വെട്ടുകത്തിയുമെടുത്ത്, നേരെ നടക്കാനും നിൽക്കാനും വയ്യാത്തവർ പോലും, ഓടിയടുക്കാൻ ശ്രമിക്കുന്നതു കാണുമ്പോൾ വേദന തോന്നുന്നു. 
പുരകത്തുന്നില്ല,
വാഴവെട്ടാൻ വന്നാൽ കണ്ടുനിൽക്കുന്നവർ കാലുവെട്ടുമെന്ന് ആരെങ്കിലും അവർക്കു സൂചന നൽകണം




No comments: