K V Rajasekharan :: ന്യൂനപക്ഷം, മോദി സർക്കാരിന്‍റെ സകാരാത്മക സമീപനം.

Views:


ദേശീയതയുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ശക്തികളിലേക്ക്  ജനാധിപത്യ ഭാരതം അധികാരം കൈ മാറിയത് തത്പര കക്ഷികളുടെ ഉറക്കം കെടുത്തി.  മൂക്കുമുറിച്ചും ശകുനം മുടക്കണം എന്നവർ നിശ്ചയിച്ചുറച്ചു.

ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയവും ആശങ്കയും വളർത്തുകയായി അവരുടെ രണതന്ത്രം.

പക്ഷേ അവരുടെ ദുഷ്പ്രചരണങ്ങളുടെ പുകമറ മാറ്റിയാൽ ന്യൂനപക്ഷ ജനസമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങൾക്കും മറ്റുള്ളവർക്കൊപ്പം അവസരങ്ങൾ ലഭ്യമാക്കുന്നതും അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു നരേന്രമോദി സർക്കാരിന്‍റെ കഴിഞ്ഞ അഞ്ചുവർഷങ്ങൾ എന്നത് നിഷ്പക്ഷ നിരീക്ഷകർക്ക് സ്വാഭാവികമായും കണ്ടെത്താൻ കഴിയുന്ന വസ്തുതകളാണ്.

ഉള്ളിലുള്ളത് തന്നെ പറയുക, പറയുന്നതു പോലെ പ്രവർത്തിക്കുക.  രാജ്യത്തിനെതിരെ (അകത്തു നിന്നും പുറത്തു നിന്നും) ആയുധം എടുക്കുന്നവർക്കറിയാം,  രാഷ്ട്രീയമായി വെല്ലുവിളിക്കുന്നവർക്കുമറിയാം, ജനാധിപത്യ കുരുക്ഷേത്രത്തിൽ ഒപ്പം നിന്ന ജനകോടികൾക്കുമറിയാം,
 • ഉള്ളിലുള്ളതും ചെയ്യാൻ പോകുന്നതുമേ നരേന്ദ്ര ദാമോദർ ദാസ് മോദി പറയുകയുള്ളുവെന്നും. 
 • പറയുന്നതു പോലെ തന്നെയാകും അദ്ദേഹത്തിന്‍റെ പ്രവർത്തിയെന്നും 
 • അതിലൊരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ലെന്നും 
ലോകം തിരിച്ചറിഞ്ഞിട്ടുമുണ്ട്.

2014 ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ 
 • അഴിമതിയും കെടുകാര്യസ്ഥതയും നയപരമായ തളർവാതവും വരുത്തി വെച്ച വികസന മുരടിപ്പായിരുന്നു ഒന്നാമത്തെ വെല്ലുവിളി.  
 • അതിലപ്പുറം ഗൗരവതരമായ മറ്റൊരു വെല്ലുവിളിയായിരുന്നു വികസനത്തിന്‍റെ പരിമിതമായ വീതം പോലും അടിസ്ഥാന ജനവിഭാഗത്തിലേക്ക് എത്താറില്ലായിരുന്നുവെന്നുള്ളത്. 
 • അതിനിടയിൽ തന്നെയാണ് അന്നത്തെ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് വികസനത്തിന്‍റെ ആദ്യ പങ്ക് ന്യൂനപക്ഷത്തിനാണെന്ന പ്രഖ്യാപനം വഴി നെറികെട്ട പ്രീണനരാഷ്ട്രീയം ആയുധമാക്കി അടിസ്ഥാന ജനവിഭാഗത്തിൽ ഭിന്നത വളർത്തി മുതലെടുക്കുവാൻ വഴി തിരഞ്ഞതും
ന്യൂനപക്ഷത്തിലെ  ഭൂരിപക്ഷവും ഭൂരിപക്ഷത്തിലെ ഭൂരിപക്ഷവും ചേരുന്നതാണ് അടിസ്ഥാന ജനവിഭാഗം.

അവരുടെ പൊതുവായ ജീവൽ പ്രശ്നങ്ങളാണ്, 
 • പട്ടിണിയും നിരക്ഷരതയും ആരോഗ്യകരമായ ജീവിത സാഹചര്യത്തിന്‍റെ അഭാവവും.  
 • അവരിൽ ബഹുഭൂരിപക്ഷത്തിനും താമസിക്കാൻ വീടില്ല, അവരുടെയിടങ്ങളിൽ വൈദ്യുതിയില്ല, 
 • പാചകവാതകമില്ല, 
 • ശൗചാലയങ്ങളില്ല, 
 • സഞ്ചരിക്കുവാൻ വഴിയില്ല. 
നാളിതുവരെ അവരെ ഭരിച്ചിരുന്ന ഭരണാധികാരികൾക്ക് അതിനെ കുറിച്ചൊന്നും ചിന്തിക്കുവാൻ താത്പര്യവുമില്ലായിരുന്നു.  

പക്ഷേ അതേ ഭരണാധികാരികൾ പാർശ്വവത്കരിക്കപ്പെട്ട ആ വലിയ ജനാധിപത്യ വിഭാഗം ഒന്നിച്ചു നിന്ന് ആവശ്യങ്ങൾ ചോദിക്കുന്ന അവസ്ഥയെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഭിന്നിപ്പിക്കുവാനുള്ള എല്ലാവഴിയും ഉപയോഗിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ.

ബ്രിട്ടീഷുകാർ കൗശലപൂർവ്വം തുടർന്നു പോന്ന ഭൂരിപക്ഷ-ന്യൂനപക്ഷ  വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന മാർഗ്ഗം തന്നെയാണ് ജവഹർലാൽ നെഹ്രു മുതലുള്ള ഭരണാധികാരികൾ പുതിയ തന്ത്രങ്ങളുമായി അനുവർത്തിച്ചു പോന്നത്.

പൊള്ളയായ വാഗ്ദാനങ്ങൾ നൽകി സംഘടിത ന്യൂനപക്ഷത്തെ പ്രീണിപ്പിച്ചും അസംഘടിത ഭൂരിപക്ഷത്തെ പാർശ്വവത്കരിച്ചും അവർ സ്വന്തം അജണ്ട നടപ്പിലാക്കി.  

ജനാധിപത്യ സംവിധാനത്തെ കുടുംബവാഴ്ചയുൾപ്പടെയൂള്ള സ്ഥാപിത താത്പര്രങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കൈപ്പിടിയിലൊതുക്കുകയായിരുന്നു അവരുടെ രാഷ്ട്രീയ രണതന്ത്രത്തിന്‍റെ മർമ്മം.

സങ്കീർണ്ണമായ വെല്ലുവിളികളുയർത്തിയ അങ്ങനെയൊരു ചരിത്ര സന്ധിയിൽ  അടിമുടി തിരുത്തലിന്‍റെ ചാലകശക്തിയായി മാറുവാനുള്ള ചുമതലയാണ് ഭാരതം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രതിബദ്ധതയുള്ള രാഷ്ട്രീയശക്തികളെ ഏൽപ്പിച്ചത്. ആരെയും പ്രീണിപ്പിക്കാതെ എല്ലാവർക്കും നീതിയുറപ്പാക്കുന്ന ദർശനരേഖയുടെ പശ്ചാത്തലത്തിൽ എല്ലാരോടും ചേർന്ന് എല്ലാവരുടെയും വികസനം ഉറപ്പാക്കുവാനുള്ള ശരിവഴിയിലൂടെയുള്ള യാത്രയാണവിടെ തുടങ്ങിയത്. 
 • സമഗ്രവികസനത്തിന്‍റെ കുതിച്ചു കയറ്റം ഉറപ്പുവരുത്തി വിഭവ ലഭ്യത ഉറപ്പുവരുത്തണം. 
 • വിഭവവിതരണത്തിന് സുതാര്യവും സാമൂഹിക നീതിയ്ക്ക് ഉപയുക്തവുമായ കുറ്റമറ്റ പുതു സമ്പ്രദായങ്ങൾ ഉരുത്തിരിയണം. 
 • ഭൂരിപക്ഷ ന്യൂനപക്ഷ വേർതിരിവില്ലാതെ വികസന വിഹിതം എല്ലാവരിലും എത്തണം. 
 • വികസന പ്രക്രിയയിൽ എല്ലാവരുടെയും സക്രിയമായ പങ്കാളിത്തവുമുണ്ടാകണം. 
 • അങ്ങനെ വേറിട്ടൊരു വഴിയിലൂടെയുള്ള യാത്ര വിജയകരമാകാൻ ന്യൂനപക്ഷങ്ങൾക്ക് ചില പ്രത്യേക കരുതലുകൾ വേണ്ട ഇടങ്ങളിൽ അതിനു കൃത്യമായ വ്യവസ്ഥകളുമുണ്ടാകണം.
അങ്ങനെയുള്ള കാഴ്ചപ്പാടുകൾ ഉൾക്കൊണ്ടുകൊണ്ട് ഭരണകൂടത്തിന്‍റെ സമീപന രീതികളിൽ ഗുണപരമായ പരിവർത്തനം  പ്രായോഗികമായതോടെ ന്യൂനപക്ഷങ്ങൾക്ക് രണ്ടു തരത്തിലാണ് നേട്ടങ്ങളുണ്ടായത്.
 1. ഒന്നാമത് അടിസ്ഥാന ജനസമൂഹത്തിനെ മൊത്തത്തിൽ ലക്ഷ്യമാക്കി നടപ്പിൽ വരുത്തിയ പദ്ധതികളിൽ  നിന്നും സ്വാഭാവികമായും ഉണ്ടായ നേട്ടം. 
 2. രണ്ടാമത് ന്യൂനപക്ഷത്തിന് വേണ്ടി സവിശേഷമായി ഉള്ള പദ്ധതികളുടെ കാര്യക്ഷമമായ നിർവ്വഹണത്തിലൂടെ ലഭിച്ച നേട്ടം.
'സ്വച്ഛഭാരത്' , 'എല്ലാവർക്കും വീട്', 'എല്ലാ വീടുകൾക്കും ശൗചാലയം', 'എല്ലായിടങ്ങളിലും വൈദ്യുതി',  'എല്ലാ വീട്ടമ്മമാർക്കും പാചക വാതകം', തുടങ്ങിയ പദ്ധതികൾക്ക് തുടക്കം കുറിച്ചതും യുദ്ധകാലപരിസ്ഥിതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതും അടിസ്ഥാനജനസമൂഹത്തിലേക്ക് വികസനത്തിന്‍റെ അർഹിക്കുന്ന വിഹിതം എത്തിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെ മാറ്റിമറിച്ചു.

ജൻധൻ അക്കൗണ്ടുകളിലൃടെ ഇല്ലാത്തവനിലേക്കും ബാങ്ക് അക്കൗണ്ടുകളെത്തിച്ചത് ചരിത്രം തിരുത്തിയ മറ്റൊരു ചുവടുവെപ്പായി. തൊട്ടു പിന്നാലെ സബ്സിഡികളും സഹായങ്ങളും ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്ന രീതിയും വ്യാപകമായി നടപ്പിലാക്കി.  അടിസ്ഥാന ജനങ്ങളുടെ ജീവിതമാർഗ്ഗമായ കാർഷിക മേഖലയിൽ വാർഷിക ധനസഹായമുൾപ്പടെയുള്ള പദ്ധതികളും നടപ്പിലായി.

വാഴയ്ക്ക് വെള്ളമൊഴിക്കുമ്പോൾ ചീരയും നനയുന്നെങ്കിൽ നനയട്ടെ എന്ന തരത്തിൽ വികസനവും വീതം വെക്കലും ഉപരിവിഭാഗത്തിലേക്ക് പരിമിതപ്പെടുത്തിയിട്ട് അവർ വലിച്ചെറിഞ്ഞെങ്കിൽ കിട്ടുന്ന ഔദാര്യം കൊണ്ട് അടിസ്ഥാന ജനവിഭാഗം ചാകാതെ കിടക്കട്ടെ എന്ന ഭരണകൂടസമീപനത്തിലാണ് മോദി തിരുത്തൽ തുടങ്ങിയത്.

ചീരയ്ക്ക് വെള്ളമൊഴിക്കയും ഒപ്പം തന്നെ വാഴ ഉണങ്ങാതെ വളരുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാൻ ഉതകുന്നതുമായി മോദി മുന്നോട്ടു കൊണ്ടുവന്ന രാഷ്ട്രീയ വികസന ബദൽ.

ന്യൂനപക്ഷ-ഭൂരിപക്ഷ വേർതിരിവില്ലാതെ സമാജത്തിനു മൊത്തം ഫലം എത്തിച്ചുകൊണ്ടുള്ള വ്യത്യസ്ഥ സമീപനത്തിനാണങ്ങനെ തുടക്കം കുറിച്ചത്.

വേനലറുതിയിൽ വെള്ളമില്ലാത്ത അവസ്ഥയെ മുതലെടുത്തുകൊണ്ട് ജല വിതരണം ആളും തരവും നോക്കി ചെയ്ത് പ്രീണനത്തിന് വഴിതേടുന്നവരും വെള്ളം വിറ്റ് ലാഭം കൊയ്യുന്നവരും മഴ പെയ്തു  തുടങ്ങിയാൽ പണിയില്ലാത്തവരാകും. വെള്ളം എല്ലാവർക്കും കിട്ടിയാൽ വിതണക്കാരെ ആരു വിളിച്ചു വരുത്തും?  കളം നിറഞ്ഞു നിന്ന് നായകരായി വിലസിയവർക്ക് കുത്തിത്തിരിപ്പിന് പുതുവഴികൾ തേടേണ്ട ഗതികേടുമാകും.  എല്ലാവരും വികസനത്തിന്‍റെ വഴിയിലെത്തുമ്പോൾ ഒരു വിഭാഗത്തിനും വേറിട്ട് നിന്ന് പരാതി പറയേണ്ട അവസ്ഥ അവശേഷിക്കയില്ല.

പൊതുവികസനത്തിന്‍റെ ഭാഗമായി പുതുജീവിതം സുസാദ്ധ്യമായപ്പോൾ തന്നെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രത്യേക പ്രശ്നങ്ങളോടും സകാരാത്മകമായ സമീപനമാണ് മോദിഭരണകൂടം സ്വീകരിച്ചത്.

ഹജ്ജ് സബ്സിഡിയെന്ന വിവാദവിഷയം കൈകാര്യം ചെയ്ത രീതി തന്നെ നോക്കാം.

ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളുടെ ആത്മാവ് കണ്ടെത്തിയ ആ സമുദായത്തിന്‍റെ തന്നെ ആദരണീയ പണ്ഡിതർ സബ്സിഡി സ്വീകരിച്ച് ഹജ്ജിനു പോകുന്നത് അനിസ്ളാമികമാണെന്ന അഭിപ്രായം പലപ്പോഴും വ്യക്തമാക്കി.
 • കടവും കടപ്പാടും തീർത്തിട്ടു പോകേണ്ട ചടങ്ങാണ് ഹജ്ജ് എന്നതു കൊണ്ട് ആരുടെയെങ്കിലും (അത് സർക്കാരിന്‍റെ ആയാലും) സഹായം സ്വീകരിച്ച് ആ കർമ്മം ചെയ്യുന്നത് അനിസ്ളാമികമാണെന്ന ശക്തമായ നിലപാടുതറയിലാണ് അവർ ഉടച്ചു നിന്നത്. 
 • വിഷയം പരിഗണിച്ച സുപ്രീം കോടതി സബ്സിഡി നിർത്തലാക്കുവാൻ വിധിയും പുറപ്പെടുവിച്ചു.  
 • നടപ്പിലാക്കേണ്ട ചുമതല സ്വാഭാവികമായും ഭരണകൂടത്തിന്‍റെ ചുമലിലുമായി. 
പക്ഷേ അങ്ങനെ സബ്സിഡി നിർത്തലാക്കുമ്പോൾ ബാക്കിയാകുന്ന തുക മുസ്ലീം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് മാറ്റി വെക്കുവാനുള്ള തീരുമാനമെടുത്തതാണ് ഭാരതം കണ്ട മറ്റു ഭരണാധികളിൽ നിന്ന് നരേന്ദ്രമോദിയെ വ്യത്യസ്തനാക്കുന്നത്. .

മുത്തലാക്ക് വിഷയത്തിലും സുപ്രീം കോടതി നിർദ്ദേശങ്ങളും ഇസ്ലാമിക മതപണ്ഡിതന്മാരിലെ ഉത്പതിഷ്ണുക്കളുടെ അഭിപ്രായങ്ങളുമായി മോദിയിലെ സാമൂഹിക പരിഷ്കർത്താവിന് മാർഗ്ഗരേഖകൾ.
ലിംഗപരമായ വിവേചനത്തിന് വിധേയരായി ഇരുളടഞ്ഞ ജീവിതത്തിന് വിധിക്കപ്പെട്ട മുസ്ളീം സമൂഹത്തിലെ ഹതഭാഗ്യർക്ക് പൊതുജീവിതം നൽകുന്നതായി മുത്തലാക്കിന്മേലുള്ള നിയമ നിർമ്മാണം.
രാഷ്ട്രീയ താത്പര്യ സംരക്ഷണത്തിനു വേണ്ടി ന്യൂനപക്ഷത്തിലെ മതമൗലികവാദികളെ പ്രീണിപ്പിച്ചു നിർത്തുന്ന  അപകടകരമായ പ്രവണതയാണ് നെഹ്രു മുതൽ തുടർന്നുപോന്നതെന്ന് ഓർത്തെടുക്കുമ്പോളാണ് പുതിയ സമീപനത്തിന്‍റെ ഗുണപരമായ വ്യത്യാസം വ്യക്തമാകുന്നത്.

1986 ൽ ഷാ ബാനു കേസിന്‍റെ വിധിയിൽ മൊഴി ചൊല്ലപ്പെട്ട മുസ്ലീം സ്ത്രീകളുടെ ചിലവിനു നൽകുവാനുള്ള ബാദ്ധ്യത മുസ്ലീം പുരുഷന്മാരുടെ മേൽ നിക്ഷിപ്തമാക്കാനുള്ള സാദ്ധ്യത സുപ്രീം കോടതി തുറന്നു.

സുപ്രീം കോടതിയുടെ ആ നീക്കത്തെ തകർത്തത് രാജീവ് ഗാന്ധി നടത്തിയ  നിയമനിർമാണമായിരുന്നു എന്നത് ഇവിടെ ഓർക്കേണ്ടിവരും.

ആ പിന്തിരിപ്പൻ നടപടിയിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽ നിന്ന് സ്വയം പുറത്തു പോകാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറായി. രാജി പിൻവലിക്കുവാൻ വേണ്ടി രാജീവ് ഗാന്ധി നിയോഗിച്ച കോൺഗ്രസ്സ് നേതാവ് തങ്ങളുടെ ഭാഗം ആരിഫ് മുഹമ്മദ് ഖാനോട് ന്യായീകരിച്ചതിങ്ങനെയാണ്:
'കോൺഗ്രസ്സ് ഒരു സമാജപരിഷ്കരണ പ്രസ്ഥാനമല്ല, നമുക്ക് രാഷ്ട്രീയ നിലനിൽപ്പ് ഉറപ്പാക്കണം, തിരഞ്ഞെടുപ്പുകളെ നേരിടണം, അഴുക്കുചാലിൽ കിടക്കുന്നതിൽ തൃപ്തിയുള്ളവർ അവിടെ കിടക്കട്ടെ'! 
ചുരുക്കത്തിൽ മുസ്ലീം സമാജത്തിന്‍റെ നവീകരണത്തിലല്ല, തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളിലാണ് കോൺഗ്രസ്സ് രാഷ്ട്രീയം എന്നും താത്പര്യം കാണിച്ചിട്ടുള്ളതെന്നാണ് ഇതിലൂടെ സ്പഷ്ടമാകുന്നത്.   അങ്ങനെയുള്ള മുൻ ഭരണകൂടസമീപനങ്ങളുടെ പശ്ചാത്തലത്തിൽ പഠിക്കുമ്പോഴാണ് രാഷ്ട്രീയനേട്ടങ്ങൾക്കപ്പുറം സമാജത്തിന്‍റെ വളർച്ചയെ ലക്ഷ്യമാക്കി മാറിയ ഭരണകൂടം എടുക്കുന്ന വിപ്ളവകരമായ നടപടികളുടെ മാറ്റ് വെളിപ്പെടുന്നത്.

മോദി ഭരണകൃടത്തിന്‍റെ സവിശേഷ ശ്രദ്ധ പതിഞ്ഞ സുപ്രധാന മേഖലയാണ് വിദ്യാഭ്യാസം.   
 • ഭാരതീയ പൊതുസമൂഹത്തിന് മൊത്തം ഗുണമേന്മ ഉറപ്പുള്ള വിദ്യാഭ്യാസം ലഭ്യമാക്കണം. 
 • അതിന് ഭരണകൂടം വിവിധ ധാരകളിലുള്ള വിദ്യാഭ്യാസരീതികളെ കണ്ടറിഞ്ഞ് കുറവുകൾ നികത്തണം.  
 • ഒപ്പം തന്നെ രാഷ്ട്രത്തിന്‍റെ സമഗ്രവികസനത്തിനും ദേശീയോദ്ഗ്രഥനത്തിനും തടസ്സം നിൽക്കുന്നതൊന്നും ഒരിടത്തും നടക്കുന്നില്ലായെന്ന് ഉറപ്പു വരുത്താനുള്ള ബാദ്ധ്യതയും വിവിധ ധാരകളിൽ പങ്കു വഹിക്കുന്നവർക്കുണ്ട്.  
 • അതു നിരീക്ഷിക്കുവാനും വേണ്ട ഇടങ്ങളിൽ ഫലപ്രദമായ തിരുത്തൽ ഇടപടെലുകൾ നടത്തുവാനുള്ള അവകാശവും ബാദ്ധ്യതയും പൊതു ഭരണകൂടത്തിനുമുണ്ട്. 
അങ്ങനെ ദേശത്തിന്‍റെ പൊതു താത്പര്യവും വ്യക്തികളുടെ സമഗ്രവികസനവും ലക്ഷ്യമാക്കിയുള്ള ശ്രദ്ധാപൂർവ്വമുള്ള കാൽവെപ്പിനാണ്  ന്യൂന പക്ഷ വിദ്യാഭ്യാസ മേഖലയിൽ മോദി സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.

മദ്രസ്സകളെ നവീകരിക്കും. 
 • മദ്രസ്സാ വിദ്യാഭ്യാസ സമ്പ്രദായത്തെ സാധാരണ വിദ്യാഭ്യാസത്തോടൊപ്പമെത്തിക്കാൻ അവിടെ കണക്കും ശാസ്ത്രവും ചരിത്രവും ഇംഗ്ളീഷും കമ്പ്യൂട്ടർ സയൻസും എല്ലാം പഠിക്കാൻ അവസരമൊരുക്കും. 
 •  മദ്രസ്സകളിലെ അദ്ധ്യാപകർക്ക് അക്കാദമിക മികവുറപ്പാക്കുന്ന പുതിയ പരിശീലനം നൽകും. 
 • ഇടയ്ക്ക് പഠിത്തം മുടക്കി സ്കൂൾ വിടുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അവസരങ്ങളൊരുക്കും. 
 • ഭാരതത്തിലെ സകല വിദ്യാർത്ഥികൾക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി അവരെ ശാസ്ത്ര സാങ്കേതിക മേഖലകളിലുൾപ്പടെ  മത്സരക്ഷമത ഉള്ളവരാകാനുതകുന്ന ദീർഘദൃഷ്ടിയുള്ള പദ്ധതി പൂർണ്ണമാക്കുന്നതിനുള്ള ദൃഢനിശ്ചയമാണ് ഇവിടെ നിഴലിക്കുന്നത്.. 
 • അഞ്ചു കോടി ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ഒപ്പം തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. 
 • മുസ്ലീം കുട്ടികളുടെ ഒരു കയ്യിൽ ഖുറാനും മറ്റെ കയ്യിൽ കമ്പ്യൂട്ടറും ഉണ്ടാകുന്ന അവസ്ഥയാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.
പ്രഖ്യാപിക്കപ്പെട്ട സ്കോളർഷിപ്പുകളിൽ 50 ശതമാനം പെൺകുട്ടികൾക്കു വേണ്ടി മാറ്റി വെക്കുമെന്ന് എടുത്തുപറഞ്ഞതോടെ ലിംഗ വിവേചനത്തിനെതിരേയുള്ള സകാരാത്മക ഇടപെടലും ഉണ്ടാകുമെന്ന ശുഭോദർക്കമായ സൂചനയും നൽകുന്നു.
ബേട്ടീ ബചാവോ ബേട്ടീ പഠാവോ (പെൺകുട്ടിയേ രക്ഷിക്കൂ; പെൺകുട്ടിയെ പഠിപ്പിക്കൂ) എന്ന ഒന്നാം മോദി സർക്കാരിന്റെ മൊത്തം ഭാരതീയരോടുള്ള ആഹ്വാനത്തിന്റെ സക്രിയമായ തുടർ ഇടപെടൽ.
ഭാരതസർക്കാറിന്‍റെ ന്യൂനപക്ഷ മന്ത്രാലയം നേരിട്ട് നടപ്പിൽ വരുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വിവിധ പരിപാടികൾ കൂടി പരിഗണിക്കുമ്പോളാണ് നരേന്ദ്രമോദിയെ നയിക്കുന്ന ദേശീയതയുടെ രാഷ്ട്രീയ ധാരയുടെ ന്യൂനപക്ഷ ജനവിഭാഗങ്ങളോടുള്ള സമീപനങ്ങളിലെ സകാരാത്മകത പ്രകടമാകുന്നത്.

വിദ്യാഭ്യാസ ശാക്തീകരണത്തിന്
 • മൗലാനാ ആസാദ് സ്കോളർഷിപ്പടക്കമുള്ള വിവിധ സ്കോളർഷിപ്പുകളും 
 • പഠോ പർദേശ് (വിദേശത്തു പഠിക്കൂ), 
 • നയാ സവേരാ (പുതിയ പ്രഭാതം), 
 • നയി ഉഡാൻ (പുതിയ ഉയരൽ), 
തുടങ്ങിയ പദ്ധതികളും നിർണ്ണായക സംഭാവന നൽകുന്നു.
 • സാമ്പത്തിക വികസനത്തിനുതകും വിധം നൈപുണ്യ വികസനത്തിനുള്ള വിവിധ പദ്ധതികളും 
 • കുറഞ്ഞ നിരക്കിൽ മുതൽമുടക്കിനു പണം ലഭ്യമാക്കാനുള്ള പദ്ധതികളും മറ്റും ന്യൂനപക്ഷ നമൂഹത്തിലെ ഇല്ലാത്തവരുടെ ക്ഷേമം ഉറപ്പാക്കുവാൻ നടപ്പിലാക്കുന്നു.  
പ്രധാനമന്ത്രിയുടെ പുതിയ പതിനഞ്ചിന പരിപാടികളും ന്യൂനപക്ഷത്തോടുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നു.

രണ്ടാമതും പ്രധാനമന്ത്രി പദത്തിലേക്ക്ള്ള ഭാരതീയ ജനതാ പാർട്ടിയുടെ നിയോഗം ലഭിച്ചതിനുശേഷം പാർലമെന്‍റ് സെന്‍റർ ഹാളില്‍ നടത്തിയ പ്രസംഗത്തിൽ മോദി നടത്തിയ ഏറ്റവും പ്രധാന പ്രഖ്യാപനം തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ അദ്ദേഹം ഭാരതത്തിലെ മൊത്തം ജനങ്ങളുടെയും  പ്രതിനിധിയായി പുന:പ്രതിജ്ഞ ചെയ്യുന്നൂവെന്നുള്ളതായിരുന്നു. അതിന്‍റെ ഭാഗമായി അവിടെവെച്ചുതന്നെ എല്ലാവരോടുമൊപ്പം;എല്ലാവരുടെയും വികസനം (സബ് കാ സാഥ്; സബ് കാ വികാസ്) എന്ന മോദി ഭരണകൂടത്തിന്‍റെ മുദ്രാവാക്യത്തോടൊപ്പം എല്ലാവരുടെയും വിശ്വാസവും (സബ് കാ വിശ്വാസ്) കൂട്ടിച്ചേർത്തു.
ആ വാക്കുകൾ പ്രവർത്തികളായി മാറ്റാൻ നിശ്ചയിച്ചുറച്ച ഭരണാധികാരിയുടെ ദൃഢചുവടുവെപ്പുകൾക്കാണ് ഭാരതം ദിവസങ്ങൾക്കുള്ളിൽ സാക്ഷ്യം വഹിക്കുന്നത്.
ഒപ്പം തന്നെ അഞ്ച് ട്രില്യൺ  യുഎസ്‌ ഡോളർ സാമ്പത്തിക വികാസം ലക്ഷ്യമാക്കി കുതിക്കാനൊരുങ്ങുന്ന ഭാരതത്തിലെ ജനാധിപത്യ സമൂഹവും ഒന്നോർക്കണം.

ഒന്നിച്ച് നിന്നാൽ ഒട്ടേറെ മുന്നേറാം. ഭിന്നിച്ചു പോരടിച്ചാൽ ഉള്ളതും കൈവിട്ടു പോകും.
 • 1947 ലെ വിഭജനത്തിന്‍റെ മുറിവും 
 • 1990 കളിൽ കശ്മീരി പണ്ഡിറ്റുകളോടു കാട്ടിയ വംശീയവെറിയും 
 • അവരെ ജനിച്ചു ജീവിച്ച ഇടങ്ങളിൽ നിന്ന് പിഴുതെറിഞ്ഞതും 
 • ഗോദ്രയിൽ രാമഭക്തന്മാരെ ട്രെയിൻ ബോഗികളിലിട്ടു ചുട്ടുകൊന്നതും 
 • അതേതുടർന്ന് നടന്ന സംഘട്ടനങ്ങളും 
 • ഇരുവിഭാഗത്തും മനുഷ്യജന്മങ്ങൾ പിടഞ്ഞു വീണതും 
ഒരിക്കലും മറക്കാനാകുന്ന അനുഭവങ്ങളല്ല.

പക്ഷേ  ഭാരതം മുന്നോട്ടു പോകണം.

ആ മുന്നേറ്റം സാദ്ധ്യമാകണമെങ്കിൽ ഭൂരിപക്ഷവും തിരുത്തണം.  ന്യൂനപക്ഷം ഭാരതത്തിന്‍റെ വികസന യാത്രയിൽ തങ്ങളുടെ സക്രിയമായ പങ്കാളിത്തം നൽകി ദേശീയതയുടെ മുഖ്യധാരയിലേക്ക് ഒഴുകിച്ചേരണം.

ഭാരതീയദേശീയതയുടെ മുഖ്യധാരയിൽ എണ്ണത്തിൽ കുറഞ്ഞവർ തുല്യവും അതിനപ്പുറവും പരിഗണനയ്ക്ക് ഇടം നേടിയിട്ടുണ്ടെങ്കിൽ അതൊക്കെ ഭരണഘടനയിൽ കുറിച്ചിട്ടതുകൊണ്ടാണെന്ന് കരുതുന്നത് ചരിത്രസത്യങ്ങൾ പഠിച്ചറിയാത്തതുകൊണ്ടാണെന്നു പറയേണ്ടിവരും.
പാരമ്പര്യമായി വേറിട്ട ചിന്തകൾക്കും വേരോട്ടം അനുവദിച്ചിരുന്ന ഒരു സാംസ്കാരിക പൈതൃകത്തിന്‍റെ സൃഷ്ടിയാണ് ഭാരതതിലെ ജനങ്ങൾ അവർക്കു തന്നെ നൽകിയ ഭരണഘടന. 
മതത്തിന്‍റെ പേരു പറഞ്ഞ് പിരിഞ്ഞു പോയവർ ബാക്കിവെച്ച ഭാരതമണ്ണിൽ പാക്കിസ്ഥാന്‍റെതിന്‍റെ രീതിയിലുള്ള ഒരു ഭരണഘടന ഉണ്ടായില്ലെങ്കിൽ അതിന്‍റെ ശ്രേയസ്സ് ഭരണഘടനാ ശില്പികൾക്ക് മാത്രമാണെന്ന് പറഞ്ഞുവെക്കുന്നത് നീതിക്ക് നിരക്കില്ല.  
അങ്ങനെയൊരു ഭരണഘടനയേ എതിർക്കാതെ സ്വീകരിക്കയും അതിനെ അവസാനവാക്കായി സ്വീകരിച്ച് അംഗീകരിക്കുകയും ചെയ്യുന്ന ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന്‍റെ അക്കാര്യത്തിലുള്ള പങ്ക് പരിഗണിക്കാതെയിരിക്കുന്നത് തലമറന്ന് എണ്ണ തേക്കുന്നതു പോലെയാകും. 
ഈ സത്യം മറക്കാതെയുള്ള സമീപനം ന്യൂനപക്ഷത്തുനിന്നും ഉണ്ടാകുന്നത് ശാന്തിയുടെയും സമാധാനത്തിന്‍റെയും പരസ്പരധാരണയുടെയും സഹകരണത്തിന്‍റെയും സാദ്ധ്യതകൾ വർദ്ധിപ്പിക്കും.

ഭാരതീയ ജനാധിപത്യത്തിന്‍റെ പുതുയുഗം അങ്ങനെ സാദ്ധ്യതകളുടെ പുതുവഴികൾ തുറക്കുമ്പോൾ ന്യൂനപക്ഷ സമൂഹവും തങ്ങളുടെ സമീപനങ്ങളിൽ പുതുചുവടുവെപ്പുകൾക്ക് തയാറെടുക്കണം. ദേശീയ രാഷ്ട്രീയധാരയുടെ ഭാഗമായി മാറണം.

അടിയന്തിരാവസ്ഥയുടെ ആപത് ഘട്ടത്തിൽ ഒന്നിച്ചു പൊരുതി നേടിയതോർക്കുക. അടൽ ബിഹാരി വാജ്പേയിയോടൊപ്പം ദില്ലിയിലെ ജാമാമസ്ജിദിലെ ഇമാമും ഒന്നിച്ചു മുന്നേറിയ രീതിയിലേക്ക് തിരിച്ചു പോകണം.
അന്ന് ആപത് കാലമായിരുന്നുയെങ്കിൽ  ഇന്ന് അവസരങ്ങളുടെ കാലമാണ്. 
ആ തിരിച്ചറിവിലേക്കു നീങ്ങുന്നതിന്‍റെ തെളിവാണ് 2019 തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിന് മുസ്ലീം സമുദായത്തിന്‍റെ നിന്ന് ലഭിച്ച വോട്ടുകളുടെ വർദ്ധന.
വ്യത്യസ്ഥമായ കണക്കുകൂട്ടലുകളിലൂടെ പല നിരീക്ഷകരും ചെന്നെത്തിയിരിക്കുന്നത് ആ വൻദ്ധന ആറു മുതൽ പത്തു  ശതമാനം വരെ ഉണ്ടായിട്ടുണ്ടെന്നതാണ്. 
അതു വീണ്ടും വലിയ തോതിൽ വർദ്ധിപ്പിച്ച് പുതിയ ഭാരതത്തിന്‌ സമഗ്രവികസനത്തിന്‍റെ വഴിയിലൂടെ അതിവേഗം, ബഹുദൂരം സഞ്ചരിക്കാൻ കഴിയണം.

ഭാരതീയ ദേശീയതയോട് ഇളക്കമില്ലാത്ത പ്രതിബദ്ധത പുലർത്തുന്ന  മോദിയ്ക്കും ഒപ്പം നിൽക്കുന്നവർക്കും സാമൂഹികസസമരസതയാണ് അടിസ്ഥാനപ്രമാണം.
 • അഖണ്ഡഭാരതത്തിനു സ്വയം സമർപ്പിച്ചവർക്ക് ഈ രാജ്യത്തിലെ ജനങ്ങളെ പല തട്ടിലായി കാണാൻ കഴിയില്ല.  
 • മാതൃഭൂമിയുടെ പരമവൈഭവത്തിനു വേണ്ടി പണിയെടുക്കുന്നവർക്ക്, ഭാരതാംബയുടെ മക്കളെല്ലാം ദിഗ്വിജയത്തിനുള്ള ധർമ്മയാത്രയിൽ ഒപ്പമുണ്ടാകണം.  
സ്വയം കരുത്തുറ്റവനാകാൻ കരുതി ഉറച്ചവൻ സ്വന്തം കൈ തന്നെ മുറിക്കുന്ന കൈപ്പിഴ കാട്ടുമോ?

ആരെയും പ്രീണിപ്പിക്കയില്ല, എല്ലാവർക്കും നീതി ഉറപ്പാക്കും.

No comments: