Jagan :: നിരപരാധികളായ ഫ്ലാറ്റുടമകൾ വെറും കയ്യോടെ കുടിയിറക്കപ്പെടുന്നു

Views:

https://unsplash.com/photos/d4s3uw-AjsA

നിയമനിർമ്മാണ സഭകളുടേയും, ജുഡിഷ്യറിയുടേയും വിശ്വാസ്യതയും, സത്യസന്ധതയും, നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുകയും, അവയോട് സാമാന്യ ജനങ്ങൾക്കുണ്ടായിരുന്ന ബഹുമാനം നഷ്ടപ്പെടുകയും, അഥവാ, മൂല്യച്യുതി സംഭവിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്.
അത് അത്ര നിസ്സാരമായി കാണാൻ കഴിയില്ല താനും.........!
 • "ആയിരം കുറ്റവാളികൾ വിട്ടയയ്ക്കപ്പെട്ടാലും, ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് "
 • '' നിയമം ജനങ്ങൾക്കു വേണ്ടി ആണ്, ജനങ്ങൾ നിയമത്തിനു വേണ്ടി അല്ല "
മുതലായ ആപ്തവാക്യങ്ങൾക്ക് ഇന്ത്യൻ പീനൽ കോഡിനോളം പഴക്കമുണ്ട്.........!

എന്നാൽ, ഇതെല്ലാം അവഗണിച്ചു കൊണ്ട്, കൊച്ചി, മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട പരമോന്നത കോടതിയുടെ വിധി, കോടതികളോടുള്ള വിശ്വാസവും ബഹുമാനവും തകർക്കുന്നതു തന്നെയാണ്.

ഇതിന്‍റെ വിശദാംശങ്ങൾ ഈ പംക്തിയിൽ നാം മുൻപ് (യഥാർത്ഥ 'പ്രതികൾ' ആരാണ് ?) പ്രതിപാദിച്ചിട്ടുള്ളതിനാൽ അതിന് ഈയുള്ളവൻ
മുതിരുന്നില്ല.

വളരെ സങ്കീർണ്ണമായ ഇത്തരം കേസുകൾ വിശകലനം ചെയ്ത് വിധി പുറപ്പെടുവിക്കുമ്പോൾ,
 • ആ വിധി ന്യായമാണെന്നും, 
 • ആ കേസുമായി ബന്ധപ്പെട്ടവർക്ക് നീതി ലഭിച്ചു എന്നും, 
വിധി പുറപ്പെടുവിക്കുന്ന ന്യായാധിപന് മാത്രം തോന്നിയാൽ പോരാ,
വിധി കേൾക്കുന്നവർക്കും, വിധി അനുസരിച്ച് പ്രവർത്തിക്കേണ്ടവർക്കും കൂടി ബോദ്ധ്യമാകണം.

മരട് ഫ്ലാറ്റ് സംബന്ധിച്ച കേസിൽ യഥാർത്ഥ പ്രതികളായ
 • ബിൽഡർമാരും, 
 • നിർമ്മാണത്തിന് അനുമതി നൽകിയ തദ്ദേശ സ്വയംഭരണ സ്ഥാപനവും, 
 • ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥരും 
നിയമനടപടികളിൽ നിന്നും, ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടപ്പോൾ,
 • നിയമാനുസരണമുള്ള എല്ലാ നിബന്ധനകളും പാലിച്ച്, 
 • സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ഫീസുകളും, നികുതികളും ഒടുക്കി, 
 • വളരെ വർഷങ്ങൾക്കു മുൻപ് ഫ്ലാറ്റുകൾ സ്വന്തമാക്കി, 
 • അന്നു മുതൽ കൃത്യമായി നികുതികൾ അടച്ച് അനുഭവിച്ചു വരുന്ന 
നിരപരാധികളായ ഫ്ലാറ്റുടമകൾ വെറും കയ്യോടെ കുടിയിറക്കപ്പെടുന്നു എന്നതല്ലേ നഗ്നമായ സത്യം............?
ഇത് നീതിയാണോ.......?
മറ്റൊരു വസ്തുത കൂടി നാം ഓർക്കണം. ഫ്ലാറ്റുകളുടെ നിർമ്മാണം പുർത്തിയായി, കഴിഞ്ഞ പത്തോ പന്ത്രണ്ടോ വർഷക്കാലത്തിനിടെ ഭൂരിപക്ഷം ഫ്ലാറ്റുകളും പലതവണ വിൽപ്പന നടത്തപ്പെട്ടിട്ടുള്ളതാണ്. അതിനാൽ തന്നെ ഇപ്പോഴത്തെ പല ഉടമകൾക്കും ഇതിന്‍റെ ചരിത്രം സംബന്ധിച്ച് യാതൊരു അറിവും ഉണ്ടാകണമെന്നില്ല........!

ഈ വിഷയത്തിൽ നീതി നടപ്പാക്കാൻ ഉന്നതമായ നിയമ പരിജ്ഞാനം ഒന്നും തന്നെ ആവശ്യമില്ല. ഏത് നിരക്ഷരകുക്ഷിയും പറയും താഴെ കാണുന്ന വിധമാണ് വിധി വരേണ്ടതെന്ന്.........!!
 • കുടിയിറക്കപ്പെടുന്നവർക്ക് തത്തുല്യ മൂല്യമുള്ള താമസ സൗകര്യമോ, ഇന്നത്തെ മാർക്കറ്റ് വില അനുസരിച്ചുള്ള നഷ്ടപരിഹാരമോ നൽകണം.
 • പകരം താമസ സൗകര്യമോ, നഷ്ടപരിഹാരത്തുകയോ നൽകിയതിനു ശേഷം മാത്രമേ ഇരകളെ കുടിയിറക്കാൻ പാടുള്ളൂ.
 • പകരം താമസ സൗകര്യം ഏർപ്പെടുത്താനും, നഷ്ടപരിഹാരം നൽകാനും ഉള്ള മുഴുവൻ പണവും ബന്ധപ്പെട്ട ബിൽഡർമാരിൽ നിന്നും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും മാത്രം ഈടാക്കണം.
 • പൊതുജനങ്ങൾ അടച്ച നികുതിപ്പണത്തിൽ നിന്നും ഒരു പൈസ പോലും ഇത്തരം കേസുകളിൽ നഷ്ട പരിഹാരം നൽകാൻ ഉപയോഗിക്കരുത്.
(നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്തം പൊതുജനങ്ങൾക്കല്ല.......!)
 • കുടിയിറക്കപ്പെടുന്ന ഫ്ലാറ്റുടമകളിൽ നിന്നും മുൻപ് വിവിധ ഇനങ്ങളിൽ ഫീസ് ആയും, നികുതി ആയും സർക്കാർ സ്വീകരിച്ചിട്ടുള്ള തുക അവർക്ക് മടക്കി നൽകണം.
മേൽ പറഞ്ഞ തരത്തിൽ തീരുമാനമെടുത്ത്, നീതി നടപ്പാക്കാൻ കേരള സർക്കാർ, കേന്ദ്ര സർക്കാരിന്‍റെ സഹായത്തോടെ, പരമോന്നത കോടതിയെ സമീപിക്കുകയാണ് വേണ്ടത്. അതിന് ഇനി താമസം പാടില്ല താനും.

ബോധപൂർവ്വം നിഷേധിക്കപ്പെടുന്ന സാമാന്യനീതി, നാട്ടിൽ അരാജകത്വം സൃഷ്ടിക്കുവാൻ മാത്രമേ സഹായകമാവുകയുള്ളൂ എന്നോർക്കുക.......!

അധിക വായനയ്ക്ക്......
യഥാർത്ഥ 'പ്രതികൾ' ആരാണ് ?
No comments: