Anu P Nair :: ഒരവിവാഹിതന്റെ സംശയങ്ങൾ 1

Views:

Photo by McKayla Crump on Unsplash

പ്രിയപ്പെട്ട എഡിറ്റർ,

നിങ്ങൾക്കവിടിരുന്നോണ്ട് മാറ്ററ് താ, മാറ്ററ് താ എന്ന് പറഞ്ഞാൽ മതി. എഴുതുന്നവന്‍റെ വിഷമങ്ങൾ നിങ്ങൾക്കറിയണ്ടല്ലോ .

ഒരു അവിവാഹിതനായ എഴുത്തുകാരന്‍റെ  ധർമ്മ സങ്കടങ്ങൾ ഒരു എഡിറ്ററെങ്കിലും മനസ്സിലാക്കണ്ടെ ? ദേ തുണി അലക്കീട്ട് ഇങ്ങോട്ട് വന്നിരുന്നേ ഉള്ളൂ . ഇനിയെങ്കിലും ഇതൊക്കെ മനസ്സിലാക്കൂ .

കുറച്ചു ദിവസമായി ഒന്നും ശരിയാകുന്നില്ല സാർ . വലിയ ഒരു കൺഫ്യൂഷനിലാ . വിഷയം പെണ്ണ് തന്നെ . വേണോ വേണ്ടേ എന്ന കൺഫ്യൂഷൻ. പ്രത്യേകിച്ചും അവളുടെ ആ ഡയലോഗ് കേട്ടതിന് ശേഷം .

അവളുടെ പേര് ആവണി . അവന്റെ പേര് ദീപക് അവളുടെ ഭർത്താവിന്റെ പേര് മനോജ് .(എന്റെ ഫ്രണ്ട് ലിസ്റ്റിൽ തപ്പണ്ട സാർ . തല്ലു കിട്ടാണ്ടിരിക്കാൻ പേര് മാറ്റിയിട്ടുണ്ട്)

അവൾ ഉവാചാ .- '' മനോജേട്ടൻ എന്റെ ഭർത്താവ് . പക്ഷേ ദീപകിന്‍റെ ടെ സംസാരിച്ചാലെ ഒരു മനസ്സമാധാനം കിട്ടൂ''

പകച്ചുപോയി സാർ ഞാൻ . ഒരവിവാഹിതൻ എന്ന നിലയിൽ എന്റെ നെഞ്ച് പിളർന്നു . പെൺകുട്ടികളെല്ലാം ഇങ്ങനെയാണോ സാർ ? ആവണിയും ദീപക്കും സഹപ്രവർത്തകരാണ് . ട്രെയിനിങ് സമയം തൊട്ടേ അവർ നല്ല സുഹൃത്തുക്കളാണ് . ആ വണിയുടെ വിവാഹം കഴിഞ്ഞത് അടുത്തിടേയാണ് .

സാർ ഭാര്യാ ഭര്‍തൃ ബന്ധത്തെക്കുറിച്ച്  എനിക്ക് ചില സങ്കല്പ്പങ്ങളൊക്കെയുണ്ട്. ഭാര്യ ഭർത്താവിന്‍റെയും ഭർത്താവ് ഭാര്യയുടെയും ബസ്റ്റ് ഫ്രണ്ട് ആയിരിക്കണം. ഒളിയും മറയുമില്ലാത്ത ഉപാധികളില്ലാത്ത സ്നേഹമുണ്ടാവണം . ഈ ഡയലോഗ് വിള്ളൽ വീഴ്ത്തിയത് എന്റെ സങ്കല്പങ്ങളിലാണ് സാർ . ഞാൻ ചില സ്ത്രീകളോട് ഈ സംഭവം ചർച്ച ചെയ്തു സാർ .

- അവള് പറഞ്ഞേലെന്താ തെറ്റ് ?
- ഡാ ഒന്ന് ഭർത്താവ് മറ്റേത് സുഹൃത്ത്
- നിനക്ക് മഞ്ഞപ്പിത്തമാണ്
- (ചില ഫസ്റ്റ് ക്ലാസ്സ് തെറികൾ)

ശരി ഞാൻ സമ്മതിച്ചു . ആവണിക്ക് മനോജ് എന്നയാളെ ചിലവിന് കൊടുക്കുന്ന ATM മെഷീനായും ദീപകിനെ മനസ്സ് തുറന്ന് സംസാരിക്കാനുള്ള സുഹൃത്തായും കാണാം . പക്ഷേ ദേ ഇനി പറയാൻ പോകുന്ന സംഭവത്തിനു കൂടി മറുപടി തരാൻ ഈ ഫെമിനിച്ചികളോട് ഒന്ന് പറയൂ സാർ

ബി എഡ് പഠന കാലം
എന്റെ ഒരു സുഹൃത്തിന് ഒരു ഹോബി ഉണ്ടായിരുന്നു .  ലിഫ്റ്റ് കൊടുക്കൽ . വിവാഹിതകളായ ട്രെയിനികളെ അവൻ സ്വന്തം ബൈക്കിൽ അവർ പറയുന്നിടത്ത് കൊണ്ടാക്കും . ഒരിക്കൽ ഇത് അധ്യാപകൻ പിടിച്ചു .അദ്ദേഹം ലിഫ്റ്റ് പോയ പെൺകുട്ടിയെ വിളിപ്പിച്ചു .

- അത് ഫ്രണ്ട്ഷിപ്പ്
- അവൻ എന്നെക്കാൾ ഇളയതാ

അവളുടെ വിശദീകരണം . സാറ് എല്ലാം മൂളി കേട്ടു .എന്നിട്ട് ചോദിച്ചു .
''തന്റെ ഭർത്താവാണ് ഇങ്ങനെ ഒരു പെൺകുട്ടിയ്ക്ക് ലിഫ്റ്റ് കൊടുത്തതെങ്കിലോ ?''

വള്ളത്തോളിന്റെ  വരികൾ കടമെടുത്ത് അവളുടെ റിയാക്ഷൻ പറയാം സാർ

''ഉടൻ മഹാദേവി ഇടത്തു കയ്യാൽ
അഴിഞ്ഞ കാർ കൂന്തലൊന്നൊതുക്കി,
ജ്വലിച്ച കൺകൊണ്ടൊരു നോക്കു നോക്കി '.'

അവൾ ചൂടായി  ''അങ്ങേര ഞാൻ ഉലക്കയ്ക്കടിച്ച് കൊല്ലും എന്ന് പറഞ്ഞ് സ്ഥലം വിട്ടു .

പറയൂ സാർ എന്താ ഈ പെണ്ണുങ്ങളിങ്ങനെ ?

സ്നേഹപൂർവം
അനു
--- നെല്ലിമരച്ചോട്ടില്‍



No comments: