Ameer Kandal :: വിത്തുഗുണം

Views:


"സാറേ..... ഇവനെക്കൊണ്ട് ഞാൻ തോറ്റു ..... എനിക്കിനി വയ്യ... "
സൗദാമിനി ടീച്ചർ ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ കലി തുള്ളിയാണ് ഓഫീസിലേക്ക് കയറി വന്നത്. കൂടെ ഉടുത്തിരിക്കണ യൂണിഫോം നിക്കറാകെ നനച്ച് വാരി കാലു വഴിയേ വെള്ളം ഒലിപ്പിച്ച് കരഞ്ഞ് കലങ്ങിയ കണ്ണുമായി രണ്ട് ബിയിലെ മണികണ്ഠനും.

"എന്താ ടീച്ചറെ,  പ്രശ്നം ...
ഓഫീസിൽ എച്ച്എമ്മിനോടൊപ്പം ഇരുന്ന് ഉച്ചക്കഞ്ഞി കണക്കെഴുതുന്ന തിരക്കിനിടയിൽ ഞാൻ ആശ്വാസിപ്പിക്കാനെന്ന മട്ടിൽ ചോദിച്ചു.

"അതേ ...എച്ച്.എം.സർ ഇതൊന്ന് കേൾക്കണം. ... നടപടിയുണ്ടാകണം. ...." മണികണ്ഠനെ എച്ച്.എം ന്‍റെ മുന്നിലേക്ക് തള്ളി നിർത്തിയിട്ട് സൗദാമിനി ടീച്ചർ പറയാൻ തുടങ്ങി.

രണ്ട് ബിയിലെ ക്ലാസ് ടീച്ചറാണ് സൗദാമിനി. സഹപ്രവർത്തകർക്കിടയിൽ 'പി.എസ് 'എന്ന് ചുരുക്കപേരിൽ അറിയപ്പെടുന്ന സൗദാമിനി കൂട്ടത്തിൽ സീനിയറുമാണ്. അതിന്‍റെ പൊങ്ങച്ചമൊന്നും ഇല്ലെങ്കിലും ഒന്നു രണ്ട് ന്യൂ ജെൻ ടീച്ചർമാർ സ്കൂളിൽ വന്ന് ജോയിൻ് ചെയ്തത് മുതൽ സൗദാമിനിയും ഒന്നു സ്റ്റൈലിഷ് ആകാൻ ആവത് ശ്രമിക്കുന്നുണ്ട്.

"ഇവനേ ..... ഈ കുരുത്തംകെട്ടവൻ ... ക്ലാസിൽ ഇരുന്ന് മുളളി .. സാറേ ...."
ടീച്ചർ തൊണ്ട കാറികൊണ്ട് പറഞ്ഞു.

"അത്രയെയുള്ളൂ... അതിനാണോ ഈ ഓട്ടൻതുള്ളലൊക്കെ....? ''
എപ്പോഴും ഏത് സുനാമിയിലും ശാന്തത കൈവിടാത്ത എച്ച്.എം. സ്വതസിദ്ധ ശൈലിയിൽ മൊഴിഞ്ഞു.

"അല്ല സാർ.... ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ... പലപ്പോഴും കാസിൽ ഇരുന്ന് മൂത്രിക്കലാ ഇവന്‍റെ പണി .... പറഞ്ഞു പറഞ്ഞു മടുത്തു ...."
ടീച്ചർ തന്‍റെ നിസഹായവസ്ഥ വെളിപ്പെടുത്തി.

"ഒരു കാര്യം ചെയ്യാം സർ .. ഇവന്‍റെ അച്ഛനെ വിളിപ്പിക്കാം ... "
ഞാൻ നിർദ്ദേശം മുന്നോട്ട് വെച്ചു. ടീച്ചറിനും എച്ച്.എമ്മിനും സമ്മതം.

ദിവസങ്ങൾ കഴിഞ്ഞിട്ടും മണികണ്ഠന്‍റെ രക്ഷിതാവ് എത്തിയില്ല. ഒരു ദിവസം ഉച്ചക്ക് ശേഷം രണ്ടാമത്തെ പിരീഡ് കഴിഞ്ഞപ്പോൾ സൗദാമിനി ടീച്ചർ എന്‍റെ അടുത്തേക്ക് വന്നു.

" മാഷെ .... നമുക്കൊന്നു അങ്ങോട്ട് പോയാലോ ....?"

"എങ്ങോട്ട് ?"
ഞാൻ അകാംക്ഷയോടെ തിരക്കി.

"ആ ചെക്കന്‍റെ വീട്ടിലേക്ക് ... മണികണ്ഠന്‍റെ ... അവന്‍റെ അച്ഛനെയും അമ്മയെയും നേരിട്ട് കണ്ട് കാര്യങ്ങൾ പറയാം ... അല്ലാതെ രക്ഷയില്ല .... "

അന്ന് സ്കൂൾ കഴിഞ്ഞ് വൈകുന്നേരം സൗദാമിനി ടീച്ചറോടൊപ്പം മണികണ്ഠന്‍റെ വീട്ടിലേക്ക് യാത്ര തിരിച്ചു. സ്റ്റാഫ് സെക്രട്ടറി അപ്പുകുട്ടൻ മാഷും ഇത്തരം കാര്യങ്ങളിൽ ഉത്സാഹിയായ സുധ ടീച്ചറും ഒപ്പം കൂടി .റോഡ് മുറിച്ച് കടന്ന് തോട്ടുവരമ്പിലൂടെ മണികണ്ഠന്‍റെ വീട് അന്വേഷിച്ച് മുന്നോട്ട് നടന്നു.

നാലു മുക്ക് കവലയിലെ അബ്ദുവിന്‍റെ പീടികയിൽ നിന്ന് വാങ്ങിയ കടലയും കൊറിച്ച് നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് ഒടുവിൽ മണികണ്ഠന്‍റെ വീട്ടുവേലിക്കരികിലെത്തി. വഴിയരികിൽ നിന്ന്‌ മണികണ്ഠന്‍റെ വീട്ടിലേക്ക് നോക്കിയ ഞങ്ങൾ ആ കാഴ്ച കണ്ട് ഞെട്ടി. മണികണ്ഠന്‍റെ അഛൻ വീടിന് ചുറ്റും നടന്ന് മുള്ളുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്.

ഞാൻ വേലിപ്പടർപ്പിലെ കാട്ടു മുല്ലയിൽ നിന്ന് ഒരു പൂവിറുത്തത് ശ്രദ്ധിക്കാതെ സൗദാമിനി ടീച്ചർ തിരിഞ്ഞ് നടന്നു. കൂടെ ഞങ്ങളും.
No comments: