Raju.Kanhirangad :: മൃതയാനം

Views:

Image Credit :: Raji Chandrasekhar

നുരമണികളുമായി വരുന്ന-
ഓളങ്ങളിൽ
കുരിശുപോലെ കൈകൾവിരിച്ച്
കമിഴുകിടന്ന്
ആടിയാടി വരുന്നു ഒരുശവം

നിർവ്വികാരത വിളമ്പിവെച്ച്
എത്തിനോക്കുന്നു ആളുകൾ

ഒരില എത്തിക്കടിക്കാൻനോക്കുന്ന -
ആടിനെപ്പോലെ
പുഴയിലേക്ക്നീണ്ട പുല്ലാനിക്കാടി-
നരികിലൂടെ
അത് ഒഴുകിനീങ്ങി.

ഘനീഭവിച്ച കഴിഞ്ഞുപോയ
യാഥാർത്ഥ്യങ്ങൾ
ഓർമ്മകളുടെ ഓളപ്പെരുക്കത്തിൽ
ജലത്തുള്ളികളായ് ഇറ്റിറ്റു വീഴുന്നു
പെരുവഴിയിൽഒറ്റപ്പെട്ട പെൺകുട്ടിയെ -
പ്പോലെ
മൂകമായ വൃക്ഷങ്ങളിലേക്ക് നോക്കി -
അവൾ നിന്നു

നീളൻ വടിയാൽ സാഹസപ്പെട്ട്
അവർ മലർത്തിയിട്ടു ശവത്തെ
പൊട്ടിയ ചില്ലുപാത്രം പോലെ
അടർന്നു തൂങ്ങി നിൽക്കുന്നു ഒരു കണ്ണ്
വീർത്തശരീരത്തിനു ചുറ്റും
മരണത്തിന്റെ മണിപ്രവാളം പാടുന്നു
മണിയനീച്ചകൾ

വാക്കും, വരിയും വേർതിരിച്ചറിയാനാകാതെ
വിയർപ്പും ,നെറ്റിയിൽ ചിന്തയുടെ -
ചാലുമായി
ആരെന്ന് ഓർത്തുനോക്കുന്നു
ഓരോരുത്തരും

ഒന്നോ രണ്ടോ വാക്കു മാത്രം ഉരിയാടി
പറന്നുപോകുന്നു ഒരു നീർപക്ഷി.
കാത്തിരിക്കുന്നുണ്ടാവും എവിടെയെങ്കിലും
പ്രതീക്ഷയോടെ ഒരമ്മ, പെങ്ങൾ,
ഭാര്യ, മക്കൾ.




No comments: