Subscribe malayalamasika Youtube Channel 

Jagan :: കപടവിലാപം

Views:


ഒടുവിൽ വല്യേട്ടൻ പാർട്ടിക്ക് വൈകിയാണെങ്കിലും വിവേകം ഉദിച്ചെന്ന് 'തെറ്റിദ്ധരിക്കേണ്ടി' വന്നിരിക്കുന്നു.
തെറ്റിദ്ധാരണ എന്ന വാക്ക് മന:പ്പൂർവ്വം ഉപയോഗിച്ചതു തന്നെ.
അതിന്റെ കാരണം"അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും "എന്നതിനാൽ വിശദീകരണത്തിന്റെ ആവശ്യമില്ല............!
പാർലമെന്റ് തെരഞ്ഞെടുപ്പിനു മുൻപ് വരെ ഘോര ഘോരം മുഴക്കിയ ആ 'യമണ്ടൻ' വീരവാദങ്ങൾ എല്ലാം വെള്ളം തൊടാതെ വിഴുങ്ങി പാർട്ടി സെക്രട്ടറി ഇന്നലെ രംഗത്തു വന്നു.........!

ഹാ......! കഷ്ടം............!!
ഈ നിഷ്കാമ കർമ്മിയായ സാത്വികനെക്കുറിച്ച് ഇല്ലാവചനങ്ങൾ പുലമ്പി നടക്കുന്ന സാമൂഹ്യ വിരുദ്ധൻമാരെ നമ്മുടെ ബഹു.മുഖ്യമന്ത്രി വിളിക്കുന്നതു പോലെ
''ഡാഷ് ''
എന്നല്ലാതെ എന്ത് വിളിക്കാൻ ..........?

അദ്ദേഹത്തിന് ബോധോദയം ഉണ്ടായ ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ നടത്തിയ പ്രസ്താവനയുടെ രത്നച്ചുരുക്കം ഏതാണ്ട് താഴെക്കാണും വിധമാണ്.
പാർട്ടി മതവിശ്വാസങ്ങൾക്ക് എതിരല്ല.(അപ്പോൾ ഇത്രയും നാൾ എതിരായിരുന്നു, അല്ലേ...?)
പാർട്ടി പ്രവർത്തകർ അമ്പലങ്ങളിലും, പള്ളികളിലും, മോസ്കുകളിലും പോകുന്നതിന് വിലക്കില്ല. പാർട്ടിയുടെ ബൈലോയിൽ ഒരിടത്തും അപ്രകാരം  പറയുന്നില്ല. പാർട്ടി നേതാക്കൾക്ക് ചില പെരുമാറ്റച്ചട്ടങ്ങൾ ഉണ്ടെന്നു മാത്രം.

(ഇത് അത്രയ്ക്ക് അങ്ങോട്ട് ബോധിക്കുന്നില്ല.
പള്ളികളിലും മോസ്കുകളിലും പോകുന്നവർക്ക് വിലക്കില്ലായിരുന്നെങ്കിലും, അമ്പലങ്ങളിൽ പോകുന്നവർക്ക് വിലക്ക് ഉണ്ടായിരുന്നല്ലോ.
അമ്പലക്കമ്മിറ്റികളുടെ ഭരണം പിടിക്കാനും കാണിക്കവഞ്ചിയിൽ കയ്യിട്ടുവാരാനും മാത്രമായിരുന്നല്ലോ വിലക്കില്ലാതിരുന്നത്...?
പിന്നെ, പാർട്ടി നേതാക്കൾക്കുള്ള പെരുമാറ്റച്ചട്ടം .........!
നല്ല കഥയായി ........!!
ചട്ടം അനുസരിച്ചു പെരുമാറുന്ന ഏത് നേതാവാ അങ്ങ് ഉൾപ്പെടെ പാർട്ടിയിൽ ഉള്ളത് ........?)
പാർട്ടി വിശ്വാസികൾക്കൊപ്പമാണ്.
(നല്ല കഥ.......!
ഇത്രയും നാൾ അങ്ങനെ ആയിരുന്നില്ലെന്ന് ഇപ്പോൾ എങ്കിലും സമ്മതിച്ചല്ലോ?
അത്രയും ആശ്വാസം ......!)
പാർട്ടി നേതാക്കൾ പൊതുജനങ്ങളോട് മാന്യമായി മാത്രമേ പെരുമാറാൻ പാടുള്ളൂ.
(അപ്പോൾ ഇത്രയും നാൾ നടത്തിയ മാന്യമല്ലാത്ത പെരുമാറ്റം പാർട്ടിയുടെ അനുവാദത്തോടെ ആയിരുന്നു അല്ലേ.........?)
സംഭാവന നൽകാത്തതിന്റെ പേരിൽ വ്യക്തികളോടും സ്ഥാപനങ്ങളിലും  അക്രമം അഴിച്ചുവിടാൻ പാടില്ല.
(ഇത്രയും നാൾ പാർട്ടി യുടെ അനുവാദത്തോടെ നടത്തിയ അക്രമങ്ങളുടെ പേരിൽ എന്തെങ്കിലും പ്രായശ്ചിത്തം പ്രതീക്ഷിക്കാമോ.........?)
ശബരിമലയിൽ യുവതികളെ കയറ്റാൻ പാർട്ടിക്കോ സർക്കാരിനോ ആഗ്രഹം ഉണ്ടായിരുന്നില്ല.
(കൊച്ചു കള്ളാ............!
എല്ലാം ജനങ്ങൾ നേരിട്ട് കണ്ടതല്ലേ..........?
ഇങ്ങനെ കള്ളത്തരം വിളിച്ചു പറയാൻ നാണമില്ലേ.........?)

ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ,  പശ്ചാത്താപത്തിൽ മുക്കി, മുതലക്കണ്ണീരിൽ വറുത്തെടുത്ത വാചകങ്ങൾ .......!!
തന്റെ പ്രിയപുത്രനെ ചിങ്ങമാസപ്പുലരിയിൽ തന്നെ ശബരിമലയിൽ അയച്ച്, കഴിഞ്ഞ മണ്ഡലകാലത്ത് ചെയ്തു പോയ അപരാധങ്ങൾക്ക് പരിഹാരക്രിയകൾ ചെയ്തതിനു ശേഷമാണ് അദ്ദേഹം ഈ നയംമാറ്റം മാദ്ധ്യമങ്ങൾക്ക മുൻപിൽ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയം..........!
അതൊക്കെ ഇരിക്കട്ടെ......!
കേരള ജനത ഇതൊക്കെ എത്ര കണ്ടതാ......?
എത്ര കേട്ടതാ .......??
"ഞങ്ങൾ വേണ്ട, വേണ്ട എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും.  അതൊന്നും കാര്യമാക്കേണ്ട,നിങ്ങൾ അറിഞ്ഞു പെരുമാറിക്കൊള്ളണം,പാർട്ടി ഒപ്പമുണ്ട് ''
എന്ന് ഛോട്ടാ നേതാക്കൾക്കും പ്രവർത്തകർക്കും നിർദ്ദേശം നൽകിയിട്ടായിരിക്കും പൊതുജനങ്ങളെ കബളിപ്പിക്കാനുള്ള ഈ കപടവിലാപം എന്ന് ആർക്കാണ് അറിയാത്തത്..........!No comments:

ഉള്ളടക്കം

മലയാളമാസിക സംഭാവനകൾ സ്വീകരിക്കുന്നതാണ്. 9995361657@upi
11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)