Jagan :: ജനങ്ങളുടെ മുഖത്ത് കാർക്കിച്ചു തുപ്പരുത്.

Views:


ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ട മുൻ എം.പി.യും വല്യേട്ടൻ പാർട്ടിയിലെ പ്രമുഖ നേതാവുമായ എ.സമ്പത്തിനെ ക്യാബിനറ്റ് പദവിയോടെ ഡൽഹിയിൽ കേരള ഹൗസിൽ സർക്കാർ പ്രതിനിധിയായി രാഷ്ട്രീയ നിയമനം. പതിവുപോലെ, ഇതു വരെ ഇല്ലാത്ത ഒരു തസ്തിക രുപീകരിച്ചാണ്, ഉണ്ടായിരുന്ന തൊഴിൽനഷ്ടപ്പെട്ട് ദുരിതത്തിലായ സമ്പത്തിനു വേണ്ടി ഈ 'പുനരധിവാസപദ്ധതി'  നടപ്പാക്കിയത് .........!

സംസ്ഥാന മന്ത്രിയുടെ പദവിയും ശമ്പളവും, പേഴ്സണൽ സ്റ്റാഫ്, കാർ, സർക്കാർ വസതി മുതലായ സൗകര്യങ്ങളും ആഡംബരങ്ങളും വേറെ.
ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആവശ്യത്തിലധികം ഉദ്യോഗസ്ഥർ കേരള കാര്യം നോക്കാൻ കേരള ഹൗസിൽ നിലവിലുള്ളപ്പോൾ ആണ് സർക്കാരിന്റെ ധൂർത്ത് വിളിച്ചോതി ക്കൊണ്ട് ഈ രാഷ്ട്രീയ നിയമനം ...........!!
തന്റെ ജോലി എന്താണെന്ന് അറിയില്ലെന്നും, എന്താണെങ്കിലും ചെയ്യും എന്നും, എല്ലാം ജനങ്ങൾക്കു വേണ്ടി ആണെന്നും ആ 'നിഷ്കാമ കർമ്മി'  മാധ്യമ പ്രവർത്തകരോട് യാതൊരു ഉളുപ്പുമില്ലാതെ ഇന്നലെ പറയുന്നതു കേട്ടപ്പോഴാണ് ഒരു സമാധാനമായത്. എല്ലാം ജനത്തിനു വേണ്ടി ആണല്ലോ?

വൻ പ്രളയ ദുരന്തത്തിന്റെ ഒന്നാം വാർഷികം ആചരിക്കുന്ന ഈ വേളയിൽ, കേരളത്തിന്റെ പുനർനിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്താൻ മാർഗ്ഗമില്ലാതെ സംസ്ഥാനം ബുദ്ധിമുട്ടുന്ന ഈ അവസരത്തിൽ, അതിനായി മുണ്ട് മുറുക്കി ഉടുത്തും, സർക്കാർ അടിക്കടി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന ഓരോ സാമ്പത്തികഭാരവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെ മേൽ പ്രളയസെസ്സു കൂടി കയറ്റി വച്ച് ആഗസ്റ്റ് ഒന്നിന് തന്നെ പുതിയ ഒരു ധൂർത്തിനു കൂടി മന്ത്രിസഭാ യോഗം അനുമതി നൽകിയത്, സർക്കാരിന്റെ ധൂർത്ത് കുറയ്ക്കണമെന്ന് നാനാ ഭാഗത്തുനിന്നും മുറവിളി കൂട്ടുന്ന പൊതു ജനങ്ങളുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്നതിന് സമാനമായി.

സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ മൂലം പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇരുപതിൽ പത്തൊൻപത് സീറ്റിലും ഭരണകക്ഷിയെ ദയനീയമായി പരാജയപ്പെടുത്തിയ ജനങ്ങൾ പരോക്ഷമായി ആവശ്യപ്പെട്ടത് സർക്കാരിന്റെ ശൈലി മാറ്റം ആണ്. അതു മറന്നുകൊണ്ട്, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വല്യേട്ടൻ പാർട്ടിയിലെ എല്ലാ സ്ഥാനാർത്ഥികളേയും ഇത്തരത്തിൽ 'പുനരധിവസിപ്പിക്കാൻ' എ. സമ്പത്തിന്റെ നിയമനത്തിലൂടെ സർക്കാർ തുടക്കമിടുകയാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

തുടക്കത്തിൽ ഉണ്ടായിരുന്ന 19 മന്ത്രിമാരെ കൂടാതെ അസഭ്യ ശ്രീമാൻ കൂടി വന്നപ്പോൾ മന്ത്രിമാരുടെ എണ്ണം 20 ആയി. കുടാതെ, എ.സമ്പത്ത് ഉൾപ്പെടെ 4 ക്യാബിനറ്റ് പദവികളും..........!

ഇവ നാലും യാതൊരു ആവശ്യവും ഇല്ലാത്ത തസ്തികകളും .........!!

ഭരണപരിഷക്കാര കമ്മിഷൻ ചെയർമാൻ, മുന്നോക്ക വിഭാഗ ക്ഷേമ ബോർഡ് ചെയർമാൻ, എന്നീ പദവികളിൽ കോടികൾ ചെലവഴിച്ച് 'പുനരധിവസിപ്പിച്ചിരിക്കുന്ന ' വി.എസ്സിനെ കൊണ്ടും, ആർ.ബാലകൃഷ്ണ പിള്ളയെ കൊണ്ടും ഇപ്പോൾ കേരളത്തിന് സാമ്പത്തിക ബാദ്ധ്യത അല്ലാതെ നേട്ടം ഒന്നും തന്നെ ഇല്ല.

ആത്മാർത്ഥത ഒട്ടും തന്നെ ഇല്ലെങ്കിലും, കയ്യടി നേടുന്നതിനു വേണ്ടി ഇത്തരം ധൂർത്തിനെ പേരിനെങ്കിലും എതിർത്തിരുന്ന കൊച്ചേട്ടന് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നൽകി നിശബ്ദനാക്കിയതിനാൽ സമ്പത്തിന്റെ നിയമനത്തിന് എതിരേ കൊച്ചേട്ടൻ ഒരക്ഷരം ഉരിയാടില്ലെന്ന് ഉറപ്പ്.

കഴിഞ്ഞ ദിവസം പതിവുപോലെ നടന്ന ചാനൽ ചർച്ചകളിൽ സമ്പത്തിന്റെ നിയമനത്തിനെ ന്യായീകരിക്കാനുള്ള ന്യായീകരണത്തൊഴിലാളികളുടെ കൂട്ടത്തിൽ വല്യേട്ടൻ പാർട്ടിയിലെ നിലവാരമുള്ള നേതാക്കളെ ആരേയും കണ്ടില്ല. ഒരു പ്രമുഖ നേതാവിനെ ചർച്ചയ്ക്ക് ക്ഷണിച്ചപ്പോൾ,
"ചാനലിൽ വന്നിരുന്ന് ഇതിനെ ഒന്നും ന്യായീകരിക്കാൻ എന്നെ കിട്ടില്ല"
എന്ന് അദ്ദേഹം തുറന്നടിച്ചതായി ഒരു പ്രമുഖ ചാനലിന്റെ അവതാരകൻ ചർച്ചയ്ക്കിടയിൽ പറയുകയുണ്ടായി. ഭാഗ്യം, ആ നേതാവിന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല .

സർക്കാരിനെ സ്നേഹിക്കുന്നവരിലും, ഈ സർക്കാർ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരിലും, ഇടതുപക്ഷ അനുഭാവികളിലും, വല്യേട്ടൻ പാർട്ടിയുടെ അനുഭാവികളിലും, പാർട്ടി പ്രവർത്തകരിലും, നേതാക്കളിൽ നല്ലൊരു വിഭാഗത്തിനിടയിലും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയും ധൂർത്തിനെതിരേയും രഹസ്യമായി രൂക്ഷ വിമർശനം ഉയർത്തുന്നവരുണ്ട്. പക്ഷെ, അവർക്ക് പരസ്യമായി രംഗത്തു വരാനുള്ള ധൈര്യമില്ല.

  • വല്യേട്ടൻ പാർട്ടിയേയും സർക്കാരിനേയും സ്നേഹിക്കുന്നവർ പോലും പറയുന്നു, സർക്കാരിന്റെ പോക്ക് ശരിയായ ദിശയിലേക്ക് അല്ല എന്ന്. 
  • ധൂർത്തും, ജനവിരുദ്ധ നയങ്ങളും നടപടികളും തിരുത്തണമെന്ന് .മുഖ്യമന്ത്രിയുടെയും സർക്കാരിന്റേയും ശൈലി മാറ്റണം എന്ന്.

ഒരു ജനാധിപത്യ സർക്കാർ ഇത്രയും ജന വിരുദ്ധമാകാൻ പാടില്ല. ജനപക്ഷത്തുനിന്നും ഇത്രയും അകന്നുപോകാൻ പാടില്ല.
വോട്ടു ചെയ്ത്, വൻ ഭൂരിപക്ഷത്തോടെ ജയിപ്പിച്ച് അധികാരത്തിലേറ്റിയ ജനങ്ങളുടെ മുഖത്തു നോക്കി കൊഞ്ഞനം കുത്തരുത്, അവരുടെ മുഖത്ത് കാർക്കിച്ചു തുപ്പരുത്.



No comments: