Jagan :: പാർട്ടി നേതാവ് നിരപരാധി ആണെന്ന് പാർട്ടി നേതാക്കൾ തന്നെ കണ്ടെത്തും....!

Views:


കൊച്ചിയിൽ കൊച്ചേട്ടൻ പാർട്ടിയുടെ എം.എൽ.എ യ്ക്കും, ജില്ലാ സെക്രട്ടറിക്കും, കൂട്ടർക്കും നേരേ ഉണ്ടായ ലാത്തി ചാർജിൽ പോലീസിന്റെ ഭാഗത്ത് വീഴ്ച ഇല്ലെന്നും, നടപടി ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. 

അങ്ങന്നെ എം.എൽ.എയുടെ കൈ തല്ലിയൊടിച്ച എസ്.ഐ യും, ജില്ലാ സെക്രട്ടറിയെ തല്ലി ഒതുക്കിയ പോലീസും അക്ഷരാർത്ഥത്തിൽ നിരപരാധികളായി ...........!

ഇതെന്തൊരു കൂത്താ ........!!??

അതിന്, ഈ ലാത്തി ചാർജിൽ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു എന്ന് ഞങ്ങൾ ആരും പറഞ്ഞില്ലല്ലോ ഏമാനേ.........!!

യാതൊരു വീഴ്ചയും സംഭവിക്കാതെ, കണക്കിന് 'അറിഞ്ചം പൊറിഞ്ചം'  പെരുമാറിയതുകൊണ്ടാണല്ലോ പൊതുവേ 'ആരോഗ്യസാമി' അല്ലാത്ത പാവം എം.എൽ.എ യുടെ കൈ ഒടിഞ്ഞ് നാലു കഷണമായത്.......?
  • ഡോക്ടർമാർ എല്ലാം കൂടി ഒപ്പിച്ചു വച്ച് പ്ലാസ്റ്റർ ഇടുകയായിരുന്നു.......! 
  • കഴിഞ്ഞ ദിവസമായിരുന്നു പ്ലാസ്റ്റർ വെട്ടിമാറ്റിയത്.
  • ഇനിയും കൈ പൂർവ്വസ്ഥിതിയിൽ ആയിട്ടില്ല.
ലാത്തി ചാർജിൽ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും വരാൻ വഴിയില്ലല്ലോ.......?
ഇത് "സമത്വ സുന്ദര മധുര മനോജ്ഞ"കേരളം.......!
ഇവിടെ ഇങ്ങനെയൊക്കെ ആണ് മാഷേ..........!!
ഇവിടുത്തെ നാട്ടുനടപ്പൊക്കെ ചില പ്രത്യേക രീതിയിലാണ്.......!
  • ഇവിടെ പോലീസിനെ കുറിച്ചുള്ള പരാതി പോലീസ് തന്നെ അന്വേഷിക്കും....!
  • പോലീസ് നിരപരാധികൾ ആണെന്ന് പോലീസ് തന്നെ കണ്ടെത്തും............!!
എന്നിട്ട്,
  • പോലീസ് തന്നെ പോലീസിനെ വെറുതേ വിടും...........!!!
  • ആരുണ്ടിവിടെ ചോദിക്കാൻ............?
ഇവിടെ പാർട്ടി നേതാക്കളെ കുറിച്ചുള്ള പരാതികൾ - പീഡനക്കേസ് ആണെങ്കിൽ പോലും - പാർട്ടിക്കാണ് നൽകേണ്ടത്. പോലീസും, വനിതാ കമ്മിഷനും കോടതിയും ഒക്കെ പോയി പണി നോക്കട്ടെ.......!
പോലീസിൽ കൊടുത്തിട്ടും കാര്യമില്ലെന്നത് വേറേ കാര്യം..........!!

തുടർന്ന് പരാതിയിലെ പ്രതിയായ നേതാവിനെ കുറിച്ച് നേതാക്കൾ അടങ്ങിയ കമ്മിറ്റി തന്നെ  'നിഷ്പക്ഷമായ' അന്വേഷണം നടത്തും.
അന്വേഷണം നിഷ്പക്ഷമാകാൻ, കഴിയുമെങ്കിൽ പ്രതിയായ നേതാവിനെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തും........!!
ജനാധിപത്യ വ്യവസ്ഥിതിയിൽ അങ്ങനെയാണല്ലോ വേണ്ടതും?
  • പാർട്ടി നേതാവ് നിരപരാധി ആണെന്ന് പാർട്ടി നേതാക്കൾ തന്നെ കണ്ടെത്തും....!
  • പ്രതിയായ നേതാവിന് ഇതോടെ ഉപരി കമ്മിറ്റിയിലേക്ക് സ്ഥാനക്കയറ്റം നൽകും.........!
  • പരാതി നൽകിയ വാദിയുടേയും അഥവാ പീഡനക്കേസിലെ ഇരയുടേയും കാര്യം " കട്ടപ്പൊക"...!
സ്വാഹ...........!!

ഇവിടെ സർക്കാർ വക ഭൂമിയും, വനവും 'ചില പ്രത്യേക വ്യക്തികൾക്ക്' കയ്യേറാം...! 
പക്ഷെ 'ആക്രാന്തം' പാടില്ല. ഒന്നിച്ച് ഏക്കർ കണക്കിന് ഭൂമി കയ്യേറരുത്.  15 സെന്റ്, 15 സെന്റ് വീതം പല പ്ലോട്ടുകളായി പല പല പേരുകളിൽ കയ്യേറിയാൽ നല്ലത്, സുരക്ഷിതം.........!!
(അതിലേറെ വിസ്തീർണ്ണം ഇപ്പോൾ അനുവദിക്കില്ല, പിന്നാലെ പാർക്കലാം.)
തുടക്കത്തിൽ കയ്യേറ്റം നടക്കില്ല, ഒഴിപ്പിക്കും, പട്ടയം തരില്ല എന്നൊക്കെ പറയും.
ചിലപ്പോൾ JCB ഒക്കെ കാണിച്ച് പേടിപ്പിച്ചെന്നിരിക്കും. ഭയപ്പെടുത്.
അതൊക്കെ അസൂയക്കാരായ നാട്ടുകാരെ പാട്ടിലാക്കാൻ ഇവിടെ നടത്തുന്ന ഒരു ആചാരമായി കണ്ടാൽ മതി.....!!
ക്ഷമയോടെ കാത്തിരിക്കണം.
കയ്യേറ്റമൊക്കെ വഴിയേ ക്രമീകരിച്ച്, പട്ടയം വീട്ടിൽ എത്തിച്ചു തരും.

ഇവിടെ ഏതെങ്കിലും അഴിമതിക്കേസിലോ, കൈക്കൂലിക്കേസിലോ,
CBI കേസിലോ നിങ്ങൾ പ്രതിയാണോ? 
എങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു, നിങ്ങളാണ് നാളത്തെ ഹീറോ..........!
ഔദ്യോഗിക ജീവിതത്തിലെ പടവുകൾ അതിവേഗം താണ്ടി, ഇന്നലെ വരെ സ്വപനം കാണാൻ കഴിയാതിരുന്ന അത്യുന്നത പദവിയിൽ നിങ്ങൾ എത്തിപ്പെടും.........!!

ഇത്തരത്തിൽ ഇവിടെ നടമാടുന്ന പുതുമകൾക്ക് സീമകളില്ല.
കുറ്റവാളികൾ കോടതിയിൽ ശിക്ഷിക്കപ്പെടും എന്നല്ലേ നമ്മുടെയൊക്കെ ഒരു വിശ്വാസം. എന്നാൽ ഇവിടെ ഏതെങ്കിലും പ്രതിക്ക് 'ശിക്ഷ ലഭിക്കണമെങ്കിൽ ' അഥവാ കോടതി  'ജാമ്യം നിഷേധിക്കണമെങ്കിൽ' പ്രതി തന്നെ ആവശ്യമായ തെളിവുകളും രേഖകളും കോടതിയിൽ ഹാജരാക്കണം.........!
പ്രോസിക്യൂഷനും പോലീസും അതൊന്നും ചെയ്യില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ബോധമില്ലാതെ അമിത വേഗതയിൽ വാഹനമോടിച്ച് ഉണ്ടായ വാഹനാപകടക്കേസിന്റെ കോടതി നടപടികളിൽ നാം അത് കണ്ടതാണ്..........!
പ്രതി തന്നെ തെളിവുകളും രേഖകളും ഹാജരാക്കിയാൽ സുഖമായി അകത്തു പോകാം, ഇല്ലെങ്കിൽ കോടതി ജാമ്യം തന്നു കളയും.
എന്താ ചെയ്ക..........!?

അതിശയിക്കേണ്ട.........!
ഇതാണ് "സമത്വസുന്ദര മധുരമനോജ്ഞ" കേരളം
ഇതൊക്കെ എന്ത്.........?
ഇനി എന്തെല്ലാം കാണാനിരിക്കുന്നു........!?


സ്റ്റോപ്പ് പ്രസ്സ് :

കൊച്ചി ലാത്തി ചാർജ് : സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യാൻ ഉത്തരവായി..........!
No comments: