Harikumar Elayidam :: ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍ • ഭാഗം: മൂന്ന്

Views:

ചിറ്റാങ്കേരി, പത്തിയൂര്‍ക്കാലാ, ഏനാകുളങ്ങര, കരിപ്പുഴ 

പത്തിയൂരിന്‍റെ ഭൂപരമായ സവിശേഷതകള്‍ ഇവിടുത്തെ സ്ഥലനാമങ്ങളില്‍ ഉറഞ്ഞു കിടക്കുന്നു. മാത്രമല്ല, പത്തിയൂരിന്‍റെ പരിസരപ്രദേശങ്ങളെ സംബന്ധിച്ചും വ്യക്തമായ ധാരണ സ്ഥലനാമങ്ങള്‍ നല്‍കുന്നുണ്ട്.
ഭൂമിക്കും അതിന്‍റെ അവസ്ഥയ്കും സഹസ്രാബ്ദങ്ങളിലൂടെ പലേ പരിണാമങ്ങളും സംഭവിക്കും. എന്നാലും പ്രാചീനമായ പേരുകള്‍ ചെറിയ രൂപാന്തരങ്ങളോടെയെങ്കിലും പലപ്പോഴും സ്ഥലപ്പേരില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കും. പ്രദേശങ്ങളുടെ പ്രാചീനത മനസ്സിലാക്കാന്‍ സ്ഥലനാമങ്ങളെ ചരിത്രകാരന്മാര്‍ ആശ്രയിക്കാറുമുണ്ട്.
പത്തിയൂര്‍ പ്രദേശം ചിരകാലമായി കാര്‍ഷിക ഭൂമിയാണെന്നു സ്ഥാപിക്കുന്നുണ്ട് ഇവിടുത്തെ സ്ഥലപ്പേരുകള്‍. പത്തിയൂരിന്‍റെ സഥലനാമ നിഷ്പത്തികളില്‍ നെല്ലിനും ഞാറിനും അഗണ്യമായ ഇടമുണ്ട്. ഞാറുപാകി വളര്‍ത്തിയ പത്തികളില്‍ നിന്നും  പത്തിയൂര്‍ സ്ഥലനാമമായി വരാം.                   

ചിറ്റാങ്കേരി

ചിറ്റാം, കേരി (കരി) എന്നിങ്ങനെ രണ്ടു പദങ്ങളായി ചിറ്റാങ്കേരിയെ പിരിച്ചെഴുതാം. ചെറുത്, ഭാഗം എന്നെല്ലാമുളള അര്‍ത്ഥം കിട്ടുന്ന തമിഴ് വാക്കാണ് ചിറ്റാം. മലയാളം നാട്ടില്‍ വ്യാപകമാകുന്നതിനുമുമ്പുളള കാലത്തേ ഈ പ്രദേശങ്ങളല്ലാം ജനവാസ കേന്ദ്രമായിരുന്നുവെന്നും ഇവിടുത്തുകാര്‍ തമിഴ് ഭാഷ ഉപയോഗിച്ചുരുന്നുവെന്നമുളള സൂചനകള്‍ ഇതില്‍നിന്നും ലഭിക്കുന്നു. 'കേരി' എന്നതിന് വയല്‍ എന്നും കൃഷിയിടം എന്നും അര്‍ത്ഥം. അപ്പോള്‍, ചിറ്റാങ്കേരി ഒരു വലിയ പാടത്തോടുചേര്‍ന്ന ചെറിയ കൃഷിയിടമോ വയല്‍ പ്രദേശമോ ആണെന്നു വ്യക്തം. രാമങ്കേരി, ചേന്നങ്കേരി തുടങ്ങിയവയെല്ലാം വയല്‍ പ്രദേശങ്ങളാണെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം.

പത്തിയൂര്‍ക്കാലാ

കാലാ എന്നതിനും വയല്‍ഭൂമി, കൃഷിയിടം, നിലം എന്നെല്ലാമാണ് അര്‍ത്ഥകല്പനകള്‍. ആ നിലയ്ക്ക് പത്തിയൂര്‍ക്കാലയും വയല്‍നിലത്തിന്‍റെ പേരില്‍ ഉണ്ടായ സ്ഥലനാമമത്രേ.

ഏനാകുളങ്ങര

പ്രയോഗത്തില്‍ രൂപാന്തരം സംഭവിച്ച സ്ഥലനാമമാണ് ഏനാകുളങ്ങര. ഏല + കുളം + കര യാണ് ഏനാകുളമായത്. അര്‍ത്ഥം വയല്‍ പ്രദേശങ്ങളോടുചേര്‍ന്ന കുളങ്ങര. ജലസമൃദ്ധി മാത്രമല്ല, വളരെപ്പഴയ ഒരു നാട്ടുവഴിയെയും കുളങ്ങര സാധൂകരിക്കുന്നു. വഴിയാത്രക്കാര്‍ക്ക് വെളളംകുടിച്ചും കൈകാല്‍ കഴുകിയും വിശ്രമിക്കാനുതകുമാറ് ഒരു ആല്‍മരത്തിന്‍റെ തണലും ഏനാകുളങ്ങരയുടെ അടയാളമാണ്.

കരിപ്പുഴ

'കരി' ഉറച്ച വളക്കൂറുളള വയലാണ്. 'പുഴ' നദിയെക്കുറിക്കുന്ന പദമാണെങ്കിലും 'വഴി' എന്ന അര്‍ത്ഥവും ആ പദത്തിനുണ്ട്. വയല്‍മുറിച്ചുളള നടപ്പാതയാണ് കരിപ്പുഴ. ആലപ്പുഴയിലെ പുഴയും വഴിതന്നെ. മറ്റു വഴികളില്ലാത്തകാലത്ത് അരിപ്പാട്ടുകാര്‍ക്ക് തട്ടാരമ്പലം കടക്കാന്‍ കരിപ്പുഴ വേണമായിരുന്നു. ഇപ്പോഴും അതിനു മാറ്റമില്ല, തന്നെ.!

ഭാഗം മൂന്ന് ഉടന്‍ എത്തുന്നു, കാത്തിരിക്കുക...




No comments: