Anu P Nair :: ഓൺലൈൻ മീഡിയ കൂടുതൽ എഴുത്തുകാരെ സൃഷ്ടിക്കുന്നു - ഷെഫീർ പരപ്പത്ത്

Views:

മലയാള ചെറുകഥ ഇന്ന് വളർച്ചയുടെ പാതയിലാണ് . ഒരു പക്ഷേ കൂടുതൽ എഴുത്തുകാർ കടന്നു വരുന്ന കാലവും ഇതാണ് . പ്രമേയം , ഭാഷ എന്നിവയിലൊക്കെ വൈവിധ്യവുമായാണ് ഓരോ കഥാകൃത്തും രംഗ പ്രവേശം ചെയ്യുന്നത്.

ഷെഫീർ പരപ്പത്തും ഈ ശ്രേണിയിൽ വരുന്ന എഴുത്തുകാരനാണ് . 2019 വർക്കല മലയാള സാംസ്കാരിക വേദിയുടെ കാക്കനാടൻ കഥാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിക്കൊണ്ട് അദ്ദേഹം അത് തെളിയിച്ചു . പുരസ്കാരം നേടിയ ചോരമണക്കുന്ന കാളക്കൊമ്പുകൾ കഥ മാസികയുടെ ആഗസ്റ്റ് 2019 ലക്കത്തിലുണ്ട് .

ഷെഫീറുമായി നടത്തിയ അഭിമുഖത്തിൽ നിന്നും ....

1 എഴുത്തിലേയ്ക്ക് എങ്ങനെയാണ് എത്തിപ്പെട്ടത്
എഴുതുവാനുള്ള ആഗ്രഹം രൂപപ്പെടുന്നത് വായനയിലൂടെയാണ്. പിന്നീട് അത് കുറിപ്പുകളായും ചെറുകഥകളായും സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. നല്ലെഴുത്ത് എന്ന ഓൺലൈൻ സാഹിത്യ കൂട്ടായ്മയിൽ കഥകൾ പോസ്റ്റുചെയ്തപ്പോൾ കിട്ടിയ പ്രോൽസാഹനം വീണ്ടും വീണ്ടും എഴുതാനുള്ള പ്രചോദനമാകുകയായിരുന്നു.
2 മലയാളത്തിൽ ഒത്തിരി എഴുത്തുകാർ ജനിക്കുന്ന ഒരു കാലമാണിത് . ഇതിനെ എങ്ങനെ നോക്കിക്കാണുന്നു ?
ഇപ്പോൾ വായനക്കാരേക്കാളും കൂടുതൽ എഴുത്തുകാരാണ് എന്ന ഒരു തമാശ എല്ലാവരും പറയുന്നു. അത് ഒരു പരിധി വരെ ശരിയുമാണ്. ഓൺലൈൻ സാഹിത്യത്തിന്റെ വളർച്ചയാണ് അതിന് പ്രധാന കാരണം എന്ന് തോന്നുന്നു.. ആർക്കും എന്തും എഴുതാവുന്ന ഒരു പ്ലാറ്റ്ഫോമാണല്ലോ അത്.. കമന്റുകളായി പെട്ടെന്ന് കിട്ടുന്ന റെസ്പോൺസ് കൂടുതൽ കൂടുതൽ പേരെ എഴുത്തിലേക്ക് ആകർഷിക്കുന്നു ..
3 ആദ്യ കഥ ... ആ അനുഭവം ഒന്ന് പറയാമോ ?
ആദ്യമായി ചെറുകഥയോട് സാമ്യമുള്ള ഒരു കുറിപ്പ് ഞാനെഴുതുന്നത് മൂന്ന് വർഷം മുൻപാണ്. 'മറൈൻ ഡ്രൈവിലെ സായാഹ്നം' എന്ന പേരിലായിരുന്നു അത്. എറണാകുളം ലിസി ആശുപത്രിയിൽ പനിയായി അഡ്മിറ്റ് ആക്കിയിരുന്ന വാപ്പക്ക് കൂട്ടിരിക്കുമ്പോഴാണ് ഞാനതെഴുതുന്നത്. അത് ഞാൻ മുഖ പുസ്തകത്തിൽ പോസ്റ്റ് ചെയ്തപ്പോൾ തരക്കേടില്ലാത്ത പ്രതികരണം ലഭിച്ചു. പിന്നീട് ഒരു സുഹൃത്ത് നല്ലെഴുത്ത് എന്ന സാഹിത്യ ഗ്രൂപ്പിനെക്കുറിച്ച് പറഞ്ഞു. പിന്നെ ആ ഗ്രൂപ്പിൽ അംഗമാകുകയും അവിടെ നിന്ന് ലഭിച്ച പ്രോൽസാഹനങ്ങൾ കൂടുതൽ കൂടുതൽ എഴുതുവാൻ പ്രചോദനമാകുകയും ചെയ്തു.
4 ചോര മണക്കുന്ന കാളക്കൊമ്പുകൾ കാളപ്പോരിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടിട്ടുള്ള രചനയാണ് . എന്തൊക്കെ ഹോംവർക്ക് ചെയ്തു ഈ കഥയ്ക്ക്
മർച്ചന്റ് നേവിയിൽ ആണ് ജോലി ചെയ്യുന്നത്..എന്റെ ജോലിയുടെ സ്വഭാവം ഓരോ  രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം നൽകാറുണ്ട്. പക്ഷേ സ്പെയിൻ പശ്ചാത്തലത്തിലുള്ള ഈ കഥക്ക് കൂടുതൽ ഹോം വർക്ക് ചെയ്യേണ്ടി വന്നു .ആ രാജ്യത്തിന്റെ ദേശീയ വിനോദമായ കാളപ്പോരിനെ കുറിച്ച് പഠിച്ചു. അവിടുത്തെ ഭൂപ്രകൃതിയെക്കുറിച്ച് കൂടുതൽ റിസർച്ച് നടത്തി. അങ്ങനെ കഥക്കുള്ള പശ്ചാത്തലം മനസ്സിൽ വരച്ചിട്ടു.. പിന്നീട് കഥയും കഥാപാത്രങ്ങളും വികാസം പ്രാപിച്ചു. ഒരു വർഷത്തിനു മുകളിലായി ഈ കഥ എഴുതിയിട്ട്. ഇതിനു മുൻപ് റഷ്യൻ പശ്ചാത്തലത്തിൽ എഴുതിയ കഥയുണ്ട്. "വാടിയ കാർണേഷൻ പൂക്കളും വിചിത്ര വ്യാപാരിയും" എന്ന പേരിലെ ആ കഥക്കും പുരസ്ക്കാരം ലഭിക്കുകയുണ്ടായി.
5 താങ്കളുടെ വായനയെക്കുറിച്ച് പറയാമോ
പരന്ന വായനയുള്ള ആളൊന്നുമല്ല ഞാൻ.. സമയം കിട്ടും പോലെ വായിക്കും. നോവലുകളേക്കാൾ കൂടുതൽ ചെറുകഥകളാണ് വായിക്കുന്നത്.. എം ടി., ബഷീർ, ആന്റൺ ചെക്കോവ്, ഉറൂബ് തുടങ്ങിയവരുടെ കഥകളോട് കൂടുതൽ ഇഷ്ടം.. നോവലിൽ ഖസാക്കിന്റെ ഇതിഹാസം ഒരു വേദപുസ്തകം പോലെ സൂക്ഷിക്കുന്നു.
6 പുതിയ എഴുത്തുകാരിൽ ആരെയാണ് ഏറ്റവും കൂടുതൽ വായിക്കുന്നത് ?
പുതിയ എഴുത്തുകാരിൽ ബെന്യമിന്റെയും സന്തോഷ് എച്ചിക്കാനത്തിന്റെയും സുഭാഷ് ചന്ദ്രന്റെയും രചനകളോട് കൂടുതൽ പ്രിയം.  എച്ചിക്കാനത്തിന്റെ കൊമാല എന്ന കഥാസമാഹാരം ഒത്തിരി ഇഷ്ടം തോന്നിയ സമാഹാരമാണ്..
7 വ്യക്തി/ കുടുംബം /അവാർഡുകൾ
എറണാകുളം ജില്ലയിലെ കങ്ങരപ്പടി എന്ന സ്ഥലത്താണ് സ്ഥിരതാമസം. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ചീഫ് എഞ്ചിനീയറായി ജോലി നോക്കുന്നു. 6 മാസം കടലിലും 6 മാസം കരയിലും, ഇതാണ് ജോലിയുടെ സ്വഭാവം. ഭാര്യ ഖൈറുന്നിസ.. മക്കൾ ഹെബ സൈൻ, ഇഷ്ഫക്ക് . വാപ്പയും ഉമ്മയും മരണപ്പെട്ടു.. അനുജൻ ഷിഹാബും കുടുംബവും ചേർന്ന് ഒരുമിച്ച്  താമസിക്കുന്നു. 
ചോരമണക്കുന്ന കാളക്കൊമ്പുകൾ എന്ന കഥക്ക് മലയാള സാംസ്ക്കാരിക വേദിയുടെ കാക്കനാടൻ കഥാമത്സര പുരസ്ക്കാരവും (2019) , വാടിയ കാർണേഷൻ പൂക്കളും വിചിത്ര വ്യാപാരിയും എന്ന കഥക്ക് KSSPU ആമ്പല്ലൂർ യൂണിറ്റ് എറണാകുളം ജില്ലാതലത്തിൽ നടത്തിയ നാലാമത് കാത്തിരമറ്റം സുകുമാരൻ സ്മാരക യുവപ്രതിഭാ പുരസ്ക്കാരം 2019 ഉം ലഭിച്ചിട്ടുണ്ട്.
8 പുതിയ രചനകൾ
ഏറ്റവും പുതിയ രചന ക്ലോക്ക് ടവറിലെ ചോരപ്പാടുകൾ എന്ന കഥയാണ്. നിഗൂഢതകളൊളിപ്പിച്ച താന്തോന്നിമല ഭാഷാ സാഹിത്യ മാസികയിലെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിക്കും. "ചെകുത്താന്റെ ഏകാന്തവാസം" കഥ മാസികയിലെ പ്രസിദ്ധീകരണത്തിന് കാത്തിരിക്കുന്നു. ഒരു നോവലിന്റെ അണിയറ പ്രവർത്തനവും നടക്കുന്നു.
9 ) കടപ്പാട്
ചോരമണക്കുന്ന കാളക്കൊമ്പുകൾ എന്ന കഥ കലാകൗമുദിയുടെ കഥ മാസികയുടെ ഓഗസ്റ്റ് ലക്കത്തിൽ ആണ് പ്രസിദ്ധീകരിച്ചത്.. ആദ്യമായി അച്ചടിമഷി പുരളുന്നതും ഈ കഥ തന്നെ. എന്നിൽ വിശ്വാസമർപ്പിച്ച് കഥ പ്രസിദ്ധീകരിക്കാൻ സഹായിച്ച കഥ മാസികയുടെ എഡിറ്റർ ശ്രീ.വടയാർ സുനിൽ, എന്നുമൊരു വഴികാട്ടിയായി മുന്നിൽ നിൽക്കുന്ന നല്ലെഴുത്തിലെ ചീഫ് അഡ്മിൻ ശ്രീ ഉണ്ണി മാധവൻ എന്നിവരോട് കടപ്പാട്..




No comments: