Anu P Nair :: മിസ്സ് അനു പി നായർ

Views:


എന്റെ പേരിന് എന്തോ കുഴപ്പമുണ്ടെന്ന്  ഇടക്കിടെ തോന്നാറുണ്ട് . സ്കൂളിലൊക്കെ പഠിക്കുമ്പോൾ കുട്ടികൾ അനു പി , അനു പീ എന്നൊക്കെ വിളിക്കുമായിരുന്നു . പത്താം ക്ലാസ്സ് കഴിഞ്ഞതോടെ എല്ലാവരും പി ഉപേക്ഷിച്ചു . അനു മാത്രമായി .

ഇപ്പോൾ പഠിപ്പിക്കാനൊക്കെ പോകുമ്പോൾ കുട്ടികൾ ചോദിക്കും .
''സാറിനെന്താ പെണ്ണുങ്ങളുടെ  പേരെന്ന്'' 

വേറേ ചിലരുണ്ട് അനു പി എന്ന് വിശ്വസിക്കാതെ അനൂപ് എന്ന് വിളിക്കും . ഒരു സാർ ഉണ്ടായിരുന്നു . പുള്ളി എന്നെ അനൂപ് എന്ന് മാത്രം വിളിച്ചു .

എന്തോ പ്രശ്നമില്ലേ ഈ പേരിലെന്ന്  തോന്നിയ ചില സംഭവങ്ങൾ പറയാം .

ഒരിക്കൽ പനി വന്നപ്പോൾ വർക്കലയിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ പോയി . ഒ പി ടിക്കറ്റെടുക്കുന്ന കൗണ്ടറിൽ ചെന്നു . ഒരു സുന്ദരിയായ പെൺകുട്ടി കൗണ്ടറിലുണ്ട് . കടുത്ത പനിയിലും മഷ്യൻ സൗന്ദര്യ ആരാധകനാവുമെന്ന് അന്ന് തിരിച്ചറിഞ്ഞു .!

''എന്താ പേര് ? ''
അവൾ ചോദിച്ചു . ഞാൻ പേര് പറഞ്ഞു . പുറകേ വയസ്സും വിലാസവും.

അവൾ അതെല്ലാം ടൈപ്പ് ചെയ്ത് ഒരു കാർഡ് എനിക്കു നൽകി  .
അതിൽ പേര് ടൈപ്പ് ചെയ്തിരുന്നത് ഇങ്ങനെ - മിസ്സ് അനു പി നായർ .

ഞാൻ ദൈവത്തിന് സ്തുതി പറഞ്ഞു . അവളെന്നെ കെട്ടിച്ചു വിട്ടില്ലല്ലോ !!

രണ്ടാമത്തെ സംഭവം നടന്നത് ഞാൻ ടെക്നോപാർക്കിൽ പണിയെടുക്കുമ്പോഴാണ് .  എല്ലാ ദിവസവും രാത്രി കമ്പനി ഞങ്ങൾക്ക് ക്യാബ്  സൗകര്യം തന്നിരുന്നു . അന്നത്തെ ക്യാബിൽ ഞങ്ങൾ നാലു പേർ . നാലുപേരും വന്നപ്പോൾ ഡ്രൈവര്‍ ക്യാബ് എടുക്കാൻ തുടങ്ങി .

അപ്പോഴാണ് അതിലുണ്ടായിരുന്ന ഒരു പെൺകുട്ടി - ''വണ്ടി എടുക്കല്ലേ'' എന്ന് ആക്രോശിച്ചത് . ഒരാൾ വന്നിട്ടില്ലത്രെ . ഞങ്ങൾക്ക് അയച്ചു തന്ന ലിസ്റ്റിൽ നാല് ആൾക്കാരാണ് .

''നാലുപേരും വന്നല്ലോ ഇനിയാരാ '' എന്ന് ഡ്രൈവർ

''ഒരു പെൺകുട്ടി വന്നിട്ടില്ല . ആരോ അധികമായി കയറി'' എന്ന് അവൾ ഡ്രൈവറോട് തർക്കിച്ചു .

''അതാരാ ?' എന്ന് ഞങ്ങൾ ചോദിച്ചു . ''ദേ നോക്കിയേ ലിസ്റ്റിൽ ഒരു അനു പി നായർ ഉണ്ട്'' എന്ന് അവൾ പറയുമ്പോൾ കാറിൽ നിന്നും കൂട്ടച്ചിരി ഉയർന്നു .

മറ്റൊരനുഭവം മലയാള സാംസ്കാരിക വേദിയുടെ കാക്കനാടൻ പുരസ്കാര വേദിയിൽ വച്ചാണ് . 2019 ലെ കഥാ മത്സരത്തിൽ എന്റെ കിമോണ എന്ന കഥ ജൂറി പരാമർശം നേടിയിരുന്നു . വേദിയിൽ വച്ച് അവതാരകൻ എന്നെ ക്ഷണിക്കുകയാണ് -''പ്രത്യേക ജൂറി പരാമർശം 'കുമാരി അനു പി നായർ'
ദൈവമേ അവാർഡ് എനിക്കല്ലായിരുന്നോ എന്ന ആശങ്കയിൽ തളർന്ന് വീഴാതിരുന്നത് എന്റെ ഭാഗ്യം !!

എന്താ പ്രശ്നമെന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് . ഈ പേരിനോ എനിക്കോ പേരിട്ടവർക്കോ യാതൊരു ഉത്തരവാദിത്വവുമില്ല ഇതിലൊന്നും . കാര്യങ്ങളെ മുൻവിധിയോട്  കൂടി സമീപിക്കുന്നതുകൊണ്ടാണ്  ചിലർക്ക് അബദ്ധങ്ങൾ പറ്റുന്നത് .
മുൻ വിധികളെ ഒഴിവാക്കുക . അപ്പോൾ എല്ലാം ശരിയാവും .
(അനു എന്ന് പേരുള്ള പെൺകുട്ടികൾക്കും ഇതേ അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടാവും)
--- നെല്ലിമരച്ചോട്ടില്‍