Jagan :: യഥാർത്ഥ 'പ്രതികൾ' ആരാണ് ?

Views:

പ്രതിദിനചിന്തകൾ
യഥാർത്ഥ 'പ്രതികൾ' ആരാണ് ?
https://unsplash.com/photos/d4s3uw-AjsA

കൊച്ചി, മരട് മുനിസിപ്പാലിറ്റിയിൽ തീരദേശ നിയമം ലംഘിച്ച് പണികഴിപ്പിച്ച അഞ്ച് ആഡംബര ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണം എന്നുള്ള കോടതി വിധിക്കെതിരേ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു മാസത്തെ സ്റ്റേ പിൻവലിച്ചു. പൊളിച്ചു നീക്കണം എന്ന വിധി പ്രാബല്യത്തിലായി.ആ ഫ്ലാറ്റകളിലെ ഇപ്പോഴത്തെ താമസക്കാർ സമ്പാദിച്ച സ്റ്റേ ആണ് പരമോന്നത കോടതി ഇപ്പോൾ പിൻവലിച്ചത്.

     ഈ പ്രശ്നം ഉയർത്തുന്ന ഒട്ടനവധി ചോദ്യങ്ങളുണ്ട്‌. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ മുതലായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 'പ്രാദേശിക സർക്കാരുകൾ' എന്നാണറിയപ്പെടുന്നത്, അംഗീകരിക്കപ്പെടുന്നത്. അതായത് ഒരു ചെറിയ പ്രദേശത്തെ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധി ആയി ഭരിക്കുന്ന 'കൊച്ചു സർക്കാർ'. അപ്രകാരം മരട് മുനിസിപ്പാലിറ്റി എന്ന 'കൊച്ചു സർക്കാരി'ന്റെ കീഴിലുള്ള ഈ ഫ്ലാറ്റ് സമുച്ചയങ്ങൾ 'കൊച്ചു സർക്കാരി'ൽ നിന്നും നിയമപ്രകാരമുള്ള നികുതികളും, ഫീസുകളും, ചാർജുകളും ഒക്കെ ഒടുക്കി, അനുമതി വാങ്ങി പണി പൂർത്തിയാക്കി കെട്ടിട നികുതി മുനിസിപ്പാലിറ്റിയിലും, റെവന്യൂ വകുപ്പിലേക്കുള്ള നികുതി താലൂക്ക് ആഫീസിലും ഒടുക്കി, ഓരോ ഫ്ലാറ്റിനും പ്രത്യേകം പ്രത്യേകം കെട്ടിട നമ്പർ വാങ്ങി, പൊതുജനങ്ങൾക്ക് വർഷങ്ങൾക്കു മുൻപ് വിലയ്ക്ക നൽകിയതാണ് ഈ ഫ്ളാറ്റുകൾ. ഫ്ളാറ്റുകൾ വാങ്ങിയവർ വർഷങ്ങൾ ആയി കെട്ടിട നികുതി അടച്ചു വരുന്നു.നിയമാനുസരണം പണിത കെട്ടിടം ആയതിനാൽ ആണല്ലോ KSEB വൈദ്യുതി കണക്ഷനും KWA വാട്ടർ കണക്ഷനും നൽകിയത്? വർഷങ്ങൾക്ക് മുൻപ് വിലയ്ക്കു വാങ്ങിയ ഈ ഫ്ലാറ്റുകളിൽ പലതും ഈ കാലയളവിനുള്ളിൽ പലപല കൈമറിഞ്ഞ് ഉടമസ്ഥാവകാശം മാറിയിട്ടുമുണ്ട്.

     ഒരു സാധാരണക്കാരന് ജീവിതത്തിൽ ഒരിക്കൽ മാത്രം കഴിയുന്ന കാര്യമാണ് സ്വന്തമായി ഒരു പാർപ്പിടം സമ്പാദിക്കുക എന്നത്. അയാൾക്ക് ഒരു ഫ്ലാറ്റ് വാങ്ങാൻ അവസരം ലഭിക്കുമ്പോൾ അതിന്റെ നിർമ്മാണവും ഉടമസ്ഥാവകാശവും മറ്റും നിയമപ്രകാരമുള്ളതാണോ എന്നറിയാൻ ഏറ്റവും ലളിതവും, ആധികാരികവും ആയമാർഗ്ഗം ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിൽ അന്വേഷിക്കുക എന്നത് മാത്രമാണ്. അപ്രകാരം മരട് മുനിസിപ്പാലിറ്റിയിൽ അന്വേഷിച്ച് നിയമാനുസരണം പണിത് കെട്ടിട നമ്പർ സമ്പാദിച്ചതാണ് എന്ന് ഉറപ്പാക്കി, വിലയ്ക്ക വാങ്ങിയ ഈ ഫ്ലാറ്റ്, വർഷങ്ങൾക്കു ശേഷം ഒരു സുപ്രഭാതത്തിൽ നിയമവിരുദ്ധമായി പണിതതാണെന്നും, ഉടൻ പൊളിച്ചുമാറ്റണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചാൽ, ഇതിൽ യഥാർത്ഥ 'പ്രതികൾ' ആരാണ് ? അതിന്റെ ശിക്ഷയും, കെടുതികളും, നഷ്ടവും നേരിടേണ്ടത് ആരാണ്? ഈ നൂലാമാലകളിൽ ഒന്നും തന്നെ ബന്ധമില്ലാത്ത, ' കൊച്ചു സർക്കാർ ' ആയ മരട് മുനിസിപ്പാലിറ്റിയെ വിശ്വസിച്ച് ഫ്ലാറ്റുകൾ വാങ്ങിയ മുന്നോറോളം കുടുംബങ്ങൾ ആണോ? യഥാർത്ഥ 'പ്രതികൾ' സർക്കാരിന്റെ ഭാഗമായ മരട് മുനിസിപ്പാലിറ്റിയും മറ്റു സർക്കാർ വകുപ്പുകളും തന്നെയല്ലേ?

     ഈ പശ്ചാത്തലത്തിൽ ഈ ഫ്ളാറ്റുകളുടെ ഇപ്പോഴത്തെ ഉടമകൾ ആയ മുന്നൂറോളം കുടുംബങ്ങളുടെ ആവലാതികളും, പ്രശ്നങ്ങളും, സങ്കടവും പരിഗണിക്കാനും, അവയ്ക്ക് ശാശ്വത പരിഹാരം കാണാനുമുള്ള ഉത്തരവാദിത്തം ഭാര്തത്തിലെ ജനാധിപത്യ വ്യവസ്ഥിതിയിൽ (യഥാർത്ഥ 'പ്രതികൾ' ആയ) സർക്കാരിനും, അത്തരത്തിൽ നിർദ്ദേശം നൽകാനുള്ള ഉത്തരവാദിത്തം  പരമോന്നത നീതിപീഠത്തിനും ഇല്ലേ? ആ കുടുംബങ്ങൾക്ക് ന്യായമായ നഷ്ട പരിഹാരമോ, പകരം പാർപ്പിടമോ ബന്ധപ്പെട്ടവർ നൽകിയതിനു ശേഷം മാത്രം പൊളിച്ചുനീക്കൽ നടപ്പാക്കണം എന്ന ഉത്തരവ് നൽകേണ്ട ചമതല കൂടി പരമോന്നത നീതിപീഠത്തിനില്ലേ? ഇത്തരം സന്ദർഭങ്ങളിൽ നീതിപീഠം തന്നെയല്ലേ പൗരന്റെ രക്ഷകൻ ആ കേണ്ടത്?







No comments: