Rich Dad Poor Dad

Views:


ഈ പുസ്തകം നിങ്ങളുടെ കുട്ടി ഉറപ്പായും വായിച്ചിരിക്കേണ്ടതാണ് . എന്നാൽ ഇത് ബാല സാഹിത്യമല്ല . ഇതിൽ നിന്നും നിങ്ങളുടെ കുട്ടിയ്ക്ക് ലഭിക്കുന്ന അറിവ് കേരളത്തിൽ മറ്റാരും അവന് പറഞ്ഞു കൊടുക്കില്ല . മറ്റൊരു പുസ്തകവും വായിച്ചിട്ടില്ലെങ്കിലും നിങ്ങളും നിങ്ങളുടെ കുട്ടിയും റോബർട്ട് കിയോസാക്കിയുടെ റിച്ച് ഡാഡ് പുവർ ഡാഡ് വായിച്ചിരിക്കണം എന്ന് പറയുന്നത് അതുകൊണ്ടാണ് . എന്താണ് ഈ കൃതിയുടെ സവിശേഷത എന്നല്ലെ . പണത്തെക്കുറിച്ച് സംസാരിക്കുന്നു എന്നതു തന്നെ .എങ്ങനെ ധനം നേടാം  കോടീശ്വരനാവാൻ 1000 വഴികൾ എന്നീ ശ്രേണിയിലുള്ള ഒരു തട്ടിപ്പ് ബുക്കല്ല എന്നു കൂടി പറയട്ടെ.

നിങ്ങൾ നിങ്ങളുടെ കുട്ടിയോട് എന്താണ് പണത്തെ കുറിച്ച് പറഞ്ഞു കൊടുക്കുന്നത് ?

ഭൂരിഭാഗം ആൾക്കാരും ഒന്നും പറഞ്ഞു കൊടുക്കില്ല . എന്നു മാത്രമല്ല പണം പാപമാണ് പണം ഉണ്ടാക്കിയവരെല്ലാം തട്ടിപ്പുകാരാണ് എന്നെല്ലാം നാം അവരെ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്നു. നന്നായി പഠിക്കുക നല്ല ജോലി വാങ്ങുക, സുരക്ഷിതമാക്കുക എന്ന് നമ്മൾ ആവർത്തിച്ച് പഠിപ്പിക്കുന്നു . നമ്മുടെ പൂർവ്വികർ നമ്മെ പഠിപ്പിച്ചത് പോലെ . അവർ പഠിക്കും ജോലി നേടും . ശമ്പളം മേടിക്കും ബില്ലടയ്ക്കും . ഇടത്തരക്കാരനായോ പാവപ്പെട്ടവനായോ ജീവിച്ച് മരിക്കും. സമ്പാദ്യം എന്നു കരുതി ബാധ്യതകൾ വാങ്ങി കൂട്ടും . ഇതാണ് തലമുറകളായുള്ള ജീവിത ചക്രം .

കിയോസാക്കിയുടെ പുസ്തകം ഉയർത്തുന്ന ചോദ്യം ഇവിടെയാണ് ശ്രദ്ധേയമാകുന്നത്. ബില്ലുകളും ലോണും അടയക്കാനായി കാളയെപ്പോലെ പണിയെടുത്ത് സമ്പാദ്യമെന്ന് കരുതി ബാധ്യതകൾ വാങ്ങുന്നവൻ സമ്പന്നനാണോ ?

റോബർട്ട് എന്ന കുട്ടിയ്ക്ക് 2 പിതാക്കന്മാർ ഉണ്ടായിരുന്നു . ഒന്ന് സ്വന്തം പിതാവും മറ്റേത് കൂട്ടുകാരന്റെ പിതാവും . റോബർട്ടിന്റെ സ്വന്തം പിതാവ് കോളേജ് പ്രഫസർ . പക്ഷേ മരിക്കുമ്പോൾ കടങ്ങൾ മാത്രം ബാക്കി . എന്നാൽ എട്ടാം ക്ലാസ്സ് മാത്രം യോഗ്യതയുള്ള രണ്ടാമത്തെ പിതാവ് കുബേരനും . ഇതെങ്ങനെ സംഭവിച്ചു . നന്നായി പഠിച്ച് ജോലി നേടി എന്നു തുടങ്ങുന്ന നിങ്ങളുടെ ഉപദേശം അനുസരിച്ചായിരുന്നെങ്കിൽ കോളേജ് പ്രഫസർ ആയ പിതാവല്ലേ സമ്പന്നനാകേണ്ടിയിരുന്നത് ? പണത്തോടുള്ള ഇരുവരുടെയും സമീപനം വിശകലനം ചെയ്ത് ഈ സമസ്യയെ പൂരിപ്പിക്കുകയാണ് കിയോസാക്കി ചെയ്യുന്നത് .പണത്തിന് വേണ്ടിയാണ് ഒരു ശരാശരിക്കാരൻ പണി എടുക്കുന്നത് . കൂടുതൽ പണം തന്നെ കൂടുതൽ പണക്കാരനും സുരക്ഷിതനും ആക്കും എന്ന് കരുതി അവൻ കൂടുതൽ പണിയെടുക്കുന്നു . പണിയെടുത്ത് ബില്ലടച്ച് ജീവിതം തീർക്കുന്നു . സമ്പന്നനായി എന്ന മിഥ്യാധാരണയിൽ മരിക്കുന്നു .

കിയോസാകി പറയുന്നത് പണം ഉണ്ടാക്കാനല്ല മറിച്ച് നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന പണത്തെ ഉണ്ടാക്കാനാണ് . അതിനാദ്യം വേണ്ടത് സാമ്പത്തിക സാക്ഷരതയാണ് . റിച്ച് ഡാഡ് ശ്രമിക്കുന്നത് ഈ സാമ്പത്തിക സാക്ഷരത ഉണ്ടാക്കുവാനാണ്...




No comments: