Jagan :: പെൻഷൻ പ്രായവർദ്ധനവ്

Views:

പ്രതിദിനചിന്തകൾ
പെൻഷൻ പ്രായവർദ്ധനവ്

രാജ്യത്ത് പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന് സാമ്പത്തിക സർവ്വേയിൽ ശുപാർശ. 
സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടാകാവുന്ന അഥവാ ഉണ്ടാകേണ്ട ഒരു പ്രധാന വിഷയമാണിത്.

ഇംഗ്ലണ്ട്, ജപ്പാൻ, കാനഡ, മുതലായ വിദേശ രാഷ്ട്രങ്ങളിൽ 65 - 70 വയസ്സ് വരെ ആണ് (അഥവാ സമീപ ഭാവിയിൽആക്കും) പെൻഷൻ പ്രായം. ഭാരതത്തിൽ ശരാശരി ആയുർദൈർഘ്യം വർദ്ധിക്കന്നതനുസരിച്ച് പെൻഷൻ പ്രായവും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സർവ്വേയിൽ പറയുന്നത്രേ.

വർഷങ്ങൾക്കു മുൻപ്  55 വയസ്സിൽ പെൻഷൻ ആകുന്ന ഉദ്യോഗസ്ഥനെ കണ്ടാൽ, 'വൃദ്ധൻ' തന്നെ ആയിരുന്നു.എന്നാൽ ഇന്ന് 58 - 60 വയസ്സ് ആയാലും 'മദ്ധ്യവയസ്കൻ' എന്നല്ലാതെ 'വൃദ്ധൻ ' എന്ന് പറയാൻ കഴിയില്ല എന്നതാണ് വാസ്തവം.

വളരെ വിശദമായ പഠനവും ചർച്ചയും ആവശ്യമുള്ള ഒരു വിഷയം തന്നെയാണ് പെൻഷൻ പ്രായവർദ്ധനവ്. ഒറ്റനോട്ടത്തിൽ ഈ വർദ്ധനവ് നടപ്പാക്കുക വഴി നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്ന 2020 മാർച്ച് 31ന് പെൻഷൻ ആകുന്ന ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യേണ്ട പെൻഷൻ ആനുകൂല്യങ്ങൾക്കായുള്ള തുക ഉടൻ കണ്ടെത്തേണ്ടി വരില്ല എന്ന ഒരു വലിയ ആശ്വാസം സർക്കാരിനും ഖജനാവിനും ലഭിക്കും എന്നത് സത്യം.

പെൻഷൻ പ്രായം വർദ്ധനവിൽ ഏറ്റവും കുടുതൽ പ്രതിഷേധം വരാൻ സാദ്ധ്യതയുള്ളത് രാജ്യത്തെ ഉദ്യോഗാർത്ഥികളായ യുവാക്കളിൽ നിന്നാണല്ലോ. കാരണം വിശദമാക്കേണ്ടതില്ല, അവരുടെ തൊഴിലവസരം നഷ്ടമാകുന്നതുതന്നെ. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിന് ആനുപാതികമായി സർക്കാർ നിയമനം ലഭിക്കന്നതിനുള്ള പ്രായപരിധി കൂടി വർദ്ധിപ്പിച്ച് അവരെ തൃപിതപ്പെടുത്താൻ കഴിയുമോ എന്ന് ആലോചിക്കണം.

വിദേശ രാഷ്ട്രങ്ങളിൽ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിന് മുന്നോടിയായി അവിടത്തെ ജനസംഖ്യ, അതിൻമേലുണ്ടാകുന്ന വാർഷിക വർദ്ധനാ നിരക്ക്, തൊഴിലില്ലായ്മാ നിരക്ക്, തൊഴിൽ ലഭ്യതാ സാദ്ധ്യത അടക്കമുള്ള വിഷയങ്ങൾ സ്വാഭാവികമായും വിശദമായ പഠനത്തിന് വിധേയമാക്കിയിട്ടുണ്ടാകും. അതിനു ശേഷമേ പരിഷ്കാരം നടപ്പാക്കുകയുള്ളു. അതിന് സമാനമായ പഠനം ഭാരതത്തിലും നടത്തേണ്ടത് അനിവാര്യമാണ്. പരാതികളും, പ്രതിഷേധങ്ങളും, പ്രത്യാ ഖാതങ്ങളും ഒഴിവാക്കി പരിഷ്കാരം നടപ്പാൻ അത് സഹായകമാകും.




No comments: