Malayalam Story :: KISEBI :: Ajijesh Pachat

Views:ഇക്കണോമിക്സിൽ ലാ ഓഫ് ഡിമിനിഷിങ് മാർജിനൽ യൂട്ടിലിറ്റി എന്ന ഒരു തിയറിയുണ്ട്. ഏറ്റവും ലളിതമായി പറഞ്ഞാൽ അതിതാണ് - ഒറ്റയിരുപ്പിൽ ഒത്തിരി ചോക്കളേറ്റുകൾ ഒരുമിച്ചു കഴിച്ചാൽ ഒടുവിലൊടുവിൽ കഴിക്കുന്നതിന്റെ ഉപയുക്ത കുറയും . പലപ്പോഴും കഥാ സമാഹാരങ്ങൾ വായിക്കുമ്പോൾ എനിക്ക് ഈ തിയറി ഓർമ്മ വരും. ആദ്യ കഥയിൽ നിന്ന് അവസാനത്തെ കഥയിലെത്തുമ്പോഴേക്കും എന്തുവാടേ ഇത് എന്ന് ചോദിച്ചു പോകും. അജിജേഷ് പച്ചാട്ടിന്റെ കിസേബി ഈ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കുന്നു . എന്നു വച്ചാൽ വീണ്ടും വീണ്ടും കഴിക്കുമ്പോൾ ചോക്കളേറ്റിന് മധുരം കൂടുന്നുവെന്ന്.

എന്തായാലും കിസേബി പുറകിൽ നിന്നാണ് വായിച്ച് തുടങ്ങിയത് . അവസാന കഥയായ പെൺഭ്രൂണ നിക്ഷേപകന്റെ ദിശ ആദ്യം വായിച്ചു. ഡോക്ടറെ കാണാനെത്തുന്ന യുവാവും യുവതിയും . യുവതി ഗർഭിണിയാണ്.  യുവാവിന് അതില്ലാതാക്കണം. മുൻപ് രണ്ട് പ്രാവശ്യവും അവരത് ചെയതിട്ടുണ്ട്. ഇത്തവണയും പെണ്ണാണ് എന്നതാണ് യുവാവിനെ അതിന് പ്രേരിപ്പിക്കുന്നത്.  പെണ്ണായതു കൊണ്ട് ഇല്ലായ്മ ചെയ്യണം . യുവാവിന്റെ ഈ തീരുമാനത്തിന്  പിന്നിലെ കാരണം നമ്മെ ഞ്ഞെട്ടിക്കും . അതാണ് ഈ കഥയെ വേറിട്ടു നിർത്തുന്നത് (കാരണം ഞാൻ പറയില്ല . അല്ലെങ്കിലേ വായനാനുഭവം എന്ന് പേരിട്ട് കഥ പറഞ്ഞ് Book Sales കുറയ്ക്കുന്നു എന്ന ഒരു പരാതി എന്നെക്കുറിച്ചുണ്ട്)


യുദ്ധം നടക്കുന്ന രാജ്യത്തെ ഒരു അമ്മ തന്നെയും തന്റെ മക്കളെയും അതിജീവനത്തിന് പരിശീലിപ്പിക്കുന്ന കഥയാണ് കിസേബി. പരിശീലനം മാത്രമാണ് അതിജീവനമാർഗ്ഗമെന്ന് അവർക്ക് അറിയാം . ഇതിൽ അമ്മ മക്കളെയും തന്നെയും നഗ്നരാക്കുമ്പോൾ വായനക്കാരന് സ്വയം നഗ്നനാക്കപ്പെട്ട ഒരു അനുഭൂതി ഉണ്ടാക്കുന്നു . അവർ മക്കളെ ശ്വാസം മുട്ടിക്കുമ്പോൾ നമുക്ക് ശ്വാസം മുട്ടും. 


'സബ്സ്റ്റി' എന്ന പ്രാണിയെ തലച്ചോറിനുള്ളിൽ വഹിച്ച് ജീവിക്കുന്ന ആൽബിയുടെ കഥ പറയുന്നു 'വാട്ടീസാൽബി' കാൻസർ രോഗം ഭേദമാക്കുന്ന ശ്രവം ഉത്പ്പാദിപ്പിക്കുന്ന ജീവിയാണത്രെ സബ്സ്റ്റി. ആൽബിയുടെ തലച്ചോറിൽ കയറിപ്പറ്റിയ ഈ ജീവിയെ പുറത്തെടുക്കാൻ സർജറി ആവശ്യമാണ്. പക്ഷേ രണ്ടിലൊന്നേ ജീവനോടെ കാണൂ. ഓപ്പറേഷൻ നടന്നില്ലെങ്കിൽ ആൽബി മരിക്കും ജീവി സുക്ഷിതയാണ്. ആക്ടിവിസ്റ്റുകൾക്ക് സബ്സ്റ്റിയാണ് വലുത്.


ആർത്തവവുമായി ബന്ധപ്പെട്ട് കോലാഹലങ്ങൾ നടക്കുന്ന ഈ കാലത്ത് കർഷകശ്രീ എന്ന കഥ ചർച്ച ചെയ്യപ്പെടേണ്ടതാണ് . ഗ്രീഷ്മാ ചന്ദ്രൻ എന്ന പെൺകുട്ടിയും തുപ്പേട്ടൻ എന്ന കർഷകനുമാണ് പ്രധാന കഥാപാത്രങ്ങൾ. തുപ്പേട്ടന്റെ കൃഷിഭൂമിയും അവിടെ നിന്നുയർന്നു വരുന്ന ഗന്ധവും നട്ടുകാരിൽ ദുരൂഹത ഉയർത്തുന്നു. ഗ്രീഷ്മയെ ആർത്തവരക്തത്തിന്റെ പേരിൽ ട്രെയിനിൽ നിന്നിറക്കി വിടുന്നു. അവൾ തന്റെ ആർത്തവ തുണികൾ ലേലം ചെയ്ത് അതിനോട് പ്രതികരിക്കുന്നു. ആർത്തവം മനുഷ്യകുലത്തിന്റെ നിലനില്പാണ് എന്ന് കഥ അടിവരയിടുന്നു. അതുപോലെ തന്നെയാണ് ജൈവ വളങ്ങൾ ഉപയോഗിച്ചുള്ള തുപ്പേട്ടന്റെ കൃഷിയും. രണ്ടിന്റെയും ദുർഗന്ധം സഹിക്കാൻ വയ്യെങ്കിൽ നമ്മുടെ നിലനിലനില്പിനെ തന്നെയാണ് നമുക്ക് സഹിക്കാനാവാത്തത് എന്ന് ഈ കഥ പറയുന്നു 


ആയതിനാൽ ഞങ്ങൾ മക്കൾ എന്ത് ചെയ്യണം ? എന്ന കഥ പറയുന്നത് രണ്ട് കുട്ടികളുടെ ധർമ്മസങ്കടമാണ്. പെൺകുട്ടിയുടെ  അഛനും ആൺകുട്ടിയുടെ അമ്മയും തമ്മിൽ രഹസ്യബന്ധത്തിലാണ് എന്ന് അവർ മനസ്സിലാക്കുന്നു . ചുരുളുകൾ അഴിക്കാൻ ശ്രമിക്കുന്ന ആൺകുട്ടി അവിഹിതത്തിലേർപ്പെടുന്നത്  അഛൻമാരാണെന്ന് കണ്ടെത്തുന്നു.


ഇരകളും വേട്ടക്കാരുമെല്ലാം എപ്പോഴും വേട്ടയാടപ്പെടുന്നു എന്ന് വേട്ടശാസ്ത്രം എന്ന കഥ പറയുന്നു.


ആയതിനാൽ സുഹൃത്തുക്കളെ പൂർണ്ണ പ്രസിദ്ധീകരിച്ച അജിജേഷ് പച്ചാട്ടിന്റെ കിസേബി വായിക്കുവിൻ ...


No comments: