I am the Mind :: Deep Trivedi

Views:


ഞാനാണ് മനസ്സ് (I am the Mind ) വായിക്കുകയായിരുന്നു .പ്രഭാഷകനും എഴുത്തുകാരനമായ ദീപ് ത്രിവേദിയുടെ പുസ്തകം . മലയാള പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് ശ്രീ സുരേഷ് എം ജി . റെഡ് റോസ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന് 250 രൂപയാണ് വില .

മനസ്സ് എന്താണെന്ന് മനസ്സു തന്നെ പറയുന്ന രീതിയിലാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത് . നമ്മുടെ ഉള്ളിലിരുന്ന് ആരോ നമ്മെക്കുറിച്ച്  തന്നെ പറയും പോലെ  തോന്നുന്നു .മനസ്സിനെയും അതിന്റെ വിവിധ തലങ്ങളെയും കുറിച്ച് ലളിതമായി വിശദീകരിച്ചതിനു ശേഷം മനസ്സ് ബുദ്ധി എന്നിവ തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു . ബുദ്ധി ഉപയോഗിച്ച് മനസ്സിനെ അടിച്ചമർത്തി വയ്ക്കുന്നതിന്റെ  ദൂഷ്യങ്ങളും . കോപവും സന്തോഷവും മനസ്സിന്റെ അടിസ്ഥാന സ്വഭാവമാണ് . എന്നാൽ നമ്മുടെ ബുദ്ധി പലപ്പോഴും ഇവയെ അമർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നു . ഇത് ആരോഗ്യകരമല്ല '' സംസാരിക്കാനും സ്വന്തം കോപം പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമുള്ള ഒരു വീട്ടിൽ ഒരു വലിയ വഴക്കുണ്ടാവില്ല '' . മാത്രവുമല്ല അടിച്ചമർത്തി വയ്ക്കപ്പെട്ട ദേഷ്യം അനവസരത്തിൽ ശക്തിയായി മറ്റൊരാളോട് പ്രകടിപ്പിക്കപ്പെടുകയും ചെയ്യുന്നു . ദേഷ്യത്തിന്റെ മാത്രമല്ല എല്ലാ വികാരങ്ങളുടെ  കാര്യത്തിലും ഇത് ശരിയാണ് . കോപത്തിൽ നിന്ന് രക്ഷനേടാൻ അതിനെ ഊർജ്ജമാക്കി മാറ്റണമെന്ന് പുസ്തകം ഉപദേശിക്കുന്നു .

ഭൂതകാലത്തിൽ രമിക്കാതെ വർത്തമാനത്തിൽ ജീവിക്കുവാൻ ശ്രമിക്കണം . ഭൂതകാലത്തിൽ രൂപം കൊണ്ട മുദ്രകൾ ഉപയോഗിച്ച് പ്രതികരിക്കുവാൻ ശ്രമിക്കുകയുമരുത്  . ഭൂതകാല വൈഷമ്യങ്ങൾ പേറി ജീവിക്കുന്നവരാണ് മനുഷ്യരിലധികവും . അതു കൊണ്ട് പ്രത്യേകിച്ചൊരു ഗുണവുമില്ല

ബാഹ്യ വ്യക്തിത്വത്തെയും ആന്തരിക വ്യക്തിത്വത്തെയും വ്യക്തമായി നിർവചിക്കുകയും ആന്തരിക വ്യക്തിത്വത്തെ  ബലപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും  ചെയ്യുന്നു . പുകഴ്ത്തലിലും ഇകഴ്ത്തലിലുമൊക്കെ നാം പെട്ടെന്ന് വീണു പോകുന്നത്  ആന്തരിക വ്യക്തിത്വം ദുർബലമായതുകൊണ്ടാണ് . 

നമ്മുടെ ജീവിതത്തെ തകർക്കുന്ന പലതരം complex കളെ കുറിച്ച് മനസ്സ് വ്യക്തമായി പറഞ്ഞു തരുന്നു .നാം എങ്ങനെയാണോ അങ്ങനെ തന്നെ നമ്മെ സ്വീകരിക്കുക . ഒരു റോസാ പൂവ് ഒരിക്കലും തന്നെ താമരയോട് താരതമ്യം ചെയ്യില്ല . ഇങ്ങനെ താരതമ്യം ചെയ്യുന്ന ഏക ജീവി മനുഷ്യനാണ് .അതിൽ നിന്ന് Complex ഉണ്ടാകുന്നു . ഇങ്ങനെ complex കൾ ഉണ്ടാക്കുന്നതിൽ മാതാപിതാക്കളും അധ്യാപകരും വഹിക്കുന്ന പങ്ക് ചെറുതല്ല . പക്ഷേ അവർക്കും ഇത്തരം complex ഉണ്ട് .

ജീവിത വിജയത്തിനായി സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുവാൻ മനസ്സ് ആവശ്യപ്പെടുന്നു . വൻ വിജയങ്ങൾ നേടിയവർ പലരും തങ്ങളുടെ സർഗ്ഗാത്മകതയെ ഉപയോഗിച്ചവരാണ് . സർഗ്ഗാത്മകത എന്നാൽ പുതുതായി എന്തെങ്കിലും സൃഷ്ടിക്കുവാനുള്ള കഴിവ് . ബുദ്ധി കൊണ്ട് മാത്രം ആർക്കും വിജയിക്കുവാനാവില്ല . മറ്റുള്ളവരുടെ സ്വാധീനത്തിന് വശംവദരരാവരുത് . '' ചുറ്റിലുമുള്ളവർ നിങ്ങൾ ചെയ്യുന്നതിലെ അപാകതകൾ നിരന്തരം ചൂണ്ടിക്കാണിച്ചു കൊണ്ടേയിരിക്കും . മുന്നോട്ടു പോകുന്നതിനെതിരെ നിങ്ങളുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കും . എന്നാൽ ആ സമയത്തും നിങ്ങളുടെ തിരഞ്ഞെടുപ്പാണ്  ശരി എന്ന മട്ടിൽ അതിലുറച്ചു നിന്നാൽ വിജയം നിങ്ങളെ തേടി വരാതിരിക്കില്ല ''

ഏകാഗ്രതയെ എല്ലാ മനുഷ്യനിലുള്ള സഹജവാസനയായാണ് മനസ്സ് വിശദീകരിക്കുന്നത് . ചുറ്റിലുമുള്ള പ്രലോഭനങ്ങളിൽ വീഴാതെ ഈ സഹജ വാസനയെ മുറുകെ പിടിക്കുക . അനാവശ്യ കാര്യങ്ങളിൽ ഊർജ്ജം പാഴാക്കാതിരിക്കുക . അതിമോഹങ്ങൾ ഉപേക്ഷിച്ച് ജോലിയിൽ ശ്രദ്ധിക്കുക .

നല്ല രീതിയിൽ എഴുതപ്പെട്ടിട്ടുള്ള പുസ്തകമാണിത്  . കുറച്ചു മുൻപേ വായിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി . തീരുമാനങ്ങളെടുക്കേണ്ട നേരത്തൊക്കെ മറ്റുള്ളവന്റെ വാക്കു കേട്ട ഒരാളാണ് ഞാൻ . ഫലമോ .... !!!!

എന്നെ പോലെ ഒത്തിരി പേരുണ്ട് . അവരിലൊരാളാണ് നിങ്ങളെങ്കിൽ ഇനിയും I am the mind വായിക്കാൻ വൈകരുത് .
No comments: