പ്രകൃതിയെ അടുത്തറിയുക :: V K ലീലാമണി അമ്മ

Views:

https://unsplash.com/photos/CrmcJFwtSGA 


പ്രപഞ്ചത്തിൽ ജീവനുണ്ടായകാലംമുതൽ മരങ്ങളും മനുഷ്യരും ജന്തുക്കളും സൂക്ഷ്മാണുക്കളും പ്രാണികളും മറ്റുസസ്യജാലങ്ങളുമുൾപ്പെടുന്ന ഒരു ജൈവ വൈവിദ്ധ്യം നിലനിന്നുപോന്നിരുന്നു. ശാസ്ത്രീയമായി ഇതിനെ #ആവാസവ്യവസ്ഥാ #സിദ്ധാന്തമെന്നു വിശേഷിപ്പിക്കുന്നു. മനുഷ്യൻ ശാസ്ത്രീയമായി തിരിച്ചറിവുള്ള ജീവിയാകുന്നതിനുമുൻപ് മരങ്ങളേയും മറ്റുപ്രപഞ്ചശക്തികളേയും ആരാധിച്ചിരുന്നതായിക്കാണാം. ഇവ പരസ്പരപൂരകങ്ങളായി, അല്ലെങ്കിൽ ഒന്നു മറ്റൊന്നിന് പ്രയോജനപ്പെടുകയോ സഹായിക്കുകയോ ചെയ്തിരുന്നു. ആധുനിക മനുഷ്യൻ; പരിണാമശൃംഖലയിലെ അത്യുന്നതനെന്നു സ്വയം വിശേഷിപ്പിക്കുന്ന അവന്റെ ഓരോ പ്രവൃത്തിയും ദീർഗ്ഘവീക്ഷണമില്ലാത്തതും അണ്ഡകടാഹങ്ങൾ കീഴ്മേൽ മറിക്കുവാൻപോന്നവനെന്നള്ള അഹങ്കാരവും പ്രകൃതിയുമായുള്ള അവന്റെ ഇടപെടൽ, ഈ ജനിതക വൈവിദ്ധ്യങ്ങളുടെ താളം തെറ്റിച്ചു. ഇത് പ്രപഞ്ചത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്നു. സർവ്വവും അടക്കിവാഴാനുള്ള അവന്റെ ത്വര, സ്വാർത്ഥമോഹം വരുംതലമുറയെപ്പോലും നാശത്തിന്റെ വക്കോളമെത്തിച്ചിരിക്കുന്നു.

തത്ത്വദീക്ഷയില്ലാത്ത മരംമുറിക്കലും ( വനനശീകരണം) അനുചിതമായ കൃഷിരീതികളും യാതൊരു നിയന്ത്രണവുമില്ലാത്ത രാസകീടനാശിനി, രാസവള പ്രയോഗവും മറ്റു വ്യാവസായികമാലിന്യങ്ങളും നമുക്കു യോജിക്കാത്ത ജീവിത രീതികളും കാലാവസ്ഥയിലും പരിസ്ഥിതിയിലും നിർവ്വചിക്കാനാകാത്ത മാറ്റം വരുത്തിയിരിക്കുന്നു. ഈ സ്ഥിതിതുടർന്നാൽ നമ്മുടെ നാടിന്റെ (ഭൂമിയുടെ) ജീവസഞ്ചയക്കലവറയായ കാടിന്റെ വ്യാപ്തി അവശേഷിക്കാൻ സാദ്ധ്യത കാണുന്നില്ലാ. ഇതു് ഭൂമിയിലെ കാർബൺഡയോക്ക്സൈഡിന്റെ അളവു് ക്രമാതീതമായി കൂടുകയും ഭൂമിയുടെ ചൂടു് ഇതിലും കൂടുകയും ജീവന്റെനിലനിൽപ്പ് ദുഷ്ക്കരമാകുകയും ചെയ്യും. വിരൽത്തുമ്പ് ഒന്നമർത്തിയാൽ ഭൂഗോളം മുഴുവൻ ദൃഷ്ടിപഥത്തിൽത്തെളിയിക്കാൻ മനുഷ്യനു് കഴിഞ്ഞെങ്കിലും മേൽപ്പറഞ്ഞ ജീവന്റെ നിലനിൽപ്പു് അവന്റെ നിയന്ത്രണത്തിനുമപ്പുറമാണെന്നതിൽ രണ്ടുപക്ഷമില്ലാ.

ജീവന്റെ കോടിക്കണക്കിനു് ജനുസ്സുകൾ ഈ ഭൂമുഖത്തുണ്ടെന്നുവേണം അനുമാനിക്കാൻ. കാരണം കോടിക്കണക്കിനു ജീവനുകളെ യുഗയുഗാന്തരങ്ങളായി തീറ്റിപ്പോറ്റിയ, പോറ്റിക്കൊണ്ടിരിക്കുന്ന, ഇനിയും പോറ്റേണ്ടുന്ന ഈ അക്ഷയപാത്രം അന്യഗ്രഹങ്ങളിൽനിന്ന് വീണുകിട്ടിയതല്ലല്ലോ. മറ്റൊരുതരത്തിൽപ്പറഞ്ഞാൽ ആരാലും ശ്രദ്ധിക്കപ്പെടാതെയും ഗൗനിക്കപ്പെടാതെയും നിസ്സാരമായിത്തള്ളിക്കളയുന്ന പലജാതി സസ്യങ്ങളും ജന്തുജീവികളും അവ യഥേഷ്ടം വളർന്നിരുന്ന വനങ്ങളുമില്ലായിരുന്നെങ്കിൽ ഇന്നുകാണുന്ന പുതിയ സസ്യങ്ങളും വിളകളും മറ്റു ജീവികളും പുരോഗതികളും നേട്ടങ്ങളും ഒന്നുമുണ്ടാകുമായിരുന്നില്ലാ. അതുകൊണ്ട് ഈ ജൈവക്കലവറ തനതുരൂപത്തിൽ നിലനിറുത്തേണ്ടതു് അത്യന്താപേക്ഷിതമാണ്. വ്യാവസായികമനോഭാവത്തോടെയുള്ള സമീപനം വളരെയപകടകരമായ ഒരു സ്ഥിതിവിശേഷത്തിലേക്ക് നമ്മെക്കൊണ്ടെത്തിച്ചിരിക്കുന്നു. ഭൂമിയിൽ ഒരിഞ്ചു മണ്ണുണ്ടാകണമെങ്കിൽ കോടിക്കണക്കിനു ജീവാണുക്കൾ ആയിരം വർഷം നിരന്തരം പണിയെടുക്കണമെന്നുകൂടി അറിഞ്ഞിരിക്കുന്നതു് നന്നായിരിക്കും. ആഹാരം മാത്രമല്ലാ ആയിരക്കണക്കിന് ഔഷധ സസ്യങ്ങളുടെ (തുമ്പമുതൽ വൻവൃക്ഷങ്ങൾവരെ) ഈ കലവറ, ചെറിയ ചിരങ്ങു മുതൽ ക്യാൻസർവരെയുള്ള മാരകരോഗങ്ങൾക്ക് ആശ്രയം ഈ വനവിഭവങ്ങൾതന്നെ.

ആഗോളതലത്തിൽ നോക്കിയാൽ പതിനെട്ടു (18) ജൈവ ക്കലവറകളിൽ രണ്ടെണ്ണം ഭാരതത്തിലാണെന്നും അതിലൊന്ന് നമ്മുടെ പശ്ചിമഘട്ടത്തിലും മറ്റൊന്ന് ഹിമാലയത്തിലുമാണത്രെ! പതിനായിരത്തോളം സസ്യങ്ങളാണ് മനുഷ്യന് ഭക്ഷ്യയോഗ്യമായി കണ്ടെത്തിയിട്ടുള്ളതെന്നാണ് വിദഗ്ദ്ധാഭിപ്രായം. നമ്മളാകട്ടെ ഇതിൽ ഏഴു ജാതികളെമാത്രമാണ് ഭക്ഷണത്തിനായി (തനിയായി) പ്രയോജനപ്പെടുത്തുന്നത്. അമേരിക്കപോലുള്ള വികസിത രാഷ്ട്രങ്ങൾ ആശ്രയിക്കുന്നതു് വനവിഭവങ്ങളെത്തന്നെയാണ്. നമ്മുടെ അയൽരാജ്യമായ ചൈനയാകട്ടെ 5000-ത്തിലധികം സ്പീഷിസുകളെ ആശ്രയിക്കുന്നതായി റിപ്പോർട്ടുണ്ടു്. നമ്മളാകട്ടെ നമുക്കുള്ളതിനെ തിരിച്ചറിയുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യുന്നില്ലാ.നമ്മുടെ പൂർവ്വികരായ ഋഷീശ്വരന്മാരും മഹാത്മാക്കളും നമുക്കായി ത്തുറന്നുതന്ന ഒരു സംസ്കാരമുണ്ടായിരുന്നു. (ആർഷസംസ്കാരം) അതു പറയുന്നതുപോലും ഇന്നത്തെ തലമുറയ്ക്ക് നാണക്കേടാണ്. വരും തലമുറയ്ക്കുവേണ്ടിപ്പോലും പ്രകൃതിയൊരുക്കിയിരിക്കുന്ന ( സമ്പാദിച്ചുവച്ചിരിക്കുന്ന) ജീൻബാങ്കുകളാണ് വനങ്ങൾ. ഇതൊക്കെ കണ്ടെത്തുകയും പ്രകൃതിയുടേയും മനുഷ്യന്റേയും ആരോഗ്യകരമായ സംരക്ഷണത്തിനുവേണ്ടിയുള്ള വികസന തന്ത്രങ്ങളാകണം ഓരോരുത്തരുടേയും ലക്ഷ്യം.

പുരാണങ്ങളും മഹത്തുക്കളും എന്താണുപറഞ്ഞിരുന്നതെന്നു് ഒന്നുതിരിഞ്ഞുനോക്കാം.
''മരുഭൂമികളിലും ദുർഗ്ഗമസ്ഥാനങ്ങളിലും മരം നട്ടുപിടിപ്പിക്കുന്നവൻ -അവന്റെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ സകലജീവന്മാരേയും തരണം ചെയ്യിക്കുവാൻ കഴിയുന്നു. മരം നടുന്നവൻ പരലോകത്തെത്തുമ്പോൾ അക്ഷയലോകങ്ങൾ ലഭിക്കുന്നു. ഉദ്യാനം നടുന്നവനും തണൽമരം നടുന്നവനും കുളംകുഴിച്ച് ജലം സുലഭമാക്കുന്നവനും മരിക്കുമ്പോൾ വെയിൽകൊള്ളാതെ യമലോകത്തെത്തുവാൻ കഴിയുന്നു. പൂന്തോട്ടംനിർമ്മിക്കുന്നവൻ പുഷ്പക വിമാനത്തിൽ വിഹരിക്കുന്നുവെന്നും'' പറഞ്ഞിരിക്കുന്നു.അങ്ങനെയാകുമ്പോൾ വനം നശിപ്പിക്കുന്നവനും മരംമുറിക്കുന്നവനും ബ്രഹ്മഹത്യാപാപംചെയ്യുന്നവന് തുല്യനായിക്കാണുന്നതിൽ യാതൊരുതെറ്റുമില്ലാ. പണ്ട് നാട്ടിൻപുറങ്ങളിൽ കാവുകളും കുളങ്ങളും നിലനിന്നിരുന്നത് ദൈവഭയംകൊണ്ടുതന്നെയായിരന്നു.

''ആരു കുഴിപ്പിച്ച ജലാശയത്തിൽനിന്നാണോ പശുക്കളും സജ്ജനങ്ങളും മറ്റു ജീവജാലങ്ങളും വെള്ളം കുടിക്കുന്നത്, അയാൾ സ്വവംശത്തെ മുഴുവൻ ഉദ്ധരിക്കുന്നു. വേനൽക്കാലത്തുപോലും സമൃദ്ധമായി ജലമുണ്ടായിരിക്കുന്നവനു് ദാരിദ്ര്യമോ വിഷമമോ സങ്കടമോ ഉണ്ടാവുകയില്ലാ. എല്ലാ ദാനങ്ങളിലുംവച്ച് ശ്രേഷ്ഠവും ഉത്തമവുമായ ദാനമാണ് ജലദാനം. കുളംകുഴിച്ച് പൊതു ആവശ്യത്തിന് നല്കുന്നവന് ഈ ലോകത്തും പരലോകത്തും മഹത്തായ സന്തോഷപ്രാപ്തി ലഭിക്കുന്നു. വർഷകാലത്തു മാത്രം ജലമുള്ളപൊയ്കയുള്ളവനു്ദിവസവും അഗ്നിഹോത്രംചെയ്ത ഫലം ലഭിക്കുമെന്നും ശരത്കാലംവരെ ജലം ലഭിക്കുന്ന തടാകമുള്ളവന് ആയിരം ഗോദാനത്തിന്റെ ഫലം ലഭിക്കുമെന്നും വസന്തകാലവും ഗ്രീഷ്മകാലവുംവരെ വെള്ളമുള്ള തടാകമുള്ളവന് അശ്വമേധത്തിന്റേയും അതിരാത്രത്തിന്റേയും യാഗഫലം ലഭിക്കുമെന്നാണ്'' മഹത്തുക്കൾപറയുന്നതു്. ഇതിൽനിന്ന് വെള്ളത്തിന്റെയും ജലസ്രോതസ്സുകളുടെയും മഹത്ത്വം എത്രമാത്രമുണ്ടെന്ന് കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ.

നമ്മൾ ഇന്നെന്താണ് ചെയ്തുകൊണ്ടിരിക്കുന്നതു്?
പ്രകൃത്യാലുണ്ടായിരുന്ന ജലസ്രോതസ്സുകൾ മണ്ണിട്ടുമൂടി. നെൽപ്പാടങ്ങൾ നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ചിഹ്നങ്ങൾ മാത്രമായിരുന്നില്ലാ. നിശബ്ദമായ, ഒരു നീണ്ട തപശ്ചര്യപോലെ നമ്മുടെ ജലസമ്പത്തിനെ പരിപോഷിപ്പിച്ചിരുന്ന ജല നിലവറകളായിരുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ 44 നദികളും അവയുടെ പോഷകനദികളും എണ്ണിയാൽത്തീരാത്തത്ര കുളങ്ങളും ഓരോ ഭൂപ്രദേശത്തും അനേകം തടാകങ്ങളും ഓരോരോ കുടുംബങ്ങളിലും ഒന്നോ അതിലധികമോ കിണറുകളുമുണ്ടായിരുന്നു. ഒന്നുപോലുമവശേഷിക്കാതെയാക്കിയതും ഉളളവപോലും ഇന്നും കൈയേറാൻ വെമ്പൽപൂണ്ട് നിയമങ്ങളെ ചട്ടക്കുട്ടിലൊതുക്കിയും ഒളിപ്പിച്ചും മുന്നേറുകയല്ലേ? നാമറിയുന്നതിനേക്കാൾ ഭയാനകമായ അവസ്ഥയാണിവിടെ. നദികളുടെ ഉദ്ഭവസ്ഥാനമായ പശ്ചിമഘട്ടമലനിരകളിൽ ഈ നിമിഷവും ബുൾഡോസറുകളുടെ ഗർജ്ജനവും തലങ്ങുംവിലങ്ങും പായുന്ന ലോറികളുടെ ഇരമ്പലും വെടിമരുന്നിന്റെ തീക്ഷ്ണഗന്ധവും അന്തിയുറങ്ങാനിടമില്ലാത്തവരുടെ തേങ്ങലിനെ കാറ്റിൽപ്പറത്തി ഇരമ്പിയിറങ്ങുന്നുണ്ട്. ഈ ഭൂമിയുടെ നേരവകാശികളായ കാട്ടുജന്തുക്കളുടെ പ്രാണ ജലത്തിനുവേണ്ടിയുള്ള ആത്മരോദനം കേൾക്കുന്നില്ലേ? എല്ലാം കണ്ടുംകേട്ടും ഹൃദയംപൊട്ടി നെഞ്ചുപിളർന്ന് ഊർദ്ധ്വൻവലിച്ച് ഭൂദേവിയും.

വികസനത്തിന്റെ പേരുപറഞ്ഞ് വികസിപ്പിക്കുന്നത് കീശകളാണെന്നു മാത്രം.നമ്മുടെ ജൈവവൈവിദ്ധ്യങ്ങളെ തിരിച്ചറിയാനും അവയോടു് നീതിപുലർത്താനും അവയെ സംരക്ഷിക്കാനും ഇനിയും വൈകിക്കൂടാ. സായ്പ് ഇവിടെനിന്ന് പോയിട്ട് ഏഴു ദശാബ്ദം കഴിഞ്ഞുവല്ലോ. ഇനിയും അവരെ അനുകരിക്കലും ആധുനികമാണെന്ന തെറ്റിദ്ധാരണയിൽ മതിമയങ്ങി അതിനു പിന്നാലെയുള്ള പാഞ്ഞുപോകലും മതിയാക്കി, നമ്മുടെ സ്വന്തം പൈതൃകം നിലനിറുത്താം. ഇല്ലെങ്കിൽ നമ്മുടെ ദാരിദ്ര്യം ഒരിക്കലും മാറ്റാൻ നമുക്കു കഴിയാതെവരും. നാളെ നമ്മുടെ തലമുറയോട് എന്തു മറുപടി നമ്മൾ പറയും? ഇതൊന്നും കാണാതെ, അറിയാതെ കണ്ണുമടച്ചുപോയാൽ അഗാധഗർത്തങ്ങളിലാവും നാം പതിക്കുക. പിന്നീടൊരിക്കലും നമുക്കു കരകയറാനാവില്ലാ. നമ്മുടെ തനതായ പല സമ്പത്തുകളുടെയും പേറ്റൻറ് മറ്റുരാജ്യങ്ങൾ കുത്തകയാക്കുന്നുവെന്ന് മുറവിളികൂട്ടുന്നുണ്ടല്ലോ. നാം ചവിട്ടിനില്ക്കുന്ന മണ്ണാണ് ഒഴുകിയൊലിച്ചു പോകുന്നതെന്ന് നാം അറിയുന്നില്ലേ? അതോ എന്തിനുവേണ്ടിയോ അറിയുന്നില്ലയെന്ന് നടിക്കുന്നോ? എന്തിനു വേണ്ടിയാണത്? ആരാണിതിനൊക്കെ ഉത്തരവാദികൾ? നമുക്ക് യാതൊരു പ്രതിബദ്ധതയുമില്ലേ? ഇതിനുത്തരം കണ്ടെത്തിയില്ലെങ്കിൽ നാം നമ്മോടും വരും തലമുറയോടും ചെയ്യുന്ന കൊടുംപാതകമായിരിക്കുമത്. സകല ജീവജാലങ്ങളുടെയും ശാപം ഏറ്റു വാങ്ങേണ്ടിവരും തീർച്ച!

അറിയേണ്ടതറിയാതെ ഇവിടുത്തെ ഓരോരോ ജീവനുകൾക്കും (മരങ്ങൾ, സസ്യസമൂഹം, ജന്തുജാലങ്ങൾ) ഓരോരോ കഥകൾ പറയാനുണ്ട്. അവയെ സസൂക്ഷ്മം നിരീക്ഷിച്ചുപഠിച്ച്, പ്രയോജനപ്പെടുത്തി തലമുറയ്ക്ക് പകരേണ്ടിയിരിക്കുന്നു.

ഈ തിരിച്ചറിവിന്റെ ഭാഗമായി 1992-ൽ ബ്രസീലിലെ റയോ ഡിജനീറോയിൽ ഒരു ജൈവ 
ഉച്ചകോടിനടന്നു. നമ്മളെ സംബന്ധിച്ചിടത്തോളം ഇതുവെറും വനരോദനമായി മാറിയതേയുള്ളു. കേരളത്തിലങ്ങോളമിങ്ങോളമുള്ള നെൽപ്പാടങ്ങൾനികത്തി റബ്ബർ നട്ടവരുണ്ട്. കുളങ്ങൾ നികത്തി മാളികപണിഞ്ഞവർ, കാവുകൾവെട്ടിച്ചുട്ട് കോൺക്രീറ്റ്സൗധങ്ങൾ പടുത്തുയർത്തിയവർ, എന്തിന്, മണ്ണുപോലും മാന്തിയെടുത്ത് വിറ്റവരെത്രയെന്നു കണക്കില്ലാ. തനതു സംസ്ക്കാരം പാശ്ചാത്യർക്കു തീറെഴുതി പണച്ചാക്കുകൾ നിറച്ചവരും നിറയ്ക്കാൻ നെട്ടോട്ടമോടുന്നവരും എത്രയെന്ന് ഒരു കണക്കുമില്ലാ. എന്നിട്ടെന്തായീ? നാട്ടിൽക്കാണുന്ന ചക്കയും മാങ്ങയും നെല്ലും കപ്പയും പാവലും പടവലവും മറ്റു കാർഷിക, കാർഷികേതരവിഭവങ്ങളും കണ്ടാൽത്തിരിച്ചറിയാത്തവിധം കുരുന്നു തലമുറ ഉന്നതവിദ്യാഭ്യാസംനേടുന്നതിൽ മത്സരബുദ്ധിയോടെ മുന്നേറുകയാണ്. ഉറക്കമൊഴിച്ച് മാതാപിതാക്കളും. യാതൊരു നിലവാരവും നിയന്ത്രണവുമില്ലാതെ വിദ്യാഭ്യാസകച്ചവടസ്ഥാപനങ്ങളും കൂണുപോലെ മുളച്ചുപൊന്തുന്നു.

പ്ലാവും മാവും തെങ്ങും മറ്റു വിഭവങ്ങളും വെട്ടിക്കളഞ്ഞ് യൂക്കാലിപ്റ്റസും മാഞ്ചിയവും അക്കേഷ്യയും റബ്ബറും മാത്രമാണ് ഇളംതലമുറയ്ക്ക് പരിചയിക്കാൻ, പഠിക്കാൻ ഭക്ഷിക്കാൻ നമ്മളൊരുക്കിയിട്ടുള്ളത്. അതിന്റെ ഫലമോ? സ്വന്തം അച്ഛനമ്മമാരെ തിരിച്ചറിയാത്തവരായും പണത്തിനുവേണ്ടി കൂടപ്പിറപ്പുകളെ കൊന്നുമുടിക്കുന്ന സംസ്കാരസമ്പന്നരായും മാറുന്നുവെന്നതാണ് ഈ വർത്തമാനകാലത്ത് തുടർച്ചയായി കാണുകയും കേൾക്കുകയുംചെയ്യുന്ന അനുഭവങ്ങൾ വ്യക്തമാക്കുന്നതു്.

''നെല്ലരിയാഹാരവും വെളിച്ചെണ്ണയുമാണ് കേരളജനതയുടെ ഉദരരോഗങ്ങൾക്ക് കാരണമെന്ന്'' ചിലവിദഗ്ദ്ധർ പ്രമുഖപത്രദ്വാരാ വിളംബരം ചെയ്യുകയുണ്ടായി. അനന്തരഫലമോ? ടൺ കണക്കിന് പാമോയിലും വനസ്പതിയും തവിടില്ലാത്ത അരിയും മൈദയും ആവോളംതിന്ന് സാധാരണന്മാരുടെജീവിതം രോഗാതുരമാവുകയും ആതുരാലയങ്ങളെന്ന പേരിൽ കെട്ടിടസമുച്ചയങ്ങൾ തലപൊക്കുകയും കേരളം തീരാവ്യാധികളുടെ താവളമാകുകയും ചെയ്തു.
പൗരാണികകാലംമുതൽ വിവിധയിനംധാന്യങ്ങൾ കൃഷി ചെയ്യുകയും ഭക്ഷണമാക്കുകയും ചെയ്തിരുന്നനാടാണ് നമ്മുടേത്. അതുകൊണ്ട് പൂർവ്വികർക്ക് ഉദരരോഗംവന്നതായി കേട്ടറിവാേ വായിച്ചറിവോ ഉണ്ടായിട്ടില്ലാ. നേരേമറിച്ച് നെല്ലും വെളിച്ചെണ്ണയും പലവിധരോഗങ്ങൾക്കും ഔഷധമായി ഭവിച്ചിട്ടുമുണ്ട്. നമുക്കു ദഹിക്കുന്ന രീതിയിലുള്ള കഞ്ഞിയും ചോറും അവിലും മലരും മറ്റു പലഹാരങ്ങളുമാക്കി ക്കഴിക്കണം. നേരേമറിച്ച് പാശ്ചാത്യ ഭക്ഷണമായ ഫ്രൈയ്ഡ് റൈസും ബിരിയാണിയും ബർഗറുമൊക്കെക്കഴിച്ചാൽ ഉദരരോഗംമാത്രമല്ലാ മറ്റു പല രോഗങ്ങൾക്കും അടിമകളായിത്തീരുമെന്നതിൽ രണ്ടുപക്ഷമില്ലാ.

''കാള പെറ്റെന്നു കേട്ടാലുടൻ കയറെടുക്കാനോ''ടുന്നവരാണു നമ്മൾ. വിദേശത്തുനിന്നിറക്കുമതി ചെയ്യുന്ന ടിന്നിലടച്ച നിറം ചേർത്തതും കാശിനു 'കൊള്ളാത്തതുമായ ഭക്ഷ്യ വിഭവങ്ങൾ ,വലിയതുകമുടക്കി വാങ്ങി വലിച്ചുവാരിത്തിന്നുന്നതിന് നാം വ്യഗ്രതകാട്ടുന്നു. പാശ്ചാത്യർ അവരുടെരാജ്യത്ത് നിരോധിച്ച കാലഹരണപ്പെട്ടഔഷധങ്ങൾ ,ഭക്ഷ്യവസ്തുക്കൾ, രാസവളങ്ങൾ, കാലിത്തീറ്റകൾ കീടനാശിനികൾ എന്തിന്,ഇ-വേസ്റ്റുകൾപോലും നമ്മൾ രണ്ടു കൈയുംനീട്ടിവാങ്ങി നാടാകെ നിറയ്ക്കുന്നു. അവർ 'ക്കുവേണ്ടാത്ത സകലതും നമ്മളേറ്റുവാങ്ങുകയാണ്.

ഈ മണ്ണ് ഇനിയും മലിനമായാൽ നമ്മുടെ അടിവേരുകൾ ദ്രവിച്ച് ഒന്നാകെ കടപുഴകി, നിലംപതിക്കും. ഇവിടെ ജനിച്ചുവീഴുന്ന ഓരോ മനുഷ്യജീവിക്കും തിരിച്ചറിവിന്റെ തിരിനാളമാണ് കൊളുത്തിക്കൊടുക്കേണ്ടത്. അല്ലാതെ പണമുണ്ടാക്കാനുള്ള കുറുക്കവഴികളാകരുതു്. നമ്മുടെ പൂർവ്വികരെ തീരെ വിസ്മരിച്ചുകൊണ്ടുള്ള ഓട്ടം ആപത്തിലേ അവസാനിക്കുകയുള്ളു. വരണ്ടുണങ്ങി, ശുഷ്കമായ വനങ്ങളും വറ്റിവരണ്ട തോടും വിഷലിപ്തമായ കായലുകളും മരുഭൂമിയേക്കാളസഹ്യമായ, ചൂടേറിയ, കാലാവസ്ഥയും കണ്ടാൽ വിനോദസഞ്ചാരികളായ വിദേശികൾ നമ്മുടെ രാജ്യത്ത് കാലുകുത്താതെയാവും. എന്തിന്, ദേശാടനക്കിളികൾപോലും തിരിഞ്ഞുനോക്കില്ല. അതിനേക്കാളേറെ മ്ലേച്ഛമാണ് ഇവിടുത്തെ മനുഷ്യന്റെ മനസ്സും.

തുമ്പയും തുളസിയും കുറുന്തോട്ടിയും തൊട്ടാവാടിയും നെല്ലും കപ്പയും നാലുമണിച്ചെടികളും കുയിലും തത്തമ്മയും മാടത്തയുമൊക്കെ യഥേഷ്ടം ഇവിടെ വളരട്ടേ! നമ്മുടെ കുഞ്ഞുങ്ങൾ അവയൊക്കെ കണ്ടും കേട്ടും പരിചയിച്ചുപഠിച്ചും അറിഞ്ഞും വളരട്ടേ! എങ്കിലേ ആരോഗ്യമുള്ള തലമുറ വളർന്നുവികസിക്കുകയും സമൂഹത്തിന് നിലനില്പുണ്ടാവുകയും ചെയ്യൂ.എല്ലാവരിലും നന്മയുടെ വിത്തു വിതയ്ക്കാൻ കൂട്ടായിയത്നിക്കാം! പ്രകൃതിയെ വളരാനനുവദിക്കാം!

ശുഷ്കമായ ഇന്നത്തെ വ്യവസ്ഥിതിക്കു മാറ്റംവരേണ്ടതു്, മാനവരാശിയുടെ മുഴുവൻ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അതിനു ശ്രമിക്കാത്തിടത്തോളം നമുക്കു യാതൊരു പുരോഗതിയുമവകാശപ്പെടാൻ അർഹതയില്ല. നമ്മുടെ നാടിന്റെ സംസ്കാരത്തിനു യോജിച്ച രീതിയിലുള്ള ഭക്ഷണക്രമങ്ങളും ജീവിതചര്യകളും വിദ്യാഭ്യാസസമ്പ്രദായങ്ങളുമൊക്കെ മതി നമുക്ക്. മണ്ണിന്റെ മഹത്ത്വം, പ്രകൃതിയുടെ മഹത്ത്വം അതുകൂടി അറിഞ്ഞുവളരണമെങ്കിൽ, പ്രപഞ്ചത്തിലെ ഓരോ ജീവനും അതിന്റേതായ വില നല്കി, പരിപാലിക്കണം.അതിനു് ഇവിടുത്തെ ഓരോ പൗരനും കടമകളും കർത്തവ്യങ്ങളുമുണ്ടെന്നുള്ള ബോധമുണരണം. മരങ്ങളും ജലസ്രോതസ്സുകളുമില്ലെങ്കിൽ മനുഷ്യന് നിലനില്പില്ലതന്നെ! മരം നമുക്കു ജീവവായുവാണ്. നമുക്കുള്ള ഭക്ഷണക്കലവറയാണ്. മായംകലരാത്ത ഔഷധസഞ്ചയമാണ്. സകല ജീവജാലങ്ങളുടെയും സമ്പത്താണ്. അതിനെ നശിപ്പിക്കാൻ നമുക്കെന്തവകാശം?

നമ്മുടെ പൂർവ്വികർ ദീർഗ്ഘവീക്ഷണമുള്ളവരായിരുന്നെന്ന് എത്ര തെളിവുവേണമെങ്കിലും നിരത്താം. രാജവീഥികളിലും ഗ്രാമപാതകളിലും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. തണൽ, ഭോജ്യഫലം, തടി, വിറക്, ചായങ്ങൾ, പശ, നാരുകൾ, ഔഷധങ്ങളെന്നിവയെല്ലാം യാതൊരു ലോപവുമില്ലാതെ ലഭിച്ചിരുന്നതായിക്കാണാം. ഇന്നത്തെ സ്ഥിതിയോ? യൂക്കാലിയും അക്കേഷ്യയും വാകയും കാറ്റാടിയുംമാത്രമായൊതുങ്ങി. അതിന്റെഫലമോ? ഭൂഗർഭജലത്തിന്റെ തോത് ക്രമാതീതമായിത്താഴ്ന്നു. ഇത്തരം മരങ്ങൾ വല്ല ചതുപ്പുനിലങ്ങളിൽ വച്ചുപിടിപ്പിച്ചിരുന്നെങ്കിൽ കാലക്രമേണ കൃഷിയോഗ്യമായിത്തീരുമായിരുന്നു.

സമൂഹക്ഷേമത്തിനുതകുംവിധം നമ്മുടെ ഭക്ഷ്യസമ്പത്തുയരണമെങ്കിൽ, നമുക്കു നിലനിൽപ്പുണ്ടാകണമെങ്കിൽ നാം പ്രകൃതിയെ അടുത്തറിയുകയും സ്നേഹിക്കുകയും വേണ്ടവിധം പരിരക്ഷിക്കുകയുംമാത്രമേ പോംവഴിയുള്ളു. നാമുൾപ്പെടെ അതിനു നിയുക്തരായിട്ടുള്ളവർ സത്യസന്ധമായും കാര്യവിചാരത്തോടെയുമുള്ള സമീപനവും പ്രവർത്തനവും നടത്തുവാൻ വേണ്ട കരുതലോടെയാവണം യത്നിക്കേണ്ടതു്. വേദങ്ങളിലും ഉപനിഷത്തുകളിലും നിഷ്കർഷിച്ചിട്ടുള്ള മഹദ്വചനങ്ങളെ പുച്ഛിച്ചുതള്ളാതെ പ്രാവർത്തികമാക്കാൻ കൂട്ടായിശ്രമിക്കാം!

- V K ലീലാമണി അമ്മNo comments: